Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന... ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപനം; ഓർമ്മയാകുന്നത് സംഗീത സരസ്വതികളിൽ ഒരാൾ; വാണിയമ്മ ഇനി ജന്മവീഥികളിലെ സംഗീതമാകുമ്പോൾ

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടൻ പാട്ടിലെ മൈന... ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപനം; ഓർമ്മയാകുന്നത് സംഗീത സരസ്വതികളിൽ ഒരാൾ; വാണിയമ്മ ഇനി ജന്മവീഥികളിലെ സംഗീതമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനശ്വരമായ ഗാനങ്ങൾക്ക് ജീവൻ പകർന്ന സ്വരമാധുരി. എന്നും ആത്മാവുള്ള പാട്ടുകൾ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. നിത്യഹരിത ഗായിക വാണി ജയറാം വിടവാങ്ങുന്നത് മലയാളത്തിന് എന്നെന്നും ഓർത്തിരിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ്. മലയാളത്തിൽ ആദ്യമായി 1973ൽ സ്വപ്നം എന്ന സിനിമയിൽ സലിൽ ചൗധരി 'സൗരയൂഥത്തിൽ..' എന്ന ഗാനത്തിലൂടെ അവതരിപ്പിച്ച വാണി അതേ ശബ്ദത്തിൽ 2018ൽ ക്യാപ്റ്റൻ എന്ന സിനിമയിലും പാടി നമ്മെ വിസ്മയിപ്പിച്ചു.

ക്യാപ്റ്റനിൽ 'പെയ്തലിഞ്ഞ നിമിഷം... അതിൽ പൂത്തുലഞ്ഞ ഹൃദയം...' എന്ന ഗാനം പി. ജയചന്ദ്രനൊപ്പം വാണി പാടുമ്പോൾ നമ്മളും ആ നിമിഷത്തിനൊപ്പം അലിഞ്ഞു ചേരുന്നു. 2016 ഫെബ്രുവരി നാലിന് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ' എന്ന ഗാനം യേശുദാസിനൊപ്പം ആലപിച്ച് നമ്മെ പ്രണയത്തിലേക്ക് നയിച്ചു. ആ ശബ്ദമാധുരിക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. മരിക്കും വരെ കോട്ടം തട്ടാത്ത ശബ്ദമായിരുന്നെന്ന് സംഗീത രംഗത്തു നിന്നുള്ളവർ തന്നെ അനുസ്മരിക്കുന്നു. 19 ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് കണക്കിന് പാട്ടുകൾ പാടിയ വാണി ജയറാം മലയാളത്തിൽ മാത്രം 600 ഓളം പാട്ടുകൾ പാടിയിട്ടുണ്ട്.

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർത്ഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി.

മലയാളികളുടെ പുതുതലമുറ പോലും സ്‌നേഹപൂർവ്വം മൂളിനടക്കുന്ന ''പാളങ്ങളി''ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി വിസ്മയിപ്പിക്കുന്നതായിരുന്നു. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി....'' മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം എന്നും മലയാളികൾക്ക് പുതുമയേറിയതാണ്.

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണിക്ക് അമ്മയുടെ സംഗീത താത്പര്യമാണ് ലഭിച്ചത്. സംഗീതജ്ഞൻ കൂടിയായ ഭർത്താവിനെ കൂടി ലഭിച്ചതോടെ അവരുടെ സംഗീത സപര്യ കൂടുതൽ ഊർജ്ജസ്വലമായി. 1971ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ഇറങ്ങിയ 'ബോലേ രെ പപ്പീ' എന്ന ഗാനത്തിലൂടെയാണ് അവർ പ്രശസ്തയായത്. 'ഗുഡ്ഡി' എന്ന സിനിമയിൽ പുതുതായി എത്തിയ നായികക്ക് വേണ്ടി പുതിയ ശബ്ദം തേടിയ സംവിധായകനോട് സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കുറിച്ച് പറയുന്നത്. ആ പാട്ടിലൂടെ ഇന്ത്യയുടെ ഹൃദയം കവർന്ന വാണിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി പുരസ്‌കാരങ്ങൾ ആദ്യ ഗാനത്തിലൂടെ തന്നെ വാണി സ്വന്തമാക്കി.

'എനിക്ക് ആത്മാവുള്ള പാട്ടുകൾ വേണം. പേരിനും പ്രശസ്തിക്കുമുപരി സംഗീതമാണ് എന്നെ എന്നും ആകർഷിക്കുന്നത്' എന്നായിരുന്നു വാണി ജയറാം ഒരിക്കൽ പറഞ്ഞത്.

ഗുഡ്ഡിയിലെ 'ബോലേ രേ പപ്പി ഹരാ...' എന്ന പാട്ടിന് ഹിന്ദി ഫിലിമിലെ ഏറ്റവും മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള താൻസൻ സമ്മാൻ കിട്ടി. അതുകഴിഞ്ഞ് നൗഷാദ്, ചിത്രഗുപ്ത്, മദന്മോഹൻജി, ജയദേവ്ജി, ആർ.ഡി. ബർമൻ, കല്യാൺജി- ആനന്ദ്ജി തുടങ്ങിയവരുടെയൊക്കെ പടങ്ങളിൽ വാണി ജയറാം പാടി. അക്കാലത്ത് ഒരു റെക്കോഡിങ് പ്രോഗ്രാമിന് ചെന്നൈയിൽ എത്തിയപ്പോഴാണ് മലയാളത്തിലേക്ക് വിളിയെത്തിയത്.

കൃത്യമായി പറഞ്ഞാൽ 1973 ഫെബ്രുവരി ഒന്നിന്. 'റിഹേഴ്‌സൽ നടക്കുന്ന സമയത്ത് കേരളത്തിൽനിന്ന് പ്രൊഡ്യൂസർ ശിവന്റെ ഫോൺ വന്നു, സ്വപ്നം എന്ന ചിത്രത്തിൽ പാടാൻ ക്ഷണിച്ചുകൊണ്ട്. മ്യൂസിക് ഡയറക്ടർ സലിൽ ചൗധരിയാണെന്ന് കേട്ടപ്പോൾ അപ്പോൾത്തന്നെ പറന്നു ചെല്ലണമെന്ന് തോന്നി. ഒ.എൻ.വി. സർ അന്ന് ഗവണ്മെന്റ് സർവീസിലായിരുന്നതിനാൽ ബാലമുരളി എന്ന പേരുവച്ചാണ് പാട്ടുകളെഴുതിയത്, വാണി ജയറാം മലയാളത്തിൽ ആദ്യമായി പാടാൻ ലഭിച്ച അവസരത്തെപ്പറ്റി മുമ്പൊരിക്കൽ പറഞ്ഞത് ഇങ്ങനെ.

സലിൽ ചൗധരി മലയാളത്തിൽ വന്നപ്പോഴൊക്കെ അവസരങ്ങൾ ലഭിച്ചു. ഒരിക്കൽ ഒഴികെ. നെല്ല് എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കർ മലയാളത്തിൽ എത്തിയത് വാണി ജയറാമിന്റെ അഭാവത്തിലായിരുന്നു. വിഷുക്കണിയിലെ കണ്ണിൽപ്പൂവ്..., മദനോത്സവത്തിലെ ഈ മലർക്കന്യകൾ..., എയർഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേൽ..., രാഗത്തിലെ നാടൻപാട്ടിലെ മൈന..., അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാൾ... സലിൽ ചൗധരി - വാണി ജയറാം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങൾ.

എം.കെ. അർജുനൻ-ശ്രീകുമാരൻ തമ്പി ടീമിന്റെ പാട്ടുകളാണ് കൂടുതൽ പാടിയിട്ടുള്ളത്. തിരുവോണപ്പുലരിയിൽ..., എന്റെ കൈയിൽ പൂത്തിരി..., തേടിത്തേടി ഞാനലഞ്ഞു..., വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഒരുപ്രേമലേഖനം എഴുതി മായ്ക്കും..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., സീമന്തരേഖയിൽ ചന്ദനം ചാർത്തിയ... അങ്ങനെ എത്രയോ നല്ല പാട്ടുകൾ! വയലാർ-ദേവരാജൻ-പി. സുശീല ടീം പോലെ തന്നെ ശ്രീകുമാരൻ തമ്പി- എം.കെ. അർജുനൻ-വാണി ജയറാം ടീമും പിറവികൊണ്ടു.

'ദക്ഷിണാമൂർത്തി സ്വാമിയുടെ മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം..., കാറ്റുചെന്നു കളേബരം തഴുകി..., ഇളംമഞ്ഞിൻ നീരോട്ടം..., ദേവരാജൻ മാഷിന്റെ നവനീതചന്ദ്രികേ തിരിതാഴ്‌ത്തൂ..., എ.ആർ. റഹ്‌മാന്റെ അച്ഛൻ ആർ.കെ. ശേഖറിന്റെ ആഷാഢമാസം..., രാഘവൻ മാഷിന്റെ നാദാപുരം പള്ളിയിലെ..., പൊന്നും കുടത്തിനൊരു പൊട്ടുവേണ്ടെന്നാലും..., ജോയ് സാറിന്റെ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ..., എ.ടി. ഉമ്മർ സാറിന്റെ ആതിരാ പൂങ്കുരുന്നിനു താലിചാർത്താനായ്..., നിമിഷങ്ങൾ തോറും വാചാലമാകും..., ശ്യാം സാറിന്റെ നായകാ പാലകാ..., ഓണവില്ലിൻ താളവും..., എം.എസ്. വിശ്വനാഥൻ സാറിന്റെ പത്മതീർത്ഥക്കരയിൽ..., ഏതുപന്തൽ കണ്ടാലുമത് കല്യാണപ്പന്തൽ..., ജോൺസൻ മാഷിന്റെ ഏതോജന്മ കല്പനയിൽ... അങ്ങനെ എത്രയോ പാട്ടുകൾ വാണി ജയറാം അനശ്വരമാക്കി.

19 ഭാഷകളിൽ പാടിയതിൽ മലയാളമാണ് തനിക്ക് ഏറ്റവും കൂടുതൽ സ്നേഹം തന്നിട്ടുള്ളത് എന്നും വാണി ജയറാം ഒരിക്കൽ പറഞ്ഞു. 'അമ്മാ, നിങ്ങൾ എത്രയോ നല്ല പാട്ടുകൾ പാടി. എന്നിട്ടും നല്ല ഗായികയ്ക്കുള്ള അവാർഡ് കേരളം ഇതുവരെ നിങ്ങൾക്ക് തന്നില്ലല്ലോ' എന്ന് വിഷമത്തോടെ പറയുന്നവരുണ്ട്. ഗുജറാത്തിയിലും ഒഡിയയിലും കേരളത്തിൽ പാടിയിട്ടുള്ള അത്രയും പാട്ടുകൾ പാടിയിട്ടില്ല.
കേരളത്തിന്റെ അവാർഡ് കിട്ടാത്തതിൽ തനിക്കല്ല ദുഃഖമെന്നും തന്റെ പാട്ടുകളെ സ്നേഹിക്കുന്നവർക്കാണെന്നും ഒരു അഭിമുഖത്തിൽ വാണി ജയറാം തുറന്നു പറഞ്ഞിരുന്നു.

2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ' എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി' എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ', 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലി കുരുവി' എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി. മുംബൈയിൽ വച്ചായിരുന്നു 'ഓലഞ്ഞാലിക്കുരുവിയുടെ റെക്കോഡിങ്. പാട്ട് മുഴുവൻ സോളോ ആയിട്ടാണ് പാടിയത്. പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നു. എ ലവ്‌ലി സോങ്. മലയാളത്തിൽ എനിക്ക് മതിയായിട്ടില്ല. മ്യൂസിക് ഡയറക്ടേഴ്‌സ് വിളിച്ചാൽ എപ്പോൾ പാടാനും ഞാൻ റെഡി' വാണി ജയറാം അഭിമുഖത്തിൽ അന്ന് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP