Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റാർട്ട് അപ്പുകൾക്ക് പിന്നിലെ തോട്ട് ഫാക്ടറി; കാടിനേയും പ്രകൃതിയേയും സുഹൃത്തുക്കളേയും കുടുംബത്തേയും സ്നേഹിച്ച 'ശംഭു'; പിആർ ഏജൻസികളോടുള്ള കമ്പം മൂത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വിടപറഞ്ഞ ആറന്മുളക്കാരൻ; വാർത്തയുടെ മർമ്മം അറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സിനെ മലയാളിയുടെ പ്രിയ ടീമാക്കി; മിൽമയെന്ന ബ്രാൻഡിനും നൽകി പുതിയ മുഖം; ക്യാൻസറിനെ നേരിട്ടതും കർമ്മ നിരതനായി; വിടവാങ്ങുന്നത് ഐടിയെ പ്രണയിച്ച മാധ്യമ സുഹൃത്ത്; തോട്ട് ഫാക്ടറിയെ തനിച്ചാക്കി സിഎൻ സജിവ് കുമാർ മടങ്ങുമ്പോൾ

സ്റ്റാർട്ട് അപ്പുകൾക്ക് പിന്നിലെ തോട്ട് ഫാക്ടറി; കാടിനേയും പ്രകൃതിയേയും സുഹൃത്തുക്കളേയും കുടുംബത്തേയും സ്നേഹിച്ച 'ശംഭു'; പിആർ ഏജൻസികളോടുള്ള കമ്പം മൂത്ത് ടൈംസ് ഓഫ് ഇന്ത്യയോട് വിടപറഞ്ഞ ആറന്മുളക്കാരൻ; വാർത്തയുടെ മർമ്മം അറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സിനെ മലയാളിയുടെ പ്രിയ ടീമാക്കി; മിൽമയെന്ന ബ്രാൻഡിനും നൽകി പുതിയ മുഖം; ക്യാൻസറിനെ നേരിട്ടതും കർമ്മ നിരതനായി; വിടവാങ്ങുന്നത് ഐടിയെ പ്രണയിച്ച മാധ്യമ സുഹൃത്ത്; തോട്ട് ഫാക്ടറിയെ തനിച്ചാക്കി സിഎൻ സജിവ് കുമാർ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിഭയുടെ തിളക്കം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളത്തിലെ പബ്ലിക് റിലേഷൻസ് രംഗത്ത് അറിയപ്പെട്ടിരുന്ന വ്യക്തിയാണ് ഇന്നു പുലർച്ചെ കൊച്ചിയിൽ വിടവാങ്ങിയ സി.എൻ.സജീവ് കുമാർ. പിആർ ഏജൻസികളുടെ ജാതകം തിരുത്തിക്കുറിച്ച് പിആർ ഏജൻസികളുടെ മുൻനിരയിലേക്ക് 'തോട്ട് ഫാക്ടറി'യെ ഉയർത്തിയാണ് സജീവ്കുമാർ വിടപറയുന്നതും. ഐടി മേഖലയെ മനസുകൊണ്ട് സ്‌നേഹിക്കുകയും ജോലി കൊണ്ട് പുണരുകയും ചെയ്തിരുന്ന സി.എൻ.സജീവ്കുമാറിന്റെ വേർപാട് അതുകൊണ്ട് തന്നെ കുടുംബത്തിനും പൊതുവേ ഐടി മേഖലയ്ക്കും തീരാദുഃഖമായി. കൊച്ചി അമൃത ആശുപത്രിയിൽ സജീവ്കുമാർ ഇന്നു പുലർച്ചെയാണ് വിടവാങ്ങിയത്.

ഒന്നര വർഷം മുൻപ് കാൻസർ ബാധയുടെ പിടിയിലായിരുന്നെങ്കിലും ഈ വിവരം അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവർത്തകരും അറിഞ്ഞിരുന്നില്ല. പതിവ് പോലെ ഓഫീസിൽ എത്തുകയും ജോലികൾക്ക് മേൽ നോട്ടം വഹിക്കുകയും ചെയ്യുന്ന സിഇഒ ആയി കഴിഞ്ഞ ദിവസങ്ങൾ വരെ സജീവ്കുമാർ സജീവമായിരുന്നു. ഒരാഴ്ച മുൻപാണ് അസുഖം കൂടിയതിനെ തുടർന്ന് കൊച്ചി അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇന്നു പുലർച്ചെ മരിക്കുകയും ചെയ്തു. റിലയൻസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി അനുപയാണ് ഭാര്യ. പ്ലസ് വൺ വിദ്യാർത്ഥിയായ ഗൗതം മകനും.

സ്റ്റാർട്ട് അപ്പുകൾക്ക് മേൽകീഴ് നോക്കാതെ സഹായം എത്തിച്ചതോടെയാണ് പിആർ ഏജൻസി എന്ന നിലയിൽ തോട്ട് ഫാക്ടറിയും സജീവ്കുമാറും ഐടി മേഖലയ്ക്ക് പ്രിയം കരനായി മാറിയത്. അതുകൊണ്ട് തന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സ്റ്റാർട്ട് അപ്പുകൾ വാർത്താ വിതരണത്തിനായി സജീവിന്റെ സഹായം തേടിയിരുന്നു. വലിയ സൗഹൃദവൃന്ദവും സജീവിന് സ്വന്തമായിരുന്നു. ആറന്മുള സ്വദേശിയായ സജീവ്  ശംഭു എന്ന വിളിപ്പേരിലാണ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. . കാടിനോടും പ്രകൃതിയോടും സജീവിനുണ്ടായ താത്പര്യമാണ് ശിക്കാരി ശംഭു എന്ന പേര് വീഴ്‌ത്തിയത്. കവിതയെഴുത്തും സാഹിത്യാഭിരുചിയും കാരിക്കേച്ചറുകൾ വരയ്ക്കാനുള്ള കഴിവും ഒരു പിആർ ഏജൻസിയുടെ തലവൻ എന്ന രീതിയിൽ നിന്നും സജീവിനെ വ്യത്യസ്ഥനാക്കി മാറ്റി.

കാടുകളിൽ താമസിക്കാനും ട്രെക്കിങ് നടത്താനുമുള്ള ഒരവസരവും സജീവ് പാഴാക്കിയിരുന്നില്ല. ടെന്റ് കെട്ടിയുള്ള കാട്ടിലെ താമസവും പ്രിയംകരമായിരുന്നു. നിരന്തരം കാടുകയറാനുള്ള താത്പര്യം കാരണം ശിക്കാരി ശംഭുവെന്ന് വിളിപ്പേര് ഒപ്പം നിന്നു. സുഹൃത്തുക്കൾ ശംഭുവെന്നു തന്നെയാണ് സജീവിനെ വിളിച്ചിരുന്നതും.ഈ വിളിപ്പേര് പോലെ തന്നെ കാടും മലയുമായി ബന്ധപ്പെട്ട അഡ്വ വെൻച്വർ ആക്ടിവിറ്റീസിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് പ്രിയങ്കരമായിരുന്ന ശംഭുവിന്റെ വേർപാട് സുഹൃത്തുക്കളെ നടുക്കുകയാണ്. സജീവിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ മിക്കവരും മരണമറിഞ്ഞു കൊച്ചിയിൽ എത്തിയിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ സീനിയർ റിപ്പോർട്ടറായിരുന്നു സജീവ് കുമാർ. പിആർ ഏജൻസികളോടുള്ള കമ്പം മൂത്തപ്പോഴാണ് മാധ്യമ പ്രവർത്തകൻ എന്ന ലാവണം വിട്ടു പിആർ രംഗത്തേക്ക് ഇറങ്ങുന്നത്. ടൈംസ് ഓഫ് ഇന്ത്യ വിട്ടപ്പോൾ പെർഫെക്ട് റിലേഷൻസ് എന്ന പിആർ ഏജൻസിയിൽ ജോയിൻ ചെയ്തു. അവിടെ നിന്നും രാജിവച്ചാണ് തിരുവനന്തപുരത്ത് പിആർ ഏജൻസിയായ തോട്ട് ഫാക്ടറി ആരംഭിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുൻപാണ് സജീവ്കുമാർ തോട്ട് ഫാക്ടറി തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. പിന്നീട് പടിപടിയായ വളർച്ചയാണ് തോട്ട് ഫാക്ടറിക്ക് കൈവന്നത്. ഇപ്പോൾ കേരളത്തിലെ റിലയൻസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയായി മാറിയ ഭാര്യ അനുപ മുൻപ് സജീവിനൊപ്പം തോട്ട് ഫാക്ടറിയിൽ സജീവമായിരുന്നു. റിലയൻസിൽ ചേർന്നതിനു ശേഷമാണ് അനുപ സജീവമായ ജോലികളിൽ നിന്നും പിൻവാങ്ങിയത്.

പിന്നീടും കൊച്ചിയിലും ദുബായിലും തോട്ട് ഫാക്ടറിക്ക് ഓഫീസുകളും വന്നു. പ്രതിഭയുടെ തിളക്കം കൈമുതലാക്കിയുള്ള സജീവ്കുമാറിന്റെ പ്രയത്‌നത്തിന്റെ നിറവിലാണ് കേരളത്തിലെ മുൻനിര പിആർ ഏജൻസിയായി തോട്ട് ഫാക്ടറി മാറുന്നത്. വിസ്മയം ജനിപ്പിക്കുന്ന ഇടപെടൽ നടത്തിയാണ് മറ്റു പിആർ ഏജൻസികളിൽ നിന്നും പേര് സൂചിപ്പിക്കുന്ന പോലെ തോട്ട് ഫാക്ടറിയെ സജീവ്കുമാർ വ്യത്യസ്ഥമാക്കി മാറ്റിയത്.

കേരള ബ്ലാസ്റ്റെഴ്‌സ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, മിൽമ. കെൽ തുടങ്ങിയ ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ പിആർ ഏജൻസിയാണ് തോട്ട് ഫാക്ടറി. ചെറിയ കാര്യങ്ങൾ പോലും മറ്റുള്ളവരുടെ കൂടി അഭിപ്രായം തേടി ചെയ്തിരുന്നതിനാൽ പൊതുവേ സുസമ്മതനായിരുന്നു. ക്രിയാത്മകമായ പങ്കാളിത്തമാണ് തോട്ട് ഫാക്ടറിയെ വ്യത്യസ്തമാക്കിയത്. അതുകൊണ്ട് തന്നെയാണ് വൻകിട- മുൻനിര കമ്പനികൾ വാർത്തകൾ തയ്യാറാക്കാനും വിതരണത്തിനും സജീവ്കുമാറിന്റെ സഹായം തേടിയത്.

ഐടി മേഖലയിലാണ് തോട്ട് ഫാക്ടറി അറിയപ്പെട്ടത്. ഒട്ടനവധി സ്റ്റാർട്ട് അപ്പുകൾക്കാണ് പണം വാങ്ങിക്കാതെ സജീവ്കുമാർ സഹായം നൽകിയത്. അതുകൊണ്ട് തന്നെ ഐടി മേഖലയിലെ സ്റ്റാർട്ട് അപ്പുകൾ യാതൊരു മടിയും കൂടാതെ തോട്ട് ഫാക്ടറിയുടെ സഹായം തേടിയത്. മാധ്യമ പ്രവർത്തകനായതിനാൽ വാർത്തകളുടെ മർമ്മം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. കവിയും സാഹിത്യാസ്വാദകൻ കൂടിയായതിനാൽ തോട്ട് ഫാക്ടറിയുടെ വാർത്തകൾക്ക് ആ രീതിയിലുള്ള ടച്ച് കൂടി സജീവ്കുമാർ നൽകി.

വാർത്തയുമായുള്ള സവിശേഷ ബന്ധം നിലനിർത്താൻ ഐടി മേഖല കേന്ദ്രീകരിച്ചുള്ള ഒരു ന്യൂസ് പോർട്ടൽ കൂടി സജീവ്കുമാർ ആരംഭിച്ചിരുന്നു. തോട്ട് ഫാക്ടറിക്ക് സമാന്തരമായാണ് ഈ ന്യൂസ് പോർട്ടലും പ്രവർത്തിച്ചിരുന്നത്. സജീവ്കുമാറിന്റെ സംസ്‌കാരം ഇന്നു ഉച്ച തിരിഞ്ഞ് കൊച്ചിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP