Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിപക്ഷ നേതായിരിക്കവെ നിയമസഭയിൽ വച്ച് സാരി വലിച്ചു പറിച്ച് ഡിഎംകെക്കാർ നാണംകെടുത്തി; മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് പറഞ്ഞ് നിയമസഭ വിട്ട ജയലളിത ദ്രൗപദിയെപ്പോലെ വാക്കുപാലിച്ചു; പുരട്ചി തലൈവരുടെ ഇദയക്കനി ഏറെ വൈകാതെ പുരട്ചി തലൈവിയായ കഥ

പ്രതിപക്ഷ നേതായിരിക്കവെ നിയമസഭയിൽ വച്ച് സാരി വലിച്ചു പറിച്ച് ഡിഎംകെക്കാർ നാണംകെടുത്തി; മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്ന് പറഞ്ഞ് നിയമസഭ വിട്ട ജയലളിത ദ്രൗപദിയെപ്പോലെ വാക്കുപാലിച്ചു; പുരട്ചി തലൈവരുടെ ഇദയക്കനി ഏറെ വൈകാതെ പുരട്ചി തലൈവിയായ കഥ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജസഭയിലേക്ക് മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചും ചേലയഴിച്ചും തന്നെ അപമാനിച്ച ദുശ്ശാസനന്റെ ചോരപുരട്ടിയേ ഇനി മുടികെട്ടൂ എന്ന് ശപഥമെടുത്ത പാഞ്ചാലി. തന്റെ ഭർത്താവിനെ ചിലമ്പുമോഷ്ടിച്ച കള്ളനാക്കിയതിന് മുലപറിച്ചെറിഞ്ഞ് മധുര രാജ്യത്തെ ചുട്ടെരിച്ച കണ്ണകി. മഹാഭാരതത്തിലേയും ചിലപ്പതികാരത്തിലേയും പ്രതികാര ദുർഗകളേപ്പോലെ തമിഴകത്തിന്റെ രാഷ്ട്രീയ ലോകത്ത് ഒരു അപമാനിക്കപ്പെടലിന്റേയും അതിനുള്ള പ്രതികാരത്തിന്റേയും കഥയുണ്ട് ജയലളിതയെന്ന മക്കളുടെ മനസ്സിലെ പുരട്ചി തലൈവിക്ക്.

പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തെത്തുകയും താരമന്നൻ എംജിആറിന്റെ നായികയായി മാറുകയും ചെയ്തതിലൂടെ തമിഴ് മക്കളുടെ മനസ്സിലും ജയലളിത അദ്ദേഹത്തിന്റെ പങ്കാളിയായി മാറുകയായിരുന്നു. എംജിആർ തന്നെയാണ് ജയയെയും തമിഴ് രാഷ്ട്രീയ ലോകത്തേക്ക് എത്തിക്കുന്നത്. 1982ലായിരുന്നു ഇത്. നന്നായി ഇംഗഌഷ് പ്രാവീണ്യമുള്ള ജയലളിതയെ ആദ്യം പാർട്ടി പ്രചാരകയായി നിയോഗിച്ചെങ്കിലും പാർലമെന്റിൽ പാർട്ടിയുടെ ശബ്ദമായി മാറുന്നതിന് എംജിആർ തന്നെ രണ്ടുവർഷത്തിനകം അവരെ രാജ്യസഭാംഗമാക്കി.

പക്ഷേ, എംജിആറിന്റെ മരണശേഷം ജയലളിതയെ ശവമഞ്ചത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ട് അപമാനിച്ചതോടെതന്നെ പാർട്ടിയിലെ പിളർപ്പിന് തുടക്കമായി. പാർട്ടി രണ്ടായി. എംജിആറിന്റെ ഭാര്യ ജാനകീ രാമചന്ദ്രന്റെയും ജയലളിതയുടേയും കീഴിൽ രണ്ടു ഘടകങ്ങളായെങ്കിലും ജനമനസ്സിൽ യഥാർത്ഥ ഭാര്യയല്ല തലൈവരുടെ അനന്തരാവകാശിയെന്നും മറിച്ച് വെള്ളിത്തിരയിലെ പങ്കാളിയാണ് ഞങ്ങളുടെ നേതാവെന്നും ജനം വിധിയെഴുതി. ഇതോടെ
എംജിആറിന്റെ മരണശേഷം ജയലളിത തമിഴകത്തിന്റെ നിയമസഭാ രാഷ്ട്രീയരംഗത്ത് സജീവമായി.

രാജസഭാ മണ്ഡലത്തിൽ ദ്രൗപദിയും കണ്ണകിയുമെല്ലാം അപമാനിതരായതുപോലെ ജയലളിതയും തമിഴ്‌നാടിന്റെ നിയമസഭയിൽ അപമാനിതയായത്. 1989ൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പു നയിച്ച് ജയംനേടി സഭയിലെത്തിയതായിരുന്നു ജയലളിത. എന്നാൽ എംജിആറിന്റെ മരണശേഷം പാർട്ടിയിലുണ്ടായ ചേരിതിരിവു മുതലെടുത്ത ഡിഎംകെ അക്കുറി സഭയിൽ ഭൂരിപക്ഷം നേടിയിരുന്നു. കന്നി ഇലക്ഷനിൽ ഡിഎംകെയിലെ മുത്തുമനോകരനെ തോൽപിച്ച് സഭയിൽ എത്തിയ ജയ പ്രതിപക്ഷ നേതാവായി.

ജീവിതത്തിലെ ഏറ്റവും കയ്‌പ്പേറിയ അനുഭവമാണ് സഭയിൽ ജയയ്ക്ക് നേരിടേണ്ടിവന്നത്. തമിഴ്‌നാട് നിയമസഭയ്ക്കുള്ളിൽവച്ച് അവർ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നിൽവച്ച് ഡി.എം.കെ. അംഗങ്ങൾ പ്രതിപക്ഷ നേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തന്നെ നാണിപ്പിച്ച സംഭവമായിരുന്നു.

ഒരുപക്ഷേ പിന്നീട് ജയലളിതയുടെ അടുത്തുപോലും പോകാൻ ഭയപ്പെടുന്ന രീതിയിൽ ജയയുടെ പ്രഭാവം വളർന്നുവെന്നത് മറ്റൊരു കാര്യം. മഹാഭാരതത്തിലെ ദ്രൗപദിയോട് അക്കാലത്ത് മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ജയലളിതയെ ഉപമിച്ചു. 'മുഖ്യമന്ത്രിയായല്ലാതെ ഞാൻ ഈ സഭയിൽ ഇനി പ്രവേശിക്കില്ല' എന്നു പ്രഖ്യാപിച്ച് അന്നു ജയലളിത നിയമസഭ വിട്ടിറങ്ങി. ഇതിനുശേഷം നടന്ന 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും അണ്ണാ ഡിഎംകെ മികച്ച വിജയംനേടി. പിന്നാലെ 1991ൽ ബർഗൂരിൽനിന്നും കങ്കയാമിൽനിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ച് ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടാണ് തന്റെ ശപഥം പാലിച്ച് ജയ സഭയിലെത്തുന്നത്. അതൊരു പ്രതികാരമായിരുന്നു. കരുണാനിധിയോടും തന്നെ അപമാനിച്ച ഡിഎംകെ പ്രവർത്തകരോടുമുള്ള പ്രതികാരം.

പക്ഷേ, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് ജയയെ താഴെയിറക്കാൻ ഡിഎംകെയും കരുണാനിധിയും പല തന്ത്രങ്ങളും പയറ്റി. പല വെട്ടിലും വീണുപോയ ജയലളിതയ്ക്ക് പിന്നത്തെ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. അഴിമതി ആരോപണങ്ങൾ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996ലെ തെരഞ്ഞെടുപ്പ്. അത്തവണ ബർഗൂരിൽനിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്.

2001ൽ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ഝാൻസി ഭൂമിഇടപാടുകളിൽ ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടർന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ൽ ആണ്ടിപ്പെട്ടിയിൽനിന്നു മത്സരിച്ച് വിജയിച്ചു. 2006ൽ ആണ്ടിപ്പെട്ടിയിൽനിന്ന് വിജയിച്ചു. 2011ൽ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി വീണ്ടും മുഖ്യമന്ത്രിയായി.

പക്ഷേ, 2014ൽ അനധികൃത സ്വത്തു കേസിൽപ്പെട്ട് അവർക്ക് നൂറുകോടി രൂപ പിഴയും തടവും ബാംഗഌർ കോടതി ശിക്ഷ വിധിച്ചതോടെ വീണ്ടും അധികാരമൊഴിഞ്ഞു. ഇതിൽനിന്ന് സുപ്രീംകോടതി അവരെ കുറ്റവിമുക്തയാക്കിയതോടെ കഴിഞ്ഞവർഷം സഭാ കാലാവധി തീരുന്നതിന് മുൻപ് അവർ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടു. ആർ.കെ. നഗറിൽനിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എതിരാളിയായി സിപിഐയിലെ സി. മഹേന്ദ്രൻ മാത്രമായിരുന്നു എതിരാളി. സഭയിൽ അപമാനിച്ച നിലയിൽ നിന്ന് തനിക്കെതിരെ ആരെയെങ്കിലും മത്സരിക്കാൻ നിർത്താൻപോലും ഡിഎംകെയും തമിഴ്‌നാട്ടിലെ മറ്റു കക്ഷികളും ഭയക്കുന്ന നിലയിലേക്ക് മൂന്നു പതിറ്റാണ്ടുകൊണ്ട് ജയലളിത വളർന്നുകഴിഞ്ഞിരുന്നു.

ഇങ്ങനെ കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ 88.43 ശതമാനം വോട്ട് നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയ വിജയിച്ചത്. എതിരാളിയായിരുന്ന സിപിഐയിലെ മഹേന്ദ്രന് നേടാനായത് കേവലം 5.3 ശതമാനം വോട്ടുമാത്രം. ഇതിനുശേഷം ഈ വർഷം നടന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് ജയ വീണ്ടും അധികാരം നിലനിർത്തിയതോടെ ഡിഎംകെയുടെ തകർച്ച പൂർണമായ നിലയിലാണ് തമിഴകത്തെ കാര്യങ്ങൾ. ഇപ്പോൾ ഒരു അനിഷേധ്യനേതാവിന്റെ ഉത്തുംഗ ശൃംഗങ്ങൾ കീഴടക്കി, തികഞ്ഞ ഏകാധിപതിയായി, തമിഴകത്തെ രാജ്്ഞിയായി ജയ മാറിക്കഴിഞ്ഞ വേളയിലാണ് അവർ രോഗത്തിന് കീഴ്‌പെടുന്നത്. തന്നെ കേസിൽ കുടുക്കി അറസ്റ്റുചെയ്ത് ആദ്യമായി ജയിലിലടച്ച കരുണാനിധിയേയും മക്കളേയും തിരികെ അധികാരത്തിലെത്തിയപ്പോൾ കേസുകളിൽ അറസ്റ്റുചെയ്ത് ജയിലിട്ടതും അവരുടെ പ്രതികാരത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന സംഭവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP