Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ; ആരോഗ്യസ്ഥിതി മോശമായ താത്തിന്റെ അന്ത്യം തീവ്രപരിചരണ വിഭാഗത്തിൽ തുടരവെ; വിടപറഞ്ഞത് ദാദാ സാഹിബ് ഫാൽകെ അവാർഡ് നേടിയ ഇതിഹാസ നടൻ

വിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ; ആരോഗ്യസ്ഥിതി മോശമായ താത്തിന്റെ അന്ത്യം തീവ്രപരിചരണ വിഭാഗത്തിൽ തുടരവെ; വിടപറഞ്ഞത് ദാദാ സാഹിബ് ഫാൽകെ അവാർഡ് നേടിയ ഇതിഹാസ നടൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: വിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി (85) അന്തരിച്ചു.കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

കൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയൽദാ റെയിൽവേ സ്റ്റേഷനു സമീപമുള്ള മിർസാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളർന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാൽ റേയുടെ പട്ടണമായ കൃഷ്ണനഗറിന് തനതായൊരു നാടകസംസ്‌കാരമുണ്ടായിരുന്നു. ആ അന്തരീക്ഷം സൗമിത്രയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഭിഭാഷകനും സർക്കാർ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. അദ്ദേഹവും സൗമിത്രയുടെ മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.

സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചിരുന്ന സൗമിത്ര പിന്നീട് അഭിനയത്തെ ഗൗരവമായെടുക്കുകയും തന്റെ വഴി അതാണെന്നു തീരുമാനിക്കുകയും ചെയ്തു. ഹൗറ സില്ല സ്‌കൂളിലും കൊൽക്കത്ത സിറ്റി കോളജിലും കൊൽക്കത്ത സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയിൽനിന്ന് അഭിനയപാഠങ്ങൾ പഠിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി.

അക്കാലത്താണ് സത്യജിത് റേയുടെ അപരാജിതോയിൽ അവസരം തേടിയെത്തിയത്. സൗമിത്രയെ റേയ്ക്ക് ഇഷ്ടമായെങ്കിലും സിനിമയിലെ പ്രധാന കഥാപാത്രം അപു കുറച്ചുകൂടി ചെറുപ്പമായതിനാൽ സൗമിത്രയ്ക്ക് അവസരം ലഭിച്ചില്ല. പക്ഷേ ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ മുതിർന്ന അപുവിനെ അവതരിപ്പിക്കാൻ റേ സൗമിത്രയെ വിളിച്ചു. അവിടെനിന്നാണ് സൗമിത്ര ചാറ്റർജി എന്ന ഇതിഹാസ നടന്റെ വളർച്ച. റേയുടെ 15 സിനിമകളിൽ നായകവേഷത്തിൽ അദ്ദേഹമുണ്ട്. റേയുടെ പ്രശസ്ത ചിത്രമായ ചാരുലതയിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയിട്ടുണ്ട് ചാറ്റർജി. റേയുടെ വിശ്രുത നായകൻ എന്ന പേരും പിന്നാലെ സൗമിത്ര ചാറ്റർജിക്കു ചാർത്തിക്കിട്ടി. ബംഗാളി വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ ചാരുത വിരിയിച്ച നടൻ കൂടിയാണ് അദ്ദേഹം.

അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാൾ എന്ന വിശേഷിപ്പിക്കപ്പെടുന്ന സൗമിത്ര തന്റെ നിലപാടുകളിലും കരുത്തനായിരുന്നു. എഴുപതുകളിൽ പത്മശ്രീ പുരസ്‌കാരം നിരസിച്ച ചാറ്റർജിക്ക് 2004 ൽ രാജ്യം പത്മഭൂഷൺ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അൽപം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: ദീപ ചാറ്റർജി. മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP