Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

പാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്തെ കാവ്യാത്മകമാക്കിയ മനുഷ്യൻ; കോളജ് കാമ്പസിന്റെ പടിയിറങ്ങിയ ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി; പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം; ഭാഷയെ സ്നേഹിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഇനി ദീപ്ത സ്മരണ

പാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്തെ കാവ്യാത്മകമാക്കിയ മനുഷ്യൻ; കോളജ് കാമ്പസിന്റെ പടിയിറങ്ങിയ ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി; പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം; ഭാഷയെ സ്നേഹിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഇനി ദീപ്ത സ്മരണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമാന്യ ജനത്തിന് മനസ്സിലാകാത്ത തരത്തിൽ വൈരുദ്ധ്യങ്ങളുടെ സമന്വയമായിരുന്നു അന്തരിച്ച പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി. കേരളത്തിലെ വിവിധ കലാലയങ്ങളിൽ ഇം​ഗ്ലീഷ് ഭാഷാ അദ്ധ്യാപകനായി തിളങ്ങവേ എഴുത്തുകളിൽ കളിയാടിയിരുന്നത് മലയാളവും സംസ്കൃതവും വേദങ്ങളുമെല്ലാം ഒത്തുചേർന്ന പൗരാണികത. പാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്ത് നടന്നുമറഞ്ഞ കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. ഒരേസമയം എഴുത്തുകാരനും ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായി കലാലയങ്ങളിൽ തിളങ്ങിയ അദ്ദേഹം കലാലയ ജീവിതത്തിന് ശേഷം തിരഞ്ഞെടുത്തതാകട്ടെ പൂജാരിയുടെ ജീവിതവും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിക്കാൻ അദ്ദേ​ഹം തീരുമാനിക്കുകയായിരുന്നു. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.

ഇന്ന് തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.

മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്‌കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.

സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛൻ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാർ പുരസ്‌കാരം - (2010), വള്ളത്തോൾ പുരസ്‌കാരം - (2010), ഓടക്കുഴൽ അവാർഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.

കൃതികൾ

സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958)
പ്രണയ ഗീതങ്ങൾ (1971)
ഭൂമിഗീതങ്ങൾ (1978)
ഇന്ത്യയെന്ന വികാരം (1979)
മുഖമെവിടെ (1982)
അപരാജിത (1984)
ആരണ്യകം (1987)
ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
ചാരുലത (2000)
പുരസ്‌കാരങ്ങൾ
പത്മശ്രീ പുരസ്‌കാരം (2014)
എഴുത്തച്ഛൻ പുരസ്‌കാരം (2014)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979)
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010)
വയലാർ പുരസ്‌കാരം - (2010)
വള്ളത്തോൾ പുരസ്‌കാരം - (2010)
ഓടക്കുഴൽ അവാർഡ് - (1983) (മുഖമെവിടെ)
മാതൃഭൂമി സാഹിത്യപുരസ്‌കാരം 2010
പി സ്മാരക കവിതാ പുരസ്‌കാരം - (2009)
പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങൾ,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം,കവിതയുടെ ഡി.എൻ.എ.,അലകടലും നെയ്യാമ്പലുകളും എന്നീ നിരൂപണങ്ങളുംഗാന്ധി-പുതിയ കാഴ്ചപ്പാടുകൾ സസ്യലോകം,ഋതുസംഹാരം എന്നീ വിവർത്തനങ്ങളുമദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകൾ, ദേശഭക്തികവിതകൾ,വനപർവ്വം, സ്വാതന്ത്ര്യസമര ഗീതങ്ങൾ എന്നീ കൃതികൾ സമ്പാദനം ചെയ്യുകയും കുട്ടികൾക്കായി കുട്ടികളുടെ ഷേക്‌സ്പിയർ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP