Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202229Thursday

ഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; 'പ്രദീപ് അമർ രഹേ' എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെ

ഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; 'പ്രദീപ് അമർ രഹേ' എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പുത്തൂർ: രാജ്യത്തിന് അഭിമാനമായി വീരചരമം പ്രാപിച്ച വ്യോമസേനാ സൈനികൻ ജൂനിയർ വാറന്റ് ഓഫിസർ കെ.പ്രദീപിന് ഇന്നലെ നാട് നൽകിയത് വീരോചിത മടക്കമായിരുന്നു. പതിനായിരങ്ങൽ അന്ത്യാജ്ഞലി അർപ്പിക്കാൻ വീട്ടിലേക്കും മൃതദേഹം പൊതുദർശനത്തിനു വെച്ച പുത്തൂർ സ്‌കൂളിലേക്കുമെത്തി. നെഞ്ചു പൊട്ടുന്ന വേദനയിലും പ്രിയതമന് അവസാനമായി സല്യൂട്ട് നൽകി ഭാര്യ ശ്രീലക്ഷ്മി. രണ്ടു വയസുകാരി മകൾ ഒന്നുമറിയാതെ മടിയിൽ ഇരിക്കുമ്പോഴും അച്ഛന് വേണ്ടി അന്തിമ കർമ്മങ്ങൾ ചെയ്തു മകൻ ദശ്വിൻ.

പ്രിയപ്പെട്ടവന്റെ വേദനക്കിടയിലും സധൈര്യത്തോടെയാണ ശ്രീലക്ഷ്മി പിടിച്ചു നിന്നത്. തോക്കേന്തിയ സൈനികർ പ്രദീപിന്റെ ചിതയ്ക്കു മുന്നിൽ ബ്യൂഗിൾ മുഴക്കി യാത്രാമൊഴി ചൊല്ലുന്നതിനിടെ, ശ്രീലക്ഷ്മി മുന്നോട്ടുവന്നു സല്യൂട്ട് ചെയ്തു. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമനു സഹധർമ്മിണിയുടെ വിടവാങ്ങൽ സല്യൂട്ട്. ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ സംസ്‌കാര ചടങ്ങിലെ ഏറ്റവും ഉള്ളുലഞ്ഞ നിമിഷമായിരുന്നു ഇത്.

കോപ്റ്റർ അപകടത്തിന്റെ പിറ്റേന്നു സൂലൂരിൽനിന്നു പ്രദീപിന്റെ പൊന്നൂക്കരയിലെ വീട്ടിലെത്തിയതാണ് ശ്രീലക്ഷ്മി. ഇന്നലെ വൈകിട്ടു നാലരയോടെ മൃതദേഹം വീട്ടുമുറ്റത്തെത്തിയപ്പോൾ 7 വയസ്സുള്ള മകൻ ദശ്വിൻദേവിനെയും ചേർത്തുപിടിച്ച് അവർ ആദ്യമായി വീടിനു പുറത്തുവന്നു. പ്രദീപിന്റെ യൂണിഫോം എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയിൽനിന്നു സ്വീകരിക്കുമ്പോഴും പതറാതെനിന്നു. അമ്മയുടെ മടിയിലിരുന്ന മകൾ 2 വയസ്സുകാരി ദേവപ്രയാഗ അച്ഛന്റെ മൃതദേഹം കിടത്തിയിരിക്കുന്ന മേശപ്പുറത്തുനിന്ന് ഒന്നുമറിയാതെ പൂക്കളെടുക്കുകയും തിരിച്ചിടുകയും ചെയ്തുകൊണ്ടിരുന്നു.

വീടിന്റെ പൂമുഖുത്തു കൈകൂപ്പി നിന്ന എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ശ്രീലക്ഷ്മിയോടു പറഞ്ഞു, 'ഈ രാജ്യം നിങ്ങളുടെ കൂടെയുണ്ട്. എന്നും എപ്പോഴും. പിന്നാലെ 'റോസാ പൂക്കൾ വിരിച്ചൊരുക്കിയ ചിതയിൽനിന്നു വ്യോമസേനാ സൈനികൻ ജൂനിയർ വാറന്റ് ഓഫിസർ കെ.പ്രദീപിനെ അഗ്‌നി ഏറ്റുവാങ്ങി. മുന്നിലെ റോഡിൽ നൂറുകണക്കിനു ദേശീയ പതാകകൾ വീശിക്കൊണ്ടു നാട് ഉറക്കെ വിളിച്ചു, 'പ്രദീപ് അമർ രഹേ'.

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എ. പ്രദീപിന്റെ സംസ്‌കാര ചടങ്ങിനു നേതൃത്വം നൽകാനാണ് എയർ ചീഫ് മാർഷൽ എത്തിയത്. അറയ്ക്കൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനായ പ്രദീപ് ജോലി കിട്ടിയതിനു ശേഷമാണ് ഈ കൊച്ചുവീടു പണിതത്. ഇവിടേയ്ക്ക് ഭൗതിക ശരീരം എത്തിച്ചത് വൈകിട്ടു 4.20നായിരുന്നു. റോസാ പൂക്കൾ വാരി വിതറി കുട്ടികളടക്കം നൂറുകണക്കിനാളുകളാണു കാത്തുനിന്നിരുന്നത്. പൂക്കൾ അലങ്കരിച്ച വാഹനം അവർക്കിടയിലൂടെ വീട്ടിലെത്താൻതന്നെ ഏറെ പ്രയാസപ്പെട്ടു.

പ്രദീപ് ഉപയോഗിച്ചിരുന്ന യൂണിഫോമും തൊപ്പിയും കൈമാറുന്നതിനു മുൻപു സേനാഗംങ്ങൾ ഓർമിപ്പിച്ചു: ആരും പടങ്ങൾ എടുക്കരുത്. തീർത്തും സ്വകാര്യമായൊരു നിമിഷമായിരുന്നു അത്. അതു നെഞ്ചോടടക്കിപ്പിടിച്ച് അകത്തുപോയ ശേഷമാണ് അന്തിമ സല്യൂട്ടിനായി ശ്രീലക്ഷ്മി എത്തിയത്. തുടർന്നു ചിത വരെയും അനുഗമിച്ചു. അവിടെ നടന്ന വിടവാങ്ങൽ സല്യൂട്ട് സമയത്തും ശ്രീലക്ഷ്മി പതറാതെ നിന്നു. ചിതയിലേക്കെടുത്തപ്പോൾ അവസാനമായി യാത്രാമൊഴി ചൊല്ലി.

അന്ത്യാഞ്ജലി അർപ്പിക്കാൻ രോഗക്കിടക്കയിൽ നിന്ന് അച്ഛൻ

മകൻ മരിച്ച വിവരം അച്ഛൻ രാധാകൃഷ്ണൻ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞാണ്.മകന് അന്തിമാഭിവാദ്യം അർപ്പിക്കാൻ രോഗ കിടക്കയിൽ നിന്നും അച്ഛൻ രാധാകൃഷ്ണനെത്തി. മൃതദേഹത്തിനരികിലെത്തിയ അച്ഛൻ രാധാകൃഷ്ണൻ മന്ത്രിച്ചു. നടക്കാൻ പോലും വയ്യെങ്കിലും ഓക്‌സിജൻ മാസ്‌ക് അഴിച്ചുവച്ചു വീടിനു പുറത്തേക്കു വരാൻ തന്നെ രാധാകൃഷ്ണൻ തീരുമാനിക്കുകയായിരുന്നു. പൊന്നൂക്കരയിലെ വീട്ടുമുറ്റത്തെത്തിയ പൊന്നുമകനെ അവസാനമായി ഒരു നോക്കു കാണാതിരിക്കാൻ ആ അച്ഛന് വയ്യ! ശ്വാസകോശ രോഗത്തെ തുടർന്ന് ആഴ്ചകളായി ഓക്‌സിജൻ സഹായത്തോടെയുള്ള കിടക്കയിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണനെ മകൻ പ്രദീപ് കോപ്റ്റർ അപകടത്തിൽ മരിച്ച കാര്യം അറിയിച്ചത് 2 ദിവസം കഴിഞ്ഞാണ്.

രാധാകൃഷ്ണന് ഓക്‌സിജൻ മാസ്‌ക് മാറ്റാനാവുമായിരുന്നില്ല. ഇടയ്ക്കിടെ മാത്രമായിരുന്നു അദ്ദേഹത്തിന് ഓർമ വന്നിരുന്നത്. ഔദ്യോഗികമായി ദുഃഖം അറിയിക്കാൻ വന്നവർ പോലും വീട്ടിൽ കയറാതെ മടങ്ങുകയായിരുന്നു. അസ്വാഭാവികത തോന്നാതിരിക്കാൻ അയൽവാസികളും ശ്രദ്ധിച്ചു. മരണ വിവരം അറിഞ്ഞ് കോയമ്പത്തൂരിലേക്കു തിരിച്ച ഇളയ മകൻ പ്രസാദിനെ കാണാഞ്ഞ് പിറ്റേന്നു പകൽ ഇടയ്ക്കിടെ അച്ഛൻ വിവരം തിരക്കിയപ്പോൾ പ്രദീപിനെ കാണാൻ പോയിരിക്കുകയാണെന്നു മാത്രമാണ് വീട്ടുകാർ പറഞ്ഞത്.

അന്ത്യാജ്ഞലി അർപ്പിക്കാൻ പതിനായിരങ്ങൾ

ഇന്നലെ പകൽ 11നു ഡൽഹിയിൽനിന്നു സൂലൂരിലെത്തിച്ച മൃതദേഹം അവിടെനിന്നു റോഡ് മാർഗമാണ് പുത്തൂരിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അനുഗമിച്ചു. ടി.എൻ.പ്രതാപൻ എംപിയും സൂലൂരിലെത്തി. വാളയാറിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ അതിർത്തിയിൽനിന്നുള്ള വിലാപ യാത്രയിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണനും ആർ.ബിന്ദുവും അനുഗമിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയിരുന്നു.

അന്ത്യാജ്ഞലി അർപ്പിക്കാൻ പതിനായിരങ്ങളാണ് ഒഴുകി എത്തിയത്. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്‌കൂളിലും വീട്ടിലും പൊതുദർശനത്തിനുവച്ച ശേഷമായിരുന്നു സംസ്‌കാരം. കേരളാ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷമായിരുന്നു എയർഫോഴ്‌സിന്റെ ഫ്യൂണറൽ പരേഡ്. അറുപതോളം എയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പ്രദീപിന്റെ ഭൗതീക ശരീരത്തിനോപ്പം ജന്മനാട്ടിലേക്ക് എത്തിയത്. മകൻ ദക്ഷിൺ ദേവാണ് അന്തിമ ചടങ്ങുകൾ നിർവ്വഹിച്ചത്. ഒപ്പം സഹോദരൻ പ്രസാദും ഉണ്ടായിരുന്നു.

ഉച്ചയ്ക്കു 12.30യ്ക്കു വിലാപയാത്ര വാളയാർ അതിർത്തിയിൽ എത്തിയപ്പോൾ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, കെ.രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികൾ അർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു. പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫൈറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP