Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

ഒരു കഥ എഴുതാനിരുന്നാൽ അതുമാത്രം മനസ്സിൽ; റൂമെടുത്ത് മൂന്നു മാസമൊക്കെ വീട്ടിൽ പോകാതെ ഇരുന്ന് എഴുതും; വീട്ടിൽ പോയാൽ കഥയുടെ കണക്ഷൻ പോകുമെന്ന് പേടി; സിനിമയിൽ ഹ്യൂമർ ചെയ്യാൻ ബഹുമിടുക്കൻ; ചിരിക്കടിയിൽ ഒളിപ്പിച്ചുവച്ച ജീവിത മൂല്യങ്ങളും; സിദ്ദിഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെ

ഒരു കഥ എഴുതാനിരുന്നാൽ അതുമാത്രം മനസ്സിൽ; റൂമെടുത്ത് മൂന്നു മാസമൊക്കെ വീട്ടിൽ പോകാതെ ഇരുന്ന് എഴുതും; വീട്ടിൽ പോയാൽ കഥയുടെ കണക്ഷൻ പോകുമെന്ന് പേടി; സിനിമയിൽ ഹ്യൂമർ ചെയ്യാൻ ബഹുമിടുക്കൻ; ചിരിക്കടിയിൽ ഒളിപ്പിച്ചുവച്ച ജീവിത മൂല്യങ്ങളും; സിദ്ദിഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരുസൗഹൃദദിനം കൂടി കടന്നുപോയതേ ഉള്ളു. സൗഹൃദം അല്ലെങ്കിൽ ചങ്ങാത്തത്തെ കുറിച്ച് ഖലീൽ ജിബ്രാൻ എഴുതിയ വരികളാണ് പെട്ടെന്ന് ഓർമ വരുന്നത്. 'നിങ്ങളുടെ ഹൃദയത്തിന്റെ വേലിയിറക്കങ്ങളെയും, പ്രളയത്തെയും ഒരുപോലെ അറിയുന്നയാളാണ് നിങ്ങളുടെ സുഹൃത്ത്. ഒരാൾ മറ്റേയാൾക്ക് നേരേ കാണിച്ച് കൊടുക്കുന്ന നിലക്കണ്ണാടി പോലെ.'

And a youth said, Speak to us of Friendship.
And he answered, saying:
Your friend is your needs answered.
He is your field which you sow with love and reap with thanksgiving.
And he is your board and your fireside.
For you come to him with your hunger, and you seek him for peace.

മലയാള സിനിമയിലെ സംവിധായക ജോഡിയായ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിനെ കുറിച്ചുപറയുമ്പോഴും സൗഹൃദത്തെ കുറിച്ചുള്ള ഖലീൽ ജിബ്രാന്റെ വരികൾ ഓർമ വരും. ഇണ പിരിയാത്തവരെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ഇടക്കാലത്ത് പിരിഞ്ഞെങ്കിലും, ആ സൗഹൃദത്തിന് കോട്ടമൊന്നും സംഭവിച്ചില്ല.

സുഹൃത്തുക്കളെങ്കിലും തങ്ങളുടെ സ്വഭാവത്തിലെ വ്യത്യസ്തകളും അവർ അഭിമുഖങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിദ്ദിഖ് ഒരു കഥ എഴുതാനിരുന്നാൽ അത് മാത്രമാണ് അവന്റെ മനസിലുണ്ടാകുക. ഹോട്ടലിൽ റൂമെടുത്ത് മൂന്ന് മാസമൊക്കെ വീട്ടിൽ പോകാതെ ഇരുന്ന് എഴുതിയിട്ടുണ്ട്. എന്നാൽ ഞാൻ എല്ലാ ദിവസവും വൈകുന്നേരം വീട്ടിലേക്ക് പോകും. എനിക്ക് പിള്ളേരെ കാണണമെന്നൊക്കെ തോന്നും.

എനിക്കത് കുറ്റബോധമായി തോന്നിയിട്ടുണ്ട്. അവൻ അവിടെ ഇരുന്ന് കഷ്ടപ്പെടുകയാണല്ലോ എന്നൊക്കെ ഓർക്കും രാവിലെ എഴുന്നേറ്റ് അങ്ങോട്ട് ഓടും. അങ്ങനെ ആയിരുന്നു എന്നും ലാൽ ഓർക്കുന്നുണ്ട്. താൻ അതിനിടെ വീട്ടിൽ പോയാൽ തനിക്ക് ആ കണക്ഷൻ നഷ്ടപ്പെട്ടു പോകുമെന്നായിരുന്നു സിദ്ദിഖ് വീട്ടിൽ പോകാത്തതിന് കാരണമായി പറഞ്ഞത്.

കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ സിദ്ദിഖും ലാലുമാണ് പിൽക്കാലത്ത് സിദ്ദിഖ് - ലാൽ കോമ്പോ ആയി മാറിയത്. മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ചിത്രം വൻ വിജയമായിരുന്നു.

സിദ്ദീഖ് - ലാൽ കൂട്ടുകെട്ടിൽ സൂപ്പർഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്സ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ കാബൂളിവാല എന്നിവ. പക്ഷെ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാർത്ത മലയാളി പ്രേക്ഷകർക്ക് ഞെട്ടലായിരുന്നു. സിദ്ദിഖ് ലാല് കൂട്ട് കെട്ട് പിരിയാനുള്ള കാരണവും സിദ്ദിഖ് പറഞ്ഞിരുന്നു.

അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞത്. അവതാരകനായ എം ജി ശ്രീകുമാർ ഇരുവരെയും പറ്റിയുള്ള വാർത്തകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിദ്ദിഖ് പറയുന്നത് ഇങ്ങനെ ഒരുപാട് നാൾ സിദ്ദിഖ്-ലാൽ എന്ന് കേട്ട് പരിചിതമായതിന് ശേഷം ഇരുവരും പിരിഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചത് ഇവർ പിണങ്ങിപ്പിരിഞ്ഞു എന്നാണ് കരുതിയത്. 'എന്നാൽ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമാണ്'.

'അങ്ങനെ വേർപിരിഞ്ഞതിനുശേഷം എന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്ലർ. ചിത്രത്തിൽ പക്ഷെ ലാൽ ഒപ്പമുണ്ടായിരുന്നു. സംവിധാനമല്ല, നിർമ്മാതാവായാണ് ലാൽ സിനിമയിൽ അന്ന് പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ല', സിദ്ദിഖ് പറയുന്നു.

'ഞങ്ങൾ സ്വതന്ത്രമായി ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയത്. പിന്നീട് ഏറെ നാളുകൾക്കുശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തുകയും ചെയ്തു. അതിന്റെ പിന്നണി പ്രവർത്തകർ പോലും വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നായിരുന്നു.അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്നുപോലും അവർ ചോദിച്ചു. പിന്നീട്, ഞാൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നു', സിദ്ദിഖ് വിശദീകരിച്ചു.

ഇനി അത് പറഞ്ഞാലും അത് പറയുന്ന ഞങ്ങൾക്കോ കേൾക്കുന്ന പ്രേക്ഷകർക്കോ ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അങ്ങനെ ആർക്കും ഗുണമില്ലാത്ത, ചിലപ്പോൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാവുന്ന ഒരു കാര്യം എന്തിനാണ് പറയുന്നത് എന്നാണ് ലാൽ ചോദിച്ചത്. അത് അവിടെ വെച്ച് തന്നെ അങ്ങ് തീർന്നുപോട്ടെ. അതല്ലേ നല്ലത്. കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് രണ്ടുപേർക്കും നല്ലതേ ഉണ്ടായിട്ടുള്ളൂ എന്നും ലാൽ പറഞ്ഞിരുന്നു.

ഒറ്റയ്ക്ക് പ്രവർത്തിക്കുമ്പോൾ അദ്ദേഹവും ഉണ്ടായിരുന്നെങ്കിൽ ഗുണമായേനെ എന്ന് ചിലപ്പോഴെങ്കിലും തോന്നും. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ ഓർക്കാറുണ്ട്. ചില പടങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഒരുപക്ഷേ അതിലും നന്നായേനെ എന്ന് തോന്നിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു.എന്തിന് പിരിഞ്ഞു എന്നതിനേക്കാൾ പിരിഞ്ഞതുകൊണ്ട് എന്തുണ്ടായി എന്നല്ലേ നമ്മൾ ആലോചിക്കേണ്ടത് എന്നാണ് ചോദ്യത്തോടെ സിദ്ദിഖ് പ്രതികരിച്ചത്. എന്തിന് പിരിഞ്ഞു എന്നതിന് ഇന്ന് പ്രസക്തിയില്ല. ആ കാരണം ഇന്ന് നിലനിൽക്കുന്നില്ല. അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമകളിൽ ഹ്യൂമർ ചെയ്യാൻ മിടുക്കൻ

ഹരിശ്രീ അശോകൻ, സിദ്ദിഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമകളിൽ ഹ്യൂമർ ചെയ്യാൻ വളരെ മിടുക്കൻ ആണ് സിദ്ദിഖ്, അദ്ദേഹത്തിന്റെ അങ്ങനെ ഉള്ള ഒരുപാടു ചിത്രങ്ങളിൽ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട് ഹരിശ്രീ അശോകൻ പറയുന്നു.

അതിൽ എടുത്തു പറയാവുന്ന ഒരു ചിത്രമാണ് ക്രോണിക് ബാച്ചിലർ, ചിത്രത്തിൽ ഞാനും ഇന്നസെന്റ് ചേട്ടനും കൂടി ഒരു മദ്യപാനിയുടെ കൂടെ അഭിനയിക്കുന്ന രംഗം ഉണ്ട്, അതിന്റെ ഒരു ടൈമിങ് തെറ്റിയാൽ പിന്നീട് അത് വർക്ക് ഔട്ട് ആകില്ല, അതിൽ അഗ്രഗണ്യൻ തന്നെയാണ് സിദ്ദിഖും, റാഫി മെക്കാർട്ടിനും.

ആ ചിത്രത്തിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ വെജിറ്റേറിയൻ ആണ് നല്ലത് ഒരുപാട് വണ്ണം വെക്കില്ല എന്ന് ഞാൻ പറയുന്നുണ്ട്, അപ്പോൾ തിരിച്ചു മുകേഷ് പറയുന്ന ഒരു ഡയലോഗുണ്ട് എന്നാൽ ആന വെജിറ്റേറിയൻ അല്ലെ എന്തുകൊണ്ട് വണ്ണം കുറയുന്നില്ല എന്ന്, എന്നാൽ ആ ഡയലോഗുകൾ ക്രോണിക് ബാച്ചിലറിൽ നിന്നും കട്ട് ചെയ്തു.എന്നാൽ അത് മറ്റൊരു ചിത്രമായ റൺവേ യിൽ താൻ പറഞ്ഞു ഹരിശ്രീ പറയുന്നു.

ചിരിക്കടിയിൽ ഒളിപ്പിച്ച ജീവിത മൂല്യങ്ങൾ

 എല്ലാ ഇന്നലകളും മനസ്സിൽ സൂക്ഷിച്ചുവെക്കാനുള്ളതല്ല. ചിലതെല്ലാം വലിച്ചെറിഞ്ഞുകളയണം. അല്ലെങ്കിൽ അവ നന്മളെയുംകൊണ്ടേ പോകൂ'. ലേഡീസ് ആൻഡ് ജെന്റിൽമാനിലെ സംഭാഷണത്തെ കുറിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ, സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ്: 'എന്റെ എല്ലാ ചിത്രങ്ങളിലും ജീവിതമൂല്യങ്ങളുടെ സ്പർശം അവിടവിടെ കാണാം. തമാശയിൽ ആർത്തുചിരിക്കുമ്പോൾ പലരും അത് ശ്രദ്ധിച്ചില്ലായിരിക്കാം. അതിപ്പോൾ പ്രകടമായി കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിൽ, എന്റെ പ്രായത്തിന്റെ പക്വതയോ, അനുഭവങ്ങളുടെ വെളിച്ചമോ ആയിരിക്കാം...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP