Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

ചുട്ടുപൊള്ളുന്ന മണ്ണിൽ കാലു പൊള്ളാതിരിക്കാൻ തുടങ്ങിയ ഓട്ടം എത്തിയത് ഒളിമ്പിക്സ് വേദികളിൽ; ലോകോത്തര അത്ലറ്റാക്കിയത് ഇന്ത്യൻ ആർമിയിലെ പരിശീലനം; 'പറക്കും സിങ്' എന്ന് വിശേഷിപ്പിച്ചത് മുൻ പാക് പ്രസിഡന്റ് അയൂബ് ഖാൻ; ഒളിമ്പിക് മെഡൽ കൈവിട്ടത് സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ; മിൽഖാ സിംഗിന്റെ ജീവിതകഥ

ചുട്ടുപൊള്ളുന്ന മണ്ണിൽ കാലു പൊള്ളാതിരിക്കാൻ തുടങ്ങിയ ഓട്ടം എത്തിയത് ഒളിമ്പിക്സ് വേദികളിൽ; ലോകോത്തര അത്ലറ്റാക്കിയത് ഇന്ത്യൻ ആർമിയിലെ പരിശീലനം; 'പറക്കും സിങ്' എന്ന് വിശേഷിപ്പിച്ചത് മുൻ പാക് പ്രസിഡന്റ് അയൂബ് ഖാൻ; ഒളിമ്പിക് മെഡൽ കൈവിട്ടത് സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ; മിൽഖാ സിംഗിന്റെ ജീവിതകഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജീവിനം വേണ്ടിയുള്ള ഓട്ടമാണ് മിൽഖാ സിംഗിനെ ഒളിമ്പിക് വേദികളിൽ എത്തിച്ചത്. ഇന്നത്തെ പാക്കിസ്ഥാനിലെ മുസഫർഗഢിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊടിയ ദാരിദ്ര്യത്തിൽ വലഞ്ഞ കാലത്ത് പൊള്ളാതിരിക്കാൻ ചെരുപ്പിടാതെ ഓടി തുടങ്ങിയതാണ് അദ്ദേഹം. ആ ഓട്ടമാണ് പിൽക്കാലത്ത് അദ്ദേഹത്തെ പറക്കും സിംഗാക്കി മാറ്റിയത്. അത്രയ്ക്ക് തീവ്രമായ ജീവിത കഥയാണ് മിൽഖാ സിങിന്റേത്.

1928ൽ പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മുസാഫർഗഢിലാണ് അദ്ദേഹം ജനിച്ചത്. 16 മക്കളായിരുന്നു. ഇന്ത്യാ വിഭജനത്തിന് മുമ്പേ അതിൽ എട്ടുപേർ മരിച്ചു. പട്ടിണിയും പരിവട്ടവും പതിവായിരുന്നു. വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്‌കൂളിലായിരുന്നു പഠനം. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ചെരിപ്പിടാതെയായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. കാല് പൊള്ളാതിരിക്കാൻ ഓടും.

പതിനെട്ടാം വയസ്സിലായിരുന്നു ഇന്ത്യാപാക് വിഭജനം. ലഹളക്കാരെത്തി. നിർദയരായിരുന്നു കലാപകാരികൾ. മിൽഖയുടെ അച്ഛനമ്മമാരും രണ്ട് സഹോദരങ്ങളും വാളിന് ഇരയായി. അതിൽ മൂന്നുപേർ മരിച്ചത് എന്റെ കൺമുന്നിലാണ്. കലാപഭൂമിയിൽനിന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി. അനാഥൻ, തൊഴിൽരഹിതൻ. കുറേ അലഞ്ഞു. പിന്നെ ജോലിക്കായുള്ള നെട്ടോട്ടം. ഒടുവിൽ പട്ടാളത്തിൽ, ഇലക്ട്രിക്കൽ വിഭാഗത്തൽ ജോലി കിട്ടി. ആർമ്മിയിലെ പരിശീലനമാണ് അദ്ദേഹത്തെ അത്‌ലറ്റാക്കി മാറ്റിയത്.

ആർമി ക്യാമ്പിലുണ്ടായിരുന്ന ഹവിൽദാർ ഗുർദേവ് സിങ്ങ് മിൽഖയിൽ മികച്ചൊരു സ്പ്രിന്റർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ദിവസേന ട്രെയ്‌നിങ്ങ് സമയത്ത് മിൽഖ ഓടുന്നത് കണ്ട ഗുർദേവ് വിളിപ്പിച്ചു. പട്ടാളക്കാർക്കുവേണ്ടി നടത്തുന്ന ഗെയിംസിൽ 400 മീറ്ററിൽ പങ്കെടുക്കാൻ പ്രാഥമിക പരിശീലനം നൽകി. ആർമിയിൽ പങ്കെടുത്ത മൽസരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965ലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. ദേശീയ മീറ്റിൽ മിൽഖയ്ക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മിൽഖ ഓടുന്ന ശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ മെൽബൺ ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു.

ആദ്യമായാണ് മിൽഖ, പ്രൊഫഷണൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വേഗം പ്രകടനം മെച്ചപ്പെട്ടു. ക്യാമ്പിലുണ്ടായിരുന്ന ചില അത്‌ലറ്റുകൾക്ക് അതത്ര പിടിച്ചില്ല. അവരുടെ അവസരം നഷ്ടമാവുമെന്ന് ഭയന്നു. രാത്രി ഉറങ്ങിക്കിടക്കുന്ന മിൽഖയെ അവർ ആക്രമിച്ചു. ഭാഗ്യത്തിന് ചെറിയ പരിക്കേ പറ്റിയുള്ളൂ. ഒളിമ്പിക്‌സ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ മിൽഖ അവിടെ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായി.

പിന്നീട് കഠിമായ പരിശീലനത്താൽ മിൽഖ ഒരുപാട് വളർന്നിരുന്നു. 1960ൽ വീണ്ടുമൊരു ഒളിമ്പിക്‌സിൽ മൽസരിക്കാൻ റോമിലേക്ക് പോവുമ്പോൾ മിൽഖ ഏറെ മാറിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ പരിശീലനവും അത് നൽകിയ ആത്മവിശ്വാസവും വലുതായിരുന്നു. മെഡൽ നേടാനാവുമെന്ന് ഉറപ്പിച്ചാണ് യാത്രതിരിച്ചത്. ഹീറ്റ്‌സിൽ മികച്ച പ്രകടനം. അന്നത്തെ ഒളിമ്പിക്‌സ് റെക്കോർഡ് തകർത്തു. ഫൈനലിനുമുമ്പേ, മിൽഖയ്ക്കാവും സ്വർണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വെടിയൊച്ച കേട്ട ഉടൻ മുന്നോട്ട് കുതിച്ച മിൽഖയായിരുന്നു 200 മീറ്റർ പിന്നിടുമ്പോൾ മുന്നിൽ. പിന്നെ വലിയൊരു അബദ്ധം കാണിച്ചു.

എത്ര പിന്നിലാണ് പ്രതിയോഗികൾ എന്നറിയാൻ ഒന്നു തിരിഞ്ഞുനോക്കി. അത് വൻദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേർ മുന്നിൽക്കയറി. പിന്നെ മിൽഖ ഉൾപ്പെടെ രണ്ടുപേർ ഒരുമിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വർണവും വെള്ളിയും നേടിയവരുടെ പേരുകൾ ഉടൻ അനൗൺസ് ചെയ്തു. വെങ്കലമെഡൽ ആർക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിങ്ങിലാണ് തീരുമാനം. കുറച്ചുകഴിഞ്ഞാണ് അനൗൺസ്‌മെന്റ് വന്നത്. സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ മിൽഖക്ക് മെഡൽ നഷ്ടമായി. നാലാംസ്ഥാനംമാത്രം.

'എന്റെ അച്ഛനും അമ്മയും മരിച്ചശേഷം ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണത്. പിന്നീട് ഒരുപാട് രാത്രികളിൽ ആ ഫിനിഷിങ് സ്വപ്നത്തിൽക്കണ്ട് ഞെട്ടിയുണർന്ന് കരഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു ഒളിമ്പിക്‌സ് മെഡൽ സമ്മാനിക്കാൻ എനിക്ക് കഴിയാതെപോയി.' മെഡൽ നഷ്ടത്തെ കുറിച്ച് മിൽഖാ സിങ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

'പറക്കും സിങ്' എന്നു വിശേഷിപ്പിച്ചത് പാക്കിസ്ഥാൻ പ്രസിഡന്റ്.

'പറക്കും സിങ്' ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ അത്ലറ്റ് മിൽഖാ സിങ്ങിന് ഈ വിശേഷണം നൽകിയത് മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ അയൂബ് ഖാനാണ്. അക്കഥ ഇങ്ങനെ: 1960കളിൽ ലഹോറിൽ നടന്ന ഇന്തൊപാക്ക് മീറ്റിൽ മിൽഖയുടെ പ്രകടനം കണ്ടാണ് അന്ന് പാക്ക് പ്രസിഡന്റായിരുന്ന അയൂബ് ഖാൻ അദ്ദേഹത്തെ 'പറക്കും സിങ്' എന്നു വിശേഷിപ്പിച്ചത്.

200 മീ. മൽസരത്തിൽ പാക്കിസ്ഥാന്റെ അബ്ദുൽ ഖലീക്കിനെ തോൽപ്പിച്ച മിൽഖയുടെ പ്രകടനം നേരിൽ കണ്ട പ്രസിഡന്റ് ഖാൻ മിൽഖയോട് ഇങ്ങനെ പറഞ്ഞത്രെ ''താങ്കൾ ഓടുകയല്ല, പറക്കുകയാണ്''. ഏഷ്യാഡുകളിലും കോമൺവെൽത്ത് ഗെയിംസുമടക്കം വിവിധ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി ട്രാക്കിൽ മെഡൽകൊയ്ത്ത് നടത്തിയിട്ടുണ്ട് മിൽഖ.

100, 200, 400 മീറ്ററുകളിൽ ദീർഘകാലം ദേശീയ റെക്കോർഡ് മിൽഖായുടെ പേരിലായിരുന്നു. 1958ലെ കോമൺവെൽത്ത് ഗെയിംസിലൂടെ (കാർഡിഫ്) മിൽഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കിൽനിന്നും ആദ്യമായി സ്വർണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മിൽഖാ ചരിത്രത്തിൽ ഇടംനേടിയത്. 1954 ഏഷ്യൻ ഗെയിംസിലൂടെ നേടിയ ഇരട്ട സ്വർണത്തിന്റെ (200 മീ., 400 മീ.) ശോഭയിലാണ് മിൽഖാ കാർഡിഫിൽ എത്തിയത്. ദക്ഷിണാഫ്രിക്കൻ അത്ലറ്റിക് ഇതിഹാസം സാക്ഷാൽ മാൽക്കം സ്പെൻസായിരുന്നു മിൽഖായുടെ മുഖ്യ എതിരാളി. 1958ലെ പരാജയത്തിന് സ്പെൻസ് അടുത്ത ഒളിംപിക്സിൽ പകരം വീട്ടി (400 മീ., 1960, റോം).

തല ഉയർത്തി പറക്കുന്ന സിങ്

2001 ഓഗസ്റ്റ് മാസത്തിലാണത്. ട്രാക്കിനോട് വിടപറഞ്ഞ് ഏറെ കാലത്തിനു ശേഷം മിൽഖാ സിങ്ങിന് അർജുന അവാർഡ് നൽകാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. വൈകിയെത്തിയ അംഗീകാരം പക്ഷെ മിൽഖയെ ചൊടിപ്പിച്ചു. അനർഹരായ ഒരുപാടുപേർക്ക് നൽകിയ പുരസ്‌കാരം തനിക്ക് വേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവം വിവാദമായി. വാദപ്രതിവാദങ്ങൾ മുറുകി.

വൈകിയെത്തിയ അർജുന അവാർഡ് അദ്ദേഹത്തെ എക്കാലത്തും അസ്വസ്ഥനാക്കിയിരുന്നു. അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: 'രാജ്യം തരുന്ന ബഹുമതികൾ വിലപ്പെട്ടതാണ്. എനിക്ക് പത്മശ്രീ തന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അർജുന തന്നപ്പോൾ അത് സ്വീകരിക്കാൻ മനസ്സുവന്നില്ല. ആ അവാർഡ് നിശ്ചയിക്കുന്നവർതന്നെ അതിന്റെ വിലയിടിച്ചുകളഞ്ഞു. അർജുന അവാർഡ് ഒന്ന് എന്റെ വീട്ടിലുണ്ട്. എന്റെ മകൻ ജീവ് മിൽഖാസിങ്ങിന് ലഭിച്ചത്. അവൻ ഗോൾഫ് താരമാണ്. എന്റെ മകന് അർജുന ലഭിച്ച് വർഷങ്ങൾക്കുശേഷമാണ് എനിക്ക് അവാർഡ് തരണമെന്ന് അവർക്ക് തോന്നിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP