Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ചു; കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനും ഗായകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംമൂലം ആ പേര് സ്വീകരിച്ചു; ചുംബന സമരം തൊട്ട് കന്യാസ്ത്രീകളുടെ സമരത്തിൽവരെ പങ്കെടുത്ത മൂൻ നക്സലൈറ്റ്; അന്തരിച്ച ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ

ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ചു; കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനും ഗായകനുമായ നജ്മൽ ബാബുവിനോടുള്ള സ്നേഹംമൂലം ആ പേര് സ്വീകരിച്ചു; ചുംബന സമരം തൊട്ട് കന്യാസ്ത്രീകളുടെ സമരത്തിൽവരെ പങ്കെടുത്ത മൂൻ നക്സലൈറ്റ്; അന്തരിച്ച ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അന്തരിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തകനായ ടി എൻ ജോയ് എക്കാലവും സമരങ്ങളുടെയും സംവാദങ്ങളുടെയും വേറിട്ട ചിന്തകളുടെയും സഹയാത്രികൻ ആയിരുന്നു. ഹിന്ദുത്വ വർഗീയവാദികളെ ശക്തമായി എതിർത്തിട്ടും എല്ലാവരും തന്നെ ഹിന്ദുവായി പരിഗണിക്കുന്നതിൽ മനംനൊന്ത് ഇസ്ലാം ആശ്ലേഷിച്ച്് നജ്മൽ ബാബുവെന്ന് പേരുമാറ്റിയ ഈ മൂൻ നക്സലൈറ്റ് ചുംബന സമരം തൊട്ട് ഈയിടെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ വരെ സജീവമായിരുന്നു.

ഹിന്ദുത്വ-വർഗീയ വാദങ്ങളെ ശക്തമായി എതിർത്തിട്ടും ഹിന്ദുവായി തന്നെയാണ് എല്ലാവരും പരിഗണിക്കുന്നത് എന്നതിൽ മനം മടുത്ത് ഇസ്ലാം മതം സ്വീകരിച്ചതായി മൂന്നുവർഷം മുമ്പ് ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ച് ഇദ്ദേഹം സകലരെയും ഞെട്ടിച്ചിരുന്നു. ഇനി മുതൽ തന്റെ പേര് നജ്മൽ എൻ ബാബു എന്നാണെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിച്ചു. തികച്ചും വ്യക്തിപരമാണ് ഈ തീരുമാനം. തന്റെ കുടുംബത്തിലെ മറ്റുള്ളവർ സ്വന്തം മതവിശ്വാസങ്ങൾ തുടരുന്നതിനോട് എതിർപ്പില്ലെന്നും ടി.എൻ ജോയ് പറഞ്ഞു. പ്രമുഖ ഗസൽ ഗായകനും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകനുമായ നജ്മൽ ബാബുവിനോടുള്ള സ്‌നേഹംകൊണ്ടാണ് നജ്മൽ എൻ ബാബു എന്ന പേര് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

ഞാൻ ഹിന്ദു മതത്തിലെ ഈഴവ സമുദായത്തിലാണ് ജനിച്ചത്. എന്നാൽ യാതൊരു മതവിശ്വാസങ്ങളുമായി ബന്ധം പുലർത്തിയിരുന്നില്ല. ബാബറി മസ്ജിദ് തകർത്ത സംഭവത്തിന് ശേഷം ഹിന്ദു വർഗ്ഗീയ സംഘടനകളെ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഹിന്ദു സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിനോടുള്ള കടുത്ത എതിർപ്പാണ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്' - നജ്മൽ എൻ ബാബു എന്ന ടി.എൻ.ജോയ് പറഞ്ഞു. 2015 ഏപ്രിൽ ഒമ്പതിന് മതം മാറിയെന്ന് വ്യക്തമാക്കുന്ന ഫോട്ടോയോടെയാണ് ജോയ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഫേസ്‌ബുക്ക് അക്കൗണ്ടിലെ തന്റെ പേരും ഇദ്ദേഹം നജ്മൽ എൻ ബാബു എന്നാക്കി മാറ്റിയിട്ടുണ്ട്.

മുസ്ലിം സുഹൃത്തുക്കളുടെ ക്ഷണത്തെ തുടർന്ന് ഇഫ്താർ വിരുന്നുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഹിന്ദു സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നത് പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ തന്റെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മതം മാറ്റത്തിന് രണ്ട് വർഷം മുമ്പ് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാർക്ക് അപേക്ഷ നൽകിയിരുന്നു. അവർ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നമുണ്ടാക്കിയിരുന്നു.

സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന പിതാവ് നീലകണ്ഠദാസാണ് പേരിലൂടെ ജനിച്ച മതം അറിയരുതെന്ന ഉദ്ദേശ്യത്തിൽ ടി എൻ ജോയ് എന്ന പേരിട്ടത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സങ്കേതമായിരുന്നു ഇദ്ദേഹത്തിന്റെ വീട്. നീലകണ്ഠദാസ് അദ്ധ്യാപകനും പേരുകേട്ട വൈദികനും സംസ്‌കൃത പണ്ഡിതനുമായിരുന്നു. അയിത്താചരണത്തിനും ജാതിവിവേചനത്തിനും എതിരേ ശക്തമായി പ്രതികരിക്കുന്ന പിതാവിനെ കണ്ടുകൊണ്ടാണ് നജ്മൽ ബാബു വളർന്നത്.സിപിഐ. നേതാവായിരുന്ന ടി.എൻ കുമാരൻ, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണൻ, ടി.എൻ വിമലാദേവി, ടി.എൻ സുശീലാദേവി എന്നിവർ സഹോദരങ്ങളാണ്

നക്‌സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ജോയ് 1970-74 കാലഘട്ടത്തിൽ സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുകൊടിയ മർദനവും ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം സിപിഐഎം.എൽ വിടുകയും സാമൂഹിക പ്രവർത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവമാവുകയും ചെയ്തു.

അടിയന്തരാവസ്ഥാ പീഡിതർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൊച്ചിയിൽ 'കിസ് ഓവ് ലവ്' നടത്തിയ ചുംബനസമരത്തിലും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് അടക്കം സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.സൂര്യഗാന്ധി ബുക്സ് എന്ന പേരിൽ പ്രസിദ്ധീകരണം നടത്തിയിരുന്നു. ഗ്രാംഷിയുടേയും മറ്റും കൃതികൾ ആദ്യമായി മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത് സൂര്യഗാന്ധി ബുക്ക്സ് ആയിരുന്നു.

ഞങ്ങളെല്ലാം ജനിച്ചത് റെബലുകൾ ആയിട്ടാണ്

ഈഴവരായി ജനിച്ചുവെന്നതുകൊണ്ടുമാത്രം വിവേചനം അനുഭവിച്ചറിഞ്ഞ തലമുറയുടെ കാലം ജോയി ഇടക്കിടെ പറയാറുണ്ടായിരുന്നു.ഫ്യൂഡൽ പാരമ്പര്യം വെളിവാക്കുന്ന ആചാരങ്ങളുടെ കാലമായിരുന്നു അന്ന്. തൊട്ടടുത്ത് ഒരു നായർ സമുദായത്തിൽപെട്ട ഒരു ഡോക്ടറുണ്ടായിരുന്നു. കീഴ്ജാതിക്കാർ എന്നു പൊതുവെ അറിയപ്പെട്ടിരുന്നവർ ആ ഡോക്ടറെ തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത്. ഇത് അംഗീകരിക്കാൻ സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തിൽ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്ഠദാസിനാവുമായിരുന്നില്ല. എന്നാൽ പ്രതിഷേധത്തിന് അദ്ദേഹം മറ്റൊരു മാതൃകയാണ് സ്വീകരിച്ചത്. ഒരു പട്ടിയെ വാങ്ങി അതിന് തമ്പുരാൻ എന്നു പേരിട്ടു. പട്ടിയെ തമ്പുരാൻ എന്നു വിളിക്കാൻ നാട്ടുകാർ, അതും കീഴ്ജാതിയിൽപ്പെട്ടവർ നിർബന്ധിതരായി. ഇത്തരത്തിൽ ഒട്ടേറെ പ്രതിഷേധങ്ങളുടെ കഥകൾ കേട്ടുകൊണ്ടാണ് ജോയിയും ഹോദരങ്ങളും വളർന്നത്. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാം ജനിച്ചത് റെബലുകൾ അഥവാ കമ്മ്യൂണിസ്റ്റുകളായിട്ടാണ്.

സിപിഐ. നേതാവായിരുന്ന ടി.എൻ.കുമാരൻ, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണൻ, ടി.എൻ. വിമലാദേവി, ടി.എൻ. സുശീലാദേവി, പിന്നെ താൻ. അമ്മ ദേവയാനിയും അച്ഛന്റെ ആശയങ്ങൾക്കൊപ്പം നിന്നു. കമ്മ്യൂണിസ്റ്റുകാരികളായതിനാൽ ജോലിവരെ നഷ്ടപ്പെട്ടവരാണ് സഹോദരിമാർ. പിന്നീട് കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അവർ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചത്. ഇങ്ങനെ നിരന്തരം പോരാടിക്കൊണ്ടിരുന്ന ചരിത്രത്തിന്റെ ഇടങ്ങളിലാണ് ജോയ് എന്ന ചെറുപ്പക്കാരന്റെ വളർച്ച. ഔപചാരികമായി കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു. കാരണം ഞങ്ങൾ ജനിച്ചതേ കമ്മ്യൂണിസ്റ്റായിട്ടാണ്. അതുകൊണ്ടാവണം ജോയ് എന്ന് തനിക്കും അയിഷയെന്ന് അമ്മാവന്റെ മകൾക്കും അച്ഛൻ പേരിടുന്നത്.

ജോയ് എന്ന പേര് ഒരു ഈഴവച്ചെറുക്കന്. അത് അന്നത്തെ കാലത്ത് അത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ സെക്കുലർ ആയിരുന്ന ഒരു കുടംബബോധത്തിൽനിന്ന് വന്ന തനിക്ക് ജോയ് എന്ന പേര് ഒരു പ്രശ്‌നമായിരുന്നില്ല. ആദ്യകാലത്ത് പള്ളിയിൽ വേദപഠനത്തിനും പോയി. മതബോധനക്ലാസുകളിൽ പോയതുകൊണ്ട് നിലവിലുള്ളതിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായി എന്നു തോന്നിയിട്ടുമില്ല. തന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാർ ഏറെയും മുസ്ലിം സഹോദരങ്ങളായിരുന്നു. അങ്ങനെ അല്പം അറബി പഠിക്കാനും കഴിഞ്ഞു. ജാതീയവും വംശീയവുമായ അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു അത്. അതുപോലെ നൃത്തം, സംഗീതം എന്നിവയും പഠിച്ചു. ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിന്റെ ഭാഗമായിരുന്നു. വിപ്ലവപ്രവർത്തനത്തിനു വിടനൽകിയ കാലത്താണ് സംഗീതം പഠിക്കണമെന്ന പൂതി കലശലായത്. പിന്നെ രമേശ് നാരായണനു കീഴിൽ രണ്ടുവർഷം ഹിന്ദുസ്ഥാനി സംഗീതത്തിൽ ശിഷ്യനായി. ചാലക്കുടി ഗണപതിയുടെ കീഴിൽ പുല്ലാങ്കുഴൽ വാദനവും അഭ്യസിച്ചു. പൂജാരിയാവാനും ഇടയ്ക്ക് പഠിച്ചു. പൂജാരിയായില്ലെന്നു മാത്രം. കുഞ്ഞുനാളിൽ നൃത്തം പഠിക്കാനും പോയിരുന്നു. കൊടുങ്ങല്ലൂർകാരിയായ അന്തരിച്ച നടി വിലാസിനിയായിരുന്നു ഗുരു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഷറഫ് പടിയത്തിനുവേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പങ്കെടുത്തതാണ് തന്റെ വിദ്യാർത്ഥിസംഘടനാബന്ധമെന്ന് ജോയ് പറഞ്ഞിട്ടുണ്ട്. അന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷനായിരുന്നു. നക്‌സൽബാരി സമരത്തെത്തുടർന്നാണ് തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചത്. നക്‌സലേറ്റ് പ്രസ്ഥാനം ഗുരുതരമായ അടിച്ചമർത്തൽ നേരിട്ട ആദ്യഘട്ടത്തിൽ സംഘടനയെ വളർത്താൻ ശ്രമിച്ചതിൽ താനും ഒരു പങ്കാളിയായി. ഒരു കാലത്തും നേതാവാകാൻ ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും ആഗ്രഹമില്ല. വെറും അനുയായിയാകാനും താനൊരുക്കമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാലമാകുമ്പോഴേക്കും ജയിലിൽ പോകാനുള്ള അത്ര ആളുകളെ സംഘടിപ്പിക്കുവാനായി. പറവൂർകാരനായ എം.എസ്. ജയകുമാറും ചേർന്നാണ് പ്രവർത്തകരെ സംഘടിപ്പിച്ചത്. ഭാസുരേന്ദ്രബാബുവിനെപ്പോലുള്ളവരെ സംഘടിപ്പിക്കന്നതും താനാണ്.

1976 മാർച്ചിലാണ് ജോയ് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം കിഴക്കേ കോട്ടയിൽനിന്നു പൊലീസ് പിടികൂടി. നേരെ ശാസ്താംകോട്ട പൊലീസ് ക്യാമ്പിലേക്ക്. പിന്നെ കൊടിയ മർദനമായിരുന്നു. അതിനുമുമ്പ് 1974 മുതൽ ജോയ് ഒളിവിലായിരുന്നു. 1970-74ൽ സിപിഐ. (എം.എൽ) സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് അദ്ദേഹം അറിയപ്പെട്ടത് അനുഭാവികളുടെ സെക്രട്ടറിയെന്നാണ്. അഷ്ടമിച്ചിറയിൽ ഗാന്ധിപ്രതിമ തകർത്ത സംഭവത്തെ തുടർന്നാണ് ഒളിവുജീവിതം. അക്കാലത്തുകൊടുങ്ങല്ലൂരിലടക്കം എം.എൽ. പ്രസ്ഥാനം ശക്തമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തുകൊടുങ്ങല്ലൂർ മേഖലയിൽനിന്നു മാത്രം 22 നക്‌സലൈറ്റുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുമ്പളം കേസിൽപ്പെട്ട് ജയിലിൽ കിടക്കുമ്പോൾ കെ.എൻ. രാമചന്ദ്രൻ, കെ.വേണു, എൻജീനിയർ മോഹൻകുമാർ, ഏലൂരിലെ നടേശൻ തുടങ്ങിയവരായിരുന്നു സഹതടവുകാർ.

പിന്നീടുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു

'മൂന്നുവർഷത്തെ ജയിൽവാസം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ രാഷ്ട്രീയത്തിൽ എല്ലാം തികഞ്ഞ അവസ്ഥയായിരുന്നു. പലരും പല മേഖലകളിൽ. രാഷ്ട്രീയം ആത്മീയതയില്ലാത്ത ഒന്നായി. സമരസപ്പെടാവുന്ന ഒന്നും ഇല്ലാത്ത കാലം. നക്‌സലൈറ്റ് ആയതോടെ ബന്ധുജനങ്ങളുടെ സൗഹൃദങ്ങളിൽ വിള്ളൽ വീണിരുന്നു. ഒരു തരം ബഹിഷ്‌കൃതൻ. എന്നാൽ അടിയന്തരാവസ്ഥാനന്തരം പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിച്ചില്ല. പകരം അടിന്തരാവസ്ഥാ തടവുകാരെ വിട്ടയക്കാനുള്ള പ്രക്ഷോഭത്തിന്റെ ഒപ്പംനിന്നു. നേതാവാകാൻ താൽപര്യമില്ലായിരുന്നു. അത് സ്വാസ്ഥ്യം തരുമായിരുന്നില്ല. എന്നാൽ ഒരുതരം നൈതികജാഗ്രതയാണ് തന്നെ നയിച്ചത്.'- അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് മാർകിസവും നക്സലിസവും ഉപേക്ഷിച്ച അദ്ദേഹം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. നിരവധി രാഗികൾക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തകനായും അദ്ദേഹം മാറി. വീടും കൂടുമില്ലാത്ത ഈ പഥികന് അത്താണിയും ശൃംഗപുരം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് എതിർവശത്തെ ഹെൽത്ത് കെയർ ഇൻസ്റ്റിയൂട്ട് എന്ന സ്ഥാപനംതന്നെ. സമൂഹത്തിന്റെ ഉച്ഛനീചത്വങ്ങൾക്കെതിരായ പ്രവർത്തനം നടത്തുന്നതിനിടയിൽ വിവാഹമെന്ന സങ്കല്പം പോലും മുന്നിലുണ്ടായിരുന്നില്ല. യുവത്വം ജയിലിൽ കഴിച്ച ജോയ് ഇന്നും അവിവാഹിതനാണ്. ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ കൂടെപ്പഠിച്ചിരുന്ന സുന്ദരിമാരൊക്കെ വിവാഹിതരായെന്നാണ് ഒരിക്കൽ അദ്ദേഹം തമാശയായി പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP