Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവിഭക്ത കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ എസ് യു യൂണിറ്റിട്ട് രാഷ്ട്രീയത്തുടക്കം; മലപ്പുറത്തെ യുഡിഎഫിൽ ലീഗ് പിടിമുറുക്കിയപ്പോഴും പ്രവർത്തകരെ കോൺഗ്രസിനൊപ്പം നിർത്തിയ ഡിസിസി പ്രസിഡന്റ്; പാർലമെന്ററി മോഹങ്ങളില്ലാത്ത അപൂർവം കോൺഗ്രസുകാരിലൊരാൾ: അന്തരിച്ച യുകെ ഭാസിയെ അനുസ്മരിക്കുമ്പോൾ

അവിഭക്ത കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കെ എസ് യു യൂണിറ്റിട്ട് രാഷ്ട്രീയത്തുടക്കം; മലപ്പുറത്തെ യുഡിഎഫിൽ ലീഗ് പിടിമുറുക്കിയപ്പോഴും പ്രവർത്തകരെ കോൺഗ്രസിനൊപ്പം നിർത്തിയ ഡിസിസി പ്രസിഡന്റ്; പാർലമെന്ററി മോഹങ്ങളില്ലാത്ത അപൂർവം കോൺഗ്രസുകാരിലൊരാൾ: അന്തരിച്ച യുകെ ഭാസിയെ അനുസ്മരിക്കുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം: ഇന്ന് അന്തരിച്ച മുൻ കെപിസിസി സെക്രട്ടറിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായിരുന്ന യുകെ ഭാസിയുടെ നിര്യാണത്തിലൂടെ മലപ്പുറത്തിന് നഷ്ടമായത് ജില്ലയുടെ രൂപീകരണത്തിന് മുമ്പ് തന്നെ മലപ്പുറത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് അടിത്തറപാകിയ നേതാവിനെയാണ്. കെ എസ് യുവിലൂടെയായിരുന്നു യുകെ ഭാസിയുടെ രാഷ്ട്രീയ പ്രവേശനം. അതും ജില്ലാ രൂപീകരണത്തിന് മുമ്പ്. അവിഭക്ത കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളുടെടെ ഭാഗങ്ങളിൽ യുകെ ഭാസി എത്തിപ്പെടാത്ത ഒരു കലാലയങ്ങളുണ്ടാവില്ല. പലയിടത്തും കെ എസ് യുവിന് യൂണിറ്റ് രൂപീകരിച്ചതുപോലും യുകെ ഭാസിയുടെ നേതൃത്വത്തിലായിരുന്നു.

ഇന്നത്തെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കെ എസ് യുവിന്റെ പാലക്കാട് ജില്ലാ പ്രസിഡണ്ടായിരുന്ന അദ്ദേഹം കെ എസ് യുവിന്റെ സംസ്ഥാനാ വൈസ് പ്രസിഡണ്ടുകൂടിയായിരുന്നു. കെ എസ് യു കാലഘട്ടത്തിന് ശേഷം യൂത്ത് കോൺഗ്രസിലെത്തുകയും പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. അതിന് ശേഷം യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടാകുകയും ചെയ്തു. രണ്ട് ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ ജില്ലാ നേതൃത്വത്തിലെത്തിയ അപൂർവ്വം കോൺഗ്രസുകാരിലൊരാൾ കൂടിയായിരുന്നു യുകെ ഭാസി. തുടർന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായി.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം ഡിസിസി പ്രസിഡണ്ടായിരിക്കുകയും കൂടി ചെയ്ത ആളാണ് യുകെ ഭാസി. നീണ്ട 22 വർഷം അദ്ദേഹം മലപ്പുറത്തെ ഡിസിസി പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജിവിതത്തിലെ ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ കാലഘട്ടംകൂടിയായിരുന്നു അത്. ജില്ലയിലെ യൂഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലിംലീഗ് കോൺഗ്രസിന് വെല്ലുവിളി ഉയർത്തിയ സമയം. പ്രവർത്തകർ പലരും മുസ്ലിംലീഗിന്റെ അപ്രമാദിത്യത്തിനെതിരെ രംഗത്ത് വന്നപ്പോൾ സംയമനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്ത് മുന്നണി സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോയത് അദ്ദേഹത്തിന്റെ വൈഭവമായിരുന്നു. മലപ്പുറത്തെ തീരദേശ മേഖലയായ തിരൂർ, താനൂർ മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. പലപ്പോഴും രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകുന്ന മേഖലയിൽ പ്രവർത്തകർക്ക് കരുത്തും കരുതലും നൽകിയ നേതാവുകൂടിയായിരുന്നു ഡിസിസി പ്രസിഡണ്ടെന്ന നിലയിൽ യുകെ ഭാസി. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നപ്പോഴും മലപ്പുറത്തിന്റെ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നു അദ്ദേഹം.
യുകെ ഭാസിയുടെ നിര്യാണത്തിൽ വിവിധ കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു.

പ്രിയപ്പെട്ട സ്‌നേഹിതൻ ഭാസിയുടെ ദേഹവിയോഗം വല്ലാത്ത വേദനയുണ്ടാക്കിയതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ ഞങ്ങൾ ഏറ്റവും അടുത്ത കൂട്ടുകാരും സഹപ്രവർത്തകരും ആയിരുന്നു. അവിഭക്ത കോഴിക്കോട് ജില്ലയുടെ ഭാഗമായ ഇന്നത്തെ മലപ്പുറം ജില്ലയിൽ ഞാനും ഭാസിയും ചെന്നെത്താത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും അന്നുണ്ടായിരുന്നില്ല, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെഎസ്‌യു വിന്റെ ആദ്യ യൂണിറ്റുകൾ ഉണ്ടാക്കിയത് ഞങ്ങൾ രണ്ടുപേരും ചേർന്ന് ആയിരുന്നു. ജീവിതാന്ത്യം വരെ ആ ഊഷ്മളമായ സ്‌നേഹബന്ധം ഉലയാതെ കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സ്‌നേഹസമ്പന്നനായ കെ എസ് യു മുൻ സംസ്ഥാന ഉപാധ്യക്ഷൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ , കെപിസിസി ജനറൽ സെക്രട്ടറി, അറിയപ്പെടുന്ന സഹകാരി എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ ഭാസി മലപ്പുറം ജില്ലയിൽ കോൺഗ്രസിന് ഏറ്റവും ശക്തമായ അസ്ഥിവാരം ഉണ്ടാക്കാൻ അക്ഷീണം പരിശ്രമിച്ച ഊർജ്ജസ്വലനായ യോദ്ധാവായിരുന്നു. പ്രിയപ്പെട്ട സ്‌നേഹിതന് എന്റെ ബാഷ്പാഞ്ജലി. മുല്ലപ്പള്ളി അനുശോചിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് യു.കെ. ഭാസിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.രണ്ടു പതിറ്റാണ്ടിലേറെകാലം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഭാസി ജില്ലയിൽ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്. രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിച്ച് പ്രവർത്തകരെ കോൺഗ്രസ് പതാകയ്ക്കു കീഴിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അനുമപമായ നേതൃത്വ പാടവത്തിന് തെളിവാണ്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് ഒരു ദശാബ്ദക്കാലത്തിലേറെ നൽകിയ സേവനം വിലപ്പെട്ടതാണ്. കെ.എസ്.യുക്കാലം മുതൽ നല്ല അടുപ്പമുണ്ടായിരുന്ന ഭാസിയുടെ നിര്യാണം വ്യക്തിപരമായി തനിക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംവത്സരങ്ങളുടെ ബന്ധമായിരുന്നു യുകെ ഭാസിയുമായി ഉണ്ടായിരുന്നതെന്ന് മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ അനുശോചിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് യു കെ ഭാസിയുടെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു.സംവത്സരങ്ങളുടെ ബന്ധമാണ് ഭാസിയുമായിട്ടുള്ളത്. കെ എസ് യു പ്രവർത്തനകാലത്താണ് ഭാസിയുമായി ആദ്യം ബന്ധപ്പെട്ടത്. അന്ന് തുടങ്ങിയ അടുപ്പം ഇന്നോളം തുടർന്നു.കെപിസിസി ജനറൽ സെക്രട്ടറി, മലപ്പുറം ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ ഭാസിയുടെ പ്രവർത്തനങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടും. പ്രിയപ്പെട്ട ഭാസിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. വി എം സുധീരൻ തന്റെ അനുശോചനക്കുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP