Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

സൈബർ ലോകത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചില്ല; തങ്ങൾക്കായി ജീവിതമുഴിഞ്ഞ മാലാഖയുടെ വേർപാടു താങ്ങാനാകാതെ പ്രവാസലോകവും; അർബുദത്തെ വകവയ്ക്കാതെ അന്യരുടെ വേദനകൾക്കു കാതോർത്ത സഫിയക്കു വിട

സൈബർ ലോകത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചില്ല; തങ്ങൾക്കായി ജീവിതമുഴിഞ്ഞ മാലാഖയുടെ വേർപാടു താങ്ങാനാകാതെ പ്രവാസലോകവും; അർബുദത്തെ വകവയ്ക്കാതെ അന്യരുടെ വേദനകൾക്കു കാതോർത്ത സഫിയക്കു വിട

കൊച്ചി: സ്വന്തം ജീവിതം കാർന്നു തിന്നുന്ന അർബുദത്തെയും വകവയ്ക്കാതെ അന്യരുടെ കണ്ണീരൊപ്പാനും അവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും സമയം മാറ്റിവച്ച സഫിയ അജിത്ത് ഒടുവിൽ മരണത്തിനു കീഴടങ്ങി. സ്വജീവിതം മാറ്റിവച്ചു തങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മാലാഖയ്ക്കുവേണ്ടി നിരവധി പേരും സൈബർ ലോകവും നടത്തിയ പ്രാർത്ഥനകളൊന്നും ഫലിച്ചില്ല.

അർബുദമെന്ന മഹാരോഗം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും പൊതുപ്രവർത്തനരംഗത്തു നിന്ന് അല്പം പോലും പിന്മാറാതെ പ്രവാസ ലോകത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ് സഫിയ. എണ്ണമറ്റ നിരാലംബർക്ക് താങ്ങും തണലും ആശ്വാസവുമായി പ്രവർത്തിച്ച സഫിയയെ ഒടുവിൽ അർബുദത്തിന്റെ രൂപത്തിൽ മരണം കീഴടക്കുകയായിരുന്നു.

സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തകയും നവയുഗം സാംസ്‌കാരിക വേദിയുടെ വൈസ് പ്രസിഡന്റുമായിരുന്നു നാൽപ്പത്തൊമ്പതുകാരിയായ സഫിയ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ദമാമിൽ ജോലി ചെയ്യുന്ന അജിത്ത് അബ്ദുസ്സലാമാണ് തിരുവല്ല സ്വദേശിനിയായ സഫിയയുടെ ഭർത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം ബുധനാഴ്ച എറണാകുളം അച്യുതമേനോൻ പബ്ലിക്ക് ലൈബ്രറിയിൽ പൊതു ദർശനത്തിന് വയ്ക്കും. ബുധനാഴ്ച മരട് പള്ളിയിലാണ് ഖബറടക്കം.

കഴിഞ്ഞ അഞ്ച് വർഷമായി ദമാമിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുകയാണ് സഫിയ. ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്.

ദമാം നാടുകടത്തൽ കേന്ദ്രത്തിൽ ആരോരുമില്ലാതെ കഴിഞ്ഞ ഇന്ത്യക്കാരായ നിരവധി സ്ത്രീകൾക്ക് തടങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങാൻ സഫിയ സഹായം ഒരുക്കിയിരുന്നു. അർബുദ രോഗത്തിന്റെ പിടിയിലായി പന്ത്രണ്ട് ശസ്ത്രക്രിയക്ക് വിധേയയായിട്ടും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചുവെന്നതാണ് അവരെ പ്രവാസ ലോകത്ത് വേറിട്ട് നിർത്തുന്നത്. മുംബൈ, യമനിലെ ദനാർ, സൗദിയിലെ അൽ ഖസീം എന്നിവടങ്ങളിലെ ആശുപത്രകളിൽ നഴ്‌സായി ജോലി ചെയ്തശേഷമാണ് നഴ്‌സിങ് സൂപ്രണ്ടായി സഫിയ ദമാമിലെ ആസ്തൂൻ ആശുപത്രിയിലെത്തുന്നത്.

ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറും സാമൂഹ്യ പ്രവർത്തനുമായ ഭർത്താവ് അജിത്തിന്റെ പാത പിന്തുടർന്നാണ് അവർ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാകുന്നത്. കോഴിക്കോടുകാരി ബുഷ്‌റയെന്ന വീട്ടുവേലക്കാരിയുടെ വിഷയത്തിൽ ഇടപെട്ടാണ് അഞ്ചു വർഷം മുമ്പ് സഫിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇംഗ്ലീഷ്, അറബി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വദേശികളുമായുള്ള ഇടപെടലുകൾ എളുപ്പമാക്കി. സ്‌പോൺസർമാരിൽ നിന്ന് നിയമനിഷേധം നേരിട്ട് നിരവധി പേരുടെ പ്രശ്‌നങ്ങളിൽ സഹായിയായി സഫിയ കോടതികൾ കയറിയിറങ്ങി. ഒരു വനിത ഇത്തരത്തിൽ ഇടപെടലുകൾ നടത്തുന്നതിനെതിരെ വിമർശനവും ഭീഷണിയുമായി പലരും രംഗത്ത് വന്നെങ്കിലും അവർ വകവച്ചില്ല. എന്നാൽ സഫിയയുടെ പ്രവർത്തന മികവ് കണ്ടറിഞ്ഞ് ലേബർ കോടതിയിലെ ഉദ്യോഗസ്ഥർ ദമാമിലെ വനിതാ തർഹീലിലെ തടവുകാരായ സ്ത്രീകൾക്കുവേണ്ടി സഫിയയുടെ സഹായം തേടിയിരുന്നു.

ദുരിതമനുഭവിക്കുന്ന വീട്ടുവേലക്കാരികളുടെ സഹായത്തിനായി സഫിയ തന്റെ അധിക സമയവും ചെലവഴിച്ചു. സൗദിയിൽ സ്ത്രീകൾക്ക് സാമൂഹ്യ പ്രവർത്തനം നിഷിദ്ധമാണെന്ന ധാരണകളും സഫിയ തിരുത്തിക്കുറിച്ചു. എല്ലാ ഓഫീസുകളിലും സ്‌നേഹവും ബഹുമാനവും സഫിയക്കു ലഭിച്ചു. ഖസീമിൽ ജോലിചെയ്യുന്നതിനിടയിലാണ് ബ്‌ളാഡറിൽ ആദ്യമായി മുഴ പ്രത്യക്ഷപെട്ടത്. തുടർന്ന് 12 ഓളം ശസ്ത്രക്രിയകൾക്ക് ഇവർ വിധേയയായി. മഹാരോഗം കീഴടക്കിയപ്പോഴും മറ്റുള്ളവർക്കായി ജീവിച്ചു എന്നതാണ് ഈ സാമൂഹ്യപ്രവർത്തകയെ വേറിട്ടുനിർത്തുന്നത്.

ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് ശേഷം അടുത്തിടെയാണ് ദമാമിൽ അവർ തിരിച്ചെത്തിയത്. പൊതുവേദികളിൽ വീണ്ടും സജീവമാകുകയും ചെയ്തിരുന്നു. എന്നാൽ, വേദനയുടെ രൂപത്തിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ ഒരിക്കൽ കൂടി ശരീരത്തിന്റെ താളം തെറ്റിച്ചതോടെ സഫിയയെ അൽഖോബാർ സഅദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയിരുന്നു സഫിയ.

ബുധനാഴ്ച പുലർച്ചെയാണ് ജെറ്റ് എയർ വിമാനത്തിൽ സഫിയയെ കൊച്ചിയിലെത്തിച്ചത്. ലേക് ഷോർ ആശുപത്രിയിൽ അർബുദ രോഗ വിദഗ്ധൻ ഡോ. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ സപ്റ്റംബർ മൂന്നിന് സഫിയയെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അർബുദം ബാധിച്ച മൂത്രാശയവും ഗർഭപാത്രവും മുറിച്ചു മാറ്റിയാണ് സാധാരണ നിലയിലേക്ക് തിരിച്ചു വന്നത്. വൻകുടലിന്റെ ഒരു ഭാഗം മുറിച്ച് അത് മൂത്രാശയമാക്കി വയറിനുള്ളിൽ തുന്നിച്ചേർത്ത് പുറത്തേക്ക് പൈപ്പിട്ട് വയറിന് പുറത്ത് മൂത്ര സഞ്ചി പിടിപ്പിക്കുകയായിരുന്നു. നിരവധി തവണ നീക്കം ചെയ്തിട്ടും ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി മുഴകൾ വീണ്ടും തലപൊക്കിയതോടെയാണ് ഗത്യന്തരമില്ലാതെ മൂത്രാശയം എടുത്തു കളഞ്ഞത്.

ഒരുമാസത്തെ ആശുപത്രി വാസത്തിന് ശേഷം ഏറക്കുറെ ആരോഗ്യം തിരിച്ചു കിട്ടിയതോടെയാണ് വീണ്ടും ദമാമിലത്തെിയത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അർബുദം പടരാതിരിക്കാൻ ഒന്നു രണ്ടു തവണ കൂടി കീമോതെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനായി അൽഖോബാർ കിങ് ഫഹദ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സഹായം തേടി. ഇതിന് തയ്യാറെടുക്കുന്നതിനിടെ പൊടുന്നനെ കഠിനമായ വേദന അനുഭവപ്പെട്ടതോടെയാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന സംഹാരികളുടെ സഹായത്തോടെയാണ് ഖോബാറിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

അർബുദത്തിന് മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ പല തവണ ജീവിതത്തിലേക്ക് തിരിച്ചു വന്ന സഫിയ വീണ്ടും മടങ്ങി വരുമെന്ന പ്രതീക്ഷയോടെയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും അവരെ ദമാം വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്കു യാത്രയാക്കിയത്. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കി മരണം സഫിയയെ തട്ടിയെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP