Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ശങ്കരാ നാദ ശരീരപരാ ... നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി ലോക റെക്കോഡ്; നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ചു; സംഗീതം ശാസ്ത്രീയമായി പഠിക്കാതെയും നിഷ്ഠകളില്ലാതെ ജീവിച്ചും ഏവരെയും അമ്പരപ്പിച്ചു; കറകളഞ്ഞ മനുഷ്യസ്നേഹിയും വിനീതനും; രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശമയമായ ഒരു സംഗീത ജീവിതം; എസ്‌പിബി നാദബ്രഹ്മത്തിൽ ലയിക്കുമ്പോൾ

ശങ്കരാ നാദ ശരീരപരാ ... നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി ലോക റെക്കോഡ്; നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ചു; സംഗീതം ശാസ്ത്രീയമായി പഠിക്കാതെയും നിഷ്ഠകളില്ലാതെ ജീവിച്ചും ഏവരെയും അമ്പരപ്പിച്ചു; കറകളഞ്ഞ മനുഷ്യസ്നേഹിയും വിനീതനും; രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശമയമായ ഒരു സംഗീത ജീവിതം; എസ്‌പിബി നാദബ്രഹ്മത്തിൽ ലയിക്കുമ്പോൾ

എം മാധവദാസ്

'ശങ്കരാ നാദ ശരീരപരാ ...

വേദവിഹാരാ ഹരാ....

ജീവേശ്വരാ..'

ന്ത്യമുഴവൻ അലയടിച്ച ആ മാന്ത്രിക ശബ്ദത്തിന്റെ ഉടമ ഇനിയില്ല. എസ്‌പിബിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം നാദബ്ര്ഹമത്തിൽ ലയിക്കുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം തന്നെയായാണ്. ശങ്കരാ എന്ന വിളിയിൽ, വാക്കിൽ എല്ലാമുണ്ട്, ഒരു സംഗീതജ്ഞന്റെ അഗാധമായ ഭക്തിയും സംഗീതത്തോടുള്ള പ്രണയവും. ശങ്കരാഭരണം എന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കേട്ട ആ ഗാനങ്ങളിൽനിന്നുതന്നെ അറിയാം ബാലസുബ്രമണ്യത്തിന്റെ റേഞ്ച്. 'ഈ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് വരെ വാങ്ങിയ ഈ ഗായകൻ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് ആരെങ്കിലും വിശ്വസിക്കുമോ? 'കേളടി കൺമണി'യിൽ ഒറ്റശ്വാസത്തിൽ 'മണ്ണിൽ ഇന്ത കാതൽ...' , മേഘങ്ങളോളം ഉയർന്നു സഞ്ചരിക്കുന്ന 'ഇളയ നിലാ...'(പയനങ്കൾ മുടിവതില്ലൈ), മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലിയായ 'സ്വർണമീനിന്റെ ചേലൊത്ത...'(സർപ്പം), മരിക്കാത്ത കാൽപ്പനികതയായ 'താരാപഥം ചേതോഹരം...'(അനശ്വരം)... അങ്ങനെ എത്രയോ വ്യത്യസ്ത അനുഭൂതികൾ...

ശാസ്ത്രീയവും തനി നാടനും ഒരേമട്ടിൽ വഴങ്ങുന്ന ശബ്ദം, കൊഞ്ചിയും കരഞ്ഞും ഇഴഞ്ഞും കുതിച്ചും.... അങ്ങനെ ഇന്ത്യൻ സിനിമാ സംഗീതത്തിലെ എന്തിനും പോന്നവനാകുന്നു എസ്‌പിബി. നമ്മുടെ രാജ്യത്തെ ഏറ്റവും അനായാസ ഗായകൻ!രണ്ടറ്റവും കത്തിച്ച മെഴുകുതിരിപോലെ പ്രകാശവിരുന്നായ ഒരു സംഗീത ജീവിതം. പാട്ട് അതിന്റെ പരമാവധി സാധ്യതയിൽ നാം കേട്ടത് എസ്‌പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ്. ഇദ്ദേഹത്തെപ്പോലെ മറ്റൊരു പാട്ടുകാരൻ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല.

എസ്‌പിബിയുടെ ചലച്ചിത്രലോകത്തില സംഭാവനകളുടെ സ്റ്റാറ്റിറ്റിക്സ് എടുത്താൽ ആരും അമ്പരന്നുപോകും. 40,000 പാട്ടുകൾ! ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ് ഇദ്ദേഹത്തിന് സ്വന്തം. മലയാളമടക്കം പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒറ്റ ദിവസം തന്നെ 21 പാട്ട് റിക്കോർഡ് ചെയ്തും അദ്ദേഹം സംഗീത ലോകത്തിന് അദ്ഭുതമായിട്ടുണ്ട്. 1981 ഫെബ്രുവരി എട്ട് രാവിലെ ഒൻപതു മുതൽ ഒൻപതുവരെയുള്ള 12 മണിക്കൂറിലാണ് ഉപേന്ദ്രകുമാർ എന്ന സംഗീത സംവിധായകനുവേണ്ടി എസ്‌പിബി 21 കന്നഡഗാനങ്ങൾ ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തത്. മാതൃഭാഷയിൽപോലുമായിരുന്നില്ല ഈ പ്രകടനം എന്നോർക്കണം. പിന്നീട് ഒരു ദിവസം 19 തമിഴ് പാട്ടുകൾ പാടിയും മറ്റൊരു 12 മണിക്കൂറിൽ 16 ഹിന്ദി ഗാനങ്ങൾ റിക്കോർഡ് ചെയ്തും ഇദ്ദേഹം സഹഗായകരെ അമ്പരിപ്പിച്ചിട്ടുണ്ട്.

കൈവെച്ച സകലമേഖലകളും പൊന്നാക്കിയ സകലകലാ വല്ലഭനാണ് എസ്‌പി ബാലസുബ്രമണ്യം. ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ്,.. ആ ലിസ്റ്റ് നീളുകയാണ്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനും മറ്റൊരാളല്ല. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമകളിലാണ് എസ്‌പി.ബി വേഷമിട്ടത്. ഈ ഭാഷകളിലെല്ലാം ഡബ്ബും ചെയ്തിട്ടുണ്ട്?. നാല് ഭാഷകളിലായി 46 സിനിമകൾക്കു സംഗീതവും പകർന്നു. മിനിസ്‌ക്രീനിലും അദ്ദേഹത്തിന് തിരക്കൊഴിഞ്ഞിരുന്നില്ല. തമിഴ്, തെലുങ്ക് സീരിയലുകളിലെ നടനായും ഒട്ടേറെ ടെലിവിഷൻ പരിപാടികളുടെ അവതാരകനായും റിയാലിറ്റി ഷോകളിൽ ജഡ്ജായുമൊക്കെ അദ്ദേഹം ടെലിവിഷനിലും നിറഞ്ഞുനിൽക്കുന്നു.

പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

വഴിതെറ്റി വന്ന എൻജനീയർ

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4നാണ് എസ്‌പിബി ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്‌പി സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. മാതാവ് ശകുന്തളാമ്മ. ഗായിക എസ് പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. തന്റെ കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്, എസ്‌പി.ബി. ഒരു എൻജിനീയർ ആവണമെന്നായിരുന്നു. അനന്തപൂരിലെ ഒരു എൻജിനീയറിങ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്‌പിബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി.എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സത്യത്തിൽ അയായിരുന്നു അദ്ദേഹത്തിന്റെ വഴിത്തിരുവ്. തന്റെ മേഖല സംഗീതമാണെന്ന് ഉറപ്പിച്ചത് ഇതിനശേഷമാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ചെന്നൈയിൽ ടി.നഗറിലെ കോളേജിൽ നടന്ന സംഗീതമത്സരം കഴിഞ്ഞിറങ്ങുമ്പോഴാണ് ബാലു സുഹൃത്തായ ഭരണിയെ യാദൃച്ഛികമായി കണ്ടത്. പരസ്യങ്ങൾ ഡിസൈൻ ചെയ്യുന്ന ആളാണ് ഭരണി. ആന്ധ്രയിൽ നിന്ന് ചെന്നൈയിൽ എൻജിനിയറിങ് പഠിക്കാൻ വന്ന ബാലുവിന് പാട്ടെന്നുകേട്ടാൽ ജീവനാണ്. അങ്ങനെയാണ് സംഗീതമത്സരത്തിനെത്തിയത്. നാട്ടിൽ പല ഗാനമേളകളിൽ പങ്കെടുക്കുകയും ചില തെലുങ്കുചിത്രങ്ങളിൽ പാടുകയും ചെയ്തിട്ടുള്ള ബാലുവിനെ ഏറെ നാളിനുശേഷമാണ് ഭരണി ചെന്നൈയിൽ കണ്ടുമുട്ടിയത്. തമിഴിനെപ്പറ്റിയോ ചെന്നൈ മഹാനഗരത്തെപ്പറ്റിയോ വലിയ പിടിപാടില്ലാത്ത ബാലുവിനെ ഭരണി നേരെ സംവിധായകൻ ശ്രീധറെ പരിചയപ്പെടുത്തി കൊടുക്കാൻ കൊണ്ടുപോയി. ബാലു നാണംകുണുങ്ങിയായിരുന്നെങ്കിലും നന്നായിട്ടു പാടുന്ന ആളാണെന്ന് ശ്രീധറിനെ ബോധ്യപ്പെടുത്തിയത് ഭരണിയാണ്. ''ഒരു പാട്ടുപാട് കേൾക്കട്ടേ.....'' എന്നായി ശ്രീധർ. ബാലു പാടി. ശ്രീധറിനു തൃപ്തിയായതുപോലെ. അടുത്തദിവസം തന്റെ 'ചിത്രാലയ'യുടെ ഓഫീസിൽ വന്ന് സംഗീതസംവിധായകൻ എം.എസ്.വിശ്വനാഥനെ കാണാൻ ശ്രീധർ പറഞ്ഞു. ബാലുവിനു സന്തോഷമായി.

തമിഴ് മെച്ചപ്പെടുത്താൻ പറഞ്ഞ എം എസ് വിശ്വനാഥൻ

പിറ്റെദിവസം 'ചിത്രാലയ'യിൽ എത്തുമ്പോൾ നിരവധി വാദ്യോപകരണക്കാർ. അതിൽ നടുവിൽ നെറ്റിനിറയെ ഭസ്മക്കുറിയുമായി എംഎസ് വിശ്വനാഥൻ. ഇതിനുമുമ്പ് ചില പരിചയക്കാരുടെ തെലുങ്കുചിത്രത്തിൽ പാടിയിരുന്നെങ്കിലും ഇത്രേം വലിയ വാദ്യോപകരണ സംഘത്തെ ബാലു ആദ്യമായി കാണുകയായിരുന്നു. ഹാളിന്റെ ഒരു മൂലയിൽ അല്പം പരിഭ്രമത്തോടെ ബാലു അവിടെ പാട്ടുചിട്ടപ്പെടുത്തുന്നത് നോക്കിക്കൊണ്ടുനിന്നു. ശ്രീധർ അതിനിടെ വന്ന് ബാലുവിനെ എം.എസ്സിനു പരിചയപ്പെടുത്തി.

എം.എസ്. ഹാർമോണിയം എടുത്ത് അടുത്തേക്ക് നീക്കിവെച്ച് വിരലുകൾ വെള്ള കട്ടകളിൽ തൊട്ടുകൊണ്ടു പറഞ്ഞു.''എവിടെ.... ഇങ്ങോട്ടുവാ.... ശരി ഒരു പാട്ടുപാട് കേൾക്കട്ടേ....''അതുകേട്ട് ബാലു അൽപ്പം പരിഭ്രമപ്പെട്ടു. ചുറ്റും തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന നിരവധി വാദ്യോപകരണക്കാർ, മുന്നിൽ സംഗീത സമ്രാട്ടായ എം.എസ്.വിശ്വനാഥൻ. പലയിടത്ത് ഇതിനുമുമ്പ് പാടിശീലിച്ചിട്ടുള്ള ഒരു ഹിന്ദിപ്പാട്ട് ബാലു ഉറക്കെ പാടി.എം.എസ്സിന് അത് അത്ര പിടിച്ചമട്ടില്ല.''ഒരു തമിഴ്പാട്ട് പാടാൻ പറ്റുമോ?''എം.എസ്. ചോദിച്ചപ്പോൾ ബാലു ഒന്നു വിരണ്ടു. ചെന്നൈയിൽ എത്തിയിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. തമിഴ് ശരിക്കും പഠിച്ചിട്ടില്ല. ''തമിഴ് പാട്ടുപുസ്തകം ഒന്നും കൊണ്ടുവന്നിട്ടില്ല.....'' ബാലു ഇതു പറഞ്ഞ ഉടനെ ഒരു പാട്ടുപുസ്തകം കൊണ്ടുവരാനായി എം.എസ്. കല്പിച്ചു. ആരോ പെട്ടെന്ന് ഒരു സിനിമാപാട്ടുപുസ്തകം എടുത്തുനീട്ടി.

'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ പാട്ടുപുസ്തകമാണ്. എം.എസ്. അതൊന്നു മറിച്ചുനോക്കിയിട്ട് അതിലെ 'നാളാം തിരുനാളാം.....' എന്ന പാട്ടുപാടാൻ പറഞ്ഞു. ബാലു പുസ്തകം വാങ്ങിച്ച് തപ്പിതപ്പി വായിച്ചുനോക്കി. പിന്നെ മറ്റൊരാളുടെ സഹായത്തോടെ ഓരോ വരികളും തെലുങ്കിൽ എഴുതി എടുത്തു. എം.എസ്.ഹാർമോണിയത്തിൽ വിരൽ അമർത്തി. ബാലു പാടി. ആ ശബ്ദം എം.എസ്സിന് ഇഷ്ടമായെങ്കിലും തമിഴ് ഉച്ചാരണം ശരിയായിട്ടില്ലെന്ന് തോന്നി.''നല്ല ഉച്ചാരണ ശുദ്ധിയോടെ നിനക്ക് തമിഴ്പാട്ട് പാടാൻ പറ്റുമോ.. ഏതായാലും നിന്റെ ശബ്ദം എനിക്കിഷ്ടപ്പെട്ടു.''എം.എസ്സിന് ശബ്ദം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നിയെങ്കിലും ഭാഷാപ്രശ്‌നം കുഴക്കി.''ശരി, നീ തമിഴ് നന്നായി പഠിച്ചിട്ട് എന്നെ വന്ന് കാണ്.'' അതായിരുന്നു തുടക്കം.

തെലുങ്കിൽ ഏറെ ബുദ്ധിമുട്ടിയുള്ള തുടക്കം

ബാലു സംഗീത സംവിധായകനെ തൊഴുതുകൊണ്ട് മടങ്ങിയെങ്കിലും തമിഴിൽ ഭാഗ്യം പരീക്ഷിക്കാനാവുമെന്നു തോന്നിയില്ല. അതുകൊണ്ട് പഠിത്തത്തിനിടയ്ക്കും ബാലു ചില തെലുങ്കു ചിത്രത്തിൽ പാടി. അതിനു കാരണക്കാരൻ സംഗീത സംവിധായകൻ എസ്‌പി കോദണ്ഡപാണിയായിരുന്നു.
ഒരു ഗാനമേള കേൾക്കാൻ ഇടയായ കോദണ്ഡപാണിക്ക് ബാലുവിന്റെ ശബ്ദവും ആലാപന രീതിയും ഇഷ്ടമായി.

ഗാനമേള കഴിഞ്ഞിറങ്ങുമ്പോൾ കോദണ്ഡപാണി അടുത്തേയ്ക്കു വന്നു. ബാലുവിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.''നല്ല ശബ്ദമാണ്... നീ സിനിമയിൽ പാടണം'' അതുകേട്ടപ്പോൾ വലിയ സന്തോഷം തോന്നി. തെലുങ്കിലെ പ്രശസ്തനായ സംഗീതസംവിധായകൻ തന്റെ പാട്ടുകേൾക്കാൻ വരിക, അഭിനന്ദിക്കുക, ബാലുവിന് വിശ്വസിക്കാൻപോലും പ്രയാസം തോന്നി.സിനിമയിൽ ഒരു പാട്ടുപാടുക ബാലുവിന്റെ വലിയ മോഹമായിരുന്നു. അതുകൊണ്ട് ബാലു വീണ്ടും കോദണ്ഡപാണിയെ പലതവണ കണ്ടു. ചില സംഗീത സംവിധായകരേയും നിർമ്മാതാക്കളേയും അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തെങ്കിലും ആർക്കും ആ 'പയ്യനിൽ' വിശ്വാസം തോന്നിയില്ല.

ഒടുവിൽ 1966 ൽ കോദണ്ഡപാണി തന്നെ 'ശ്രീ ശ്രീ മരയത രാമണ്ണ' എന്ന തെലുങ്കുചിത്രത്തിൽ ബാലുവിനെക്കൊണ്ട് ഒരു പാട്ടുപാടിച്ചു. റിക്കാർഡിങ് തിയേറ്ററിൽ എത്തിയ ബാലു ആകെ പരിഭ്രമപ്പെട്ടപ്പോൾ പാട്ടു റിക്കാർഡു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്ത് ടെൻഷൻ ഒക്കെ മാറ്റി പാടിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതോടെ കോദണ്ഡപാണി ബാലുവിന്റെ മാനസഗുരുവായി. പിന്നീട് ബാലു എസ്‌പി. ബാലസുബ്രഹ്മണ്യമെന്ന മഹാഗായകനായി വളർന്നപ്പോഴും ഗുരുവിനെ മറന്നില്ല. വടപളനിയിൽ എസ്‌പിബി സ്വന്തമായി ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയപ്പോൾ അതിന് ഗുരുവിന്റെ പേരാണ് ഇട്ടത്.

വീണ്ടും എം എസിന്റെ മുന്നിൽ

തെലുങ്കിലെ പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനിടയിലാണ് പഠിക്കാനായി മദ്രാസിലെത്തിയത്. എൻജിനിയറിങ് പഠനത്തിന് സീറ്റുകിട്ടാത്തതുകൊണ്ട് എഎംഐ.ഇയ്ക്കു ചേർന്നു. പഠിത്തത്തിനിടയിലും ബാലുവിന്റെ മനസ്സുനിറയെ പാട്ടുകളായിരുന്നു. എം.എസ്. വിശ്വനാഥനെ കണ്ടതുമുതൽ ബാലു തമിഴ് പഠനത്തിനും ഉച്ചാരണശുദ്ധി വരുത്താനും പരിശ്രമിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം ഒരു തെലുങ്കുചിത്രത്തിൽ പാടാനായി നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പം ബാലു എത്തിയപ്പോൾ യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കാണാനിടയായി. തന്നെ ഈ സംഗീതസംവിധായകൻ മറന്നിരിക്കുമെന്നാണ് ബാലു വിചാരിച്ചത്. എങ്കിലും അടുത്തുചെന്ന് തൊഴുതു.

'തമ്പി... ശ്രീധറിന്റെ ഓഫീസിൽ വന്ന് എന്നെ ഒരിക്കൽ കണ്ടത് നീയല്ലേ....''എം.എസ്. പെട്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ബാലുവിന് സന്തോഷം തോന്നി. അവിടെ ചെന്നതും പാട്ടുപാടിയ കാര്യവും പറഞ്ഞപ്പോൾ എം.എസ്. ചോദിച്ചു.വീണ്ടും എന്നെവന്നു കാണണമെന്നു പറഞ്ഞതല്ലേ..... പിന്നെന്താ വരാതിരുന്നത്.''

'തമിഴ് ഇംപ്രൂവുചെയ്തിട്ടുവരാൻ പറഞ്ഞില്ലേ.... അതുകൊണ്ട് അതിനുള്ള ശ്രമത്തിലായിരുന്നു''എം.എസ്. ചിരിച്ചു.''ഇപ്പോൾ നീ നന്നായി തമിഴ് പറയുന്നുണ്ടല്ലോ. ഒരു കാര്യം ചെയ്യ് നാളെ എന്റെ ഓഫീസിലേക്കുവാ....''അടുത്തദിവസം തന്നെ ബാലു വീണ്ടും എം.എസ്സിനെ കണ്ടു.

'ഹോട്ടൽ രംഭ' എന്ന ചിത്രത്തിന്റെ കംമ്പോസിങ് നടക്കുന്ന സമയമായിരുന്നു. അതിൽ എൽ.ആർ.ഈശ്വരിയോടൊപ്പം പാടാൻ എംഎസ് ബാലുവിന് ചാൻസുകൊടുത്തു. റെക്കാഡിങ് ഒക്കെ നടന്നെങ്കിലും ആ ചിത്രം പുറത്തുവന്നില്ല. അതിനുശേഷം 'ശാന്തിനിലയം' എന്ന ചിത്രത്തിൽ 'ഇയർകൈ എന്നും ഇളയകന്നി.....' എന്ന ഒരു ഗാനം എംഎസ് ബാലുവിനുകൊടുത്തു. പി സുശീലയോടൊപ്പമുള്ള ഒരു യുഗ്മഗാനമായിരുന്നു അത്. പി.സുശീല അക്കാലത്തു തന്നെ പ്രശസ്തയായ ഗായികയായിരുന്നതുകൊണ്ട് ഈ യുഗ്മഗാനത്തിലൂടെ താനും ശ്രദ്ധിക്കപ്പെടുമെന്ന് ബാലു കരുതി. പടവും പാട്ടും ഹിറ്റായില്ലെങ്കിലും ആ ശബ്ദം ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രമല്ല കേൾക്കേണ്ടയാൾ കേൾക്കുകയും ചെയ്തു.

ബ്രേക്ക് നൽകിയത് എം ജി ആർ

അന്ന് തമിഴ്‌സിനിമയിൽ മുടിചൂടാമന്നനായി നിൽക്കുന്ന എം.ജി.ആറിന് ആ ശബ്ദം ഇഷ്ടപ്പെട്ടു. എം.ജി.ആറിന്റെ ഒരു ചിത്രത്തിൽ സഹകരിക്കാൻ അവസരം കിട്ടുക ഏറ്റവും വലിയ ഭാഗ്യമായി എല്ലാവരും കരുതുന്ന സമയം. 'അടിമപ്പെൺ' എന്ന ചിത്രത്തിനുവേണ്ടി കെവിമഹാദേവന്റെ സംഗീത സംവിധാനത്തിൽ ബാലുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചത് എംജിആർ തന്നെയായിരുന്നു. ഓർക്കാപ്പുറത്ത് വന്നുചേർന്ന ഈ ഭാഗ്യം ബാലുവിനെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തി. തുടക്കക്കാരനായ തനിക്കുകിട്ടിയ സുവർണാവസരം. എന്നാൽ ഈ ചിത്രത്തിനുവേണ്ടി പാട്ടുകൾ റെക്കോഡുചെയ്യേണ്ട സമയമായപ്പോഴേക്കും ബാലു പനിപിടിച്ചു കിടപ്പിലായി. കൈവന്ന സുവർണാവസരം നഷ്ടപ്പെട്ടുപോയതിൽ ബാലു വളരെ വിഷമിച്ചു. എല്ലാം സ്വന്തം വിധിയെന്നുകരുതി. തനിക്കുപകരം മറ്റാരെക്കൊണ്ടെങ്കിലും പാടിച്ച് ആ പാട്ട് റെക്കാഡുചെയ്തിരിക്കുമെന്നോർത്തപ്പോൾ വലിയ നിരാശ തോന്നി.

ബാലു സുഖപ്പെട്ടുവരാൻ ഒരു മാസത്തിൽ ഏറെ സമയമെടുത്തു. അതുകഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് 'അടിമപ്പെണ്ണി'ന്റെ റെക്കോഡിങ് നടന്നിട്ടില്ലെന്നറിഞ്ഞത്. ബാലു എന്ന യുവഗായകനുവേണ്ടി കാത്തിരിക്കാനായിരുന്നു എം.ജി.ആറിന്റെ നിർദ്ദേശം. ബാലുവിന് ഇതു വിശ്വസിക്കാനായില്ല. അടുത്ത ദിവസം തന്നെ ബാലു ഇതിനു നന്ദി പറയാൻ എം.ജി.ആറിനെ വീട്ടിൽ പോയി കണ്ടു.

'തമ്പീ നീ എന്റെ പടത്തിൽ പാടാൻ പോണ കാര്യം എല്ലാവരോടും പറഞ്ഞിരിക്കും. നിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാം ആ പാട്ടുകേൾക്കാൻ എന്ത് താത്പര്യത്തോടെയായിരിക്കും കാത്തിരിരിക്കുക. അവരെയും നിന്നെയുമെല്ലാം നിരാശപ്പെടുത്താൻ എനിക്കു തോന്നിയില്ല. അതുകൊണ്ടാണ് നിനക്കു പകരക്കാരനായി വേറെ ആരെയും കൊണ്ട് പാടാൻ വെയ്ക്കാതെ റെക്കോഡിങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചത്.''..എം.ജി. ആറിന്റെ വാക്കുകൾ കേട്ട് ബാലു കരഞ്ഞുകൊണ്ടാണ് ഒരായിരം നന്ദിപറഞ്ഞത്.

അങ്ങനെ അടിമപ്പെണ്ണിനുവേണ്ടി ബാലു പാടി. ''ആയിരം നിലവേ വാ.....'' ബാലു ആദ്യം പാടിയ 'ശാന്തി നിലയം' പുറത്തു വരുന്നതിന് മുമ്പ് അടിമപ്പെൺ റിലീസ് ചെയ്തു. അടിമപ്പെണ്ണിലെ എം.ജി.ആർ. പാടുന്ന 'ആയിരം നിലവേ.....' തമിഴ്‌നാട്ടിലെങ്ങും മുഴങ്ങി. അതോടെ ബാലുവെന്ന ഗായകൻ തമിഴ് മക്കളുടെ സ്വന്തമായി.

ശങ്കരാഭരണം എന്ന മാസ്റ്റർപീസ്

പിന്നീടങ്ങോട്ട് ഇന്ത്യൻ ചലച്ചിത്രലോകത്ത് എസ്‌പിബി തരംഗമായിരുന്നു. വിവിധ ഭാഷകളിൽ നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ പാടി നാലു പതിറ്റാണ്ടായി ബാലുവെന്ന എസ്‌പി. ബാലസുബ്രഹ്മണ്യം അജയ്യനായി. ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായി, നടനായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പാടിയതിന്റെ ക്രെഡിറ്റും നേടി. ഒരു ദിവസം 17 പാട്ടുകൾ വരെ പാടി റിക്കാർഡുചെയ്ത് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.

പക്ഷേ എസ്‌പിബിയുടെ ഏറ്റവും മികച്ച വർക്ക് ഏതാണെന്ന് ചോദിച്ചാൽ ഏവരും മറുപടി നൽകുക ശങ്കരാഭരണം എന്നാണ്. ശാസ്ത്രീയ സംഗീതം പഠിക്കാത്ത ഒരു വ്യക്തിയാണ് ഇത് പാടിയെന്നത് ഇന്നും അത്ഭുദമാണ്. ഇന്ത്യയൊട്ടാകെ ശങ്കരാഭരണം സൃഷ്ടിച്ചത് വലിയ ആരാധക വൃന്ദത്തെയായിരുന്നു. 'ശങ്കരാഭരണ'ത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്‌പി. ഈ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും നേടി. കെ. ബാലചന്ദ്രൻ സംവിധാനംചെയ്ത 'ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെയാണ് എസ്‌പി. ഹിന്ദിയിലെത്തിയത്. ഈ ഹിന്ദി ചിത്രത്തിലെ പാട്ടുകളിലൂടെ 1981ൽ വീണ്ടും ദേശീയ അവാർഡു നേടി.ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തും ഇത്രയധികം ഗാനമേളകൾ നടത്തിയ വേറൊരു ഗായകനുണ്ടാവില്ല. യേശുദാസിനെപ്പോലെ നാലു പതിറ്റാണ്ടുകൾ സിനിമാരംഗത്തെ മുടിചൂടാമന്നനായി നിൽക്കാൻ എസ്‌പി.ബാലസുബ്രഹ്മണ്യത്തിനു കഴിഞ്ഞു.

കമൽഹാസനും ഗാന്ധിക്കും വേണ്ടി ഡബ്ബിങ്ങ്

കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
തെലുങ്കു സംവിധായകൻ ദാസരി നാരായണ റാവുവിന്റെ 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെയാണ് എസ്‌പി.ആദ്യമായി സംഗീത സംവിധായകനാകുന്നത്. ആ പാട്ടുകൾ ഹിറ്റായതോടെ തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരനായി ബാലസുബ്രമണ്യം മാറി. സുധാചന്ദ്രൻ അഭിനയിച്ച് വൻ ഹിറ്റായ 'മയൂരി' യുടെ ഗാനങ്ങൾ സംഗീതസംവിധാനം ചെയ്തതും ഇദ്ദേഹമാണ്. തമിഴിൽ ശ്രീധർ സംവിധാനംചെയ്ത രജനീകാന്തിന്റെ 'തുടിക്കും കരങ്ങൾ' ഉൾപ്പെടെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലായി 45 പടങ്ങളുടെ സംഗീത സംവിധായകനായി.

തമിഴിൽ 'കേളടി കൺമണി' എന്ന ചിത്രത്തിൽ കഥാനായകനായിട്ടാണ് എസ്‌പി.അഭിനയ രംഗത്തും തുടക്കമിട്ടത്. രാധികയായിരുന്നു ഇതിൽ നായിക. ശങ്കർ നിർമ്മിച്ച 'കാതലൻ' എന്ന ചിത്രത്തിൽ പ്രഭുദേവയുടെ അച്ഛനായി അഭിനയിച്ചു. ശിഖരം, ഗുണ, തലൈവാസൽ, പാട്ടുപാടവ, മാജിക് മാജിക് എന്നിവ കൂടാതെ തെലുങ്ക് സിനിമകളിലും അഭിനയിച്ചു.പാട്ടുകാരൻ, സംഗീത സംവിധായകൻ, അഭിനേതാവ് എന്നതിനൊപ്പം മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റുകൂടിയാണ് എസ്‌പി. രജനീകാന്ത്, കമൽഹാസൻ എന്നിവരുടെ ചിത്രങ്ങൾ തെലുങ്കിൽ മൊഴിമാറ്റം നടത്തുമ്പോൾ ഈ താരങ്ങൾക്കു ശബ്ദം നൽകുന്നത് ഇദ്ദേഹമാണ്. ഇതോടൊപ്പം നിരവധി തെലുങ്കുചിത്രങ്ങളിലും ഡബ്ബുചെയ്തിട്ടുള്ള എസ്‌പി. ഏറ്റവും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ആന്ധ്രസർക്കാറിന്റെ അവാർഡും നേടി.

ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിങ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി.പ അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ബെൻ കിങ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.

കടൽപ്പാലം എന്ന ചിത്രത്തിലെ 'ഈ കടലും മറുകടലും...' എന്ന ഗാനം ഓർക്കുന്നില്ലേ. എസ്‌പി. യുടെ ആദ്യമലയാളഗാനമാണിത്. റാംജിറാവു സ്പീക്കിങ്ങിലെ 'കളിക്കളം....' എന്നതാണ് എസ്‌പി. യുടെ മറ്റൊരു മലയാളഗാനം.

'മോദി ദക്ഷിണേന്ത്യൻ സംഗീതജഞരെ അവഗണിച്ചു'

പൊതുവേ ശാന്തനും സൗമന്യം ആണെങ്കിലും പറയേണ്ട കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും അദ്ദേഹത്തിന്റെ രീതിയാണ്. വലുതോ ചെറുതോ ആയിക്കൊള്ളട്ടെ എസ്‌പിബി അത് കണക്കാക്കാറില്ല. 2019 നവംബറിൽ ഒരു പരിപാടിയുടെ പേരിൽ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെയാണ് വിമർശനം ഉയർത്തിയത്. നരേന്ദ്ര മോദിയുടെ വസതിയിൽ വച്ച് താരങ്ങൾക്കായി ഒരു സൽക്കാരം ഏർപ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു അത്. ഷാരൂഖ് ഖാനും ആമിർ ഖാനും ഉൾപ്പെടെയുള്ള? നിരവധി താരങ്ങൾ വിരുന്നിൽ പങ്കെടുത്തു.

എന്നാൽ ഈ പരിപാടിയിൽ നരേന്ദ്ര മോദി തങ്ങളോട് വേർതിരിവ് കാണിച്ചു എന്നാണ് എസ്‌പിബി പറയുന്നത്. അകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി എല്ലാവരുടേയും ഫോണുകൾ വാങ്ങി വയ്ക്കുകയും ടോക്കണുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നെ എങ്ങനെയാണ് ബോളിവുഡ് താരങ്ങൾക്ക് പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ സാധിച്ചത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എസ്‌പിബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവവെക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു.

ആ സമയത്ത് അദ്ദേഹം ബിജെപിയുടെ വിമർശകാൻ ആണെന്ന് പലരും പറഞ്ഞു പരത്തി. എന്നാൽ തന്റെ തട്ടകം കലായണ് രാഷ്ട്രീയമല്ലെന്ന നിലപാടിൽ ആയിരുന്നു അദ്ദേഹം. സംസ്‌കൃത ഭാഷയുടെ പഠനത്തിനായി സ്വന്തം വീട് വിട്ടുനൽകിയപ്പോൾ അദ്ദേഹം സംഘപരിവാർ അനുകൂലിയായും ചിത്രീകരിക്കപ്പെട്ടുന്്. നെല്ലൂർ ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യം വിട്ടുനൽകിയത്. കാഞ്ചി കാമകോടി പീഠത്തിനാണ് സമർപ്പിച്ചത്. വീട് ഔദ്യോഗികമായി കാഞ്ചി കാമകോഠിക്കായി എസ്‌പി. ബാലസുബ്രഹ്മണ്യം വിട്ടുനൽകി. മഠത്തിന് വേണ്ടി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമിയാണ് ഗായകന്റെ കുടംബവീട് ഏറ്റുവാങ്ങിയത്. മഠത്തിലെത്തി ഗായകനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് കുടുംബ വീടിന്റെ രേഖകൾ സമർപ്പിച്ചത്.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനവും വേദ പാഠശാലകളുടെ സംസ്‌കൃത പ്രചരണങ്ങളിലും ഏറെ താൽപ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൂടിയായിരുന്നു എസ്‌പിബി.

'എന്റെ പിതാവ് ശ്രീപതി പണ്ഡിതാരാധ്യുല ബാല സുബ്രഹ്മണ്യംത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ ത്യാഗരാജ സമാരോത്സവങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ വേദങ്ങളഉം കർണ്ണാടക സംഗീതവും, ഇതിഹാസവു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഈ സ്മരയാണ് ഞാൻ പങ്കുവെച്ചത്'- ചടങ്ങിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

റോയൽറ്റി കേസിൽ ഇളയാരാജക്കും ചുട്ട മറുപടി

റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ വേദികളിൽ പാടരുതെന്ന ഇടയരാജയുടെ നിർദ്ദേശം എസ്‌പി ബാലസുബ്രഹ്മണ്യം തള്ളിയതും വൻ വിവാദമായിരുന്നു. ഇളയരാജയുടെ പാട്ടുകൾ ഇനിയും വേദികളിൽ പാടുമെന്നാണ് എസ്‌പി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളിൽ താനും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഗാനങ്ങൾ പൊതുവേദിയിൽ പാടുന്നതിൽ തെറ്റില്ലെന്നുമാണ് ബാലസുബ്രഹ്മണ്യത്തിന്റെ നിലപാട്.

ഇത് സംബന്ധിച്ച് ഇളയരാജയും എസ്‌പിയും തമ്മിൽ കേസ് നിലനിൽന്നിരുന്നു. റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ പാടരുതെന്ന് കാണിച്ചാണ് ഇളയരാജ ബാലസുബ്രഹ്മണ്യത്തിന് കത്തയച്ചത്. എന്നാൽ ഇത് ഇളയരാജയും തന്റെ ഇളയമകന്റെ കമ്പനിയും തമ്മിലുള്ള കേസാണെന്നാണ് ബാലസുബ്രഹ്മണ്യം പറയന്നത്.. ആ കേസ് അവർ തമ്മിലാണെന്നും തനിക്ക് അതിൽ ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1980 മുതൽ ആയിരത്തിൽ അധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ- എസ്. പി ബാലസുബ്രഹ്മണ്യം കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ താൻ സംഗീതം നൽകിയ പാട്ടുകൾ വേദിയിൽ പാടരുതെന്ന് പറഞ്ഞ്ാണ് അദ്ദേഹം ബാലസുബ്രഹ്മണ്യത്തിന് നോട്ടീസ് അയച്ചത്. റോയൽറ്റി ഇല്ലാതെ പാട്ട് കേൾപ്പിക്കരുതെന്ന ഇളയരാജയുടെ നിലപാട് വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു. എസ്‌പിബിയാവട്ടെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു.

ദേശീയ ഗാന വിവാദത്തിൽ ബച്ചനൊപ്പം

2016ലെ ദേശീയഗാന വിവാദത്തിൽ എസ്‌പിബി അമിതാബച്ചനെ പിന്തുണച്ചതും സോഷ്യൽ മീഡിയിൽ ചർച്ചയായിരുന്നു. ഇന്ത്യ പാക് ട്വന്റിട്വന്റി മത്സരത്തിന് മുന്നോടിയായി ബച്ചൻ ദേശീയ ഗാനം ആലപിച്ചതിനെ ചൊല്ലിയാണ് കേസ് ആയത്. അധിക സമയമെടുത്താണ് ദേശീയ ഗാനം പാടിയത്, വരികളിലുള്ള സിന്ധ് എന്ന വാക്കിനു പകരം സിന്ധു എന്നാണ് ബച്ചൻ ഉച്ഛരിച്ചത് എന്നാണ് ബച്ചനെതിരെ ഷോർട്ട് ഫിലിം സംവിധായകനായ പി ആർ ഉല്ലാസ് ഡൽഹി അശോക് നഗർ പൊലീസിനു നൽകിയ പരാതിയിലുള്ളത്. ഈ സമയത്താണ് അമിതാബിനെ പിന്തുണച്ച് എസ്‌പിബി എത്തിയത്.

'ദേശീയ ഗാനം പാടിത്തീർക്കാൻ ഇത്ര സമയമേ പാടുള്ളുവെന്ന് നിയമത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അതിശയകരം തന്നെ. പക്ഷേ ബച്ചൻ ദേശീയ ഗാനം ആലപിച്ചപ്പോൾ മാത്രമെന്താണ് ഇങ്ങനെയൊരാരോപണം എന്ന് മനസിലാകുന്നില്ല.'- ഇങ്ങനെയാണ് എസ്‌പിബി കുറിച്ചത്. ലതാജീ, ഭീംസൻ ജോഷി, ബാലമുരളി എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം ഞാനും മുൻപ് ദേശീയ ഗാനം ആലപിച്ചിട്ടുണ്ട്. ആ സമയത്തൊന്നും ഇത്തരമൊരു ആരോപണമൊന്നും ഉയർന്നു കേട്ടില്ലല്ലോ.ബച്ചൻ നല്ല സ്ഫുടതയോടെയും കൃത്യമായ പിച്ചിലുമാണ് ദേശീയ ഗാനം പാടിയതെന്നും എസ്‌പിബി വിലയിരുത്തി.

'സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് ഇതൊക്കെ. നമ്മുടെ രാജ്യത്തെ ജഡ്ജിമാർക്ക് കൈകാര്യം ചെയ്യാൻ ആവശ്യത്തിലധികം കേസുകളുണ്ട്. അവർ കൂടുതൽ സമ്മർദ്ദമായി വീണ്ടുമൊരെണ്ണം കൂടി കൊടുക്കണോ. അതിനേക്കാളുപരി ഈ രാജ്യത്ത് ഒരുപാട് പ്രശന്ങ്ങളുണ്ട്. പറ്റുമെങ്കിൽ അതിന് പരിഹാരം കണ്ടെത്താനാണ് വിവാദങ്ങൾ ഉയർത്തുന്നവർ ശ്രമിക്കേണ്ടത്. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ഇത്തരത്തിലുള്ള വിലകുറഞ്ഞ ശ്രമങ്ങൾ നടത്തരുത്. ഞാൻ ബച്ചനൊപ്പമാണ്. അദ്ദേഹം ദേശീയ ഗാനം ആലപിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനമാണ്. '-ഫേസ്‌ബുക്ക് കുറിപ്പിലൂടെ എസ്‌പിബി തന്റെ നിലപാട് അറിയിത് ഇങ്ങനെയായിരുന്നു.

കറകളഞ്ഞ മനുഷ്യസ്നേഹി; ചിട്ടകളില്ലാത്ത ജീവിതം

ഗായകരുടെ സോ കോൾഡ് ചിട്ടകൾ ഒന്നുമില്ലാതെ ജീവിതം ആസ്വദിച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആറടിയോളം പൊക്കം, തടിച്ച ശരീരം, കുടവയറ് എസ്‌പി ബാലസുബ്രമണ്യത്തിന്റെ രൂപം അങ്ങനെയാണ്. ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകൾ തുടർച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതിൽ റെക്കോഡു സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള എസ്‌പി. ഒരു പാട്ടുകാരൻ ജീവിതത്തിൽ സൂക്ഷിക്കേണ്ട നിഷുകളൊന്നുമില്ലാതെയാണ് ജീവിച്ചത്. ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള നിഷ്ടുകൾ, ആഹാരത്തിലുള്ള പഥ്യം, തണുത്ത ആഹാരം ഒഴിവാക്കാൻ ഇതൊന്നും നോക്കാതെയുള്ള പ്രകൃതം മറ്റുള്ളവരെ അതിശയപ്പെടുത്തുന്നതാണ്. അതിനെപ്പറ്റി എസ്‌പി.ബാലസുബ്രമണ്യം തന്നെ പറയുന്നത് ഇങ്ങനെയാണ്.

'തൊഴിൽ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തിൽ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാൻ ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യാറില്ല. ഐസ്‌ക്രിം, ഐസ്വാട്ടർ, മധുരപലഹാരങ്ങൾ ഇതെല്ലാം കഴിക്കും. തണുപ്പത്ത് മഫ്ലർ ചുറ്റാനോ ഒന്നും പോകാറില്ല. ഇതൊക്കെ വേണമെന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. സഹപ്രവർത്തകർ ഉപദേശിക്കാറുണ്ട്. എങ്കിലും തൊഴിലിനുവേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റി നിറുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഇങ്ങനെയെല്ലാം ചിട്ടകൾ പാലിച്ചാൽ കൂടുതൽ കാലം ശബ്ദം സൂക്ഷിക്കാൻ പറ്റുമായിരിക്കാം. എന്നാൽ എന്റെ രീതി മറ്റൊന്നാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. അവർ ശബ്ദം സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതുതന്നെ. അതിൽ എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എൻേറത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാമതി.'' എസ്‌പിബി ഒരിക്കൽ പറഞ്ഞു.

എപ്പോഴും സന്തോഷം അദ്ദേഹത്തിന്റെ കുടപ്പിറപ്പായിരുന്നു. ചിരിച്ച മുഖഭാവത്തോടെയല്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. റിയാലിറ്റി ഷോകളിൽ വിധികർത്താവ് ആയും വിവിധ പരിപാടികളുടെ ആങ്കർ ആയി വരുമ്പോഴും അദ്ദേഹം കാണിക്കുന്ന വിനയവും കരുതലും കണ്ടുപടിക്കേണ്ടതാണ്. മലയാളത്തിലെ സംഗീത റിയാലിറ്റി ഷോകളിൽ ഒരുതരം റാഗിങ്ങ്പോലെ വിധികർത്താക്കൾ പെരുമാറുന്ന കാലത്തും എസ്‌പിബി കുട്ടികളോട് സ്നേഹത്തോടെ ഉപദേശിക്കുകയും അവർക്കൊപ്പം ചിരിക്കുകകയും കളിക്കയും ആയിരുന്നു. യേശുദാസിനോടും ഗുരുതുല്യമായ സൗഹൃദമായിരുന്നു അദ്ദേഹത്തിന്. ഒരു വേദിയിൽ ഗാനഗന്ധർവന്റെ കാലുതൊട്ട് വണങ്ങാനും എസ്‌പിബിക്ക് സമകാലീൻ എന്ന പ്രാഫഷണൽ ഈഗോയൊന്നും ഒരു തടസ്സുവും ആയിരുന്നില്ല.

എസ്‌പിബി എല്ലാ ഗായകരെയും ഒരുപോലെ പ്രോത്സാഹിക്കുന്നയാളാണ്. ഒരു കോറസ് പാടിയാൽ പോലും ആ കലാകാരന്മാരെ സ്റ്റേജിനു മുന്നിൽ നിന്ന് അഭിനന്ദിക്കാൻ യാതൊരു മടിയും കാണിക്കാത്തയാൾ. അത്രയും വലിയ മനസിന്റെ ഉടമയാണദ്ദേഹം. മറ്റു ഗായകർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനേക്കാൾ വ്യത്യസ്തമായ അനുഭവമാണ് എസ്‌പിബിക്കൊപ്പം പാടുമ്പോൾ ലഭിക്കുക എന്ന് പലരും പറഞ്ഞിട്ടുണ്ട്.

മഹാനായ ഒരു ഗായകൻ മാത്രമല്ല ഒരു നല്ല മനുഷ്യസ്നേഹികൂടിയാണ് ഈ ലോകം വിട്ടുപോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP