Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബറി മസ്ജിദിന്റെ തകർച്ചാ കാലത്ത് എൽഡിഎഫിന്റെ പോസ്റ്റർബോയ് ആയ തീപ്പൊരി പ്രാസംഗികൻ; മാതൃഭൂമി വി എസ് പക്ഷത്തേക്ക് ചാഞ്ഞതോടെ പിണറായിയുടെ കണ്ണിലെ കരട്; ഇടതു മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ ദേശാഭിമാനിയിൽ വീരനെതിരെ പരമ്പര; 2009ൽ കോഴിക്കോട് സീറ്റ് നിഷേധിച്ചയോടെ മുന്നണി വിട്ടു; പാലക്കാട്ടെയും കൽപ്പറ്റയിലേയും തോൽവികളുടെ മുറിവുമായി വീണ്ടും ഇടതുപാളയത്തിൽ; എല്ലാം പൊറുത്ത് സ്വീകരിച്ചത് പിണറായിയും; ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തി വീരേന്ദ്രകുമാറിന്റെ മടക്കം

ബാബറി മസ്ജിദിന്റെ തകർച്ചാ കാലത്ത് എൽഡിഎഫിന്റെ പോസ്റ്റർബോയ് ആയ തീപ്പൊരി പ്രാസംഗികൻ; മാതൃഭൂമി വി എസ് പക്ഷത്തേക്ക് ചാഞ്ഞതോടെ പിണറായിയുടെ കണ്ണിലെ കരട്; ഇടതു മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ ദേശാഭിമാനിയിൽ വീരനെതിരെ പരമ്പര; 2009ൽ കോഴിക്കോട് സീറ്റ് നിഷേധിച്ചയോടെ മുന്നണി വിട്ടു; പാലക്കാട്ടെയും കൽപ്പറ്റയിലേയും തോൽവികളുടെ മുറിവുമായി വീണ്ടും ഇടതുപാളയത്തിൽ; എല്ലാം പൊറുത്ത് സ്വീകരിച്ചത് പിണറായിയും; ഇടതുപക്ഷത്തേക്ക് മടങ്ങിയെത്തി വീരേന്ദ്രകുമാറിന്റെ മടക്കം

എം മാധവദാസ്

കോഴിക്കോട്: 92 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർച്ചയെ തുടർന്നുണ്ടായ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തതിൽ ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പോസ്റ്റർ ബോയ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രാംസംഗികനായിരുന്നു, ഇന്നലെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാർ. സംഘപരിവാറിന്റെ നിശത വിമർശകമായ വീരേന്ദ്രുകുമാറിന്റെ പ്രസംഗങ്ങൾക്കായി സിപിഎം വേദികൾ ഒഴിച്ചിട്ട കാലം. രണ്ടും രണ്ടരയും മണിക്കൂറുകൾ നീണ്ട അനർഗനിർഗള വാഗ്ധോരണിയായിരുന്നു പലയിടത്തും വീരൻ അഴിച്ചു വിട്ടത്. കുറ്റിച്ചിറയും കൊടുവള്ളിയും കുണ്ടുങ്ങലും പോലുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ വീരേന്ദ്രകുമാറിനെ കേൾക്കാൻ ജനം തിക്കിത്തിരക്കി. 'ഗാട്ടും കാണാച്ചരടും' പോലുള്ള നിരവധി പസ്തകങ്ങളിലൂടെ സാംസ്കാരിക ലോകത്തും അദ്ദേഹത്തിന്റെ ഇടപെടൽ ശക്തമായിരുന്നു.

96ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, അതുവരെ യുഡിഎഫിന്റെ കുത്തകയായിരുന്നു കോഴിക്കോട്ട് വീരേന്ദ്രകുമാറിനെ മൽസരിപ്പിക്കാൻ തീരുമാനിച്ചതും കാറ്റ് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു. 89ലും 91ലും വൻ ഭൂരിപക്ഷതത്തിന് ജയിച്ച കോൺഗ്രസിലെ കെ മുരളീധരനെ വീരേന്ദ്രകുമാർ 96ൽ മലർത്തിയടിച്ചു. ആ കാലത്ത് ന്യുനപക്ഷങ്ങളിലേക്കുള്ള പാലമായിരുന്നു സിപിഎമ്മിന് എം പി വീരേന്ദ്രുകുമാർ. പിന്നീട് 2004ലും കോഴിക്കോടിനെ പാർലമെന്റിൽ പ്രതിനിധീകരിച്ച വീരേന്ദ്രകുമാർ കേന്ദ്രധനകാര്യ സഹമന്ത്രി, തൊഴിൽ, നഗരകാര്യ സഹമന്ത്രിസ്ഥാനങ്ങളും കേന്ദ്ര സർക്കാരിൽ വഹിച്ചു.

പക്ഷേ സിപിഎം ജനതാദൾ ബന്ധം വഷളാകുന്നത് വീരേന്ദ്രകുമാർ തന്നെ എംഡിയായ മാതൃഭൂമി പത്രത്തിന്റെ ഇടപെടൽ കൊണ്ടായിരുന്നു. 2001 മുതൽ വഷളായ സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷത്താണ് മാതൃഭൂമി നിലയുറപ്പിച്ചത്. പുതിയ എഡിറ്റായി ഗോപാലകൃഷ്ണൻ വന്നതോടെ പിണറായിക്കെതിരായ ആക്രമണം മാതൃഭൂമി രൂക്ഷമാക്കി. ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്ന കാലം കൂടിയായിരുന്നു അത്. ഇതെല്ലാം സിപിഎം ഔദ്യോഗിക വിഭാഗത്തിന് ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. മാതൃഭൂമി കത്തിയിലൂടെ വളർന്ന നേതാവാണ്, പിണറായി വിജയൻ എന്ന എഴുതുകയും, 'എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാൽ പേടിക്കുന്നവനല്ല ഞാൻ' എന്ന് പിണറായി മറുപടി കൊടുക്കുകയും ചെയ്തതെല്ലാം അന്നത്തെ ഏറ്റുമുട്ടലുകളിൽ ചിലത് മാത്രം. വീരേന്ദ്രകുമാറും കൂട്ടരും എൽഡിഎഫിൽ തുടരുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൂമി തട്ടിപ്പിനെ കുറിച്ചും മാതൃഭൂമിക്കെതിരെയും ദേശാഭിമാനിയിൽ പരമ്പര വന്നു. പഴയ ബുദ്ധിജീവിയായ പോസ്റ്റർ ബോയ് വെറും ഭൂമി കൈയേറ്റക്കാരനായി മാറി.പിന്നീട് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ ഖേദം പ്രകടപ്പിക്കുകയാണ് ഉണ്ടായത്.

എന്നാൽ മാതൃഭൂമി പത്രം ഒരു റബ്ബർ സ്്റ്റാമ്പല്ലെന്നും എഡിറ്റോറിയൽ സ്വതന്ത്ര്യം അനിവാര്യമാണെന്നുമെന്ന നിലപാടാണ് വീരേന്ദ്രകുമാർ എടുത്തത്. ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിൽനിന്ന് സംഭാവന സ്വീകരിച്ചത് ഉൾപ്പെടെയുള്ള വാർത്തകൾ മാതൃഭൂമി കുത്തിപ്പൊക്കിയതും വലിയ വിവാദമായി. ഇതേതുടർന്ന് എല്ലാമാണ് 2009ൽ സിറ്റിങ്ങ് എം പിയായ വീരേന്ദ്രകുമാറിന് സിപിഎം സീറ്റ് നിഷേധിക്കുന്നത്. ആ സീറ്റ് എടുത്ത് പകരം വയനാട് ജനതാദൾ സെക്യുലറിന് നൽകുമെന്നും തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്നുമായിരുന്നു സിപിഎം വാഗധാനം. എന്നാൽ വീരേന്ദ്രകുമാറിന് ഇത് സ്വീകാര്യമായില്ല. 'സിപിഎം ഞങ്ങളെ ചവിട്ടിപ്പുറത്താക്കി' എന്നായിരുന്നു തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ വീരേന്ദ്രകുമാറിന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ആ തെരഞ്ഞെടുപ്പിൽ വീരേരന്ദുകമാറും ജനതാദൾ യുവും യുഡിഎഫിനെ സഹായിച്ചു. ഫലം വന്നപ്പോൾ കോഴിക്കോട് ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി എകെ രാഘവൻ, എൽഡിഎഫിലെ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്.

പിന്നീടങ്ങോട്ട് കടുത്ത സിപിഎം- ജനതാദൾ സെക്യുലർ പോരിനാണ് മലബാർ സാക്ഷ്യം വഹിച്ചത്. ടിപി വധത്തിലടക്കം മാതൃഭൂമിയു വീരേന്ദ്രകുമാറും സിപിഎമ്മിനെ തൊലിയിരുച്ചു. നരവധി ദൾ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. 2010 ഓഗസ്റ്റ് ഏഴിന് പുതിയ പാർട്ടി പിറവികൊണ്ടു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്. യുഡിഎഫ് പാളയത്തിലെത്തിയെങ്കിലും വീരൻ അസ്വസ്ഥനായിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും തന്റെ പാർട്ടിക്ക് നീതി കിട്ടിയില്ലെന്ന് വീരൻ പരിതപിച്ചു. 2014 ൽ പാർട്ടിയെ ജനതാദൾ യുനൈറ്റഡിൽ ലയിപ്പിച്ചു. ആ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ഏറ്റുവാങ്ങിയ പരാജയം വീരന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ തിരിച്ചടിയായി. ഇതോടെ യുഡിഎഫിലെ കാലുവാരൽ രാഷ്ട്രീയത്തിന് എതിരെ പലതവണ പൊട്ടിത്തെറിച്ചു. 2016ലെ നിയമസഭാതെരെഞ്ഞടുപ്പിൽ യുഡിഎഫിൽ നിന്ന് മൽസരിച്ച എല്ലാ സീറ്റീകളിലും തോറ്റ് വീരന്റെ പാർട്ടി സംപൂജ്യരായി. മകൻ ശ്രേയാംസ് കുമാർ വയനാട്നിന്ന് തോറ്റത് പാലക്കാട്ടെ വീരന്റെ തോൽവിയേക്കാൾ വലിയ ആഘാതമായി.

ഇതോടെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് രാജ്യസഭാ അംഗത്വവും ഒഴിഞ്ഞ് പഴയ തട്ടകമായ ഇടത് പാളയത്തിലേക്ക് തന്നെ വീരനും കൂട്ടരും നടന്നു കയറി. വീണ്ടും രാജ്യസഭയിലേക്ക്. വീരേന്ദ്രുകുമാർ ഏറ്റവും കൂടതൽ ആക്രമിച്ച പിണറായി തന്നെയായിരുന്നു, മുന്നണിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനും മുൻകൈ എടുത്തത്. വീരന്റെ ഒരു പുസ്ത പ്രസാധാന ചടങ്ങിലേക്കുള്ള ക്ഷണം വഴി ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകുകയായിരുന്നു. മാതൃഭൂമി എഴുതിയതൊന്നും വ്യക്തിപരമായി തനിക്കെതിരെ അല്ലെന്നും പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉണ്ടായ വളഞ്ഞിട്ടുള്ള ആക്രമണം ആയിരുന്നെന്നുമാണ് പിണറായിയുടെ വാദം.

ജനതാദൾ യുണൈറ്റഡിൽ നിന്നും വഴി പിരിഞ്ഞു ലോക്താന്ത്രിക് ജനനതാദളിന് രൂപം നൽകി വീരേന്ദ്രകുമാർ സ്ഥാപക നേതാവുമായി. മതനിരപേക്ഷതയുടെ പക്ഷത്ത് അടിയുറച്ചു നിന്ന ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ ജീവിതത്തിൽ അടയാളപ്പെടുത്തിയാണ് വീരേന്ദ്രകുമാറിന്റെ വിടവാങ്ങൽ.

അടിസ്ഥാനായി ഇടതുപക്ഷത്തിന് ഒപ്പം

പതിനഞ്ചാം വയസ്സിൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്താണ് സോഷ്യലിസ്റ്റ് വഴിയിലേക്കുള്ള നടന്നു കയറ്റം. സാക്ഷാൽ ജയപ്രകാശ് നാരായണനിൽനിന്ന് അംഗത്വം ഏറ്റുവാങ്ങി. അമേരിക്കയിലെ തുടർപഠനത്തിന് ശേഷം തിരികെ എത്തിയ വീരൻ പിന്നെ റാം മനോഹർ ലോഹ്യയുടെ അനുയായി ആയി മാറി.

കേരളത്തിൽ അഴീക്കോടൻ രാഘവന് ശേഷം പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ. അടിയന്തരാവസ്ഥ കാലത്ത് ഒമ്പത് മാസം ഒളിവിൽ. പിന്നെ മൈസൂരിൽ വെച്ച് പിടിയിലായി കണ്ണൂർ സെൻട്രൽ ജയിലിലെ അഴിക്കുള്ളിലായി മാറി. മന്ത്രിസ്ഥാനത്ത് എത്തി 48 മണിക്കൂറിനകം പടിയിറങ്ങിയതും വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രം. പാർട്ടിയിലെ അസ്വാരസ്വങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചത്. 87 ൽ കൽപറ്റയിൽ നിന്ന് നിയമസഭയിൽ എത്തിയപ്പോഴായിരുന്നു വനംമന്ത്രി സ്ഥാനവും നാടകീയ രാജിയും അരങ്ങേറിയത്.

എന്നും സംഘപരിവാർ വിരുദ്ധരാഷ്ട്രീയമാണ് വീരേന്ദ്രുകമാർ ഉയർത്തിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ എഴുതുന്നു. '2014ൽ നടന്ന സംഭവങ്ങൾ ഓർക്കുക.നിതീഷ്‌കുമാർ ബിജെപി.ക്കൊപ്പം ചേർന്നതോടെ ഇടതുപക്ഷ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ വീരേന്ദ്രകുമാർ ആ പാർട്ടിവിട്ടു. ഇതിനൊപ്പം, യു.ഡി.എഫിനൊപ്പം നിന്നപ്പോൾ നേടിയ എംപി.സ്ഥാനവും രാജിവെച്ചു. സാധാരണരീതിയിൽ അങ്ങനെ ചെയ്യാൻ അധികമാരും തയ്യാറാകില്ല. ആറുവർഷം രാജ്യസഭാ എംപി.യാകാനുള്ള അവസരമാണ് അദ്ദേഹം വേണ്ടെന്നുവെച്ചത്. നിലപാടുകളും ആദർശവുമാണ് പ്രധാനം എന്ന ബോധ്യമാണ് ഇതിന് വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്.

എൽ.ഡി.എഫിലേക്ക് വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എംപി.സ്ഥാനം രാജിവെച്ചതെന്ന ആക്ഷേപം അദ്ദേഹത്തിന് കേൾക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, എൽ.ഡി.എഫ്. നേതാക്കളുമായി ഒരുചർച്ചയും നടത്താതെയുള്ള തീരുമാനമായിരുന്നു അദ്ദേഹത്തിന്റേത്. ഇടതുമുന്നണിയുമായി സഹകരിക്കാൻ പിന്നീടാണ് തീരുമാനിക്കുന്നത്. അതിൽ അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്. രാജ്യസഭാ സീറ്റ് അദ്ദേഹത്തിന് കിട്ടുമെന്ന് ഒരു ഉറപ്പും അപ്പോഴുണ്ടായിരുന്നില്ല. എന്നാൽ, രാഷ്ട്രീയമായ നിലപാട് സ്വീകരിച്ച ഒരാളെന്ന നിലയിൽ അദ്ദേഹത്തിന് പരിഗണന നൽകണമെന്ന് ഇടതുപക്ഷ മുന്നണി നേതാക്കളാണ് തീരുമാനിച്ചത്. നിയമസഭയിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് ഒരംഗം പോലും ഇല്ലായിരുന്നിട്ടും അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമായാണ് എൽ.ഡി.എഫ്. രാജ്യസഭാ സീറ്റ് നൽകിയത്.'- കോടിയേരി തന്റെ അനുസ്മരണ സന്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP