Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന നേതാവ്; പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയത് ആശുപത്രി കിടക്കയിലേക്ക്; പിന്നാലെ മരണവും; പിതാവിനെ ഇഷ്ടക്കാരന്റെ മരണാന്തരച്ചടങ്ങിലേക്ക് ഓടിയെത്തി ആര്യാടൻ ഷൗക്കത്തും; വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് വിനയന്റെ വിയോഗത്തിൽ തേങ്ങി പ്രവർത്തകർ

ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന നേതാവ്; പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയത് ആശുപത്രി കിടക്കയിലേക്ക്; പിന്നാലെ മരണവും; പിതാവിനെ ഇഷ്ടക്കാരന്റെ മരണാന്തരച്ചടങ്ങിലേക്ക് ഓടിയെത്തി ആര്യാടൻ ഷൗക്കത്തും; വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് വിനയന്റെ വിയോഗത്തിൽ തേങ്ങി പ്രവർത്തകർ

ജംഷാദ് മലപ്പുറം

മലപ്പുറം: ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് മരണത്തിലും പ്രിയ നേതാവിനെ പിന്തുടർന്നു.ആര്യാടൻ മുഹമ്മദിന് മലപ്പുറം ഡി.സി.സിയിൽ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് വിനയൻ ആര്യാടൻ മരണപ്പെട്ട കോഴിക്കോട്ടെ അതേ ആശുപത്രിയിൽ ജീവൻ വെടിഞ്ഞത്. ഒപ്പം നിന്നവരൊക്കെ ചേരിമാറി സ്ഥാനമാനങ്ങൾ സ്വന്തമാക്കിയപ്പോഴും ജീവിതാന്ത്യം വരെ ആര്യാടനൊപ്പമായിരുന്നു വിനയൻ. ആര്യാടൻ മുഹമ്മദിന് മലപ്പുറം ഡി.സി.സിയിൽ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് കരൾ രോഗ ബാധിതനായ വിനയൻ രോഗം മൂർഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവൻ വെടിഞ്ഞത്. ആര്യാടൻ മരണപ്പെട്ട ആശുപത്രിയിൽ തന്നെയായിരുന്നു വിനയന്റെ മരണമെന്നതും മറ്റൊരു അപൂർവ്വതയാണ്.

വള്ളിക്കുന്നിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നൂറുകണക്കിനാളുകളാണ് ഇന്നലെ അരിയല്ലൂരിലെ മലയംപറമ്പത്തെ വീട്ടിവളപ്പിലെ സംസ്‌ക്കാര ചടങ്ങിന് സാക്ഷികളായത്. പിതാവിന്റെ രാഷ്ട്രീയ ശിഷ്യന്റെ സംസ്‌ക്കാര ചടങ്ങുകളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആര്യാടൻ മുഹമ്മദിന്റെ മകൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും വസതിയിലെത്തിയിരുന്നു. ആര്യാടന്റെ വിയോഗത്തിനു ശേഷം ഷൗക്കത്ത് പങ്കെടുക്കുന്ന നിലമ്പൂരിന് പുറത്തുള്ള ചടങ്ങായിരുന്നു ഇത്.

തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായി കോൺഗ്രസ് സംഘടനാ രംഗത്ത് നേതൃത്വം വഹിച്ചപ്പോഴും ഒരു പഞ്ചായത്തംഗമാകാൻപോലും വിനയൻ പരിശ്രമിച്ചിരുന്നില്ല. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ തനിക്കായി പാർട്ടി മത്സരിക്കാനായി വെച്ചുനീട്ടിയ സീറ്റുകൾ സഹപ്രവർത്തകർക്കുവേണ്ടി വിട്ടു നൽകിയാണ് വിനയൻ വ്യത്യസ്ഥനായത്. അരിയല്ലൂർ എം വിഹൈസ്‌ക്കൂളിൽ കെ.എസ്.യു യൂണിറ്റ് ജനറൽ സെക്രട്ടറിയായിട്ടായിരുന്നു പൊതുരംഗത്ത് സജീവമായത്. രാഷ്ട്രീയത്തിനൊപ്പം ഫുട്‌ബോളിലും കഴിവുതെളിയിച്ചു. അരിയല്ലൂർ മനോഹർ പ്ലയേഴ്‌സ് ക്ലബിന്റെ ക്യാപ്റ്റനായ വിനയൻ പല ടൂർണമെന്റുകളിലും ടീമിന് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തിട്ടുണ്ട്.

വള്ളിക്കുന്ന പഞ്ചായത്ത് വനിതാ സഹകരണ സംഘം, തിരൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി ബ്ലോക്ക് കോക്കനട്ട് പ്രൊസസിങ് സൊസൈറ്റി എന്നിവ കെട്ടിപ്പടുക്കാൻ ഏറെ വിയർപ്പൊഴുക്കിയിരുന്നു. തിരൂരങ്ങാടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി ബ്ലോക്ക് കോക്കനട്ട് പ്രൊസസിങ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ദേശീയ വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും കഴിവുതെളിയിച്ചു.

അരിയല്ലൂർ മാധവാനന്ദവിലാസം ഹൈസ്‌ക്കൂളിൽ പ്ലസ് ടു കോഴ്‌സ് അനുവദിപ്പിക്കുന്നതിന് പിന്നിലും വിനയന്റെ പരിശ്രമങ്ങളുണ്ടായിരുന്നു. മുൻ മന്ത്രി എ.പി അനിൽകുമാർ എംഎ‍ൽഎ, പി. അബ്ദുൽഹമീദ് എംഎ‍ൽഎ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹൻ, മുൻ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി എന്നിവരും വസതിയിലെത്തി അനുശോചനം അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ. ബാബു എന്നിവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

പുതുതലമുറ പകർത്തേണ്ട രാഷ്ട്രീയ സത്യസന്ധതയുടെ പാഠമാണ് വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് എംപി വിനയന്റെ ജീവിതമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. തന്റെ പിതാവ് ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിന്ന വിനയൻ ഒരിക്കലും സ്ഥാനമാനങ്ങൾക്കുവേണ്ടി അവ കൈവിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരിയല്ലൂരിൽ നടന്ന സർവകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലത്തീഫ് കല്ലിടുമ്പൻ ആധ്യക്ഷം വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കളി, ജനറൽ സെക്രട്ടറി ഡോ. യു.കെ അഭിലാഷ്, സെക്രട്ടറി പി. നിധീഷ്, ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, വള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണൻ എ.പി സിന്ധു, കെ. അയ്യപ്പുട്ടി, നിസാർ കുന്നുമ്മൽ, എൻ.വി ഹരിദാസൻ, ബാബു പള്ളിക്കര, മൂച്ചിക്കൽ കാരിക്കുട്ടി, പഞ്ചായത്തംഗങ്ങളായ ചേലക്കൽ ഉഷ, സച്ചിദാനന്ദൻ, സുനിലത്ത് ആബിദ്, വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.കെ ഷറഫുദ്ദീൻ, അശോകൻ മേച്ചേരി, എ.എം ഭക്തവത്സലൻ, തിരുങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്. എൻ.പി ഹംസക്കോയ, തറോൽ കൃഷ്ണകുമാർ, ബാലമുരളി, വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. ഉണ്ണിമൊയ്തു, ഒ. ലക്ഷ്മി, അനിതദാസ്, കുഴികാട്ടിൽ രാജൻ, മംഗലശേരി രവ, എ.കെ പ്രബീഷ്, കെ.പി പ്രമോദ് പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP