Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുഞ്ഞില്ലാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; രണ്ടാം ഭർത്താവിനെ രണ്ടാമതും കെട്ടിച്ച് ഗർഭകാലശുശ്രൂഷ നോക്കി; കുഞ്ഞുണ്ടായശേഷം തിരസ്‌കരിക്കപ്പെട്ടപ്പോൾ 62-ാം വയസിൽ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി; ബക്കറ്റിൽ വീണ് കണ്ണൻ മരിച്ചതോടെ വീണ്ടും ഒറ്റപ്പെട്ടു; സങ്കടങ്ങൾ അറിയാത്ത ലോകത്തേക്ക് ഭവാനി ടീച്ചർ യാത്രയായി

കുഞ്ഞില്ലാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; രണ്ടാം ഭർത്താവിനെ രണ്ടാമതും കെട്ടിച്ച് ഗർഭകാലശുശ്രൂഷ നോക്കി; കുഞ്ഞുണ്ടായശേഷം തിരസ്‌കരിക്കപ്പെട്ടപ്പോൾ 62-ാം വയസിൽ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി; ബക്കറ്റിൽ വീണ് കണ്ണൻ മരിച്ചതോടെ വീണ്ടും ഒറ്റപ്പെട്ടു; സങ്കടങ്ങൾ അറിയാത്ത ലോകത്തേക്ക് ഭവാനി ടീച്ചർ യാത്രയായി

മറുനാടൻ മലയാളി ബ്യൂറോ

മേപ്പാടി: ഭവാനിയമ്മയുടെ ജീവിതത്തിലെ സങ്കടം ഒരു വ്യാഴവട്ടത്തിന്റേതല്ല. പ്രതിവിധികൾ എത്രതന്നെ ചെയ്തിട്ടും സങ്കടകയത്തിൽ തന്നെ ആറ് പതിറ്റാണ്ടോളം ജീവിച്ചു. ആരോടും പരിഭവവും പറഞ്ഞില്ല. ദുഃഖങ്ങൾ ബാക്കിയാക്കി ഭവാനി ടീച്ചർ യാത്ര പറഞ്ഞു. അറുപത്തിരണ്ടാം വയസ്സിൽ അമ്മയായതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഭവാനി ടീച്ചർ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അവസാന നിമിഷങ്ങളിൽ കഴിഞ്ഞത്. മൂവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചർ മാനന്തവാടിയിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് മാസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണത്. ഹൃദയത്തിനും തലച്ചോറിനും തകരാർ സംഭവിച്ചിരുന്നു. കടുത്ത പ്രമേഹവും കൂടിയായതോടെ ടീച്ചറുടെ ആരോഗ്യനില തീരെ വഷളാവുകയായിരുന്നു.

വയോജന വേദിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സാച്ചെലവുകളും മറ്റും നടത്തിയിരുന്നത്. ടീച്ചറുടെ ദയനീയാവസ്ഥ മൂവാറ്റുപുഴയിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയിരുന്നില്ല. വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഗണിതക്ലാസ്സുകൾ നടത്തിവരുന്നതിനിടെയാണ് ടീച്ചർ ആശുപത്രിക്കിടക്കയിലായത്. അറുപത്തിരണ്ടാം വയസ്സിൽ ഒരു ടെസ്റ്റ്ട്യൂബ് ശിശുവിന് ജന്മം നൽകി. പക്ഷേ, രണ്ടാം വയസ്സിൽ ആ ആൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ഇതിൽ നിന്നുണ്ടായ ആഘാതം മറികടക്കാനായിരുന്നു അദ്ധ്യാപനരംഗത്തേക്ക് വീണ്ടുമെത്തിയത്. എഴുപത്തിയഞ്ചാം വയസ്സിലെ കർമ്മ നിരതയായിരുന്ന മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് വിടവാങ്ങുന്നത്. കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചപ്പോളും, ദൃഡനിശ്ചയത്തോടെ ജീവിത്തോട് സന്ധിചെയ്ത് മുന്നേറി ഈ അദ്ധ്യാപികയായിരുന്നു ഭവാനി അമ്മ.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു 62-ാം വയസ്സിൽ ഒരു കുഞ്ഞിന് ജന്മം നൽകി. 13 വർഷങ്ങൾക്ക് മുമ്പ് എല്ലാ മാധ്യമങ്ങളുടേയും ആദ്യ പേജിൽ ഒരു കോളം ഭവാനി അമ്മയുടേതായിരുന്നു. സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകി ചരിത്രത്തിലിടം നേടിയ വാർത്ത. ഞാറാഴ്ചക്കോളങ്ങൾ മുഴുവനായും പ്രമുഖ പത്രങ്ങൾ ഭവാനി അമ്മയ്ക്കായി മാറ്റി വച്ചു. പക്ഷെ, ഒരു ജീവിത കാലത്തെ മുഴുവൻ കാത്തിരിപ്പിന്റെ ഫലമായി കിട്ടിയ കണ്ണനെ, ആ അമ്മയ്ക്ക് മനംനിറഞ്ഞു കാണാൻ പോലും കഴിഞ്ഞില്ല. സന്തോഷാശ്രു പൊഴിക്കുന്ന ഭവാനി ടീച്ചറുടെ ചിത്രം അച്ചടിച്ചുവന്ന അതേ പത്രത്താളുകളിൽ, കുഞ്ഞോമനയുടെ മൃതശരീരത്തിന് മുന്നിൽ നെഞ്ച് പൊട്ടിക്കരയുന്ന ഭവാനി അമ്മയുടെ ചിത്രവും വന്നു. അതീവ സങ്കടത്തോടെയാണ് കേരളം ആ വാർത്ത വായിച്ചത്.

രണ്ടു വയസ്സ് തികയും മുമ്പേയായിരുന്നു വിധി ആ അമ്മയുടെ ഹൃദയം പറിച്ചെടുക്കും പോലെ കണ്ണനേയും കൊണ്ട് പോയികളഞ്ഞത്. പിന്നെ ഇങ്ങോട്ട് ആ അമ്മയുടെ ജീവിതം ഒരു കണ്ണീർക്കടൽ തന്നെയായിരുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേത്രി കൂടിയായ ഭവാനി ടീച്ചർ.

ഇത് സിനിമയല്ല യഥാർത്ഥ്യം

വയനാട്ടിൽ കുഞ്ഞുങ്ങൾക്ക് ഗണിതാധ്യാപികയായും വയോജനവേദി പ്രവർത്തകയായും പൊതുരംഗത്ത് സജീവമായി കഴിയുന്നതിനിടയിലാണ് വീണ്ടും ദുരന്തങ്ങൾ ആ അമ്മയെ തേടിയെത്തിയത്. ഒരു ദിവസം അവർ കുഴഞ്ഞു വീണു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ഈ മാസം 8 ന് മേപ്പാടിയിലെ ഡിഎം വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാർ സംഭവിച്ചിട്ടുണ്ട്. മിഡ് ബ്രെയിൻ ഐസിഎച്ചാണ്( തലച്ചോറിന്റെ മധ്യഭാഗത്ത് ബ്ലീഡിംങ്) പ്രധാന അസുഖം. വയസ്സായവരിൽ കടുത്ത രക്ത സമ്മർദ്ദത്തെ തുടർന്ന് ഈ അവസ്ഥ വരാം. കടുത്ത പ്രമേഹവും ആശങ്കയുളവാക്കി. എന്നിട്ടും ബന്ധുക്കളാരും എത്തിയില്ല.

സിനിമാക്കഥകളെ വെല്ലുന്ന ഒരു ജീവിതമാണ് ഈ അമ്മയുടെത്. മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എൽപി സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ഭവാനിയമ്മ .പതിനെട്ടാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്‌നേഹിച്ച പുരുഷനൊപ്പം ഇറങ്ങിപ്പോയി. എന്നാൽ വർഷങ്ങൾ നീണ്ട അവരുടെ ദാമ്പത്യബന്ധത്തിൽ സന്തോഷം നിറയ്ക്കാൻ ഒരു കുഞ്ഞുണ്ടായില്ല .ഇത് ജീവിതത്തിന്റെ താളം തെറ്റിച്ചു .ഭർത്താവ് മദ്യപാനിയായി . ജീവിതം നിരാശയിൽ മുങ്ങിയ നാളുകൾ .ഒടുവിൽ ആ ബന്ധം വേർപിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.

പക്ഷേ രണ്ടാമത്തെ വിവാഹ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവിൽ ഭവാനി അമ്മ നിർബന്ധിച്ച് ഭർത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു. തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയെ പൊന്നുപോലെ പരിചരിച്ചു. പ്രതീക്ഷിച്ചപോലെ ഭർത്താവിന് രണ്ടാം ഭാര്യയിൽ കുഞ്ഞുണ്ടായി. ഏറെ സന്തോഷകരമായ വാർത്തയായിരുന്നു ഭവാനിയമ്മയ്ക്ക്ത്. നാലഞ്ച് മാസം വരെ ഭാര്യയെ ഭവാനിയമ്മ സുശ്രൂഷിച്ചു. പതിയെ ഭർത്താവിന്റെ വിധം മാറി. തങ്ങളുടെ കുഞ്ഞ് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് രണ്ടാം ഭാര്യയുടെ വാശിക്ക് മുന്നിൽ ഭവാനി അമ്മ തലകുനിച്ചു. കുഞ്ഞിനെ കാണാൻ പോലും ഭർത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല. അതോടെ ആ വീട് വിട്ട് ഇറങ്ങി. പിന്നെ ഉള്ള ഭവാനിയമ്മയുടെ ജീവിതം സ്‌കൂളും അവിടുത്തെ കുട്ടികളുമായിരുന്നു.

എല്ലാ സന്തോഷത്തിനും ഒരു അവസാനം ഉണ്ടാകും എന്നത് പോലെ ആ ദിവസം വന്നെത്തി. തന്റെ അദ്ധ്യാപനജീവിതത്തിനു വിരാമമായത്തോടെ റിട്ടയർമെന്റ് ജീവിതം വിരസതയുടെയും ഒറ്റപ്പെടലിന്റെയും ദിനങ്ങളാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു .ഈ സമയത്താണ് വീണ്ടും ഒരമ്മയാകാൻ ഉള്ള അതിയായ മോഹം ഭവാനിയമ്മയിൽ നിറഞ്ഞത് .

അറുപത്തിരണ്ടാം വയസ്സിൽ ആൺകുഞ്ഞ്

ആ അന്വേഷണം 2002 ഏപ്രിൽ 23ന് തിരുവനന്തപുരം സമദ് ആശുപത്രിയിൽ ഡോ. സതിപിള്ളയിൽ എത്തിനിന്നു. കുഞ്ഞിനായുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞു. ഈ പ്രായത്തിൽ ഗർഭിണിയായാലുള്ള ഭവിഷ്യത്തുകൾ ഡോക്ടർ ബോധ്യപ്പെടുത്തിയെങ്കിലും ഭവാനി പിന്തിരിഞ്ഞില്ല.

തുടർച്ചയായ പരിശോധനകളും മരുന്നുകളും. ആർത്തവ വിരാമത്തെ തുടർന്ന് ചുരുങ്ങിയ ഗർഭപാത്രം വികസിപ്പിക്കുന്നതിന് ചികിത്സ തുടങ്ങി. ഏഴ് മാസം നീണ്ട ഹോർമോൺ ചികിത്സ ഫലം കണ്ടു. ലബോറട്ടറിയിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും കൃത്രിമബീജസങ്കലനം നടത്തി വളർത്തിയെടുത്ത് തയ്യാറാക്കിയ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഐവിഎഫ് രീതിയാണ് സമദ് ആശുപത്രിയിലെ ഡോക്ടർമാർ അവലംബിച്ചത്. അങ്ങനെ എല്ലാ പ്രതിസന്ധികളും മറികടന്നു ഭവാനിയമ്മ പ്രസവിച്ചു. കേരളത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിസുവായിരുന്നു ഇത്. പ്രായം കൂടിയവരിൽ ലോകത്തിലെ മൂന്നാമത്തേതും. അറ്റുനോറ്റ് കിട്ടിയ കുഞ്ഞിന് തന്റെ ഇഷ്ട ദൈവമായ ഭഗവാൻ കണ്ണന്റെ പേരും നൽകി.

നാല് പതിറ്റാണ്ട് കാലം താൻ അനുഭവിച്ച എല്ലാ സങ്കടങ്ങളും മറന്ന് ഭവാനി അമ്മ സന്തോഷിച്ചു. പക്ഷെ ആ സന്തോഷങ്ങൾക്ക് ആയുസ്സ് വെറും രണ്ടു വർഷം മാത്രമായിരുന്നു. എന്നാൽ കളിക്കിടെ വെള്ളം നിറച്ച് വച്ച ബക്കറ്റിൽ വീണു കുഞ്ഞു മരിച്ചു . കളിപ്പാട്ടങ്ങളും കളിചിരികളും ബാക്കിവച്ച് കണ്ണൻ മടങ്ങിയപ്പോൾ ഭവാനിയമ്മ വീണ്ടും തനിച്ചായി. മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി. പിന്നീടാണ് വയനാട്ടിൽ താമസം ആരംഭിച്ചത് .

കണ്ണന്റെ മരണം സൃഷ്ടിച്ച ഒറ്റപ്പെടൽ

കണ്ണന്റെ മരണം ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. അതിനു ശേഷം ജീവിതം എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയാത്ത അവസ്ഥയിൽ യാന്ത്രികമായി ഭവാനിയമ്മ ജീവിതം തള്ളി നീക്കി. ആശ്വസിപ്പിക്കേണ്ട ബന്ധുക്കളിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ കൂടി ആയതോടെ നാട്ടിൽ പിടിച്ചു നിൽക്കാൻ ആവാത്ത അവസ്ഥയിലെത്തി. അങ്ങനെയാണ് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭവാനിയമ്മ വയനാട്ടിൽ എത്തുന്നത്.

കണ്ണന്റെ ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഭവാനിയമ്മയ്ക്ക് വയനാട്ടിലെ ജീവിതം. മാനന്തവാടിക്കടുത്ത് വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെ കുട്ടികൾക്കായി ട്യൂഷൻ സെന്റർ നടത്തി. അങ്ങനെ കിട്ടുന്ന വരുമാനം കൊണ്ടാണ് ഭവാനിയമ്മ ജീവിച്ചിരുന്നത്. ഇതിനിടയിൽ മാതൃത്വം എന്ന ആഗ്രഹം വീണ്ടും ഭവാനിയമ്മയെ തേടിയെത്തി.

കൃത്രിമ ഗർഭധാരണത്തിലൂടെ ഒരിക്കൽ കൂടി അമ്മയാകാനുള്ള ആഗ്രഹം തന്റെ എഴുപതാം വയസ്സിൽ ഭവാനിയമ്മ മുന്നോട്ടു വച്ചെങ്കിലും ഡോക്ടർമാരുടെ പിന്തുണ ലഭിച്ചില്ല. പിന്നെയും ഏകാന്തതയുടെ അഞ്ചു വർഷങ്ങൾ കൂടി അവർ തള്ളിനീക്കി. ഇപ്പോഴിതാ മരണം അവരെ തേടിയെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP