Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്‌സുമാരും പരിക്കേറ്റ് ചികിത്സയിൽ

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്‌സുമാരും പരിക്കേറ്റ് ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ ബസ് മറിഞ്ഞ് രണ്ട് മലയാളി നഴ്‌സുമാർക്ക് ദാരുണാന്ത്യം. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില (29), കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. പടിഞ്ഞാറൻ മേഖലയിലെ തായിഫിൽ ഞായറാഴ്ച പുലർച്ചെയാണ് നഴ്‌സുമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ കൊൽക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിയാദിൽ വിമാനം ഇറങ്ങിയ നഴ്‌സുമാർ ക്വാറന്റീൻ പൂർത്തിയായി ജിദ്ദയിലേക്ക് പോക്കുന്ന വേളയിലാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറായിരുന്ന കൊൽക്കത്ത സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികൾ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു. അതേസമയം ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, കുമുദ അറുമുഖൻ, രജിത എന്നിവർ തായിഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

ഈ മാസം മൂന്നിന് സൗദിയിലെ റിയാദിൽ എത്തി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് കയറേണ്ടിയിരുന്നവരാണ് അപകടത്തിൽ പെട്ടത്. റിയാദിലെ ഹോട്ടലിൽ ക്വറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് ഇവർ ജിദ്ദയിലേക്കു തിരിച്ചത്. റിയാദിൽ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. മലയാളി നഴ്‌സുമാർ ഉൾപ്പടെ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തിൽ പെടുകയായിരുന്നു.

നിയന്ത്രണം തെറ്റിയ മിനി ബസ് റോഡിന് അരികിലുള്ള താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു. അമിത വേഗതയിലായിരുന്നതാണ് അപകടത്തിന്റെ ആഘാതം വലുതാക്കിയത്. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായും തകർന്നു. വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സമീപ വാസികളും പൊലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

മരിച്ച മൂന്നു പേരുടെയും മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റു മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്ന കാര്യം തീരുമാനിക്കുക. പ്രവാസി സംഘടനാ ഭാരവാഹികൾ ഉൾപ്പടെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP