Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെയും പിണറായിയെയും അനുകരിച്ചു കയ്യടി നേടിയ ദിലീപ് കലാഭവൻ അവാർഡ് വേദിയിൽ എത്തിച്ചത് 128 പേരെ! പാട്ടിൽ ഓളമിട്ട് ഗായത്രി; ജനത്തെ ഇളക്കി മറിച്ചു സോച്ചറോ ടീം മിന്നലായപ്പോൾ ശിവതാണ്ഡവ രൗദ്രതയുമായി കാളി ചന്ദ്രശേഖരം ഇടിമുഴക്കമായി; നൃത്തവേദി ആഘോഷമാക്കി ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്

മോദിയെയും പിണറായിയെയും അനുകരിച്ചു കയ്യടി നേടിയ ദിലീപ് കലാഭവൻ അവാർഡ് വേദിയിൽ എത്തിച്ചത് 128 പേരെ! പാട്ടിൽ ഓളമിട്ട് ഗായത്രി; ജനത്തെ ഇളക്കി മറിച്ചു സോച്ചറോ ടീം മിന്നലായപ്പോൾ ശിവതാണ്ഡവ രൗദ്രതയുമായി കാളി ചന്ദ്രശേഖരം ഇടിമുഴക്കമായി; നൃത്തവേദി ആഘോഷമാക്കി ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്

കെ ആർ ഷൈജുമോൻ

സൗത്താംപ്ടൺ: ബ്രിട്ടീഷ് മലയാളി അവാർഡ് സന്ധ്യ കലാസംഗമങ്ങളുടെ അപൂർവ വേദികൂടിയായി മാറി. അനുകരണ കലയിലെ പുത്തൻ താരോദയമായി മാറി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച് ദിലീപ് കലാഭവൻ സദസ്യരെ മുഴുവൻ കൈയിലെടുത്തു. പാട്ടിന്റെ വഴികളിൽ സ്വന്തം പടവുകൾ വെട്ടിയൊതുക്കിയ ഗായത്രി സുരേഷ് ആസ്വാദക ഹൃദയെ കീഴടക്കിയപ്പോൾ ബോളിവുഡിന്റെ അനന്തരാവകാശികൾ തങ്ങളാണെന്ന് തെളിയിച്ച സോച്ചറോ സംഘവും മികച്ചു നിന്നു. ബ്രിട്ടീഷ് മലയാളി പുരസ്‌ക്കാര സന്ധ്യ യുകെ മലയാളികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. നൃത്തം കാണണമെങ്കിൽ ശിവതാണ്ഡവം തന്നെ കണ്ടേ മതിയാകൂ എന്ന് തെളിയിച്ച കാളി ചന്ദ്രശേഖരം എന്നിവരാണ് സെന്റ് ജോർജ് സ്‌കൂൾ ഹാളിൽ ഒഴുകിയെത്തിയ ആയിരത്തിലേറെ കാണികളെ കയ്യിലെടുത്തവർ. ഇക്കൂട്ടത്തിൽ ഓരോരുത്തരും തങ്ങളുടെ പ്രൊഫഷണൽ മികവിൽ ഒന്നിനൊന്നു മെച്ചമായ പ്രകടനം നടത്തിയപ്പോൾ കാണികൾക്കു ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം.

വെറും എട്ടുമിനിട്ടിൽ 128 പേരുടെ ശബ്ദം ഒരു ചങ്ങല പോലെ കോർത്തിണക്കിയപ്പോൾ ദിലീപ് പോലും ഒരു വേള മറന്നിരുന്നു, താൻ ഒരു ചരിത്ര നിർമ്മിതിയിൽ ആണെന്ന്. മുൻപ് കോമഡി ഉത്സവത്തിൽ 101 പേരുടെ ശബ്ദം ഇത്തരത്തിൽ അനുകരിക്കപ്പെട്ടതാണ് നിലവിലെ റെക്കോർഡ്. ദിലീപ് ആണെങ്കിൽ മുൻപ് വെറും പത്തു പേരുടെ ശബ്ദാനുകരണം മാത്രം നടത്തിയ അനുഭവവും കയ്യിൽ പിടിച്ചാണ് വെള്ളിയാഴ്ച കൊച്ചിയിൽ നിന്നും സൗത്താംപ്ടണിൽ എത്തിയതും.

എന്നാൽ ദിലീപിന്റെ ആശങ്കയെ അസ്വാസ്ഥതയാക്കി മാറ്റി ശബ്ദാനുകരണം നടത്താൻ ശ്രമിക്കവേ പ്രൊജക്ടർ പിണങ്ങി. എന്നാൽ കാണികളെ ഇതൊന്നും അറിയിക്കാതെ ഉടൻ അടുത്ത നൃത്ത സംഘം വേദിയിലെത്തി. തന്റെ മോഹം പൊലിയുമോ എന്ന അസ്ഥതയുമായി ദിലീപ് ഏറുകൊണ്ട വെരുകിനെ പോലെയായി. എന്നാൽ ആരുടെയൊക്കെയോ പുണ്യം പോലെ പ്രൊജക്ടർ വീണ്ടും മിഴി തുറന്നു.

മികച്ച സാങ്കേതിക മികവിൽ മാത്രം പൂർണ്ണതയോടെ ചെയ്യാൻ കഴിയുന്ന പ്രകടനം എന്ന നിലയിൽ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചാണ് ദിലീപ് വീണ്ടും വേദിയിൽ എത്തിയത്. പ്രൊജക്ടറിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുഴുവൻ ആശങ്കയും മുഖത്ത് കാണാമായിരുന്നു. എങ്കിലും യുകെ മലയാളികളുടെ മുന്നിൽ ആയിരിക്കണം തന്റെ റെക്കോർഡ് നേട്ടം പിറവി എടുക്കേണ്ടത് എന്ന ദിലീപിന്റെ സ്വാപ്നത്തിനു കടിഞ്ഞാൺ ഇടാൻ പ്രോജക്ടർ വീണ്ടും തടസ്സമായില്ല എന്നതാണ് ഇന്നലെ സംഭവിച്ച മഹാ അത്ഭുതത്തിൽ ഒന്ന്.

പ്രൊജക്ടർ എങ്ങനെ പ്രവർത്തന രഹിതം ആയെന്നോ, വീണ്ടും അതെങ്ങനെ സ്വയം പ്രവർത്തന സജ്ജം ആയെന്നു സാങ്കേതിക പിന്തുണ നൽകിയ ആർക്കും തന്നെ പിടികിട്ടാതെ പോയ കാര്യമാണ്. പക്ഷെ ഒന്ന് സംഭവിച്ചു, യാതൊരു തടസ്സവും കൂടാതെ ദിലീപ് എട്ടു മിനിറ്റിൽ 120 പേരുടെ ശബ്ദവും നിറഞ്ഞ കയ്യടികളുടെ പിന്തുണയോടെ കാണികളിൽ എത്തിച്ചു. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തമായി ജയവിജയ, സൈഫ് അലിഖാൻ, അമിതാഭ് ബച്ചൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരും രാഷ്ട്രീയ നേതാക്കളും ഒക്കെ ഊഴമിട്ടു എത്തിക്കൊണ്ടിരുന്നു.

എന്തിനേറെ പുതുമുഖ താരങ്ങളായ ദുൽഖർ സൽമാൻ, വിനയ്‌ഫോർട്ട്, പിഷാരടി, അജു വർഗീസ് എന്നിവരും ദിലീപിന്റെ കയ്യിൽ സുഭദ്രമായിരുന്നു. ലാലു അലക്‌സ്, ലാൽ ജോസ്, നെടുമുടി വേണു, തിലകൻ എന്നിവരൊക്കെ പൂർണ്ണതയുടെ കൈമുദ്ര ചാർത്തിയാണ് ദിലീപിന്റെ നാവിൻ തുമ്പിൽ നിന്നും ഊർന്നു വീണത്. ഇതേ പ്രകടനം ഇനി കൺകെട്ടി ചെയ്യണം എന്നതാണ് ദിലീപിന്റെ അടുത്ത ലക്ഷ്യം. ഇന്നലെ സൗത്താംപ്ടണിൽ കാഴ്ചവച്ച പ്രകടനം തെളിവുകൾ സഹിതം ഗിന്നസ് അധികൃതർക്ക് അയച്ചു കൊടുക്കാൻ ഉള്ള ശ്രമവും ദിലീപ് നടത്തും.

ദിലീപിനൊപ്പം എത്താൻ ഗായത്രി കൂടി ശ്രമിച്ചതോടെ അവാർഡ് നൈറ്റിന്റെ അപൂർവ ചാരുത ജനങ്ങളിൽ ആവേശ കൊടുംകാറ്റ് സൃഷ്ടിച്ചാണ് കടന്നു പോയത്. ഓരോ പാട്ടിലും താൻ ഗാനലോകത്തെ പുതുവസന്തമാണ് എന്ന് തെളിയിക്കാൻ ഗായത്രിക്കു നിഷ്പ്രയാസം സാധിച്ചു. അറബികടലോരവും മിക്‌സഡ് ഫ്യുഷനും ഒക്കെ പാടി താൻ ഉത്സവ വേദികളിലെ അവിഭാജ്യ ഘടകം ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് ഗായത്രി വേദിയിൽ നിറഞ്ഞത്. അവാർഡ് നൈറ്റിന്റെ തുടക്കമിട്ട പ്രാർത്ഥന ഗാനം മുതൽ അവസാന ഗാനമായ ചെയിൻ സോങ്ങിൽ വരെ ഗായത്രിയുടെ പ്രസരിപ്പും ഊർജവും കാണികളെ തേടി ഇടവിട്ട് എത്തിക്കൊണ്ടിരുന്നു. ആദ്യ ഗാനം പാടിയ അതെ ഉന്മേഷം ഒടുക്കം വരെ നിലനിർത്തിയാണ് ഈ യുവ ഗായിക കാണികളുടെ ഇഷ്ട താരമായി ഉയർത്തപ്പെട്ടത്.

അവാർഡ് നൈറ്റുകളുടെ പ്രധാന ആകർഷണം തന്നെയാണ് നൃത്തങ്ങൾ. ഇക്കാരണത്താൽ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ മാത്രം ക്ഷണിച്ചു വരുത്തി അതിഥികൾ ആയെത്തുന്ന ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് സമ്മാനിക്കുന്ന പതിവാണ് കഴിഞ്ഞ എട്ടുവർഷമായി പിന്തുടരുന്നതും. എന്നാൽ ഇത്തവണ വേദിയിൽ എത്തിയ ഓരോ നൃത്തവും ഒന്നിനൊന്നും മികച്ചു നിന്നപ്പോൾ പ്രൊഫഷണൽ താരങ്ങളായി എത്തിയ സോച്ചറോയും കാളി ചന്ദ്രശേഖറും പോലും വെല്ലുവിളി അല്ലെന്ന തോന്നലും വേദിയിൽ പലപ്പോഴും സൃഷ്ടിക്കപ്പെട്ടു.

എന്നാൽ പ്രൊഫഷണലിസത്തിനു മുന്നിൽ മറ്റൊന്നും പകരം വയ്ക്കാൻ ഇല്ലെന്നു തെളിയിക്കാന് കഴിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചാണ് അവാർഡ് നൈറ്റ് കൊടിയിറങ്ങിയത്. എട്ടാം അവാർഡ് നൈറ്റിലെ ഹൈ ലൈറ്റ് പെർഫോമൻസ് ആയി വിലയിരുത്തപ്പെട്ട നൃത്ത ഇനങ്ങൾ തികച്ചും ആവേശം കൊള്ളിക്കുന്നതായിരുന്നു.

അടിമുടി വൈറലായി സോച്ചറോ ടീം

സോച്ചറോ എന്ന ഇംഗ്ലീഷ് ബോളിവുഡ് ടീം വേഷവിതാനത്തിലും നൃത്ത സംവിധാനത്തിലും അവരുടെ പാടവം തെളിയിച്ചാണ് വേദിയിൽ എത്തിയത്. നിറങ്ങൾ ചാലിച്ചെഴുതിയ കൂറ്റൻ ചിറകുകൾ തുന്നിച്ചേർത്ത കോസ്‌റ്യൂമിൽ സോച്ചറോ ടീം ഒരു മിന്നൽ പോലെ വേദിയിൽ നിറയുക ആയിരുന്നു. ചൈനീസ്, ജാപ്പനീസ് നൃത്തത്തിന്റെ ശീലുകൾ കൂട്ടിയിണക്കിയ നൃത്തചുവടുകളും സോച്ചറോ സൗത്താംപ്ടൺ അവാർഡ് നൈറ്റിന് സമ്മാനിച്ചു. നാല് നൃത്തങ്ങളിൽ ഒന്നിൽ ജിമിക്കി കമ്മലിന്റെ ആവേശ തുടിപ്പുകളും സോച്ചറോ ചേർത്തപ്പോൾ സദസ്സ് ഒന്നാകെ ഇളകിയാടുക ആയിരുന്നു. നാലംഗ സോച്ചറോ സംഘം ചടുലമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ നിർന്നിമേഷരായി ഇമ ചിമ്മാതെ ഓരോ നിമിഷവും ഒപ്പിയെടുക്കുക ആയിരുന്നു കാണികൾ.

എന്നാൽ ഒരൊറ്റ പ്രകടനം വഴി സദസ്സിന്റെ മുഴുവൻ കയ്യടിയും സ്വന്തമാക്കിയാണ് കാളി ചന്ദ്രശേഖരം എന്ന നൃത്തപ്രതിഭ മടങ്ങിയത് . ശിവ താണ്ഡവ നൃത്തത്തിന്റെ രൗദ്രത മുഴുവൻ ആവാഹിച്ചെടുത്ത കാളിയുടെ നിറഞ്ഞാട്ടം ഓരോരുത്തരിലും എത്ര മാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ ഉദാഹരണമായി വിശിഷ്ട അതിഥി ആയി എത്തിയ ഇന്ത്യൻ ഹൈ കമ്മീഷനിലെ സീനിയർ അഡ്‌മിനിസ്‌ട്രേറ്റർ ടി ഹരിദാസിന്റെ വാക്കുകൾ മാത്രം മതിയാകും. ശിവ താണ്ഡവം കൊണ്ടിരുന്നപ്പോൾ താൻ സർവ്വതും മറന്നെന്നും യുകെ മലയാളികൾക്കിടയിൽ ഇത്രയധികം പ്രൊഫഷണൽ താരങ്ങൾ ഉള്ളപ്പോൾ എന്തിന്നാണ് നാട്ടിൽ നിന്നും കലാകാരന്മാരെ തേടി നടക്കുന്നത് എന്നും ഹരിദാസ് ഉയർത്തിയ ചോദ്യത്തിന് നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിന്റെ മറുപടി.

ഏഴു രാജ്യങ്ങളിൽ പ്രകടനം നടത്തിയ കാളിയുടെ ഏറ്റവും അത്യുജ്ജ്വലമായ പ്രകടനമാണ് ശിവ താണ്ഡവം. അണിഞ്ഞൊരുങ്ങി എത്തിയാൽ സാക്ഷാൽ കൈലാസത്തിൽ നിന്നും എത്തിയതാണെന്ന തോന്നൽ സൃഷ്ട്ടിക്കും വിധമാണ് കാളിയുടെ നോട്ടവും ഭാവവും പോലും. ബ്രിട്ടീഷ് തിയറ്റർ ഗ്രൂപ്പുകളിലെ വിലപിടിപ്പുള്ള താരത്തിന്റെ പ്രകടനം നേരിൽ കാണാൻ കഴിഞ്ഞ ഭാഗ്യമാണ് ഇന്നലെ സൗത്താംപ്ടണിൽ പിറന്നു വീണതും. ഓരോ ചുവടിലും അടിമുടി പ്രൊഫഷണലിസത്തിന്റെ ഗാംഭീര്യം നിറച്ചാണ് കാളി നിറഞ്ഞാടിയത്. ഒരു കായിക ആഭ്യാസിയെപ്പോലെ തലങ്ങും വിലങ്ങും ശരീരത്തെ അംഗ ചലനങ്ങൾ വഴി നിയന്ത്രിക്കുന്ന അപാരമായ നൃത്ത സാന്നിധ്യമാണ് കാളി ചന്ദ്രശേഖരം.

ഇത്തരം പ്രൊഫഷണൽ നൃത്തങ്ങൾ അവാർഡ് നൈറ്റ് പോലുള്ള ജനകീയ വേദിയുടെ ആൽമാവാണ് എന്ന തിരിച്ചറിവ് സൃഷ്ടിക്കാനും സൗതാംപ്ടന് വേദിക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുറപ്പാണ്. കാളിയെപ്പല്ലുള്ളവരുടെ നൃത്തമില്ലാതെ എന്ത് അവാർഡ് നൈറ്റ് എന്ന് സംഘാടകരെ കൊണ്ട് പോലും ചോദിപ്പിക്കാൻ കഴിയും വിധമാണ് ഈ യുവാവ് വേദിയിൽ അപാരമായ ഊർജ്ജമായി നിറഞ്ഞത്.

മറ്റു കലാവിരുന്നുകളും വേദിയെ ആവേശം കൊള്ളിപ്പിക്കുന്നതായിരുന്നു. വിഷ്ണുപ്രിയയുടെ പുഞ്ചിരിയിൽ കാണികളെ മയക്കുന്ന പ്രകടനമായിരുന്നു ആദ്യം തന്നെ എത്തിയത്. പിന്നാലെ സ്വിൻഡൺ ഗേൾസിന്റെ കഥക് ഗ്രൂപ്പ് ഡാൻസ് വേദിയിൽ കാൽച്ചിലങ്കയുടെ മേളപ്പെരുക്കം തീർക്കുന്നതായിരുന്നു. പോർട്‌സ്മൗത്ത് ടീമിന്റെ ഒപ്പനയായിരുന്നു ഒരു വ്യത്യസ്തമായി വേദിയിലെത്തിയ ഐറ്റങ്ങളിൽ ഒന്ന്. മണവാട്ടിക്കും മണവാളനും ചുറ്റും കൈകൊട്ടി പാടുവാൻ എത്തിയത് ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയപ്പോൾ ആകാംക്ഷയും അത്ഭുതവുമായിരുന്നു കാണികൾക്കിടയിൽ നിന്നും ഉയർന്നത്. മണവാട്ടിയുടെ നാണത്തിൽ മയങ്ങി കാണികളും ഇരുന്നപ്പോൾ ഒപ്പനയും അരങ്ങിൽ വിസ്മയം തീർത്തു.

തനിമയും പാരമ്പര്യവും കാത്തു സൂക്ഷിച്ച ആഷ്‌ഫോർഡ് ടീമിന്റെ മാർഗം കളിയും വിദ്യാ തിരുനാരായന്റെ സ്വാഗത നൃത്തവും മിന്നോ ജോസിന്റെ സോളോ ഡാൻസും സാലിസ്‌ബറി ടീമിന്റെ സിനിമാറ്റിക് ഡാൻസുമെല്ലാം കാണികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. കേരളാ കമ്മ്യൂണിറ്റി കവൻട്രിയിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സ്വിൻഡൺ ബ്യൂട്ടീസ് എന്ന വനിതകളുടെ വാട്‌സാപ് കൂട്ടായ്മയുടെ സിനിമാറ്റിക് ഫ്യൂഷൻ അരങ്ങിൽ ആടിത്തിമിർത്താണ് മടങ്ങിയത്.

ഹോർഷാം ടീമിന്റെ സിനിമാറ്റിക് ഡാൻസും സ്‌നേഹാ സജിയുടെ സോളോ ഡാൻസും രൂപ, അനൂപ എന്നിവരുടെ സിനിമാറ്റിക് ഡാൻസും പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്നപ്പോൾ കലാഭവൻ മണിക്ക് ആദരമർപ്പിച്ചുള്ള സംഗീത നൃത്ത ശിൽപം കാഴ്ചക്കാരുടെ മനസിൽ ഒരു അതുല്യ കലാകാരന്റെ നഷ്ടത്തിന്റെ വേദന സമ്മാനിച്ചാണ് പോർട്‌സ്മൗത്ത് ടീം വേദി വിട്ടത്. ഡെൽഗാ ടീമിന്റെ സംഘനൃത്തവും മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്ടണിന്റെ കുട്ടികളുടെ ഡാൻസും ടീനേജുകാരുടെ ഡാൻസും കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP