Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുലർച്ചെ റിങ് ടോണുകൾ കേട്ടുണർന്നവർ വാർത്ത വിശ്വസിക്കാൻ പാടുപെട്ടു; എന്തുപറഞ്ഞാലും എപ്പോഴും ചിരിക്കുന്ന പെട്ടെന്ന് ചങ്ങാത്തം കൂടുന്ന ആ സൗമ്യനായ മനുഷ്യൻ ഇനിയില്ല; വാർത്ത അന്വേഷിച്ചും അല്ലാതെയും മുഴങ്ങുന്ന ആ ശബ്ദവും ഇനി കേൾക്കില്ല; ദുഃഖവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ പ്രസ്‌ക്ലബ്ബ് ഹാളിൽ അവസാന യാത്രാമൊഴി; വാണിയന്നൂരിൽ സ്വന്തമായി തീർത്ത വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ സൗഹൃദങ്ങൾ പകുതിയിൽ പതറി നിർത്തി മടക്കം; കെഎംബി എന്ന കെ.എം.ബഷീറിന് അന്ത്യാഞ്ജലി

പുലർച്ചെ റിങ് ടോണുകൾ കേട്ടുണർന്നവർ വാർത്ത വിശ്വസിക്കാൻ പാടുപെട്ടു; എന്തുപറഞ്ഞാലും എപ്പോഴും ചിരിക്കുന്ന പെട്ടെന്ന് ചങ്ങാത്തം കൂടുന്ന ആ സൗമ്യനായ മനുഷ്യൻ ഇനിയില്ല; വാർത്ത അന്വേഷിച്ചും അല്ലാതെയും മുഴങ്ങുന്ന ആ ശബ്ദവും ഇനി കേൾക്കില്ല; ദുഃഖവും നിരാശയും നിറഞ്ഞ മുഖങ്ങളോടെ പ്രസ്‌ക്ലബ്ബ് ഹാളിൽ അവസാന യാത്രാമൊഴി; വാണിയന്നൂരിൽ സ്വന്തമായി തീർത്ത വീട്ടിൽ താമസിച്ച് കൊതിതീരും മുമ്പേ സൗഹൃദങ്ങൾ പകുതിയിൽ പതറി നിർത്തി മടക്കം; കെഎംബി എന്ന കെ.എം.ബഷീറിന് അന്ത്യാഞ്ജലി

എം മനോജ് കുമാർ

 തിരുവനന്തപുരം: ഇന്നലെ വരെ തങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തനത്തിൽ ഒപ്പം നിന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരം പ്രസ് ക്ലബിന്റെ ഹാളിൽ ഇന്നുച്ചയ്ക്ക് എത്തിച്ചപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കണ്ണുകളിൽ അശ്രുക്കൾ നിറഞ്ഞു തുളുമ്പി. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി നാല് മാസം മുൻപ് ബഷീർ ചിരിച്ച ചിരി ബഷീറിന്റെ മുഖത്തുണ്ടോ എന്ന് പലരും ഉറ്റുനോക്കി. അപകടത്തിന്റെ ഏതോ വേദനയിൽ വിറങ്ങലിച്ച് നിന്ന ബഷീറിന്റെ മുഖമായിരുന്നു മാധ്യമ പ്രവർത്തകരിൽ പലരും കണ്ടത്. ചിരിക്കുമ്പോൾ സൂര്യനെപ്പോലെ ജ്വലിച്ച് കണ്ട ബഷീറിന്റെ മുഖം ഓർമ്മകളിൽ ചാലിച്ച് പലരും വിതുമ്പാൻ മടിച്ചെന്ന പോലെ നിലകൊണ്ടു. പലരുടെയും മുഖങ്ങളിൽ ദുഃഖവും നിരാശയും മാറി മാറി നിഴലിച്ചു.

നാലും മാസം മുൻപാണ് ബഷീറിനു സ്വന്തം വീടാകുന്നത്. അതും സ്വദേശമായ തിരൂർ വാണിയന്നൂരിൽ. ഈ വീട്ടിൽ നാളുകൾ പോലും താമസിക്കാൻ ബഷീറിനു കഴിഞ്ഞതുമില്ല. ഒരു വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ബഷീർ കഴിഞ്ഞ നാളുകളിൽ. പക്ഷെ ഭാര്യ ഫസീലയ്ക്കും പിഞ്ചു കുഞ്ഞുങ്ങളായ ജന്ന, അസ്മി എന്നിവർക്കുമൊപ്പം പുതിയ വീട്ടിൽ ഏറെനാൾ താമസിക്കാൻ ബഷീറിനായതുമില്ല. സൗഹൃദങ്ങളിൽ ചാലിച്ച ചിരിയുമായി നിലകൊണ്ട ബഷീർ ഇനി ഓർമ്മമാത്രം എന്ന ചിന്തയിൽ മാധ്യമ പ്രവർത്തകരിൽ പലരും ധപ്രസ് ക്ലബ് ഹാളിനു മുന്നിൽ തരിച്ചിരിക്കുന്നത് കണ്ടു. ഉൾക്കൊള്ളാനാകാത്ത ഒരു വിയോഗവാർത്തയായിട്ടാണ് ബഷീറിന്റെ അപകട മരണം ബഷീർ സ്‌നേഹിച്ചിരുന്നവരുടെ, ബഷീറിനെ സ്‌നേഹിച്ചിരുന്നവരുടെ ചെവികളിലേക്ക് പതിച്ചത്. മരണം സത്യമെന്ന് മനസിലായപ്പോൾ പലരും ആ വാർത്ത ഉൾക്കൊള്ളാൻ മടിച്ച് നിലകൊണ്ടു.

ബഷീറിന്റെ ചിരിക്കുന്ന മുഖംമാത്രം കണ്ട സുഹൃത്തുക്കളിൽ പലരും ചേതനയറ്റ ബഷീറിനെ കാണാൻ മടിച്ചു. അതുകൊണ്ട് തന്നെ ബഷീറിന്റെ പോസ്റ്റ്‌മോർട്ടത്തിനു മെഡിക്കൽ കോളേജിൽ പോകാൻ മടിച്ചവർ രാവിലെ മുതൽ ബഷീറിന്റെ നിശ്ചലമായ ശരീരവും വഹിച്ച് വന്നെത്തുന്ന ആംബുലൻസിനെ കാത്ത് പ്രസ് ക്ലബിന്റെ മുന്നിൽ നിന്നു. മാധ്യമ പ്രവർത്തകരുടെ വലിയ നിര തന്നെയാണ് പ്രസ് ക്ലബിന് മുന്നിലുണ്ടായിരുന്നത്. ബഷീറുമായി അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളും പ്രസ് ക്ലബിന് മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു.

മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുമാരപുരം പള്ളിയിൽ നിന്ന് നിസ്‌കാരം കഴിഞ്ഞു ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബഷീറിന്റെ നിശ്ചല ശരീരവുമായി ആംബുലൻസ് പ്രസ് ക്ലബിന് മുന്നിൽ എത്തിയത്. മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും ബഷീറുമായി അടുപ്പമുള്ളവർ എല്ലാം തന്നെ ആ സമയത്ത് പ്രസ് ക്ലബിന് മുന്നിൽ എത്തിയിരുന്നു. പ്രസ് ക്ലബിന്റെ താഴത്തെ നിലയിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ അതിനു മുന്നോടിയായി പ്രത്യേകം പ്രാർത്ഥന നടന്നു. അതിനു ശേഷമാണ് മൃതദേഹം പൊതുദർശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽകുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്തിമോപചാരമർപ്പിക്കാൻ പ്രസ്‌ക്ലബിൽ എത്തിയിരുന്നു. മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസനും ശബരീനാഥനും എ.വിൻസെനറും അടക്കമുള്ള എംഎൽഎമാരും ഒട്ടു വളരെ രാഷ്ട്രീയ നേതാക്കളും ബഷീറിനെ ഒരു നോക്ക്കാണാനായി എത്തി.

വർഷങ്ങളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന ബഷീർ തലസ്ഥാനനഗരിക്ക് സുപരിചിതനാണ്. മിക്ക രാഷ്ട്രീയ നേതാക്കളുമായും മാധ്യമ പ്രവർത്തകരുമായും അടുപ്പമുള്ള മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീർ. നനുത്ത ചിരിയുമായി സൗഹൃദ സദസുകളിൽ നിറഞ്ഞ സാന്നിധ്യമായി ബഷീർ മാറിയത് വളരെ പെട്ടെന്നായിരുന്നു. പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് പ്രവർത്തിച്ച ബഷീർ തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ സൗഹൃദങ്ങൾ തന്നെ നിലനിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ബഷീറിന്റെ പെട്ടെന്നുള്ള വേർപിരിയൽ പലർക്കും വലിയ ആഘാതമായി. മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ ബഷീറിന്റെ വേർപാടിൽ ഞെട്ടലിലാണ്. ഇന്നലെ വരെ തങ്ങളോട് ഒപ്പം ചേർന്ന് മാധ്യമ പ്രവർത്തനം നടത്തിയ ബഷീർ പൊടുന്നനെ ഓർമ്മയായി മാറിയപ്പോൾ അത് പലർക്കും ഉൾക്കൊള്ളാൻ കഴിയാത്ത വിയോഗമായി മാറി. വ്യക്തി ബന്ധങ്ങളായിരുന്നു ബഷീറിന്റെ കരുത്ത്. വിപുലമായ ഒരു സൗഹൃദത്തിന്റെ തണലിലാണ് തിരുവനന്തപുരത്തെത്തി ഒന്നര പതിറ്റാണ്ടിലധികമുള്ള ഈ കാലമത്രയും ബഷീർ ചിലവഴിച്ചത്.

വളർന്നു വരുന്ന മാധ്യമ പ്രവർത്തകനായിരിക്കെയാണ് പാതിവഴിയിൽ ബഷീർ യാത്രയായി പോകുന്നത്. എടുത്തു കാണിക്കാൻ കഴിയുന്ന നിയമസഭാ റിപ്പോർട്ടിങ് ആണ് ബഷീർ നടത്തിയിരുന്നത്. മികച്ച നിയമസഭാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി മീഡിയാ അക്കാദമി പുസ്തകം ഇറക്കിയപ്പോൾ അതിൽ ഒരു റിപ്പോർട്ട് ബഷീറിന്റെതായിരുന്നു. മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു വ്യക്തി ബന്ധം ബഷീർ പുലർത്തിയിരുന്നു. ബഷീർ വിടപറഞ്ഞപ്പോൾ അന്ത്യോപചാരം അർപ്പിക്കാൻ ഇരുവരും എത്തുകയും ചെയ്തിരുന്നു. പത്രപ്രവർത്തക യൂണിയനുമായും ബഷീർ അടുത്ത ബന്ധം പുലർത്തി.

കെയുഡബ്ലുജെയുടെ ജില്ല വൈസ് പ്രസിഡന്റ് പോസ്റ്റിൽ വരെ ബഷീർ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളോട് ഉറ്റ ബന്ധം പുലർത്തിയപ്പോൾ മാധ്യമ സൗഹൃദങ്ങളിലും ബഷീർ നിറഞ്ഞു നിൽക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബഷീറിനു വിടനൽകാൻ പ്രസ് ക്ലബിൽ എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ സങ്കടവും കണ്ണീരുമാണ് നിറഞ്ഞിരുന്നത്. ഒന്നര പതിറ്റാണ്ടായി തിരുവനന്തപുരത്തെ മാധ്യമ ലോകത്ത് നിറഞ്ഞു നിന്ന സവിശേഷ വ്യക്തിത്വമായിരുന്നു ബഷീറിന്റെത്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽ പലരുമായും വളരെ അടുത്ത ബന്ധമാണ് ബഷീർ പുലർത്തിയിരുന്നത്. സ്‌നേഹവും സൗഹൃദവുമായി തങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന ബഷീർ ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോകുമെന്നും ആരും കരുതിയതുമല്ല. അതുകൊണ്ട് തന്നെ ഇന്നത്തെ പുലരി ഒരു സങ്കട ശനിയായാണ് പലർക്കും അനുഭവപ്പെട്ടത്. ബഷീർ ഒരു അപകടത്തിൽ ഇന്നലെ രാത്രി തന്നെ വിടപറഞ്ഞു എന്ന വാർത്ത പലർക്കും അവിശ്വസനീയമായി. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമിയാണ് ബഷീറിനെ ആദരിച്ചത്. അതേ ബഷീർ തന്നെയാണ് മദ്യപിച്ചുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമോടിക്കലിന്റെ രക്തസാക്ഷിയായി പൊലിഞ്ഞു പോയത്.

ബഷീറിന്റെ മരണവാർത്ത സത്യമെന്നു മനസിലായപ്പോൾ മെഡിക്കൽ കോളെജിലേക്കും പ്രസ് ക്ലബിന് മുന്നിലെക്കുമൊക്കെ ആദ്യം പാഞ്ഞെത്തിയത് മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളുമൊക്കെയായിരുന്നു. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളിൽ പ്രതിസന്ധി നേരിട്ടപ്പോൾ ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസുകാരന് ഉറച്ച പിന്തുണയാണ് മാധ്യമ ലോകം നൽകിയത്. പ്രതിസന്ധികളിൽ കുരുങ്ങിയുള്ള ശ്രീറാമിന്റെ ഔദ്യോഗിക ജീവിതം ആടിയും ഉലഞ്ഞും മുന്നോട്ടു പോയപ്പോൾ താങ്ങും തണലുമായി മാറിയത് മാധ്യമങ്ങൾ ആയിരുന്നു. ഇങ്ങിനെ ശ്രീറാമിന് മാധ്യമങ്ങളിലൂടെ കടുത്ത പിന്തുണ നൽകിയ മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെ.എം.ബഷീറും. ഇതേ ബഷീറാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് മരിച്ചത്. കുടുങ്ങി എന്ന് മനസിലായപ്പോൾ സത്യം പറയാതെ, കാർ ഓടിച്ചത് കൂടെയുള്ള പെൺകുട്ടി എന്നൊക്കെ പറഞ്ഞു അവളെ കരുവാക്കി ശ്രീറാം രക്ഷപ്പെടാൻ ശ്രമിച്ചത് മാധ്യമ പ്രവർത്തകർക്ക് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞതുമില്ല. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ച് ബഷീറിനെ കൊന്നത് കൂടാതെ രക്ഷപ്പെടാൻ ശ്രീറാം നടത്തിയ കളികളുമൊക്കെ അലോസരപ്പെടുത്തിയത് തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരെയാണ്. ബഷീറിന്റെ വേർപാടും ശ്രീറാം വരുത്തിയ അപകടം ഉണ്ടാക്കിയ പ്രശ്‌നങ്ങളുമൊക്കെ തന്നെയാണ് ബഷീറിനു വിടചൊല്ലാനായി എത്തിയ മാധ്യമ പ്രവർത്തകരുടെ മുഖങ്ങളിൽ നിറഞ്ഞു നിന്നത്.

അതേസമയം വാഹനമോടിക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസിന്റെ മൊഴി നൽകിയിട്ടുണ്ട്. ജോലിയിൽ തിരികെ കയറിയതിന്റെ പാർട്ടി കഴിഞ്ഞാണു ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കവടിയാർ മുതൽ വാഹനം ഓടിച്ചത് ശ്രീറാമാണെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. സിസി ടിവി ദൃശ്യങ്ങളും ഈ മൊഴി സാധൂകരിക്കുന്നുണ്ട്. വാഹനമോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് അപകടം നേരിട്ടുകണ്ടവർ വ്യക്തമാക്കിയിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ ശ്രീറാം മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ഓട്ടോ ഡ്രൈവർമാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കാർ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തിൽ മറികടന്നുപോയെന്നും ഇവർ പറഞ്ഞിരുന്നു.

മ്യൂസിയം കവടിയാർ റോഡിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനാണെന്ന് ബഷീറിന്റെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. പക്ഷെ സംഭവത്തിൽ ശക്തമായ നടപടികൾക്ക് തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിൽ എളുപ്പത്തിൽ ഊരിപ്പോരുക ശ്രീറാം വെങ്കിട്ടരാമന് എളുപ്പമാകില്ല. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ യൂണിറ്റ് ചീഫ് എന്ന നിലയിൽ അതിപ്രധാനമായ ഒരു റോൾ പല കാര്യങ്ങളിലും ബഷീർ വഹിക്കാറുണ്ട്.

കാന്തപുരത്തിന്റെ തലസ്ഥാനത്തിന്റെ പ്രതിനിധി കൂടിയാണ് ബഷീർ. അതുകൊണ്ട് തന്നെ കാന്തപുരവുമായി ബന്ധപ്പെട്ട പല രാഷ്ട്രീയ നീക്കങ്ങളിലും ബഷീർ പങ്കാളിയാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരവും തമ്മിൽ വ്യക്തിപരമായ അടുപ്പവും നിലനിൽക്കുന്നുണ്ട്. ബഷീറിന്റെ മരണത്തെ തുടർന്ന് ശക്തമായ നടപടികൾക്കായി കാന്തപുരം ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാരും ഈ അപകടത്തിൽ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് നീങ്ങുകയാണ്. ജാമ്യമില്ലാക്കുറ്റം ശ്രീറാം വെങ്കിട്ടരാമന് എതിരെ ചുമത്തുന്നത് തന്നെ കാന്തപുരം വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ്.

2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച ബഷീർ പിന്നീട് ജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച ബഷീർ പിന്നീട് യൂണിറ്റ് മേധാവിയായി മാറുകയായിരുന്നു.

കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ശ്രീറാം മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബഷീർ ഓർമ്മയാകുന്നതും. ബഷീറിന്റെ ഭൗതിക ദേഹം രാത്രിയോടെ സ്വദേശമായ തിരൂർ വാണിയന്നൂരിൽ എത്തിക്കും. പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. തിത്താച്ചുമ്മയാണ് മാതാവ്. ജസീലയാണ് ഭാര്യ ജന്ന, അസ്മി മക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP