Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളികളെ കരയിച്ച പെരുമഴക്കാലം.. മലബാറിന്റെ തിന്മയും നന്മയും തിരിച്ചറിഞ്ഞ വിമർശന ചിത്രമായ കാണാക്കിനാവ്.. മമ്മൂട്ടിയെ പ്രിയപ്പെട്ട ജ്യേഷ്ഠനാക്കിയ രാപ്പകലും ബസ് കണ്ടക്ടറും..: ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ മനസ്സിൽ തൊട്ട് കഥപറച്ചിലുകൾ പരിചയപ്പെടാം..

മലയാളികളെ കരയിച്ച പെരുമഴക്കാലം.. മലബാറിന്റെ തിന്മയും നന്മയും തിരിച്ചറിഞ്ഞ വിമർശന ചിത്രമായ കാണാക്കിനാവ്.. മമ്മൂട്ടിയെ പ്രിയപ്പെട്ട ജ്യേഷ്ഠനാക്കിയ രാപ്പകലും ബസ് കണ്ടക്ടറും..: ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ മനസ്സിൽ തൊട്ട് കഥപറച്ചിലുകൾ പരിചയപ്പെടാം..

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: മലബാർ മുസ്ലിംങ്ങൾക്കിടയിൽ സിനിമാകമ്പം വ്യാപിപ്പിക്കുന്നതിൽ ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ ശക്തമായ ഇടപെടലുണ്ട്. മലബാറിന്റെ മനസു തൊടുന്നു ചിത്രങ്ങളുടെ തിരക്കഥാകൃത്തായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കഥപറച്ചിലിൽ ഏറെ ശ്രദ്ധേയമായത് നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ പെരുമഴക്കാലം എന്ന ചിത്രമാണ്. മലയാളികളെ ഏറെ കരയിപ്പിച്ച ജീവിതഗന്ധിയായ ഈ ചിത്രം റസാഖിന്റെ തൂലികയിൽ ഏറ്റവും മികച്ചു നിൽക്കുന്നതാണ്. ഓർമകളുടെ പെരുമഴക്കാലത്തേക്ക് സൂക്ഷിച്ച് വയ്ക്കാൻ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ചാണ് അദ്ദേഹം ജീവിതത്തിൽ നിന്നും മടങ്ങുന്ന്. മുപ്പത് തിരക്കഥകളാണ് റസാഖിന്റെ തൂലികയിൽ വിരിഞ്ഞത്.

അതാണ് മലയാള സിനിമയ്ക്ക് ടി.എ.റസാഖിന്റെ സംഭാവന. പക്ഷേ, മുപ്പതും മലയാളികളുടെ മനസിലുണ്ട് എന്നതാണ് ആ എഴുത്തിന്റെ വലുപ്പം. തിന്മകൾ തുറന്നുകാട്ടിയും നന്മകളെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചും റസാഖിന്റെ രചനകൾ മുന്നോട്ടുള്ള കാലത്തും നമുക്ക് വഴികാട്ടും. 1987 ൽ എ.ടി. അബുവിന്റെ ധ്വനി എന്ന സിനിമയിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. ജി.എസ്. വിജയന്റെ ഘോഷയാത്രയ്ക്ക് തിരക്കഥയൊരുക്കി റസാഖ് കഥാകഥനത്തിൽ സ്വന്തം ഇടം കണ്ടെത്തി. കമലിന്റെ വിഷ്ണുലോകം റസാഖിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. സിബിമലയിൽ സംവിധാനം ചെയത കാണാക്കിനാവിലൂടെ ഒരേ വർഷം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി!. ഒന്ന് തിരക്കഥയ്ക്കും മറ്റൊന്ന് പ്രമേയത്തിനും. ഗസൽ ആണ് റസാഖിലെ വിപ്ലവകാരിയെ മലയാളത്തിനു പരിചയപ്പെടുത്തിയത്. സമുദായത്തിലെ ജീർണതകൾക്കെതിരെ ചലിച്ച ആ തൂലിക ഗസലിനെ മലയാളസിനിമയിലെ മറക്കാനാകാത്ത അനുഭവമാക്കി.

സിബി മലയിലിനുവേണ്ടി എഴുതിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിന് 2001ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം. കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം 2004ൽ രാജ്യത്തെ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ മുപ്പതോളം നല്ല ചിത്രങ്ങൾക്ക് റസാഖ് തിരക്കഥയൊരുക്കി. ഇതിനിടെ മൂന്നാം നാൾ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്തു. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കി ചിത്രങ്ങളായിരുന്നു ടി എ റസാഖിന്റേത്.

2016ൽ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം. റജി പ്രഭാകർ എന്ന പുതുമുഖമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇടക്കാലത്ത് ചലച്ചിത്ര ഗാനരചനയിലും കൈവച്ചു. 2007ൽ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ 'മാനത്ത് ചന്തിരനുണ്ടോ...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ റസാഖിന്റേതാണ്. വിഷ്ണുലോകം, നാടോടി, ഘോഷയാത്ര, ഗസൽ, കാണാക്കിനാവ്, താലോലം, ഉത്തമൻ, വാൽക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകൽ, ബസ്സ് കണ്ടക്ടർ, പരുന്ത്, മായാ ബസാർ, ആയിരത്തിൽ ഒരുവൻ, പെൺപട്ടണം, സൈഗാൾ പാടുകയാണ്, മൂന്നാം നാൾ ഞായറാഴ്ച തുടങ്ങിയവ റസാഖിന്റെ തൂലികയിൽ വിരിഞ്ഞ ചിത്രങ്ങളാണ്.

മലബാറിലെ മുസ്‌ലിം കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ റസാഖ് ഗ്രാമീണതയുടെ നന്മ വാക്കിലും കഥാപാത്രങ്ങളിലും നിറച്ചു. കരൾ പകുത്ത് നൽകാനുള്ള സൗഹൃദങ്ങളുണ്ടെങ്കിലും കാത്തുനിൽക്കാൻ കാലത്തിന്റെ തിരക്കഥയിൽ റസാഖിന് രംഗങ്ങൾ ബാക്കിയുണ്ടായിരുന്നില്ല.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ടി എ റസാഖിന്റെ തിരക്കഥയിൽ മികച്ച അഭിനയം കാഴ്‌ച്ചവച്ചത് റസാഖിന്റെ തിരക്കഥയിലാണ്. അവസാന കാലത്ത് അദ്ദേഹം രചിച്ച്'സുഖമായിരിക്കട്ടെ എന്ന ചിത്രവും ഏറെ സാമൂഹ്യ വിമർശനങ്ങൾ നിറഞ്ഞതായിരുന്നു. സുഖമായിരിക്കട്ടെ എന്ന ചിത്രം മതസ്പർധ വളർത്തുന്ന മതനേതാക്കൾക്കെതിരെയുള്ള ശക്തമായ വിമർശമായിരുന്നു. ടി.എ. റസാഖിന്റെ തൂലിക എന്നും സാമുദായിക വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ മൂർച്ച കൂടുന്നതായിരുന്നു. ഗസലും കാണാക്കിനാവും പെരുമഴക്കാലവും കഴിഞ്ഞ് സുഖമായിരിക്കട്ടെയിലെത്തുമ്പോൾ ജാതി മതാതീതമായ മനുഷ്യസ്‌നേഹത്തിൽ തന്നെയായിരുന്നു റസാഖ് ഊന്നിയിരുന്നത്.

നാടകങ്ങളിലൂടെ വളർന്നുവന്ന എഴുത്തായിരുന്നു റസാഖിന്റേത്. സിനിമകളിലും നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അനുവാചക മനസ്സിനെ ദുഃഖസാന്ദ്രമാക്കുന്നതിനൊപ്പം ചിന്തിക്കാൻ എന്തെങ്കിലും ഉണ്ടാക്കുക എന്നതായിരുന്നു റസാഖിന്റെ രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. റെജി പ്രഭാകർ സംവിധാനം ചെയ്ത സുഖമായിരിക്കട്ടെ ആയിരുന്നു റസാഖ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം. സ്വന്തം ചിത്രം പോലെ കൂടെ നിന്ന് അതിന്റെ പ്രിവ്യൂ ഷോയ്ക്ക് വരുമ്പോൾ റസാഖ് ക്ഷീണതനായിരുന്നു. എന്നാൽ, വാക്കുകൾക്കും സംഭാഷണങ്ങളുടെ ആർജവം നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.

സലിംകുമാർ നിർമ്മിച്ച് ടി.എ. റസാഖ് സംവിധാനം ചെയ്ത മൂന്നാംനാൾ ഞായറാഴ്ച എന്നൊരു ചിത്രം അടുത്തിടെ പുറത്തിറങ്ങി. തിയ്യറ്ററിൽ ചലനമുണ്ടാക്കാനായില്ല. പക്ഷേ, ദളിതർ അനുഭവിക്കുന്ന അവഗണനയുടെ നീറുന്നൊരു ചിത്രമായിരുന്നു ഇത്. കച്ചവട സിനിമകൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ഇത്തരം ആശയങ്ങൾ തന്റെ രചനയിൽ കൊണ്ടുവന്നു എന്നിടത്താണ് റസാഖ് വ്യതസ്തനാവുന്നത്.

ഗസൽ ,വിഷ്ണുലോകം കാണാക്കിനാവ് സിനിമകൾ മാത്രം മതി ടി എ റസാഖ് എന്ന കഥാകൃത്തിന്റെ കഴിവും പരപ്പും മനസിലാക്കാൻ. മുസ്ലിം സമൂഹത്തിന്റെ അകത്തുള്ള വിചാരണകളെ പോലും പുറത്തുകൊണ്ടുവന്ന കലാകാരൻ ആയിരുന്നു റസാഖ്. അനിയൻ ടി എ ഷാഹിദ് തിരക്കഥ എഴുതിയ ബാലേട്ടൻ ആണ് മോഹൻലാലിനെ ഒരിടക്കു സിനിമയിൽ വൻ തിരിച്ചു വരവിന് വഴി ഒരുക്കിയത്. മനുഷ്യ ജീവിതത്തിലെ നിഷ്‌കളങ്കമായ സ്‌നേഹവും, ജീവിതവും, പകയുമെല്ലാം മതങ്ങൾക്കും അതീതമായി മലയാളികളെ കാണിച്ച കലാകാരൻ ഇനിയില്ല. ഓർമ്മകളിൽ മലയാളികൾ ഒരിക്കലും മറക്കാത്ത. ഒരു പിടി ചിത്രങ്ങൾ നൽകി യാത്രയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP