Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന് തുടങ്ങുന്ന ഒറ്റ പ്രസംഗം കൊണ്ട് ആ നാടിന്റെ ഹൃദയം കവർന്ന വാഗ്മി; 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് ഉറക്കെപ്പറഞ്ഞ് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ പോരടിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്; ബ്രഹ്മചര്യം ആരോഗ്യത്തെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ മനീഷി; ഇന്ന് സ്വാമി വിവേകാനന്ദന്റെ 118ാം സമാധി ദിനം

'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന് തുടങ്ങുന്ന ഒറ്റ പ്രസംഗം കൊണ്ട് ആ നാടിന്റെ ഹൃദയം കവർന്ന വാഗ്മി; 'കേരളം ഒരു ഭ്രാന്താലയമാണ്' എന്ന് ഉറക്കെപ്പറഞ്ഞ് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ പോരടിച്ച സാമൂഹിക പരിഷ്‌ക്കർത്താവ്; ബ്രഹ്മചര്യം ആരോഗ്യത്തെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ മനീഷി; ഇന്ന് സ്വാമി വിവേകാനന്ദന്റെ 118ാം സമാധി ദിനം

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും വായിക്കപ്പെട്ട സന്യാസി, അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ഒരു ജനതയെ രക്ഷിക്കാനായ ശക്തമായ ബോധവത്ക്കരണം നടത്തിയ മനീഷി. സ്വാമി വിവേകാനന്ദന്റെ 118-ാം സമാധി ദിനമാണ് ഇന്ന്. 1902 ജൂലൈ 4 വെള്ളിയാഴ്ചയാണ്, ശ്രീരാമകൃഷ്ണ പരമഹംസന്റെ ശിഷ്യനായിരുന്ന, ശ്രീരാമകൃഷ്ണ മഠവും ശ്രീരാമ കൃഷ്ണ മിഷനും സ്ഥാപിച്ച ആ വ്യക്തിത്വം ലോകത്തോട് വിടപറഞ്ഞത്.

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്

1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊൽക്കത്തയിൽ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളിൽ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കൾ. നരേന്ദ്രൻ, നരേൻ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവർ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രൻ പാവപ്പെട്ടവർക്കും സന്ന്യാസിമാർക്കും കൈയിലുള്ളതെന്തും നൽകുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കൽ കേട്ടതൊന്നും മറക്കാത്ത രീതിയിൽ അപാരമായ ഓർമശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനിൽ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

വീട്ടിലെത്തി ഒരു ട്യൂട്ടറാണ് പ്രാഥമിക പാഠങ്ങൾ നരേന്ദ്രനെ പഠിപ്പിച്ചത്. ഏഴാം വയസ്സിൽ (1870) നരേന്ദ്രനെ മെട്രോപൊളിറ്റൻ സ്‌കൂളിൽ ചേർത്തു. 1879-ൽ ഹൈസ്‌കൂൾ പരീക്ഷയിൽ ഒന്നാംക്ലാസ്സിൽ വിജയിച്ച് നരേന്ദ്രൻ പ്രസിഡൻസി കോളേജിൽ ചേർന്നു. ഒരു വർഷത്തിനുശേഷം ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റിയൂഷനിൽ (പിൽക്കാലത്ത് സ്‌കോട്ടിഷ് ചർച്ച് കോളേജ്) ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിർത്തിരുന്ന ബ്രഹ്മസമാജത്തിന്റെ പുരോഗമനാശയങ്ങളിലാകൃഷ്ടനായ നരേന്ദ്രൻ സമാജം പ്രവർത്തകനായി. അനുഗൃഹീതമായ ശബ്ദത്തിനുടമയായിരുന്നു വിവേകാനന്ദൻ. ഉപകരണസംഗീതവും വായ്‌പ്പാട്ടും, ഹിന്ദി-ഉർദു-പേർഷ്യൻ ഗീതങ്ങളും അദ്ദേഹം അഭ്യസിച്ചിട്ടുണ്ട്. പ്രപഞ്ചത്തെയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്.

ഒടുവിൽ ഗുരുവിനെ കണ്ടുമുട്ടുന്നു

ഈശ്വരനെ കാണാൻ കഴിയുമോ? കണ്ടവരുണ്ടോ? എങ്ങനെയാണ് കാണാൻ കഴിയുക തുടങ്ങിയ വിഷയങ്ങൾ കുട്ടുകാരുമായും അദ്ധ്യാപകരുമായും ചർച്ചചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകനായ ഹേസ്റ്റിയിൽ നിന്നാണ് നരേന്ദ്രൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസനെക്കുറിച്ച് കേൾക്കുന്നത്. ബന്ധുവായ രാമചന്ദ്രദത്തയാണ് ദക്ഷിണേശ്വരത്തു പോയി ശ്രീരാമകൃഷ്ണനെ കാണാൻ നിർദ്ദേശിച്ചത്. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്രയുടെ ക്ഷണപ്രകാരമെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനുവേണ്ടി ഒരു കീർത്തനം പാടി. സംപ്രീതനായ ശ്രീരാമകൃഷ്ണൻ 'ഒരു ദിവസം ദക്ഷിണേശ്വരത്തേക്കു വരൂ' എന്ന് ക്ഷണിച്ചിട്ടാണ് പോയത്. വൈകാതെ ചില കൂട്ടുകാരുമൊത്ത് ദക്ഷിണേശ്വരത്തു ചെന്ന നരേന്ദ്രനെ ഏറെ നാളായി പ്രതീക്ഷിച്ചിരിക്കുന്നതുപോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു.

ഈശ്വരനെ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന്, 'ഈശ്വരദർശനത്തിനുവേണ്ടി ആത്മാർഥമായി കേഴുന്നവനു മുന്നിൽ ഈശ്വരൻ പ്രത്യക്ഷപ്പെടാതിരിക്കില്ല' എന്നായിരുന്നു ശ്രീരാമകൃഷ്ണന്റെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ സന്ദർശനം. താനന്വേഷിക്കുന്ന ആത്മീയഗുരുവിനെ ശ്രീരാമകൃഷ്ണനിൽ നരേന്ദ്രൻ കണ്ടെത്തി. ക്രമേണ സ്വയം സമർപ്പിച്ച് ഗുരുവിന്റെ പ്രിയശിഷ്യനായി മാറി. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ സ്വന്തം പിൻഗാമിയെയാണ് കണ്ടെത്തിയത്. 'സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാൻ കഴിയുന്ന അഗ്‌നിയാണയാൾ' എന്നാണ് ശ്രീരാമകൃഷ്ണൻ നരേന്ദ്രനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

കൊടിയ ദാരിദ്ര്യത്തോട് പൊരുതിക്കയറി

1884-ൽ നരേന്ദ്രൻ ബി.എയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛൻ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ചുമതല നരേന്ദ്രനിലായി. സമ്പാദ്യങ്ങളൊന്നുമില്ലാതിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞുതിരിഞ്ഞു. കിട്ടിയ തൊഴിലുകളൊന്നും കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാൻ പര്യാപ്തമായിരുന്നില്ല. ഈശ്വരസേവയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച അമ്മപോലും ദൈവത്തെ നിന്ദിക്കാൻ തുടങ്ങിയിരിക്കുന്നു. കരുണാമയനായ ഒരു ഈശ്വരനുണ്ടെങ്കിൽ നല്ലവരും ഭക്തരുമായ അനേകംപേർ പട്ടിണികിടക്കുന്നതെന്തിനെന്നാലോചിച്ച് നരേന്ദ്രൻ നിരീശ്വരവാദിയായി. ഒടുവിൽ ഗുരുവിന്റെ അടുക്കൽ വന്ന നരേന്ദ്രനോട് പ്രാർത്ഥിക്കാനാണ് ഗുരു നിർദ്ദേശിച്ചത്. എന്നാൽ കാളീക്ഷേത്രത്തിൽ പോയ നരേന്ദ്രൻ 'ഭക്തി നൽകിയാലും, ജ്ഞാനമരുളിയാലും, വൈരാഗ്യമേകിയാലും' എന്നാണ് പ്രാർത്ഥിച്ചത്. മറ്റൊന്നും ആവശ്യപ്പെടാൻ നരേന്ദ്രനായില്ല. സന്തുഷ്ടനായ ഗുരു കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അനുഗ്രഹമേകിയത്രേ.

1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി. ഗംഗാതീരത്ത് ശരീരം സംസ്‌കരിച്ചു. ഗുരുവിന്റെ ഉപദേശങ്ങൾ പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനിച്ചു. ശ്രീരാമകൃഷ്ണ ഭക്തനായ സുരേന്ദ്രനാഥ് മിത്രയുടെ സാമ്പത്തികസഹായത്തോടെ കൊൽക്കത്തയ്ക്കും ദക്ഷിണേശ്വരത്തിനും മധ്യേ വരാഹനഗരത്തിൽ പഴയൊരു കെട്ടിടം വാടകയ്‌ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.

'കേരളം ഒരു ഭ്രാന്താലയമാണ്'

ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ് തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ് വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി.

ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട് വിവേകാനന്ദൻ സന്തുഷ്ടനായി. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു.പിന്നീട് രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത് മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം 3 ദിവസം (1892 ഡിസംബർ 25,26,27)അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്. അക്കാലത്ത് ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച് അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത് വിവേകാനന്ദന്റെ അടുത്ത് എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത് അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനാണ്.

വിവേകാനന്ദന്റെ ശിഷ്യനായ ഖെത്രി രാജാവാണ് അമേരിക്കൻ പര്യടനത്തിന് സ്വാമിജിയെ നിർബന്ധിച്ചത്. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് വിവേകാനന്ദൻ എന്ന പേര് സ്ഥിരമായി സ്വീകരിക്കാൻ തീരുമാനിച്ചത്. 1893 മെയ് 31ന് ഖെത്രി രാജാവ് നൽകിയ ഫസ്റ്റ്ക്ലാസ് ടിക്കറ്റിൽ എസ്.എസ് പെനിൻസുലാർ എന്ന കപ്പലിൽ മുംബൈ തുറമുഖത്തുനിന്ന് അമേരിക്കൻ പര്യടനത്തിനുള്ള ജൈത്രയാത്ര സ്വാമിജി ആരംഭിച്ചു. സിംഗപ്പൂർ, ഹോങ്കോങ്, ചൈന, ജപ്പാൻ തുടങ്ങിയ പ്രദേശങ്ങൾ യാത്രക്കിടെ സന്ദർശിച്ചു. കാനഡയിലെ വാൻകൂവറിൽനിന്ന് തീവണ്ടിമാർഗമാണ് സ്വാമിജി ഷിക്കാഗോയിലെത്തിയത്. വിശ്വമേളയുടെ അന്വേഷണവിഭാഗത്തിലന്വേഷിച്ച സ്വാമിജിക്ക്, 'മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി ആരെയും അനുവദിക്കില്ല' എന്ന മറുപടിയാണ് ലഭിച്ചത്. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിതയാണ് ഹാർവാഡ് യൂനിവേഴ്‌സിറ്റിയിലെ ഗ്രീക്ക് പ്രൊഫസറായ ജെ.എച്ച്.റൈറ്റിനെ പരിചയപ്പെടുത്തിയത്.

'അമേരക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ'

മതമഹാസമ്മേളനത്തിന്റെ നിർവാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സപ്തംബറിൽ സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിലെ കൊളംബസ് ഹാളിൽ നടത്തിയ പ്രഭാഷണം അക്ഷരാർഥത്തിൽ അമേരിക്കൻ ചേതനയെ കുലുക്കിയുണർത്തി. 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം ഏവരെയും സ്പർശിച്ചു.

അടുത്ത ദിവസത്തെ പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ വിവേകാനന്ദന്റെ പ്രഭാഷണവും ചിത്രവും പ്രസിദ്ധപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ സമ്മേളനവേദിയിൽ വിവേകാനന്ദൻ പന്ത്രണ്ടോളം പ്രഭാഷണങ്ങൾ നടത്തി.1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895-ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി. 'കർമയോഗ'ത്തെക്കുറിച്ച് ന്യൂയോർക്കിൽ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദ സ്വാമിയെയും അമേരിക്കയിലേത് ശാരദാനന്ദ സ്വാമികളെയും സ്വാമി വിവേകാനന്ദൻ ഏൽപ്പിച്ചു.1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്തുകൊളംബോ തുറമുഖത്തെത്തി.കൊളംബോയിൽനിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനിൽ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതമക്കളിൽനിന്ന് വൻസ്വീകരണമായിരുന്നു ലഭിച്ചത്.

രാമനാട്, മധുര, തിരുച്ചി, കുംഭകോണം വഴി മദ്രാസിലെത്തിയ സ്വാമിജി, 'ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം' എന്ന പ്രധാന വിഷയത്തിലൂന്നി പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഒരു പ്രവചനംപോലെ സ്വാമിജി ഇപ്രകാരം പറഞ്ഞു: 'ഇനി അമ്പതു കൊല്ലത്തേക്ക് അമ്മയായ മാതൃഭൂമി മാത്രമായിരിക്കണം ഭാരതീയരുടെ ആരാധ്യദേവത. കഥയില്ലാത്ത മറ്റ് ഈശ്വരന്മാരൊക്കെ നമ്മുടെ മനസ്സിൽനിന്നു മാഞ്ഞുപോകട്ടെ.'മദ്രാസിൽനിന്ന് സ്വാമിജി കടൽമാർഗം കൊൽക്കത്തയിലെത്തി. കൊൽക്കത്തയിലെത്തിയ സ്വാമിജി ആലം ബസാറിലെ സന്ന്യാസിമഠത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. സന്ന്യാസിമാരെ ലോകസേവനത്തിനായി പലയിടങ്ങളിലേക്കയച്ചു.ബാഗ് ബസാറിൽ നിവേദിത വിദ്യാലയം എന്ന സ്ഥാപനം സ്ഥാപിച്ചു. പിൽക്കാലത്ത് സ്ത്രീകൾക്കു മാത്രമായി ശാരദാമഠം സ്ഥാപിക്കപ്പെട്ടു.

ആസ്ത്മയുടെ ആക്രമണം ആരോഗ്യം തകർത്തു

അനാരോഗ്യം മറച്ചുവെച്ച് പടിഞ്ഞാറൻ നാടുകളിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തുരീയാനന്ദൻ, സിസ്റ്റർ നിവേദിത എന്നിവർക്കൊപ്പം 1899-ൽ ലണ്ടനിലേക്കു പോയി.കുറച്ചുകാലം ലണ്ടനിൽ ചെലവഴിച്ചശേഷം സ്വാമിജി അമേരിക്കയിലേക്കു പോയി. ഷിക്കാഗോയിൽനിന്ന് 1900ത്തിൽ പാരീസിലെത്തി. അവിടെ യൂണിവേഴ്‌സൽ എക്‌സ്‌പൊസിഷനോടനുബന്ധിച്ച് നടന്ന മതചരിത്ര മഹാസഭയിൽ സംസാരിച്ചു. തുടർന്ന് സ്വാമിജി വിയന്ന, ഏഥൻസ്, കെയ്‌റോ വഴി ഇന്ത്യയിലെത്തി. രോഗം മൂർച്ഛിച്ച ആ അവസ്ഥയിലും വിവേകാനന്ദൻ വിശ്രമമില്ലാതെ ഇന്ത്യയെങ്ങും സഞ്ചരിച്ചു. മഠാധിപതിയുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചു.

ആസ്ത്മയുടെ ആക്രമണവും അവിശ്രമമായ പ്രവർത്തനവും കാരണം വിവേകാനന്ദന്റെ ആരോഗ്യം തകർന്നിരുന്നു. ബ്രഹ്മചര്യവും തന്റെ ആരോഗ്യം തകരാൻ ഇടയാക്കി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട് തന്റെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP