Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവകേരള യാത്രയിൽ കുന്നത്തൂരിൽ പിണറായിക്ക് ആതിഥ്യമരുളിയത് ഗുരുവിന്റെ മകന് പണി കൊടുക്കാൻ; രവി പിള്ളയുടെ റെക്കമൻഡേഷൻ കോടിയേരിയും കേട്ടപ്പോൾ സിഎംപിയിലൂടെ തെരഞ്ഞെടുപ്പ് ഗോധയിൽ; നിയമസഭയിൽ കുബേര പട്ടികയിലെത്തിയ ജുബ്ബാക്കരൻ; കോടിയേരിയുടെ മകനൊപ്പം ചെക്ക് കേസിൽ മകൻ കുടുങ്ങിയപ്പോൾ പതറാതെ നിലയുറപ്പിച്ച വിവാദ മദ്യവ്യവസായി; സിപിഎമ്മുമായി ഉടക്കി പത്തനാപുരമോ കൊട്ടാരക്കരയോ മോഹിച്ചപ്പോൾ വില്ലനായെത്തിയത് മരണം; സോഷ്യലിസ്റ്റ് വ്യവസായിയായ വിജയൻ പിള്ളയുടെ കഥ

നവകേരള യാത്രയിൽ കുന്നത്തൂരിൽ പിണറായിക്ക് ആതിഥ്യമരുളിയത് ഗുരുവിന്റെ മകന് പണി കൊടുക്കാൻ; രവി പിള്ളയുടെ റെക്കമൻഡേഷൻ കോടിയേരിയും കേട്ടപ്പോൾ സിഎംപിയിലൂടെ തെരഞ്ഞെടുപ്പ് ഗോധയിൽ; നിയമസഭയിൽ കുബേര പട്ടികയിലെത്തിയ ജുബ്ബാക്കരൻ; കോടിയേരിയുടെ മകനൊപ്പം ചെക്ക് കേസിൽ മകൻ കുടുങ്ങിയപ്പോൾ പതറാതെ നിലയുറപ്പിച്ച വിവാദ മദ്യവ്യവസായി; സിപിഎമ്മുമായി ഉടക്കി പത്തനാപുരമോ കൊട്ടാരക്കരയോ മോഹിച്ചപ്പോൾ വില്ലനായെത്തിയത് മരണം; സോഷ്യലിസ്റ്റ് വ്യവസായിയായ വിജയൻ പിള്ളയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിലെ കുബേരന്മാരുടെ പട്ടികയിൽ ഇടം നേടിയ വ്യവസായിയായ രാഷ്ട്രീയക്കാരനായിരുന്നു വിജയൻ പിള്ള. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ചവറയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ തോൽവി. വിജയൻ പിള്ള എന്ന ജുബ്ബാക്കാരനിലൂടെ സിഎംപി ഇടതു മുന്നണി വിജയം നേടിയപ്പോൾ അത് ആർഎസ്‌പി എന്ന പാർട്ടിയുടെ ശവപ്പെട്ടിയിലുള്ള ആണിയായി മാറി. ചവറയിൽ നിന്നും ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയൻ പിള്ള വിജയിച്ച വാർത്ത പുറത്തുവന്നപ്പോൾ പലരു ചോദിച്ചത് ആരാണ് ഈ വിജയൻ പിള്ള എന്നായിരുന്നു. എന്നാൽ ചവറക്കാർക്ക് വിജയൻ പിള്ളയെ തെരഞ്ഞെടുക്കാൻ ഒരു അമാന്തവും ഉണ്ടായില്ല. കാരണം നാട്ടുകാരുടെ എന്തുകാര്യത്തിനും ഓടിയെത്തുന്ന ജനകീയനായ പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു വിജയൻ പിള്ള. നിയമസഭയിൽ എത്തിയ ശേഷവും അങ്ങനെ തന്നെ തുടർന്നു. പക്ഷേ വിവാദങ്ങൾക്കൊപ്പവും വിജയൻ പിള്ളയുടെ പേര് ഉയർന്നു വന്നു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വിജയൻ പിള്ളയെ കൊണ്ടു വന്നത് സാക്ഷാൽ പിണറായി വിജയന്റെ രാഷ്ട്രീയ ബുദ്ധിയായിരുന്നു. യുഡിഎഫിൽ നിന്നും ചവറ തിരിച്ച് പിടിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിന് മണ്ഡലം നൽകിയത്. എന്നാൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഎം തന്നെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ സിപിഎം സ്വതന്ത്രനെ ഇറക്കിയപ്പോൾ കേട്ട വിമർശനങ്ങൾ കടുത്തതായിരുന്നു. അതുകൊണ്ട് തന്നെ സിഎംപിക്ക് സീറ്റ് നൽകി പിന്നാമ്പുറം വഴിയാണ് വിജയൻ പിള്ളയെന്ന കോടീശ്വരനെ ഇടതു മുന്നണി ഗോധയിൽ ഇറക്കിയത്. എന്നാൽ, ഇത് പണക്കാരൻ എന്ന് കരുതി നൽകിയ സീറ്റുമല്ല. മറിച്ച്, മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തെ കുറിച്ച് പഠിച്ച ശേഷമായിരുന്നു സ്ഥാനാർത്ഥിയാക്കിയത്.

പിണറായി വിജയന്റെ നവകേരള മാർച്ച് കൊല്ലത്തെത്തിയപ്പോഴാണ് യഥാർത്ഥത്തിൽ പിള്ളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ധാരണയുണ്ടായത്. വ്യവസായി രവി പിള്ളയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. ഇതു കൂടി സിപിഎം സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പരിഗണിച്ചു എന്നുവേണം കരുതാൻ. പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ച്ചയിൽ മദ്യനയം തിരുത്തുന്നത് അടക്കം ചർച്ചയായെന്ന് അന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. രവി പിള്ളയ്്ക്ക് പിണറായിയും കോടിയേരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതും രവി പിള്ളയെ ചവറയിലെ സ്ഥാനാർത്ഥിയാക്കി. ർഎസ്‌പി എന്ന രാഷ്ട്രീയ പാർട്ടിയെ കേരളത്തിൽ കരുപ്പിടിപ്പിച്ച ബേബി ജോണിന്റെ ശിഷ്യനായാണ് വിജയൻ പിള്ള രാഷ്ട്രീയപ്രവർത്തനം തുടങ്ങുന്നത്. ഇങ്ങനെ പിതാവിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ച ആളിൽ നിന്നുമാണ് ഷിബു ബേബി ജോണിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗത്തായിരുന്ന അദ്ദേഹത്തെ അടർത്തിയെടുത്താണ് ഇടതു മുന്നണി വിജയം നേടിയത്. ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.

ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. യുഡിഎഫ് സർക്കാർ ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല. പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി. കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി. ആർ ബാലകൃഷ്ണ പിള്ളയെന്ന നേതാവ് അരയും തലയും മുറുക്കി ഷിബുവിനെ തോൽപ്പിക്കാൻ രംഗത്തിറങ്ങിയതും വിജയൻ പിള്ളയെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. അങ്ങനെ രവി പിള്ളയും ബാലകൃഷ്ണ പിള്ളയും ചേർന്ന് ചവറയിൽ വിജയൻ പിള്ളയെ എംഎൽഎാക്കി.

ഇതിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വിവാദവുമുണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയും .വിജയൻ പിള്ളയുടെ മകനുമായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ് വാർത്ത കേരള രാഷ്ട്രീയത്തെ ഏറെ ചർച്ച ചെയ്തതാണ്. രണ്ടുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ചെക്ക് കേസിൽ വിധി വരുന്നതിന് മുൻപ് ദുബായിൽ നിന്ന് ശ്രീജിത്ത് മുങ്ങിയ സാഹചര്യത്തിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഈ വിവാദത്തോടെ മകന് എതിരായ ആരോപണങ്ങളിൽ ശരിയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് വിജയൻ പിള്ള വ്യക്തമാക്കി. രാഖുൽ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയില്ലെന്നും പരാതി മാവേലിക്കര കോടതിയുടെ പരിഗണയിലാണെന്നും ശ്രീജിത്ത് ആവർത്തിക്കുന്നതിനിടെയാണ് ദുബായ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ചെക്ക് കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് വിധി വരും മുൻപേ കേരളത്തിലെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പണം തിരികെ ലഭിക്കാൻ രാഖുൽ കൃഷ്ണ പല തവണ ബന്ധപ്പെട്ടത്. പക്ഷ പണം നൽകയില്ലെന്നാണ് ആരോപണം. പരാതി വ്യാജമാണെന്നു വാദിക്കുന്നതിനിടെ മകനെതിരെ അറസ്റ്റ് വാറന്റ് വന്നത് ചവറ എംഎൽഎയെ വെട്ടിലാക്കി. മകൻ വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതി അറിഞ്ഞിരുന്നെന്ന് വിജയൻ പിള്ള സ്ഥിരീകരിച്ചു.

ധാരാളം ചെക്കുകേസുകൾ ഉണ്ടെന്നും തന്റെ മകനെതിരായ കേസിന് മാത്രമെന്താണ് ഇത്ര പ്രസക്തിയെന്നുമാണ് വിജയൻപിള്ളയുടെ ചോദ്യവുമായി വിമർശനങ്ങളെ വിജയൻ പിള്ള നേരിട്ടു. മകൻ ശ്രീജിത്ത് സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിയെങ്കിൽ ശിക്ഷിക്കപ്പെട്ടെയെന്നതായിരുന്നു വിജയൻ പിള്ളയുടെ നിലപാട്. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചപ്പോൾ പണം വാങ്ങിയിട്ടില്ലെന്നും അച്ഛൻ ഇടപെടേണ്ട എന്നാണ് പറഞ്ഞതെന്നും വിജയൻപിള്ള പറഞ്ഞിരുന്നു. പ്രായപൂർത്തിയായ മക്കൾ എന്തെങ്കിലും ചെയ്താൽ അത് അവർ നോക്കുമെന്നാണ് ചവറ എംഎൽഎ അന്ന് വിവാദങ്ങൾ ഒഴിവാക്കാൻ നിരത്തിയ ന്യായം. പിന്നീട് ഈ വിവാദം തന്നെ അപ്രസക്തമായി. ഉന്നത ഇടപെടലുകൾ കാരണമായിരുന്നു ഇതെന്നാണ് സൂചന.

പിണറായിയുടെ വിശ്വസ്തനായിരുന്നുവെങ്കിലും ഈയിടെയായി സിപിഎമ്മുമായി വിജയൻ പിള്ള അകലത്തിലാണെന്ന റിപ്പോർട്ടുണ്ടായിരുന്നു. യുഡിഎഫിന് വലിയ മുൻതൂക്കമുള്ള ചവറ മണ്ഡലത്തിൽ തന്റെ വ്യക്തിബന്ധം കൊണ്ട് മാത്രം വിജയിച്ച വിജയൻ പിള്ളക്ക് നിലവിലെ സാഹചര്യത്തിൽ വീണ്ടും സീറ്റ് ലഭിക്കുകയില്ലെന്നായിരുന്നു വിലയിരുത്തലുകൾ. സിപിഎം ഏരിയാ സെക്രട്ടറി മനോഹരനും, സംസ്ഥാന കമ്മറ്റി അംഗമായ പിണറായി ക്യാമ്പിലെ പ്രമുഖ വനിതാ നേതാവുമുൾപ്പടെ നാലുപേർ ചവറ നിയമസഭാ സീറ്റിനായി ചരടുവലി തുടങ്ങിയിരുന്നു. പവർത്തന സ്വാതന്ത്ര്യം സിപിഎം നൽകുന്നില്ലെന്ന അതൃപ്തിയുമാണ് മാതൃസംഘടനയിലേക്ക് മടങ്ങുവാൻ വിജയൻ പിള്ളയെ പ്രേരിപ്പിക്കുന്ന മുഖ്യഘടകങ്ങൾ എന്ന ചർച്ചയും എത്തി. തന്റെ ആഗ്രഹം വിജയൻ പിള്ള ആർഎസ്‌പി നേതൃത്വത്തെ അറിയിച്ചതായും സ്ഥിരീകരണമെത്തി. ഷിബു ബേബി ജോണിന് ചവറ വിട്ടു കൊടുക്കാമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര പത്തനാപുരം സീറ്റുകളിലോന്ന് ലഭിക്കണമെന്ന നിബന്ധനയാണ് വിജയൻ പിള്ള മുമ്പോട്ട് വച്ചത്. ഇതിനിടെയാണ് രോഗമെത്തിയതും മരണത്തിന് കീഴടങ്ങിയതും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എംപിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായി മൽസരിച്ചാണ് എൻ. വിജയൻ പിള്ള നിയമസഭയിലെത്തിയത്. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യമായി വിജയിച്ച ആർഎസ്‌പി ഇതര നേതാവ് കൂടിയാണ് വിജയൻ പിള്ള. മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയാണ് വിജയൻ പിള്ള നിയമസഭയിലെത്തിയത്. മുതിർന്ന ആർഎസ്‌പി നേതാവായ നാരായണൻ പിള്ളയുടെ മകനാണ് അദ്ദേഹം. 1979 തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 20 വർഷം സജീവമായി ഈ രംഗത്തുണ്ട്. 2000 ൽ അദ്ദേഹം ജില്ലാ പഞ്ചായത്തിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ആർഎസ്‌പി നേതാവ് ബേബി ജോണിന്റെ വിശ്വസ്തനായി പാർട്ടിയിൽ പ്രധാനിയായയിരുന്ന വിജയൻപിള്ള പിന്നീടുണ്ടായ ഭിന്നതയെ തുടർന്ന് ഇരുപത് വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിലേക്ക് ചുവടുമാറുകയായിരുന്നു. ഇതോടെ കരുണാകരൻ അടുപ്പക്കാരനുമായി. ഇതിനിടെ കെ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരൻ കോൺഗ്രസിലെത്തിയപ്പോൾ കോൺഗ്രസിലേക്ക് മടക്കം. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തിൽ പിണങ്ങിയായിരുന്നു കോൺഗ്രസുമായി അകന്നത്. അക്കാലത്ത് കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരനുമായുണ്ടായ ഭിന്നതയ്ക്കൊടുവിലായിരുന്നു വിജയൻ പിള്ള കോൺഗ്രസ് വിട്ടുന്നത്.

ഇതോടെ സിഎംപിലേക്ക് പ്രവർത്തനം ചുവടുമാറ്റി. അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമായിരുന്നു വിജയൻ പിള്ള നിലയുറപ്പിച്ചത്. അരവിന്ദാക്ഷൻ വിഭാഗം സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സിപിഎമ്മിന്റെ ഭാഗമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP