Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് ചൊല്ല്; എന്നിട്ടും ആയിരങ്ങൾ കാൺകെ യേശുദാസിന്റെ പാദങ്ങളിൽ വീണ് സാഷ്ടാംഗം നമസ്‌ക്കരിച്ചു; സമകാലികനായ ഗായകനെ ബാലുസാർ എന്തിന് നമിക്കണം എന്ന ആരാധകരുടെ ചോദ്യത്തിന് ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണയെന്ന് മറുപടി; ഒട്ടും ഇഗോയില്ലാതെ ഒരു സംഗീത കാലഘട്ടം ഇനി ഓർമ്മകളിൽ മാത്രം; എസ് പി ബിയും ഗാനഗന്ധർവനും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം

യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് ചൊല്ല്; എന്നിട്ടും ആയിരങ്ങൾ കാൺകെ യേശുദാസിന്റെ പാദങ്ങളിൽ വീണ് സാഷ്ടാംഗം നമസ്‌ക്കരിച്ചു; സമകാലികനായ ഗായകനെ ബാലുസാർ എന്തിന് നമിക്കണം എന്ന ആരാധകരുടെ ചോദ്യത്തിന് ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണയെന്ന് മറുപടി; ഒട്ടും ഇഗോയില്ലാതെ ഒരു സംഗീത കാലഘട്ടം ഇനി ഓർമ്മകളിൽ മാത്രം; എസ് പി ബിയും ഗാനഗന്ധർവനും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യേശുദാസ് ഗാനഗന്ധർവൻ ആണെങ്കിൽ എസ് പി ബാലസുബ്രമണ്യം ഗന്ധർവഗായകനാണെന്ന് പറഞ്ഞത് സാക്ഷൽ ഇളയരാജയാണ്. പക്ഷേ ഇന്ന് മഹാനായ ഗായകൻ എസ്‌പി ബാലസുബ്രമണ്യവും യേശുദാസും തമ്മിലുണ്ടായിരുന്നത് സഹോദര ബന്ധം തന്നെയായിരുന്നു. സമകാലികർ ആയിട്ടും ഒട്ടും ഇഗോ അവരെ ബാധിച്ചിരുന്നില്ല. യേശുദാസ് തന്റെ മാനസഗുരുവാണെന്നായിരുന്നു എസ്‌പിബി എപ്പോഴും പറയാറുള്ളത്.

സിനിമയിൽ അമ്പതുവർഷം പിന്നിട്ടവേളയിൽ എസ്‌പി.ബി. അനുവദിച്ച അഭിമുഖത്തിലെ ഒരു പരാമർശം ഇങ്ങനെയായിരുന്നു: ''എന്നേക്കാൾ അഞ്ചോ ആറോ വർഷം മുൻപ് സിനിമയിൽ കടന്നുവന്ന ആളാണ് ദാസ് അണ്ണ. പ്രായംകൊണ്ടും എന്റെ മൂത്ത ജ്യേഷ്ഠൻ. പക്ഷേ, ഞങ്ങളുടെ സംഗീതയാത്രകൾ ഏറെക്കുറെ സമാന്തരമായിരുന്നു. ഒരിക്കലും അദ്ദേഹവുമായി മത്സരിക്കേണ്ടിവന്നിട്ടില്ല എനിക്ക്. ഞങ്ങൾ തമ്മിൽ താരതമ്യംപോലുമില്ല എന്നതാണ് സത്യം. സംഗീതത്തിന്റെ തിയറിയോ വ്യാകരണമോ അറിയാതെ പാട്ടുകാരനായിപ്പോയ ആളാണ് ഞാൻ. അദ്ദേഹമാകട്ടെ ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു സംഗീത സവ്യസാചിയും.'' എസ്‌പി.ബി. എന്ന മഹാഗായകനുള്ളിലെ വിനയാന്വിതനായ മനുഷ്യന്റെ ഹൃദയനൈർമല്യം മുഴുവനുണ്ട് ഈ വാക്കുകളിൽ.

പൂർവസൂരികളോടുള്ള സ്‌നേഹാദരങ്ങൾ ഉള്ളിൽ പൊതിഞ്ഞുസൂക്ഷിക്കാനുള്ളതല്ല, പുറമേ പ്രകടിപ്പിക്കാനുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് എസ്‌പിബി. അതുകൊണ്ടുതന്നെ, സിനിമയിൽ സുവർണജൂബിലി തികച്ച വേളയിൽ ആദ്യം അദ്ദേഹം ചെയ്തത് മാനസഗുരുവായ യേശുദാസിനെ നേരിട്ട് ചെന്ന് ആദരിക്കുകയാണ്. വിജയാ ഗാർഡൻസിൽവെച്ച് എസ്‌പിബി. യേശുദാസിന് പാദപൂജയർപ്പിക്കുന്ന ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ പലർക്കും അദ്ഭുതമായിരുന്നു; ചിലർക്കെങ്കിലും അവജ്ഞയും. ''പ്രതിഭയുടെ കാര്യത്തിൽ യേശുദാസിനെക്കാൾ ഒട്ടും പിന്നിലല്ല ബാലുസാർ. പിന്നെന്തിന് അദ്ദേഹം ദാസിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കണം? ഇതൊരുതരം പ്രകടനാത്മകതയല്ലേ എന്ന് സംശയിച്ചുപോകുന്നു.'' സോഷ്യൽ മീഡിയയിൽ യേശുദാസിനെ നമസ്‌കരിക്കുന്ന എസ്‌പിബി.യുടെ പടത്തിനുകീഴേ സംശയാലുവായ ഏതോ ഒരു ആരാധകൻ കുറിച്ചു. വിമർശകർക്ക് തെന്നിന്ത്യയുടെ പ്രിയഗായകൻ നൽകിയ മറുപടി ഇങ്ങനെ: ''ഇതെന്റെ ദക്ഷിണയാണ്. സംഗീതജീവിതത്തിൽ എനിക്കെന്നും ജ്യേഷ്ഠതുല്യനും മാർഗദർശിയുമായിരുന്ന ദാസ് അണ്ണനുള്ള എന്റെ എളിയ ഗുരുദക്ഷിണ. അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണ് നമസ്‌കരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ആ ഗന്ധർവനാദമാണ്. നമ്മുടെയൊക്കെ സൗഭാഗ്യമായ ശബ്ദം...''

അപൂർവങ്ങളിൽ അപൂർവമാണ് യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചു പാടാനെത്തുന്ന വേദികൾ. അതിലും അപൂർവമായിട്ടുള്ള കാഴ്‌ച്ചയാണ് ഈയിടെ സിങ്കപ്പൂർ കണ്ടത്. അതികായരായ ഗായകർക്കൊപ്പം വേദി പങ്കിട്ട് ഇരുവരുടെയും മക്കളും എത്തി. സിങ്കപ്പൂരിൽ നാലുവർഷം മുമ്പ് സംഘടിപ്പിച്ച 'വോയ്‌സ് ഓഫ് ലിഗന്റ്‌സ്' എന്ന സംഗീത പരിപാടിയിലായിരുന്നു ഈ അപൂർവ സംഗമം. പാട്ടിനിടയിൽ എസ് പി ബിയുമായുള്ള ബന്ധത്തെ കുറിച്ചും യേശുദാസ് സംസാരിച്ചു. ഒരിക്കൽ പാരീസിൽ വച്ചുണ്ടായ അനുഭവമാണ് ഗാനഗന്ധർവൻ തുറന്നു പറഞ്ഞത്. ഒരു സംഗീത പരിപാടി കഴിഞ്ഞ് വിശന്ന് ഹോട്ടൽമുറിയിലെത്തിയ തനിക്ക് ഭക്ഷണവുമായി എത്തിയത് സ്വന്തം സഹോദരന്മാരല്ലെന്നും എസ് പി ബാലസുബ്രമണ്യമാണെന്നും യേശുദാസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടിയായിരുന്നു.

യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ -'എനിക്ക് ബാലുവെന്നാൽ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോൾ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസിൽ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ കഴിക്കാൻ ഒന്നുമില്ല. അപ്പോൾ ഒരാൾ മുറിയിലേക്ക് വരുന്നു. റൂം സർവീസ് എന്നു പറഞ്ഞുകൊണ്ട് ഒരാൾ വാതിലിൽ തട്ടി. വാതിൽ തുറന്നു നോക്കിയപ്പോൾ ഈ അനുജനാണ്. കൈയിൽ സാദം(തമിഴ്‌നാട്ടിലെ ഒരു വിഭവം). പുറത്തു പരിപാടികൾക്ക് പോകുമ്പോഴെല്ലാം ഇയാൾ അരി കൈയിൽ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേർത്ത് സ്വന്തം റൂമിൽ വച്ച് പാകം ചെയ്ത് എനിക്ക് കൊണ്ടു വന്നു തന്നതാണ്. എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേൽ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.' യേശുദാസ് പറഞ്ഞു നിർത്തിയപ്പോൾ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകൾ കൂപ്പി താണു വണങ്ങി.

അതുപോലെ തന്നെ പ്രൊഫഷണൽ ഈഗോകളും എസ്‌പിബിയെ ബാധിച്ചിരുന്നില്ല. ഗാനനിരൂപകനും മാധ്യമ പ്രവർത്തകനുമായ രവിമേനോൻ ഇങ്ങനെ എഴതുന്നു. 'അമരത്തിലെ ''അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ'' എന്ന സൂപ്പർ ഹിറ്റ് ഗാനത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ഐതിഹ്യം' സത്യമോ എന്നറിയണം. പാട്ടെഴുതിയ കൈതപ്രത്തോടല്ലാതെ മറ്റാരോട് ചോദിക്കാൻ? ഞാൻ ചോദിച്ചു.''കേട്ടത് ശരിയാണ്.''-കൈതപ്രം പറഞ്ഞു. ''യഥാർഥത്തിൽ ആ പാട്ട് ചിത്രയോടൊപ്പം എസ്‌പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് പാടിക്കാനായിരുന്നു ഭരതേട്ടന് ആഗ്രഹം. പടത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സംബന്ധിച്ച എന്തോ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ യേശുദാസുമായി ചെറുതായി ഇടഞ്ഞതാണ് കാരണമെന്ന് കേട്ടിരുന്നു. ഇല്ലെങ്കിൽ സ്വാഭാവികമായും രവീന്ദ്രന്റെ ഈണങ്ങൾ ദാസേട്ടനാണല്ലോ പാടുക. ഈ പാട്ടും ദാസേട്ടനെ മനസ്സിൽ കണ്ട് സൃഷ്ടിച്ചതാണ് രവിയേട്ടൻ.''

പാട്ട് റെക്കോഡ്‌ചെയ്യാൻ എസ്‌പി.ബി. എത്തുമ്പോൾ ഭരതൻ, രവീന്ദ്രൻ, ലോഹിതദാസ് എന്നിവർക്കൊപ്പം കൈതപ്രവുമുണ്ട് ചെന്നൈയിലെ കോദണ്ഡപാണി തിയേറ്ററിൽ. രവീന്ദ്രൻ പാടിവെച്ച ട്രാക്ക് രണ്ടുപ്രാവശ്യം കേട്ടുനോക്കി എസ്‌പി.ബി. പിന്നെ സംഗീതസംവിധായകന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ''രവീ, ഇത് നീ ആർക്കുവേണ്ടി കംപോസ്‌ചെയ്ത പാട്ടാണെന്ന് നീ പറയാതെതന്നെ എനിക്കറിയാം. അദ്ദേഹത്തിനുമാത്രമേ ഇത് നീ ഉദ്ദേശിക്കുന്നതരത്തിൽ പാടാനാകൂ.'' എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു രവീന്ദ്രന്. എസ്‌പി.ബി.ക്ക് മനസ്സുകൊണ്ട് നന്ദിപറഞ്ഞിരിക്കണം അദ്ദേഹം. അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം സിനിമയുടെ അണിയറപ്രവർത്തകരിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും 'അമര'ത്തിൽ ഒടുവിൽ യേശുദാസ്തന്നെ പാടി. അഴകേ മാത്രമല്ല, വികാരനൗകയുമായ്, പുലരേ പൂങ്കോടിയിൽ (ലതികയോടൊപ്പം) എന്നീ പാട്ടുകളും.അതായിരുന്നു എസ്‌പിബി. പ്രൊഫഷണൽ ഈഗോകൾ ഒരിക്കലും ബാധിക്കാത്ത ഗായകനായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP