Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറുനാടൻ വായനക്കാർ സ്‌നേഹത്തോടെ കൈകോർത്തപ്പോൾ ഒഴുകിയെത്തിയത് 5,43,456.36 രൂപ; ഒരു നയാപൈസ പോലും ചെലവിന് എടുക്കാതെ മുഴുവൻ പണവും തിരുവല്ലയിലെ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു മറുനാടൻ; ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്താൻ പ്രാർത്ഥന; പണം നൽകിയവർക്കൊക്കെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു സുതാര്യത ഉറപ്പാക്കാം

മറുനാടൻ വായനക്കാർ സ്‌നേഹത്തോടെ കൈകോർത്തപ്പോൾ ഒഴുകിയെത്തിയത് 5,43,456.36 രൂപ; ഒരു നയാപൈസ പോലും ചെലവിന് എടുക്കാതെ മുഴുവൻ പണവും തിരുവല്ലയിലെ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു മറുനാടൻ; ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്താൻ പ്രാർത്ഥന; പണം നൽകിയവർക്കൊക്കെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു സുതാര്യത ഉറപ്പാക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. എറണാകുളം മെഡിക്കൽ സെൻട്രൽ ആശുപത്രിയിലാണ് പെൺകുട്ടി ഇപ്പോൾ. കൃത്യമായ ചികിത്സ കൊണ്ട് പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രാർത്ഥനകൾ. ഇതിനിടെ ദരിദ്ര കുടുംബത്തിലെ അംഗമായ പെൺകുട്ടിക്ക് ചികിത്സക്കായി പണം കണ്ടെത്താൻ മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം സ്വരൂപിച്ചിരുന്നു. മറുനാടൻ വായനക്കാരോട് പെൺകുട്ടിക്ക് പണം നൽകാൻ അപ്പീൽ ചെയ്യുകയായിരുന്നു ഞങ്ങൾ ചെയ്തത്.

മറുനാടൻ വായനക്കാർ വളരെ സ്‌നേഹപൂർവം തന്നെ പൊള്ളലേറ്റ പെൺകുട്ടിയെ സഹായിക്കാൻ രംഗത്തുവന്നു. ഇതോടെ അക്കൗണ്ടിൽ ഒഴുകി എത്തിയത് 5,43,456.36 രൂപയാണ്. ആവാസ് അക്കൗണ്ടിലേക്ക് എത്തിയ പണം മുഴുവൻ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞു. പണം കൈമാറിയതിന്റെ രസീത് ഈ വാർത്തക്കൊപ്പം നൽകിയിട്ടുണ്ട്. ആറ് ദിവസങ്ങളിലായാണ് പെൺകുട്ടിക്ക് സഹായം നൽകാനുള്ള പണം ആവാസ് അക്കൗണ്ടിലേക്ക് എത്തിയത്.

മാർച്ച് 13 മുതൽ 19 വരെയുള്ള തീയ്യതികളിലായി അക്കൗണ്ടിൽ പണം നൽകിത് 358 പേരാണ്. ആദ്യത്തെ ദിവസം 117 പേർ സഹായം നൽകി. രണ്ടാമത്തെ ദിവസം 94 പേരും പണം നൽകി. മാർച്ച് 15ാം തീയ്യതി 53 പേരും 16ാം തീയ്യതി 23 പേരും 18ാം തീയ്യതി 10 പേരും 19ാം തീയ്യതി രണ്ട് പേരും ആവാസ് അക്കൗണ്ടിലേക്ക് പണം നൽകി. പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി 1,80000 രൂപയാണ് നൽകിയത്. ഇന്ന് അവശേഷിക്കുന്ന തുകയായ 3,63456 രൂപയും പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറി.

ആവേസ് അക്കൗണ്ടിലേക്ക് പണം അയച്ചവർക്ക് പരിശോധിക്കാവുന്ന വിധത്തിൽ സുതാര്യമായി ബാങ്ക് സ്‌റ്റേറ്റ്‌മെന്റും മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. 100 രൂപ മുതൽ വൻതുക പോലും സഹായധനമായി നൽകിയവരുണ്ട്. മറുനാടൻ ആവാസ് വഴി പണം സ്വരൂപിച്ചതിന് പിന്നാലെ നഴ്സുമാരുടെ സംഘടനയും പെൺകുട്ടിയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. ഇതോടെ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തി. കൂടാതെ നേരിൽകണ്ട് സഹായം നൽകിയവരും നിരവധിയാണ്. ഇതോടെ ചികിത്സയ്ക്ക് ആവശ്യത്തിന് പണം എത്തി. ഈ സാഹചര്യത്തിൽ ആവാസിന്റെ ചാരിറ്റി അപ്പീൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ അറിയിപ്പു നൽകിയ ശേഷവും രണ്ട് ദിവസങ്ങളിൽ അക്കൗണ്ടിൽ പണം എത്തി. ഈ പണവും ചേർത്താണ് ഇന്ന് പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയത്.

ആവാസിനെ കൂടാതെ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനയും പ്രവർത്തിക്കുന്നുണ്ട്. യുകെയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുകയും നാട്ടിൽ രോഗികളും വീടില്ലാത്തവർക്കും സഹായം ചെയ്യുകയും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആറ് കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. പണം തരുന്ന എല്ലാവർക്കും ചാരിറ്റിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാനുള്ള അവകാശമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ പാത തന്നെയാണ് ആവാസും പിന്തുടർന്നത്. തീർത്തും സുതാര്യമായ ഈ ഫണ്ട് ശേഖരണത്തോട് സഹകരിച്ച മറുനാടൻ വായനക്കാർക്ക് നന്ദി അറിയിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP