Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

ഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾ

ഹിമാലയം കയറിയത് 400 തവണ; കൈലാസം ചുറ്റിയത് 18 തവണ; ദോഹയിൽ ടാക്സി ഡ്രൈവറായി തുടക്കം; പിന്നെ ട്രാവൽസിലേക്ക്; സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശയാത്രാ ഗൈഡ്; വിവേകാനന്ദ നരേന്ദ്രൻ യാത്രയാവുമ്പോൾ

എം റിജു

കോഴിക്കോട്: കേരളത്തിലെ തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു, അന്തരിച്ച വിവേകാനന്ദ ട്രാവൽസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ സി. നരേന്ദ്രൻ (62). മൂന്ന് ദിവസം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഉണ്ണികുളം സ്വദേശിയായ നരേന്ദ്രൻ യാത്രകളെ ജനകീയമാക്കിയ സംഘാടകനായിരുന്നു.

സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവേകാനന്ദ ട്രാവൽസിന് തുടക്കമിട്ടത്.നാന്നൂറിൽ പരം തവണ ഹിമാലായവും 18 തവണ കൈലാസവും നരേന്ദ്രൻ കയറിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിനായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും യാത്രാ സംവിധാനം ഇദ്ദേഹം ഒരുക്കിയിരുന്നു.

1999ൽ ന്യൂഡൽഹിയിലെ ഗ്ലോബൽ ഇക്കണോമിക് കൗൺസിലിന്റെ 'രാഷ്ട്രീയ ഏകത അവാർഡ്', 2002-ൽ അക്ഷയ പുസ്തകനിധിയുടെ 'അക്ഷയ അവാർഡ് 2001' എന്നിവ ലഭിച്ചിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ട്രഷറി). മക്കൾ: ഡോ.ഗായത്രി, ഗംഗ. പിതാവ്: പരേതനായ ഡോ.കെ.വി സി. നാരായണൻ നായർ മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: രാമദാസ് , സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശൻ, രാജൻ, ജാതവേദൻ. സംസ്‌കാരം മാവുർ റോഡ് ശ്മശാനത്തിൽ നടന്നു.

ചെറുപ്പം മുതലേ യാത്രാഭ്രാന്തൻ

ചെറുപ്പത്തിന്റെ പലവിധമായ കമ്പങ്ങളിലും ആവേശത്തിമിർപ്പിലും ആർത്തലച്ചു നടന്നിരുന്ന സാഹസിക യൗവനമായിരുന്നു അന്നത്തെ നരേന്ദ്രൻ. എന്ന്, എപ്പോൾ തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാത്ത കയറുപൊട്ടിച്ച യാത്രകൾ. ഗോവ, മുംബൈ, ഊട്ടി, ദുബായ് എന്നിങ്ങനെ വിനോദയാത്രകളുടെ അക്കാലത്തെ പതിവ് ഡെസ്റ്റിനേഷനുകളിലേക്കാണ് എല്ലാം. അർമാദമാണ് മിക്കതിന്റെയും ലക്ഷ്യം. മകന്റെ യാത്രാഭ്രാന്തിൽ തൽപ്പരനായിരുന്നെങ്കിലും ലക്ഷ്യബോധമില്ലാത്ത യാത്രകൾ അവനെ എത്തിച്ചേക്കാവുന്ന അപകട മുനമ്പുകളെക്കുറിച്ച് ആകുലനായിരുന്നു അച്ഛൻ ഡോ. കെ വി സി നാരായണൻനായർ. കോഴിക്കോട് ഉള്ള്യേരിയിലെ കക്കഞ്ചേരി മുണ്ടോത്ത് വീട്ടിൽ ഡോ. കെ വി സി നാരായണൻനായർ, ഹോമിയോ ചികിത്സയോടൊപ്പം നാട്ടുകാരുടെ ആത്മീയകാര്യങ്ങളിലും ചില്ലറ ചികിത്സകൾ നടത്തിവന്നിരുന്നു. താൻ നേതൃത്വം നൽകിയ യാത്രാസംഘത്തിലേക്ക് മകൻ നരേന്ദ്രനെയും കൂടെക്കൂട്ടിയത് അങ്ങനെ. അച്ഛന്റെ സംഘത്തോടൊപ്പമുള്ള കേദാർനാഥ്, ബദരീനാഥ് സന്ദർശനം നരേന്ദ്രന്റെ ജീവിതയാത്രയിലെ വഴിത്തിരിവായി.

10ാം ക്ലാസ് കഴിഞ്ഞ് ദോഹയിൽ ടാക്‌സി ഡ്രൈവറായാണ് നരേന്ദ്രന്റെ തൊഴിൽ ജീവിതത്തിന്റെ ആരംഭം. ഡ്രൈവർ ജോലി തെരഞ്ഞെടുത്തതുതന്നെ യാത്രകളോടുള്ള അടങ്ങാത്ത കമ്പംകൊണ്ടായിരുന്നു. ചുരുങ്ങിയകാലം കൊണ്ടുതന്നെ ഗൾഫ് മേഖലയിലെ ഒട്ടുമിക്ക സ്ഥലങ്ങളും താണ്ടി നരേന്ദ്രൻ വിവിധ രാജ്യങ്ങളിലെ സംസ്‌കാരവും ഭാഷയും പഠിച്ചു. വിദേശികളുമായുള്ള പരിചയത്തിൽനിന്നും ഇടപെടലുകളിൽനിന്നും അവർക്ക് ഇന്ത്യയോടുള്ള താൽപ്പര്യത്തെക്കുറിച്ചും ഇന്ത്യയുടെ ടൂറിസം സാധ്യതകളെക്കുറിച്ചും മനസ്സിലാക്കിയപ്പോൾ നരേന്ദ്രന്റെ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറാൻ തുടങ്ങിയിരുന്നു.
നാട്ടിൽ അച്ഛൻ നടത്തിയിരുന്ന വിവേകാനന്ദ ട്രാവൽസ് പ്രധാനമായും തീർത്ഥാടനയാത്രകളായിരുന്നു സംഘടിപ്പിച്ചിരുന്നത്. കാശിയായിരുന്നു പ്രധാന കേന്ദ്രം. രാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അച്ഛന്റെ യാത്രാനേതൃത്വത്തിൽ വിവേകാനന്ദ ട്രാവൽസ് ആ രംഗത്ത് മുൻനിരക്കാരായിരുന്നു. പിന്നീട് അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി നരേന്ദ്രൻ വിവേകാനന്ദയുടെ നേതൃത്വം ഏറ്റെടുത്തു. അതോടെ, തീർത്ഥയാത്രകൾ മറ്റു യാത്രക്കാർക്കും വഴിമാറി. വളരെ വേഗം വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരമുള്ള ഇന്ത്യയിലെ മുൻനിര ടൂർ ഓപ്പറേറ്റർമാരായി വിവേകാനന്ദ വളർന്നു.

സമൂഹത്തിന്റെ വിവിധ തുറയിലുള്ള മനുഷ്യരെയാണ് ഇക്കാലയളവിൽ യാത്രച്ചരട് കൊണ്ട് വിവേകാനന്ദ ബന്ധിപ്പിച്ചത്. അതിൽ ജഡ്ജിമാരുണ്ട്. സിനിമാപ്രവർത്തകരും രാഷ്ട്രീയനേതാക്കളും പ്രൊഫസർമാരും സാഹിത്യനായകരുമുണ്ട്. ഒട്ടേറെ പുരസ്‌കാരം ലഭിച്ച എം പി വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവിൽ' എന്ന പുസ്തകത്തിന്റെ രചനയ്ക്ക് കാരണമായ ഹിമാലയ യാത്ര സംഘടിപ്പിച്ചത് വിവേകാനന്ദയാണ്. വിശ്വ സഞ്ചാരിയും, സഫാരി എന്ന മലയാളത്തിലെ ആദ്യത്തെ യാത്രാചാനലിന്റെ അമരക്കാരനുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ ആദ്യ വിദേശ യാത്രയായ നേപ്പാൾ യാത്ര വിവേകാനന്ദയിലൂടെയായിരുന്നു. അതേക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹത്തിന്റെ സഞ്ചാരികളുടെ ഡയറിക്കുറിപ്പുകൾ എന്ന പ്രോഗ്രാമിൽ പറഞ്ഞിരുന്നു. തീർത്ഥാടകരും ക്യാമറയിലൂടെ ചിത്രീകരണം നടത്തുന്ന ട്രാവലറും തമ്മിൽ പൊരുത്തപ്പെട്ട് പോവാതെ ആയതും, യാത്രക്കിടെ അതുതിരിച്ചറിഞ്ഞ് അപ്പോൾ വിമാനത്തിൽ ചുരുങ്ങിയ ചെലവിൽ കാഠ്മണ്ഡുവിൽ എത്താനുള്ള മാർഗമുണ്ടെന്ന് നരേന്ദ്രൻ പറഞ്ഞതും സന്തോഷ് ജോർജ് കുളങ്ങര അനുസ്മരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സന്തോഷ് കാഠ്മണ്ഡുവിലേക്കുള്ള വിമാന യാത്ര നടത്തിയതും, അതിന്റെ പൈലറ്റ് ആയിരുന്ന രത്തൻ ലാമചാനെ എന്നയാൾ ഒരോയിടത്തും ആ ചെറിയ വാഹനം ചെരിച്ചുകൊണ്ടൊക്കെ നേപ്പാൾ ചിത്രീകരിക്കാൻ സൗകര്യം ഒരുക്കിയതും, പിന്നെ തന്റെ ഫോട്ടോ എടുത്ത് ഈ പരിപാടി വലിയ വിജയമാവുമെന്ന് ആശംസിച്ചതും സന്തോഷ് ജോർജ് കുളങ്ങര അനുസ്മരിച്ചിരുന്നു.

വർഷം ശരാശരി 750 ഓളം സംഘങ്ങളെയാണ് നരേന്ദ്രൻ യാത്രയാക്കിയിരുന്നത്. പലതിന്റെയും കൂടെ യാത്രക്കാരിലൊരാളായി, സഹായിയായി അദ്ദേഹവുമുണ്ടായിരുന്നു. പല ആളുകളിൽനിന്നായി താൻ പല കാര്യങ്ങളും പഠിച്ചുവെന്നാണ് ഇതേക്കുറിച്ച് നരേരന്ദൻ പറഞ്ഞത് ''ഓരോ യാത്രയും ഓരോ പഠനാനുഭവമാണ്. ചരിത്രവും സംസ്‌കാരവും ഭാഷയും ഇങ്ങനെയാണ് പഠിച്ചത്. ഇപ്പോൾ 17 ഭാഷ സംസാരിക്കാനറിയാം. ജീവിതയാത്ര കൂടുതൽ സുഗമവും അനായാസവുമാക്കാൻ യാത്രകൾ കുറച്ചൊന്നുമല്ല മനുഷ്യനെ സഹായിക്കുന്നത്. സാധാരണ തൊഴിലാളികൾമുതൽ വലിയ വ്യവസായികൾ വരെയുള്ളവരിൽ യാത്രയുടെ സംസ്‌കാരം പകർന്നുനൽകാനായി എന്നതിൽ കൃതാർഥനാണ്''- ഒരു അഭിമുഖത്തിൽ നരേന്ദ്രൻ പറയുന്നു.

പ്രിയപ്പെട്ടയിടം ഹിമാലയം

വിദേശങ്ങളിലടക്കം ഒരുപാട് യാത്രകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ട ഇടം ഹിമാലയം ആണെന്നായിരുന്നു നരേന്ദ്രൻ പറഞ്ഞിരുന്നത്. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോഴാണ് ഹിമാലയമെന്ന അനിർവചനീയാനുഭവത്തെ നരേന്ദ്രൻ ആദ്യമായി കാണുന്നത്. മോക്ഷമാർഗം തേടുന്ന സന്യാസിയോ അറിയാത്ത ലക്ഷ്യങ്ങൾ തേടിയലയുന്ന നിത്യസഞ്ചാരിയോ അല്ല, നരേന്ദ്രൻ. എന്നിട്ടും ഹിമാലയൻ മായികതയുടെ കാന്തികാകർഷണത്തിനു വഴങ്ങി 40 വർഷത്തിനിടെ നാനൂറിലേറെ തവണ നരേന്ദ്രൻ ഹിമവാനെ തൊട്ടുവണങ്ങിയിട്ടുണ്ട്. 18 തവണ കൈലാസപർവതം ചുറ്റിയിട്ടുണ്ട്.

22ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി ഹിമാലയം കാണുന്നത്. അറ്റമില്ലാത്ത മഞ്ഞുപാളികളുടെ നിമ്ന്നോന്നതമായ മഹാസാഗരം നരേന്ദ്രനിൽ അദൃശ്യമായി നിറഞ്ഞു. കണ്ടാലും കണ്ടാലും തീർക്കാനാകാത്ത അത്ഭുത സാന്നിധ്യത്തിന് മുമ്പിൽ നിശ്ചേഷ്ടനായ നരേന്ദ്രനെ വിട്ട് അർമാദത്തിന്റെ പതിവുകിളികൾ പുതിയ ചില്ലകൾ തേടി പറന്നു. എത്രമേൽ അനുഭവിച്ചാലും മതിവരാതെ ഹൈമവതഭൂമിയുടെ അഭൗമക്കുളിർ വിടാതെ പിന്തുടർന്നു. പിന്നീടുള്ള നരേന്ദ്രന്റെ ഏതാണ്ടെല്ലാ യാത്രകളും ഏതെങ്കിലും വഴിയിൽ മുട്ടിത്തിരിഞ്ഞ് ഹിമവൽ സന്നിധിയിൽ ചെന്നുചേരാൻ തുടങ്ങി. 'ജീവിതത്തിന് വേണ്ട പോസിറ്റീവ് എനർജി നൽകുന്ന അക്ഷയ കലവറയാണ് ഹിമാലയം. ഒരിക്കലും മടുക്കില്ല, ഹിമാലയത്തിന്റെ ഏതെങ്കിലും ഭാഗത്തിലൂടെയുള്ള ഒരു യാത്രയും. ഓരോ യാത്രയിലും ഓരോ ഹിമാലയത്തെയാണ് കാണുക. ചിലപ്പോൾ പൂക്കളുടെ ഹിമാലയം. ചിലപ്പോൾ മഞ്ഞിന്റെ. ചിലപ്പോൾ അസംഖ്യം ഗംഗാനദികളുടെ... ഓരോ കാഴ്ചയിലും അതുവരെ കാണാത്ത കൊതിപ്പിക്കുന്ന പുതിയൊരു കാഴ്ച സമ്മാനിച്ച് ഹിമാലയം ഓരോ യാത്രികരെയും വിസ്മയിപ്പിക്കും...' നരേന്ദ്രൻ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഭാരിച്ച സാമ്പത്തിക ബാധ്യത കാരണം സ്ഥാപനം അടച്ചുപൂട്ടി മറ്റ് ബിസിനസിൽ ഏർപ്പെടാൻവരെ ഉപദേശിച്ച കൂട്ടുകാരുണ്ട്. ഒരുവേള നരേന്ദ്രനും അതാലോചിച്ചതാണ്. പക്ഷേ, അപ്പോഴേക്കും വിദൂരതയിൽനിന്നും യാത്രയുടെ പ്രലോഭനം വീണ്ടും നരേന്ദ്രന്റെ ഹൃദയത്തെ കീഴടക്കും. ആശങ്കകളിലും വേവലാതികളിലുമുഴറി കറങ്ങിത്തിരിയുന്ന അത്തരം പ്രതിസന്ധി യാത്രകളെല്ലാം ഹിമവൽ സന്നിധിയിൽ അവസാനിക്കും. അറ്റമില്ലാത്ത മഞ്ഞുപാളികളുടെ അടിത്തട്ടിലെവിടെയോ മിടിക്കുന്ന ഹിമവാന്റെ അദൃശ്യ ഹൃദയത്തോട് സങ്കടവും നിസ്സഹായതയും നിറഞ്ഞ സ്വന്തം ഹൃദയം ചേർത്തുവച്ച് കണ്ണീരൊഴുക്കിയ സന്ദർഭങ്ങൾ... ഒടുവിൽ തൂമഞ്ഞിന്റെ ശുഭ്രവെൺമ ഹൃദയത്തിലാവാഹിച്ച് സമാധാനത്തോടെ തിരിച്ചിറങ്ങുമ്പോൾ വീണ്ടും ശൂന്യതയിൽനിന്ന് തുടങ്ങാനുള്ള ഊർജമുണ്ടാകും മനസ്സിൽ. പ്രതിസന്ധികളിലെല്ലാം ഉറ്റബന്ധുവും ചങ്ങാതിയും ഗുരുവുമായി കൂടെനിന്ന് ആശ്വസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്ത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ഹിമവൽസാന്നിധ്യം.

അത്ഭുതകരമായ അതിന്റെ മാഹാത്മ്യത്തെക്കുറിച്ച് നരേന്ദ്രൻ ഇങ്ങനെ പറയും. പ്രകൃതിയെ അറിയണമെങ്കിൽ ഹിമാലയം കയറണം. ജീവിതത്തിന്റെ ആകസ്മികതകളാണ് എങ്ങും. നോക്കിനിൽക്കെ നടന്നുവന്ന വഴികൾ ഇല്ലാതായ സന്ദർഭങ്ങൾ... എന്തുചെയ്യുമെന്ന ആകുലതകൾക്കിടയിൽ തെളിയുന്ന പുതിയ വഴികൾ.... ഇരുട്ടും വെളിച്ചവും നിറഞ്ഞ പ്രകൃതിയുടെ വ്യത്യസ്തതകൾ. ഒരുവേള തോന്നും നമ്മൾ ഒന്നുമല്ലെന്ന്. എല്ലാം ചുറ്റിക്കണ്ട് വിനയാന്വിതമായി തിരിച്ചിറങ്ങുമ്പോൾ തോന്നും നമ്മൾ എല്ലാമാണെന്ന്'.

ശബരിമല യാത്ര ചെലവ് കുറച്ച്

കോഴിക്കോടുനിന്ന് വെറും 750 രൂപക്ക് ഒരു ദിവസത്തെ താമസവും ഭക്ഷണവും അടക്കമുള്ള വിവേകാനന്ദയുടെ പാക്കേജ് ശബരിമലയെ യാത്രയെ തന്നെ ജനകീയമാക്കി. പ്രത്യേകിച്ചും ഒറ്റക്ക് പോകൻ ശ്രമിക്കുന്നവർക്ക് ഇത് വലിയ സഹായം ആയിരുന്നു. നെയ്യഭിഷേകവും അടക്കം എല്ലാം വിവേകാനന്ദ നടത്തിത്തരുമായിരുന്നു. യാത്രക്കാർക്ക് യാതൊരു റിസ്‌ക്കും ഉണ്ടായിരുന്നില്ല. അന്നൊക്കെ എല്ലാവരും അത്ഭുദപ്പെട്ടിരുന്നത് എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും കുറഞ്ഞ ചെലവിൽ യാത്ര സംഘടിപ്പിക്കാൻ കഴിയുന്നത് എന്നായിരുന്നു. അതുപോലെ തന്നെ ചുരുങ്ങിയ നിരക്കിലുള്ള കാശി യാത്രാ പാക്കേജുകളും വിവേകാന്ദയുടെ പ്രത്യേകത ആയിരുന്നു. വയോധികാരായ ആളുകൾക്ക് വരെ ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാൻ കഴിയുന്ന രീതിയായിരുന്നു ഇത്. സെക്കൻഡ് ക്ലാസ് ട്രെയനിൽ ബുക്ക് ചെയ്ത് ഉത്തരന്ത്യേയിൽ എത്തിയാൽ മാത്രം ബസ് ഏർപ്പെടുത്തുന്നതിനാൽ ഏറ്റവും ചുരുങ്ങിയ ചെലവിൽ ആയിരുന്നു ഈ യാത്രകൾ മുഴുവൻ. അതുപോലെ മധുര, രമേശ്വരം, പഴനി, മൂകാംബിക, തൊട്ട് ഡൽഹിയും കാശ്മീരുംവരെ മിതമായ നിരക്കിൽ യാത്ര കൊണ്ടുപോകാൻ വിവേകാനന്ദക്ക് ആയി.

പത്തുവർഷം മുമ്പുവരെ കേരളത്തിൽ വിവേകാനന്ദ ട്രാവൽസ് നമ്പർ വൺ ആയിരുന്നു. കേരളത്തിൽ എല്ലായടിത്തും ബ്രാഞ്ചുകൾ ഉള്ളരീതിയിൽ അത് വളർന്നു. യാത്രാ കുതുകികൾക്കായി 'തീർത്ഥസാരഥി' എന്നൊരു മാസികയും നരേന്ദ്രൻ തുടങ്ങി. അതിന് വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷമായി വിവേകാനന്ദയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി. തീർത്ഥസാരഥി മാസിക താൽക്കാലികമായി നിർത്തിവെക്കുകയും, ചില ഷെഡ്യൂളുകളും ഓഫീസുകളും വെട്ടിക്കുറക്കേണ്ടിയും വന്നു. ഇതിനിടെ രണ്ട് സഹോദരന്മാർ വാഹനാപകടത്തിൽ മരിച്ചതും നരേന്ദ്രന് താങ്ങാൻ കഴിതുന്നത് ആയിരുന്നില്ല. പലരും സ്ഥാപനം വിട്ടുപോയി. തന്റെ സ്ഥാപനത്തിൽ നിന്ന് വിട്ടുപോയവരെല്ലാം പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങിയത് ഏറെ സന്തോഷത്തോടെയാണ് നരേന്ദ്രൻ സ്വീകരിക്കുന്നത്. 'അവരെല്ലാം യാത്രാമേഖലയിൽ തന്നെ പുതിയ സംരംഭവുമായി വന്നത് വളരെ നല്ല കാര്യം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഏതാണ്ട് മുപ്പത്തഞ്ചോളം ടൂർ ഓപ്പറേറ്റർമാർ വിവേകാനന്ദയിൽനിന്നും പോയവരാണ്. ഇവരെല്ലാമായി നല്ല ബന്ധമാണ്. പലരും പല ആവശ്യങ്ങൾക്കായി പലപ്പോഴും വിളിക്കാറുണ്ട്'.- നരേന്ദ്രൻ ഒരിക്കൽ പറഞ്ഞ് അങ്ങനെയാണ്.

പ്രശ്നങ്ങളിൽനിന്നെല്ലാം കര കയറി ട്രാവൽസും യാത്രകളും നല്ല രീതിയിൽ മാറി വരുന്ന സമയത്താണ് കോവിഡ് വില്ലനായി എത്തിയത്. എന്നാലും നരേന്ദ്രൻ തികച്ച ആത്മവിശ്വാസത്തിലായിരുന്നു. കോവിഡ് കാലത്തിന് ശേഷം തനിക്ക് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസം. പക്ഷേ അപ്പോഴേക്കും രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം അദ്ദേഹത്തെ തേടിയെത്തി.

കൈലാസം ഇത്രയേറെ തവണ സന്ദർശിച്ചതിനാൽ ഇനിക്ക് തനിക്ക് പാപങ്ങൾ ഒന്നും ഉണ്ടാവില്ലെന്നായിരുന്നു നരേന്ദ്രൻ സൗഹൃദ സദസ്സിൽ തമാശ പറയാറുണ്ടായിരുന്നത്. പക്ഷേ തീർത്തും അപ്രതീക്ഷിതമായ മരണം 62ാം വയസ്സിൽ അദ്ദേഹത്തെ തട്ടിയെടുത്തു. കോവിഡ് കാലം ആയതിനാൽ സുഹൃത്തുക്കൾക്ക് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പോലും ആയില്ല. ലോകമെമ്പാടുമുള്ള യാത്രാ സ്നേഹികൾ മരണ വിവരം അറിഞ്ഞു വരുമ്പോഴേക്കും കോഴിക്കോട് മാവുർ റോഡ് ശ്മാശനത്തിൽ നരേന്ദ്രന്റെ ചിത കത്തിത്തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP