Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളക്ടറായി മടങ്ങിയെത്തുമ്പോൾ മകളെ സ്വീകരിക്കുന്ന സ്വപ്‌നം ബാക്കിവെച്ച് സുരേന്ദ്രൻ യാത്രയായി; ഐഎഎസ് പരിശീലനം പൂർത്തിയാക്കി ശിഖ എത്തും മുമ്പേ ലോകത്തോട് വിടപറഞ്ഞ് പിതാവ്; ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കളക്ടർ മോഹം പാകി സഹായങ്ങളുമായി ഒപ്പം നിന്ന അച്ഛന്റെ വിയോഗത്തിൽ തേങ്ങി സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്കുകാരി

കളക്ടറായി മടങ്ങിയെത്തുമ്പോൾ മകളെ സ്വീകരിക്കുന്ന സ്വപ്‌നം ബാക്കിവെച്ച് സുരേന്ദ്രൻ യാത്രയായി; ഐഎഎസ് പരിശീലനം പൂർത്തിയാക്കി ശിഖ എത്തും മുമ്പേ ലോകത്തോട് വിടപറഞ്ഞ് പിതാവ്; ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കളക്ടർ മോഹം പാകി സഹായങ്ങളുമായി ഒപ്പം നിന്ന അച്ഛന്റെ വിയോഗത്തിൽ തേങ്ങി സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്കുകാരി

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: സർക്കാർ വാഹനത്തിൽ കലക്ടറായി മകൾ എത്തുന്നത് സുരേന്ദ്രൻ എന്ന പിതാവ് കണ്ട വലിയൊരു സ്വപ്‌നമായിരുന്നു. അച്ഛന് മുമ്പിൽ കലക്ടറായി വന്നിറങ്ങുന്നത് മകളും സ്വപ്‌നം കണ്ടു. സംസ്ഥാനത്ത് നിന്നും ഐഎഎസിൽ ഒന്നാം റാങ്കു നേടി ആദ്യപടി കടന്നു. കലക്ടറാകാനുള്ള കടമ്പകൾ ഒന്നൊന്നായി കടന്ന് മകൾ തന്നെ കാണാൻ എത്തുമെന്ന് സ്വപ്‌നം കണ്ടിരുന്ന പിതാവ് ഒടുവിൽ യാത്രയായി. മകൾ ഐഎഎസ് പരിശീലനം കഴിഞ്ഞ് തിരിച്ചെത്തുന്നത് കാണാൻ കാത്തു നിൽക്കാതെയാണ് സുരേന്ദ്രൻ യാത്രയായത്. കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കു നേടിയ ശിഖ സുരേന്ദ്രന്റെ അച്ഛൻ കാവനാക്കുടിയിൽ കെ.കെ. സുരേന്ദ്രനാണ് (59) മരണത്തിനു കീഴടങ്ങിയത്.

പ്രമേഹം ബാധിച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ ഡയാലിസിസ് ചെയ്ത ശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളർച്ചയനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആദ്യം മസൂറിയിലും ഇപ്പോൾ നാഗ്പുരിലും ഐ.എ.എസ്. പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രൻ കഠിനമായി ആഗ്രഹിച്ചിരുന്നു. ട്യൂഷൻ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയിൽ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പത്തു വർഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി താളംതെറ്റി. എന്നിട്ടും ശിഖയെ ഐ.എ.എസ്. പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് തടസ്സമുണ്ടായില്ല.

അച്ഛന്റെ സ്വപ്നമാണ് സഫലമായതെന്ന് ഐ.എ.എസ്. റാങ്ക് കിട്ടിയ സമയത്ത് ശിഖ പറഞ്ഞിരുന്നു. പരിശീലനം കഴിഞ്ഞ് കളക്ടറായി മടങ്ങിയെത്തുമ്പോൾ മകളെ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു സുരേന്ദ്രൻ. അച്ഛൻ സുരേന്ദ്രനാണ് ശിഖയോട് ആദ്യമായി സിവിൽ സർവീസിനെക്കുറിച്ച് പറയുന്നതെന്നാണ് ശിഖ കേരളത്തിലെ ഒന്നാം റാങ്കുകാരിയ വേളയിൽ ശിഖ പറഞ്ഞത്. നിന്നെ പോലെ മിടുക്കി കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാനാകുമെന്ന അച്ഛന്റെ വാക്കുകളിലൂടെ ആ ഏഴാംക്ലാസ്സുകാരിയിൽ 'സിവിൽ സർവീസ്' എന്ന സ്വപ്നം മുളപ്പിക്കുകയായിരുന്നു.

അച്ഛൻ സുരേന്ദ്രനും അമ്മയും തിരുവാണിയൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. സാമ്പത്തിക പരിമിതികൾക്കിടയിലും പഠിക്കാൻ എല്ലാസൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന സുരേന്ദ്രൻ ഏറെ കഷ്ടപ്പെട്ടു. 2015 ജൂണിൽ ഡൽഹിയിലെ സങ്കൽപ് ഭവൻ എന്ന സിവിൽ സർവീസ് പഠനകേന്ദ്രത്തിൽ പോകനൊരുങ്ങുമ്പോൾ തനിക്ക് ഭയമോ പേടിയോ തോന്നിയില്ലെന്നായിരുന്നു ശിഖ അന്ന് പറഞ്ഞത്. എല്ലാത്തിനും ധൈര്യം പകർന്നത് പിതാവായിരുന്നു എന്നാണ് ശിഖ വ്യക്തമാക്കിയത്. അങ്ങനെ എന്നും താങ്ങും തണലുമായി കഴിഞ്ഞ പിതാവിനെയാണ് ശിഖയ്ക്ക് നഷ്ടമായത്. ഭാര്യ സിലോ കങ്ങരപ്പടി പേരേക്കാട്ടിൽ കുടുംബാംഗമാണ്. മൂത്ത മകൾ നിവയും ഭർത്താവ് സുനിലും ദുബായിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30-ന് വീട്ടുവളപ്പിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP