Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്യോതിബസുവിന്റെ വിശ്വസ്തനായി തുടക്കം; ബംഗാളിലും ദേശീയ തലത്തിലും പാർട്ടിയുടെ ഭാവി മുൻകൂട്ടി പ്രവചിച്ച നേതാവ്; പാർലമെന്ററി രാഷ്ട്രീയത്തിലെ ഇടത് മുഖമായി ലോക്സഭയിലെത്തിയത് പത്ത് തവണ; യുപിഎ കാലത്ത് സഭാനാഥനായത് ഓട്ടോമാറ്റിക് ചോയിസായി; പാർട്ടി പിന്തുണ പിൻവലിച്ചിട്ടും മന്മോഹൻ സർക്കാരിന് തുണയായി; പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും കമ്മ്യൂണിസ്റ്റായി ജീവിതം: സോമനാഥ് ചാറ്റർജിയുടേത് അസാധാരണ രാഷ്ട്രീയ ജീവിതം; വിടവാങ്ങിയത് ഹൃദയാലുവായ മനുഷ്യ സ്‌നേഹി

ജ്യോതിബസുവിന്റെ വിശ്വസ്തനായി തുടക്കം; ബംഗാളിലും ദേശീയ തലത്തിലും പാർട്ടിയുടെ ഭാവി മുൻകൂട്ടി പ്രവചിച്ച നേതാവ്; പാർലമെന്ററി രാഷ്ട്രീയത്തിലെ ഇടത് മുഖമായി ലോക്സഭയിലെത്തിയത് പത്ത് തവണ; യുപിഎ കാലത്ത് സഭാനാഥനായത് ഓട്ടോമാറ്റിക് ചോയിസായി; പാർട്ടി പിന്തുണ പിൻവലിച്ചിട്ടും മന്മോഹൻ സർക്കാരിന് തുണയായി; പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും കമ്മ്യൂണിസ്റ്റായി ജീവിതം: സോമനാഥ് ചാറ്റർജിയുടേത് അസാധാരണ രാഷ്ട്രീയ ജീവിതം; വിടവാങ്ങിയത് ഹൃദയാലുവായ മനുഷ്യ സ്‌നേഹി

മറുനാടൻ മലയാളി ഡസ്‌ക്

കൊൽക്കത്ത: അന്തരിച്ച മുൻ ലോക്‌സഭ സ്പീക്കർ സോംനാഥ് ചാറ്റർജി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും പാർലമെന്ററി രാഷ്ട്രീയത്തിന്റേയും മുഖ്യധാരയിലുണ്ടായിരുന്ന മുഖമായിരുന്നു. പത്ത് തവണയാണ് അദ്ദേഹം പാർലമന്റിലേക്ക് എത്തിയത്. 1968ൽ 39ാം വയസ്സിലാണ് ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. 1971ൽ ബർധമാനിൽ നിന്നും മത്സരിച്ച് ആദ്യമായി ലോക്‌സഭയിലെത്തി. 1977 മുതൽ 84 വരെ ജാദവ്പൂരിൽ നിന്നും പിന്നീട് ബോൽപൂരിൽ നിന്നുമാണ് അദ്ദേഹം സഭയിലെത്തിയത്. അസമിലെ തെസ്പൂരിലാണ് സോംനാഥ് ചാറ്റർജി ജനിച്ചത്.അഭിഭാഷകനായ നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെ മകനായിരുന്നു സോംനാത്.

കൽക്കത്ത സർവ്വകലാശാലയിൽ നിന്നും കെയിംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. എന്നും തന്റെ നിലപാടുകൾ ഉറക്കെ വിളിച്ച് പറയുന്നതിന് സോംനാഥ് പാർട്ടി ചട്ടക്കൂടുകളെ പോലും ഭയന്നിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയൻ കൂടിയായിരുന്ന സോംനാഥ് പ്രതിപക്ഷ പാർട്ടികളുടെ പോലും പ്രീതി പിടിച്ച് പറ്റിയിരുന്ന നേതാവാണ്.

പശ്ചിമബംഗാളിൽ നിർണ്ണായക സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. പാർട്ടിക്ക് ദേശീയ തലത്തിലും പ്രത്യേകിച്ച് പശിചിമ ബംഗാളിലും വരാനിരിക്കുന്ന അവസ്ഥയെ കുറിച്ച് അദ്ദേഹം നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ പലപ്പോഴും അദ്ദേഹത്തെ പാർട്ടി നേതൃത്വവുമായി തെറ്റിയിരുന്നു. ഇടത് പക്ഷത്തിന് പ്രധാനമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെട് സാഹചര്യത്തിൽ ജ്യോതി ബസു പ്രധാനമന്ത്രിയാകണം എന്ന നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് പാർട്ടി ആ പദവി വേണ്ടെന്ന് വെച്ചപ്പോൾ പോലും നീരസം തുറന്ന് പറയാൻ അദ്ദേഹം ധൈര്യം കാണിച്ചിരുന്നു.

പാർട്ടിയിലെ മികച്ച നേതാവായിരുന്നിട്ടും ഒരിക്കൽ പോലും അദ്ദേഹം പോളിറ്റ് ബ്യൂറോയിൽ എത്തിയിരുന്നില്ല. ബംഗാളിൽ നിന്നുള്ള പിബി അംഗങ്ങളുടെ അതിപ്രസമാണ് സോംനാഥിന് അവസരം നിഷേധിച്ചത്. രണ്ട് തവണ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സ്പീക്കറായിരിക്കെ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് പിന്നീട് ആ പദവി ഒഴിയുകയായിരുന്നു.

2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ സിപിഎം കോൺഗ്രസിന് പുറത്ത് നിന്ന് പിന്തുണ നൽകിയിരുന്നു. മന്ത്രിസഭയിലേക്ക് സിപിഎമ്മിനെ ക്ഷണിച്ചെങ്കിലും ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടർന്നാണ് അന്ന് അറുപതിന് മുകളിൽ സീറ്റുകളുണ്ടായിരുന്ന പാർട്ടി എന്ന നിലയ്ക്ക് ലോക്‌സഭ സ്പീക്കർ സ്ഥാനം പാർട്ടിക്ക് നൽകിയത്. പത്താം തവണ ലോക്‌സഭയിലേക്ക് എത്തിയ സോംനാഥ് ഉള്ളപ്പോൾ സ്പീക്കർ പദവിയിലേക്ക് മറ്റൊരാളെ തിരയേണ്ടി വന്നില്ല പാർട്ടിക്ക്.

സ്പീക്കറായിരിക്കെയും മികച്ച തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊണ്ടത്. സഭയിൽ നിന്നും എക്‌സിക്യൂട്ടീവിനെ അകറ്റി നിർത്തുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുന്നിണിയെയും സർക്കാരിനേയും പ്രതിസന്ധിയിലാക്കുമായിരുന്നിട്ടും പലപ്പോഴും അടിയന്തര പ്രമേയത്തിനുൾപ്പടെ അനുമതി നൽകുന്നതിന് സോംനാഥ് മടിച്ചില്ല.

രാജ്യത്തെ പരമോന്നത നിയമനിർമ്മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേൽക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിർണായക തീരുമാനമെടുക്കാൻ താൻ നിർബന്ധിതനായതെന്നാണു സ്പീക്കർ പദവി വിവാദത്തോട് ചാറ്റർജി പ്രതികരിച്ചത്. വിശ്വാസ വോട്ടിൽ സ്പീക്കർ പദം രാജിവച്ചു യുപിഎ സർക്കാരിനെതിരെ നിലകൊള്ളാൻ സിപിഎം സോമനാഥിനു മേൽ സമ്മർദംചെലുത്തിയിരുന്നു. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന താൻ പാർട്ടി തീട്ടൂരങ്ങൾക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

യുപിഎ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേടിയ സാഹചര്യത്തിൽ സോംനാഥായിരുന്നു സഭ നിയന്ത്രിച്ചിരുന്നു. ഇന്ത്യയുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഇടതുപാർട്ടികൾ തീരുമാനിച്ചപ്പോൾ, ലോക്‌സഭാ സ്പീക്കർ സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണം. ആണവ കരാറിൽ നിന്നും ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ടാണ് ഇടത് പാർട്ടികൾ പിന്തുണ പിൻവലിച്ചത്. അതിന്റെ ഭാഗമായി സോംനാഥിനോടും പിന്തുണ പിൻവലിക്കാനും സ്പീക്കർ പദവി രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പീക്കർ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന് നിലപാട് സ്വീകരിച്ചാണ് സോംനാഥ് തുടർന്നത്.

വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് സർക്കാരിന് വോട്ട് ചെയ്യാൻ കൈക്കൂലി ലഭിച്ചുവെന്നാരോപിച്ച് ബിജെപി നേതാക്കൾ നോട്ട് കെട്ടുകൾ നടുമേശയിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യൻ ജനാധിപത്യത്തിന് പോലും കളങ്കമുണ്ടാകുന്ന സാഹചര്യം പോലും തന്റെ പ്രവർത്തി പരിചയം കൊണ്ടാണ് സോംനാഥ് മറികടന്നത്.

ഇടതു പാർട്ടികളുടെ അപചയത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാർട്ടികൾ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കൽപ്പിക്കാൻപോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകൾക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റർജി വിമർശിച്ചു. പാർട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താൻ തിരികെ പാർട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP