Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

60 വർഷം മുമ്പ് കടൽച്ചൊരുക്ക് വകവയ്ക്കാതെ കപ്പൽകയറി കുവൈറ്റിലെത്തി; യാതനകൾ നിറഞ്ഞ ജീവിതം താണ്ടി സ്വയം രക്ഷപ്പെടുമ്പോഴും കൂടെനിന്നവരെയെല്ലാം ജീവിതത്തിൽ കരപറ്റിച്ചു; കുവൈറ്റ് യുദ്ധകാലത്ത് 1.7 ലക്ഷം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ മുന്നിൽനിന്ന മനുഷ്യസ്‌നേഹി; ടൊയോട്ട സണ്ണിച്ചായൻ യാത്രയാവുമ്പോൾ

60 വർഷം മുമ്പ് കടൽച്ചൊരുക്ക് വകവയ്ക്കാതെ കപ്പൽകയറി കുവൈറ്റിലെത്തി; യാതനകൾ നിറഞ്ഞ ജീവിതം താണ്ടി സ്വയം രക്ഷപ്പെടുമ്പോഴും കൂടെനിന്നവരെയെല്ലാം ജീവിതത്തിൽ കരപറ്റിച്ചു; കുവൈറ്റ് യുദ്ധകാലത്ത് 1.7 ലക്ഷം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ മുന്നിൽനിന്ന മനുഷ്യസ്‌നേഹി; ടൊയോട്ട സണ്ണിച്ചായൻ യാത്രയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: തന്റെ മരണം കുവൈറ്റിന്റെ മണ്ണിൽവച്ച് ആയിരിക്കണമെന്ന മോഹമായിരുന്ന മലയാളികൾക്ക് പ്രിയങ്കരനായ സണ്ണിച്ചായന് അവസാനകാലത്ത് ഉണ്ടായിരുന്നത്. ഇന്ന് ആ ആഗ്രഹം പൂർത്തീകരിച്ച് അദ്ദേഹം യാത്രയായി.

ഇന്ന് കുവൈത്ത് ഖാദിസിയയിലെ സ്വവസതിയിൽ വെച്ച് അന്തരിച്ച ടൊയോട്ട സണ്ണിയെന്ന മാത്തുണ്ണി മാത്യൂസ് കുവൈറ്റിലെ മലയാളികളുടെ അവസാനവാക്കായിരുന്നു എല്ലാ കാര്യത്തിലും.

അരനൂറ്റാണ്ട് മുമ്പ് കുവൈറ്റിൽ എത്തിപ്പെട്ട ശേഷം ഇപ്പോൾ ശ്വാസം വെടിയുംവരെയും മലയാളികൾക്കുവേണ്ടി പ്രവർത്തിച്ച സണ്ണിച്ചായൻ എല്ലാവർക്കും ഏറെ പ്രിയങ്കരനായിരുന്നു. കുവൈറ്റിലേക്ക് പലായനം ചെയ്ത് അവിടെ ജീവിതം കരുപ്പിടിപ്പിച്ച് സ്വന്തം കുടുംബത്തെ രക്ഷിച്ചതിനൊപ്പം നാട്ടുകാരേയും രക്ഷിക്കാൻ മുൻപന്തിയിൽ നിന്ന കൂട്ടുകാരനായിരുന്നു എല്ലാവർക്കും സണ്ണിച്ചായൻ.

കുവൈറ്റിലെ ഇറാഖ് അധിനിവേശ കാലത്ത് ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാരെ രക്ഷിക്കുന്ന ദൗത്യത്തിൽ മുന്നിൽ നിന്ന സണ്ണിച്ചായൻ സ്വന്തം ജീവൻ പണയംവച്ചാണ് അന്ന് പലരേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട ഈ ദൗത്യം ഗിന്നസ് വേൾഡ് റെക്കോഡിലും ഇടംപിടിച്ചു.

അന്ന് ഇന്ത്യൻ സർക്കാർ വിമാനങ്ങൾ അയച്ച് സഹായിച്ചപ്പോൾ കുവൈറ്റിൽ പലയിടങ്ങളിലും കുടുങ്ങിക്കിടന്നവരെ ബസ്സുകളും മറ്റും ഏർപ്പെടുത്തി വിമാനത്താവളത്തിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം നിർവഹിച്ചത് സണ്ണിച്ചായന്റെ നേതൃത്വത്തിലാണ്.

60 വർഷങ്ങൾക്ക് മുമ്പ് കപ്പലിൽ കടലിന്റെ ചൊരുക്കും കാറ്റും ഏറ്റ് ദിവസങ്ങൾ യാത്ര ചെയ്താണ് മാത്തുണ്ണി മാത്യൂസ് എന്ന മലയാളി 1956 ഒക്‌റ്റോബറിൽ കേരളത്തിൽ നിന്നും മുംബൈ വഴി കുവൈറ്റിൽ കാലുകുത്തുന്നത്.

കപ്പൽ യാത്രയെ അതിജീവിച്ചതിനേക്കാൾ ഭീകരമായിരുന്നു അക്കാലത്ത് പ്രവാസ ജീവിതത്തെ അഭിമുഖീകരിക്കുകയെന്നത്. യാതനകളോടും വിരഹങ്ങളോടും കഷ്ടപ്പാടുകളോടുമുള്ള വെല്ലുവിളിയായിരുന്നു പിന്നീടങ്ങോട്ടുള്ള ജീവിതം.

അൽ സായർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടയോട്ട ഏജൻസിയിൽ ഉദ്യോഗസ്ഥനായിട്ടായിരുന്നു തുടക്കം. പിന്നീട് സ്വന്തമായി ഏജൻസികളും സ്ഥാപനങ്ങളും തുടങ്ങി. വി ഐ പി, ഒനിഡ എന്നീ കമ്പനികളുടെയൊക്കെ കുവൈറ്റിലെ ഏജൻസി അദ്ദേഹത്തിന്റേതായിരുന്നു. സഫീന റെന്റ് എ കാർ, ഫുഡ് സെക്ഷൻ എന്നിവയും ആരംഭിച്ചു. ജാബരിയ ഇന്ത്യൻ സ്‌കൂളിന്റെ ചെയർമാനും കൂടിയാണദ്ദേഹം. ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് അടുത്തിടെ സൂപ്പർഹിറ്റ് സിനിമയായ എയർലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ്കുമാറായിരുന്നു പ്രധാനവേഷം ചെയ്തത്.

1990 ൽ ഇറാഖ് കുവൈറ്റിനെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ അവിടെയുള്ള ഇന്ത്യക്കാർ രാജ്യം വിടാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയം കൃത്യമായ ഇടപെടൽ നടത്തിയ മാത്യൂസ് ഇവർക്കുള്ള യാത്ര സൗകര്യവും ഭക്ഷണവും ഏർപ്പാടാക്കി. കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ എത്തി പല സ്ഥലങ്ങളിലായി ചിതറിക്കിടന്നവരുടെ പാസ്പോർട്ടുകൾ സംഘടിപ്പിച്ചു. പ്രായമായ സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം കയറ്റി അയച്ചത്. എല്ലാവരെയും സുരക്ഷിതമായി കയറ്റി വിട്ടു എന്നുറപ്പാക്കിയ ശേഷമാണ് ആ മനുഷ്യസ്‌നേഹി കുവൈറ്റിൽനിന്ന് നാട്ടിലേയ്ക്ക് വിമാനം കയറിയത് .

ഏറെക്കാലത്തെ കഠിനാധ്വാനവും പരിശ്രമങ്ങളും വഴി സണ്ണിച്ചായൻ സ്വന്തമായൊരു സാമ്രാജ്യം തന്നെ കുവൈറ്റിൽ നേടിയെടുത്തു. ഇറാഖ് അധിനിവേശ കാലഘട്ടമാണ് ടയോട്ട സണ്ണിച്ചായൻ എന്ന മനുഷ്യ സ്‌നേഹിയുടെ യഥാർത്ഥ മുഖം ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇത് അക്കാലത്ത് എല്ലാ പത്രങ്ങളിലും വലിയ വാർത്തകളുമായി നിറഞ്ഞു. മിശിഹായെന്നും രക്ഷകനെന്നും വിളിച്ച് ലോകം അദ്ദേഹത്തെ അഭിനന്ദിച്ചു. ഇപ്പോൾ സണ്ണിച്ചായൻ വിടപറയുമ്പോൾ കുവൈറ്റിലെ ആയിരക്കണക്കിന് മലയാളികൾക്ക് ആ രക്ഷകന്റെ സ്‌നേഹം നഷ്ടമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP