Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി

വനം മന്ത്രിയായപ്പോൾ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവിൽ; പ്ലാച്ചിമടയിലെ കൊക്കകോളയ്‌ക്കെതിരായ സമരത്തിലും ഉയർത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരിൽ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയിൽ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരൻ; ഓർമയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായൻ; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും സാഹിത്യത്തിലും ഒരു പോലെ താൽപ്പര്യം കാട്ടിയ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്ര കുമാർ. കേരള രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായ തികഞ്ഞ മതേതര വാദി. സ്ഥാനമാനങ്ങൾക്ക് വേണ്ടി വർഗ്ഗീയതയെ കൂട്ടു പിടിക്കാതെ എന്നും നിലയുറപ്പിച്ച ജയപ്രകാശ് നാരായണന്റെ ശിഷ്യൻ. മാതൃഭൂമിയുടെ എംഡിയെന്ന നിലയിൽ മലയാളത്തിലെ പത്ര പ്രവർത്തന മേഖലയെ ആധുനിക വത്കരിക്കാൻ മുന്നിൽ നിന്ന പ്രധാനി. രാഷ്ട്രീയ എതിരാളികളെ പോലും ചിരി കൊണ്ട് നേരിട്ട വീരേന്ദ്ര കുമാർ ഓർമ്മയാവുകയാണ്. ഇതോടെ കേരളത്തിന് തലയെടുപ്പുള്ള അടിയന്തരാവസ്ഥയെ മുന്നിൽ നിന്ന് എതിർത്ത ഒരു നേതാവിനെ കൂടി നഷ്ടമാകുന്നു.

പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ സമരത്തിന്റെ മുൻ നിരയിൽ നിന്ന വീരേന്ദ്ര കുമാർ പരിസ്ഥിയ്‌ക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്. ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ്. എൽഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കൺവീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയിൽ ജനനം. അടിയന്തരാവസ്ഥ കാലയളവിൽ ഒളിവിൽ പോയെങ്കിലും പിടിയിലായി ജയിൽവാസമനുഭവിച്ചു. കേരളത്തിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കൊപ്പമായിരുന്നു വീരേന്ദ്ര കുമാറിന്റേയും യാത്ര. എന്നും മതേതര മൂല്യങ്ങൾക്കൊപ്പമായിരുന്നു നിൽപ്പ്. ദേവഗൗഡയേയും നിതീഷ് കുമാറിനേയും പോലും ബിജെപി ബന്ധത്തിന്റെ പേരിൽ തള്ളിപ്പറഞ്ഞ നേതാവാണ് വീരേന്ദ്ര കുമാർ.

കൂടുതൽ കാലവും ഇടതു പക്ഷത്തിനൊപ്പമായിരുന്നു വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയ യാത്ര. കോഴിക്കോട് ലോക്‌സഭാ സീറ്റ് നിഷേധിച്ചപ്പോൾ പൊട്ടിത്തെറിയുമായി യുഡിഎഫിലെത്തി. എന്നാൽ അവിടെ അധിക കാലം വീരേന്ദ്ര കുമാറിന് തുടരാനായില്ല. വീണ്ടും ഇടതു പക്ഷത്ത് എത്തി. ഇടതു പക്ഷത്തിന്റെ ഭാഗമായ അദ്ദേഹം ലോക് താന്ത്രിക് പാർട്ടിയുടെ സ്ഥാപക നേതാവാണ്. രണ്ട് തവണ കോഴിക്കോട് നിന്നും ലോക്‌സഭയിലേക്കും ജയിച്ചു. നിലവിൽ രാജ്യസഭാ അംഗമായിരുന്നു.

1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിൽ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡർ. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽനിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പി ടി ഐ ഡയറക്ടർ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ, വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ജനതാദൾ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു. 1992-'93, 2003-'04, 2011-'12 കാലയളവിൽ പി ടി ഐ ചെയർമാനും 2003-'04 ൽ ഐ എൻ എസ് പ്രസിഡന്റുമായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായൺ ആണ് പാർട്ടിയിൽ അംഗത്വം നല്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. 1987 ൽ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. അധിക കാലം ആ പദവിയിലും തുടരാനായില്ല.

2004-'09 കാലത്ത് പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എൻഡോവ്മെന്റ് അവാർഡ്, മഹാകവി ജി സ്മാരക അവാർഡ്, ഓടക്കുഴൽ അവാർഡ്, കെ വി ഡാനിയൽ അവാർഡ്, അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എൺപതിലേറെ അംഗീകാരങ്ങൾക്ക് വീരേന്ദ്രകുമാർ അർഹനായി.

കൃതികൾ: ഹൈമവതഭൂവിൽ, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര, പ്രതിഭയുടെ വേരുകൾതേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോൾ, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രൊഫ. പി എ വാസുദേവനുമായി ചേർന്ന്), രോഷത്തിന്റെ വിത്തുകൾ, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, സ്മൃതിചിത്രങ്ങൾ, എം പി വീരേന്ദ്രകുമാറിന്റെ കൃതികൾ (2 വോള്യം), ഹൈമവതഭൂവിൽ, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങൾ സ്മരണകൾ. ഭാര്യ : ഉഷ മക്കൾ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാർ വിലാസം : പുളിയാർ മല എസ്റ്റേറ്റ്, കല്പറ്റ നോർത്ത്, കല്പറ്റ, വയനാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP