Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202117Friday

76 ാം വയസ്സിലും കാതലെ കാതലെ പാടി പ്രണയ ഭാവം ആസ്വാദകരിലേക്കെത്തിച്ചു; മലയാളി ഹൃദയത്തിലേക്കെത്തിയത് ഋതുഭേദ കൽപ്പന, പവനരച്ചെഴുതുന്നു എന്നീ പാട്ടുകളിലുടെ; വിവിധ ഭാഷകളിലായി ആലപിച്ചത് നൂറിലേറെ ഗാനങ്ങൾ; പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങുമ്പോൾ

76 ാം വയസ്സിലും കാതലെ കാതലെ പാടി പ്രണയ ഭാവം ആസ്വാദകരിലേക്കെത്തിച്ചു;  മലയാളി ഹൃദയത്തിലേക്കെത്തിയത് ഋതുഭേദ കൽപ്പന, പവനരച്ചെഴുതുന്നു എന്നീ പാട്ടുകളിലുടെ;   വിവിധ ഭാഷകളിലായി ആലപിച്ചത് നൂറിലേറെ ഗാനങ്ങൾ; പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ പിന്നണി ഗായിക കല്യാണി മേനോൻ വിടവാങ്ങി.80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വാകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലങ്ങളായി പക്ഷാഘാത ബാധിതയായി ചികിത്സയിലായിരുന്നു.എ.ആർ റഹ്‌മാന്റേതുൾപ്പടെ മിക്ക ദക്ഷിണേന്ത്യൻ സംഗീത സംവിധായകരുടെയും ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള കല്യാണി മേനോൻ കൂടുതലായും മലയാളം, തമിഴ് ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലായി നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.വിവിധ കാലഘട്ടങ്ങളിലും ഹിറ്റുകൾ സമ്മാനിച്ച് എല്ലാ തലമുറകളെയും തന്റെ ആസ്വാദകരാക്കാൻ ഈ ഗായികയ്ക്ക് കഴിഞ്ഞു.ആദ്യഗാനം തൊട്ട് 76 ാം വയസ്സിൽ പാടിയ 96 ലെ കാതലെ കാതലെ എന്ന പാട്ട് വരെ ഇതിന് ഉദാഹരണമാണ്.

എറണാകുളം കാരയ്ക്കാട്ട് മാറായിൽ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായി ജനിച്ച കല്യാണിക്കുട്ടി എന്ന കല്യാണി മേനോൻ കലാലയ യുവജനോത്സവത്തിലൂടെയാണ് പാട്ടിലേക്കു വരുന്നത്.അഞ്ചാം വയസിൽ എറണാകുളം ടി.ഡി.എം ഹാളിലെ നവരാത്രി ഉൽസവത്തിന്റെ ഭാഗമായി നടക്കുന്ന കുട്ടികളുടെ സംഗീത മൽസരത്തിൽ പാടി തുടങ്ങിയ കല്ല്യാണി കോവിഡ് കാലത്തു വരെ സജീവമായിരുന്നു. 1973 ൽ തോപ്പിൽ ഭാസിയുടെ 'അബല'യിൽ പാടിയാണു ചലച്ചിത്ര സംഗീതരംഗത്ത് എത്തിയത്.എന്നാൽ ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല.

1977ൽ പുറത്തിറങ്ങിയ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ദ്വീപ്' എന്ന ചിത്രത്തിലെ കണ്ണീരിൻ മഴയത്തും എന്ന ഗാനം ആരാധക പ്രശംസ പിടിച്ചുപറ്റി. ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബം(1979)ൽ തമിഴിൽ അരങ്ങേറ്റം കുറിച്ചു.മംഗളം നേരുന്നു എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കൽപന ചാരുത നൽകിയ' എന്ന ഗാനവും വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ 'പവനരച്ചെഴുതുന്നു കോലങ്ങളിന്നും' എന്ന ഗാനവും മലയാളികൾക്കു സുപരിചതമാണ്.

90കളിൽ എ.ആർ റഹ്‌മാന്റെ നിരവധി ചിത്രങ്ങളിൽ കല്യാണി മേനോൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അലൈപായുതേ, മുത്തു, കാതലൻ തുടങ്ങിയ സിനിമകളിൽ എ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ പാടിയതോടെ തമിഴകത്ത് സൂപ്പർ ഹിറ്റായി.ശ്രീവൽസൻ ജെ.മേനോൻ സംഗീതം നൽകിയ ലാപ്ടോപ് എന്ന ചിത്രത്തിലെ ജലശയ്യയിൽ എന്ന ഗാനം, തമിഴിൽ തന്നെ ഗൗതം മേനോൻ ചിത്രമായ 'വിണ്ണൈതാണ്ടി വരുവായ'യിലെ ഓമനപ്പെണ്ണേ എന്ന ഗാനവും '96'ലെ കാതലേ കാതലേ എന്ന ഹിറ്റ് ഗാനവും ആലപിച്ചത് കല്യാണി മേനോനാണ്.

സ്വപാനത്തിലെ കാമിനീ മണീ സഖീ, ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് സിക്സ്ത്-ബിയിലെ കണ്ണനാമുണ്ണിയെ കാണുമാറാകണം, കാക്കകുയിലിലെ ഉണ്ണികണ്ണാ വാവാ, മിസ്റ്റർ ബട്ട്ലറിലെ രാര വേണൂ, ഗംഗൈ അമരന്റെ സംഗീതത്തിൽ വാഴ് വേമായം എന്ന ചിത്രത്തിൽ പാടിയ ഡപ്പാം കൂത്ത് പാട്ടും വളരെ ഹിറ്റായി. ഹേ രാജാവേ... എന്ന ഈ പാട്ട് എസ് പിബിയുടെ കൂടെയാണ് പാടിയത്. ഈ ചിത്രം മലയാളത്തിൽ പ്രേമാഭിഷേകം എന്ന പേരിലെടുത്തപ്പോൾ യേശുദാസിന്റെ കൂടെ പാടി.

ദ്വീപ്, തച്ചോളി മരുമകൻ ചന്തു, മകം പിറന്ന മങ്ക, സീതാ സ്വയംവരം, തേരോട്ടം, കുടുംബം നമുക്ക് ശ്രീകോവിൽ, അവൾ എന്റെ സ്വപ്നം, കതിർമണ്ഡപം, കണിക്കൊന്ന്, ഭക്ത ഹനുമാൻ, ശിശരം, താറാവ്, അവതാരം, കാഹളം, ഇന്ത്യ എന്ന സുന്ദരി, പ്രേമാഭിഷേകം, മൈലാഞ്ചി, ജസറ്റിസ് രാജ, കേൾക്കാത്ത ശബ്ദം, ആലോലം, പൗരുഷം, മംഗളം നേരുന്നു, സുന്ദരി കാക്ക, വിയറ്റ്നാം കോളനി, മിസ്റ്റർ ബട്ട്ലർ, നിരപരാധി, പൂമഴ, പൂച്ചയ്ക്കൊരു മൂക്കുത്തി, കാക്കകുയിൽ, മീശമാധവൻ, മുല്ലവള്ളിയും തേന്മാവും, പ്രണയകാലം തുടങ്ങിയ ചിത്രങ്ങളിലും മലയാളത്തിൽ പാടി.

ഇളയരാജയുടെ സംഗീതത്തിൽ 'നല്ലത് ഒരു കുടുംബം' എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി പാടിയത്. 'ചൊവ്വാനമേ പൊൻ മേഘമേ' എന്ന പാട്ട്. എം എസ് വിശ്വനാഥന്റെ 'സുജാത' യിലെ നീ വരുവായനെ നാനിരുന്തേൻ എന്ന പാട്ടാണ് തമിഴിൽ ഉയർത്തിയത്. ഈ പാട്ടോടെ തമിഴ് പ്രേക്ഷകർ എന്നെ ഇരു കൈയും നീട്ടി സ്വീകരിച്ചു. ശുഭ മുഹൂർത്തത്തിൽ യേശുദാസിന്റെ കൂടെ പാടിയ 'നാൻ ഇരവിലെഴുതും കവിതൈ.' എന്നു തുടങ്ങുന്ന പാട്ടും ഏറെ ഹിറ്റായി.

കുറെ നല്ലഗാനങ്ങൾ പാടി. എന്നിട്ടെന്താ? മലയാളികൾ ഈ കല്യാണി മേനോനെ ഓർക്കാറുണ്ടോ എന്ന പരഭവം കല്യാണി മേനോൻ പങ്കുവെച്ചിട്ടുണ്ട്. ഈ ചിന്ത വരുമ്പോഴൊക്കെ കടുത്ത ദുഃഖവും തോന്നാറുണ്ടെന്നും ഒരഭിമുഖത്തിൽ അവർ പറഞ്ഞു. ഈ കോവിഡ് കാലത്തും സംഗീതം തന്നെയാണ് മനസിന് ആശ്വാസമേകുന്ന വർത്തമാനമെന്നായിരുന്നു ആവസാനശ്വാസം വരെയും അവർ വിശ്വസിച്ചത്.സംഗീതത്തിലെ സംഭാവനയ്ക്ക് കലൈമാമണി പുരസ്‌കാരം നൽകി തമിഴ്‌നാട് സർക്കാർ ആദരിച്ചിട്ടുണ്ട്.

സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോൻ, ഇന്ത്യൻ റെയിൽവേ സർവീസ് ഉദ്യോഗസ്ഥൻ കരുൺ മേനോൻ എന്നിവർ മക്കളാണ്. മരുമകൾ: ലത മേനോൻ (ചലച്ചിത്ര സംവിധായിക).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP