Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൂവ് വിരിയുംപോലെ പാടി മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി; അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല; ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; സഹോദരിയെ വിവരം അറിയിച്ച് മലർകൊടി; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് മരണം; പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹത മാറും; വാണി ജയറാമിന് ഇന്ന് അന്ത്യയാത്ര

പൂവ് വിരിയുംപോലെ പാടി മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി; അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല; ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; സഹോദരിയെ വിവരം അറിയിച്ച് മലർകൊടി; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് മരണം; പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹത മാറും; വാണി ജയറാമിന് ഇന്ന് അന്ത്യയാത്ര

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പൂവ് വിരിയുംപോലെ പാടി മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി മാറിയ വാണി ജയറാം ഓർമ്മയാകുന്നത് ഏവരേയും അമ്പരപ്പിച്ച്. ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നില്ല. അവർ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബന്ധുക്കൾ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസ് വാതിൽ തകർത്ത് കയറിയപ്പോൾ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയിൽ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച രാഷ്ട്രം പത്മഭൂഷൺ നൽകിയ പ്രിയഗായികയെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് സംസ്‌കാരം നടക്കും. വാണി മുറിയിൽ കുഴഞ്ഞു വീണ് മരിച്ചതാവാം എന്നാമ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ നെറ്രിയിൽ മുറിവുണ്ടെന്നും ഇത് മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ സംഭവിച്ചാതാവാമെന്നും ചെന്നൈ ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈ നുങ്കംപാക്കത്തെ വസതിയിലാണ് 77 കാരിയായ വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു ഫൊറൻസിക് വിദഗ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തി. വാണി ജയറാമിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും ഡിസിപി ശേഖർ ദേശ്മുഖ് പറഞ്ഞു.

വാണി ജയറാമിന്റെ മരണത്തിൽ പ്രതികരണവുമായി വീട്ടുജോലിക്കാരി മലർകൊടി രംഗത്തെത്തി. വീട്ടുജോലിക്കായി മലർകൊടി എത്തിയപ്പോഴായിരുന്നു സംഭവം. രാവിലെ 10.45 നാണ് താൻ ജോലിക്കായി വീട്ടിലെത്തിയത്. അഞ്ചു തവണ ബെല്ലടിച്ചിട്ടും കതക് തുറന്നില്ല. തുടർന്നു വാണി ജയറാമിന്റെ സഹോദരി ഉമയെ വിവരം അറിയിച്ചു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു ഉമയും താനും വീടിനകത്തുകയറിയപ്പോഴാണ് അബോധാവസ്ഥയിലായ നിലയിൽ ബെഡ്‌റൂമിൽ വാണി ജയറാമിനെ കണ്ടത്. നെറ്റിയിൽ പരിക്കുപറ്റിയിരുന്നുവെന്നും അവർ പറഞ്ഞു.

ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും മലർകൊടി വ്യക്തമാക്കി. വാണി ജയറാം തനിച്ചാണ് താമസം. കഴിഞ്ഞ 10 വർഷമായി താൻ തന്നെയാണ് വീട്ടുജോലി ചെയ്തുവരുന്നത്. രാവിലെ പത്തേകാലിന് വന്നാൽ 12 മണിയോടെ തിരിച്ചുപോകാറാണ് പതിവ്. ഇന്ന് രാവിലെ പത്തേമുക്കാലിന് എത്തിയപ്പോഴാണ് സംഭവം. തനിക്ക് വാണി ജയറാം അമ്മയെ പോലെയാണ്. ഞങ്ങൾ തമ്മിൽ അമ്മ-മകൾ ബന്ധമായിരുന്നു. തന്നോടു ഒരുപാട് സംസാരിക്കുമായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം താൻ തന്നെയാണ് വാങ്ങിയിരുന്നതെന്നും മലർകൊടി വിശദമാക്കി.

തമിഴ്‌നാട്ടിലെ വെല്ലൂരിലെ കർണാടക സംഗീതകുടുംബത്തിൽ 1945 നവംബർ 30നാണ് വാണി ജയറാം എന്നറിയപ്പെട്ട കലൈവാണി ജനിച്ചത്. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ ജപ്പാൻ സ്റ്റീൽസിൽ ഉദ്യോഗസ്ഥനായിരുന്നു. ഗായികയും വീണ വിദുഷിയുമായിരുന്ന പത്മാവതിയാണ് മാതാവ്. സംഗീതജ്ഞനായ പിതാവാണ് ആദ്യ ഗുരു.മുംബയ് സ്വദേശിയും ഇൻഡോ-ബെൽജിയം ചേംബർ ഒഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമായിരുന്നു ഭർത്താവ് ജയറാം. സിത്താർ വിദഗ്ദ്ധനായ ജയറാം വാണിയുടെ പ്രൊഫഷനുവേണ്ടി ജോലി ഉപേക്ഷിച്ചു.തമിഴ്, മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. അപൂർവരാഗങ്ങൾ, ശങ്കരാഭരണം, സ്വാതികിരണം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡുകൾ ലഭിച്ചു.

ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന അവാർഡുകളുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്.1973ൽ സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു....എന്ന ഗാനത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവന്നത്. പിന്നീട് മലയാളത്തിന് നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ചു. ദേവരാജൻ, ദക്ഷിണാമൂർത്തി, എം.കെ. അർജ്ജുനൻ, എം.ബി. ശ്രീനിവാസൻ, രവീന്ദ്രൻ, ഇളയരാജ തുടങ്ങി എല്ലാ സംഗീത സംവിധായകരുടെയും ഇഷ്ട ഗായികയായിരുന്നു. ഒരിടവേളയ്ക്കുശേഷം 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലി കുരുവി' എന്ന പാട്ടിലൂടെ മലയാളത്തിൽ തിരിച്ചുവന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ', 2017ൽ പുലിമുരുകനിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ..' എന്നീ പാട്ടുകളും മലയാളികൾ നെഞ്ചേറ്റി.വാതിൽ തുറന്നില്ല

പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.മലയാളത്തിന്റെ തരംഗംപിക്നിക്കിൽ യേശുദാസിനൊപ്പമുള്ള 'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...' ( എം. കെ, അർജ്ജുനൻ ), യുദ്ധഭൂമിയിലെ 'ആഷാഢമാസം...' ( ആർ. കെ. ശേഖർ) എന്നീ രണ്ട് ഗാനങ്ങൾ വാണിയെ മലയാളത്തിന്റെ തരംഗമാക്കിയിരുന്നു. കരുണ ചെയ്യുവാൻ എന്തു താമസം, ഒന്നാനാം കുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, മഞ്ഞിൽ ചേക്കേറും, സീമന്തരേഖയിൽ, ധുംതന ധും തനന ചിലങ്കേ, മാമലയിലെ പൂമര മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കല്പനയിൽ, പത്മതീർത്ഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി... തുടങ്ങി അറുനൂറിലേറെ മധുരഗാനങ്ങൾ പാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP