Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നത് സംഗീതജ്ഞയായ അമ്മ; എട്ടാം വയസ്സിൽ ആകാശവാണി മദ്രസ് സ്റ്റേഷനിൽ പാടി തുടക്കം; 'ഗുഡ്ഡി'യിലെ 'ബോലേ രേ പപ്പി' ഗാനത്തിലൂടെ അവാർഡും പ്രശസ്തിയും; മലയാളത്തിൽ എത്തിച്ചത് സലിൽ ചൗധരി; 'ഓലഞ്ഞാലി കുരുവി' പാടി തിരിച്ചുവരവും; ഓർമയാകുന്നത് ഹൃദയം കവർന്ന ആ മധുരവാണി

സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നത് സംഗീതജ്ഞയായ അമ്മ; എട്ടാം വയസ്സിൽ ആകാശവാണി മദ്രസ് സ്റ്റേഷനിൽ പാടി തുടക്കം; 'ഗുഡ്ഡി'യിലെ 'ബോലേ രേ പപ്പി' ഗാനത്തിലൂടെ അവാർഡും പ്രശസ്തിയും; മലയാളത്തിൽ എത്തിച്ചത് സലിൽ ചൗധരി; 'ഓലഞ്ഞാലി കുരുവി' പാടി തിരിച്ചുവരവും; ഓർമയാകുന്നത് ഹൃദയം കവർന്ന ആ മധുരവാണി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നിത്യഹരിത ഗായിക വാണി ജയറാം ഇനി ദീപ്തമായ ഓർമ. രാജ്യത്തെ പത്തൊൻപത് ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾക്ക് ജീവൻ പകർന്ന സ്വരമാധുര്യം. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ 'ഏഴുസ്വരങ്ങളുക്കുൾ' എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്‌കാരം. ഒടുവിൽ ആ സ്വരമാധുര്യത്തിന് രാജ്യത്തിന്റെ ആദരമായി പത്മഭൂഷണും.

സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തന്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിന് സമ്മാനിച്ചത്.

വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർത്ഥ കരയിൽ, കിളിയേ കിളി കിളിയേ, എന്റെ കൈയിൽ പൂത്തിരി തുടങ്ങിയ നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി.

മലയാളികളുടെ പുതുതലമുറ പോലും സ്‌നേഹപൂർവ്വം മൂളിനടക്കുന്ന ''പാളങ്ങളി''ലെ (1982) ആർദ്രപ്രണയഗീതത്തിന്റെ പിറവി വിസ്മയിപ്പിക്കുന്നതായിരുന്നു. ഏതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി....'' മലയാളിമനസ്സിൽ കാല്പനികതയും ഗൃഹാതുരത്വവും നിറയ്ക്കുന്ന ഭാവഗീതം എന്നും മലയാളികൾക്ക് പുതുമയേറിയതാണ്.

തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു.

ഇക്കണോമിക്‌സിൽ ബിരുദം നേടിയ വാണിക്ക് എസ്‌ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

പ്രഫഷണൽ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്‌നേഹിയും സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയരാമൻ ആയിരുന്നു. 2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ 'മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ' എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന ചിത്രത്തിലെ 'സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി' എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു.

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ 'പൂക്കൾ പനിനീർ പൂക്കൾ', 1983 എന്ന ചിത്രത്തിലെ 'ഓലഞ്ഞാലി കുരുവി' എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി.

വടക്കുകിഴക്കൻ സംഗീതരംഗത്തെ ഒട്ടുമിക്ക പ്രമുഖർക്കൊപ്പവും വാണി പാടി. ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്. എം.എസ്.വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്‌കാരങ്ങൾക്ക് അർഹയാക്കിയത്. ഗുജറാത്ത്, ഒഡീഷ, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും ലഭിച്ചിട്ടുണ്ട്.

ചിത്രഗുപ്ത്, നൗഷാദ് , മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞർക്കായി വാണി പാടി. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം വാണിയുടെ മധുരസ്വരം ആസ്വാദകർ പലതവണ കേട്ടു. 1974-ൽ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് വാണി ദക്ഷിണേന്ത്യൻ ഭാഷകളിലും സജീവമായത്.

എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്‌മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. വാണി ജയറാമിന്റെ 30 കവിതകൾ 'ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP