Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർത്താവിന്റെ മണവാട്ടിയാകാൻ പഠിക്കുമ്പോൾ ചേട്ടനെ കാട്ടുപോത്ത് കുത്തിയത് ജീവിതം മാറ്റി മറിച്ചു; പാപ്പച്ചനെ ചികിൽസിക്കാൻ ആശുപത്രി ആവശ്യപ്പെട്ടത് കാട്ടുമൃഗങ്ങളുടെ ഇറച്ചിയും; ശിരോവസ്ത്രം വേണ്ടെന്ന് വച്ചു തോക്കുമെടുത്ത് കാടുകയറൽ; 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ഡോക്ടർക്ക് കാഴ്ച വച്ച് പ്രതികാരം; ഒറ്റയാനെ ഒറ്റ വിരലിൽ വിറപ്പിച്ച് ശിക്കാരി കുട്ടിയമ്മയായി; തോക്കിനെ ത്രേസ്യാ തോമസ് കൂടെ കൂട്ടിയ കഥ

കർത്താവിന്റെ മണവാട്ടിയാകാൻ പഠിക്കുമ്പോൾ ചേട്ടനെ കാട്ടുപോത്ത് കുത്തിയത് ജീവിതം മാറ്റി മറിച്ചു; പാപ്പച്ചനെ ചികിൽസിക്കാൻ ആശുപത്രി ആവശ്യപ്പെട്ടത് കാട്ടുമൃഗങ്ങളുടെ ഇറച്ചിയും; ശിരോവസ്ത്രം വേണ്ടെന്ന് വച്ചു തോക്കുമെടുത്ത് കാടുകയറൽ; 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ഡോക്ടർക്ക് കാഴ്ച വച്ച് പ്രതികാരം; ഒറ്റയാനെ ഒറ്റ വിരലിൽ വിറപ്പിച്ച് ശിക്കാരി കുട്ടിയമ്മയായി; തോക്കിനെ ത്രേസ്യാ തോമസ് കൂടെ കൂട്ടിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഏക വേട്ടക്കാരി എന്ന വിശേഷണം കുട്ടിയമ്മയ്ക്ക് കിട്ടിയത് സാഹസികതയെ നെഞ്ചോട് ചേർത്തതിനാലാണ്. എന്നാൽ ജീവിക്കാൻ വേണ്ടിയായിരുന്നു ഈ പെടാപ്പാട് എന്നതാണ് വസ്തുത. ജീവിതത്തിലെ കടുത്ത പ്രയാസങ്ങളെ നേരിടാനായിരുന്നു കാടുകയറൽ. കന്യാസ്ത്രീയാകുകയായിരുന്നു ജീവിത മോഹം. അത് വേണ്ടെന്ന് വച്ചാണ് കുട്ടിയമ്മ വേട്ടക്കാരിയായത്. ശിക്കാരിയെന്ന പേര് സിസ്റ്ററിന് പകരം കിട്ടുകയും ചെയ്തു. വട്ടവയലിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ തോമസ് എന്ന കുട്ടിയമ്മ (87) ജീവിക്കാനായി കാട്ടിലേക്ക് കുടിയേറിയ പെൺകരുത്തിന്റെ പ്രതീകമായിരുന്നു.മലയാളികൾ കൊണ്ടാടിയ മഹത് വനിതകളിൽ എന്തുകൊണ്ടും പ്രഥമഗണനീയയാണ് ത്രേസ്യാ തോമസ് എന്ന ശിക്കാരി കുട്ടിയമ്മ. 25-ാം വയസിൽ നാടൻ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ കേരളത്തിലെ ആദ്യ വനിതാശിക്കാരിയാണ്.

കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസമാരംഭിച്ചു. സ്വത്തുക്കളെല്ലാം മകനും കുട്ടികൾക്കുമായി നൽകിയ കുട്ടിയമ്മ പൊതുപ്രവർത്തകയായി. വാർദ്ധക്യം കുട്ടിയമ്മയുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും ഒരു കുറവും വരുത്തിയിരുന്നില്ല. ചുരുളിപ്പെട്ടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തിരുന്ന കുട്ടിയമ്മ, അവരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കെയാണ് മരണം തേടിയെത്തിയത്.

കന്യാസ്ത്രീയാകാൻ ന്യൂഡൽഹിയിൽ പരിശീലനത്തിന് പോയിരുന്നു. പക്ഷേ, കുടുംബത്തിലെ ബുദ്ധിമുട്ട് കാരണം എല്ലാവരും ഇടുക്കിയിലേക്ക് കുടിയേറി. ഇതോടെ കുട്ടിയമ്മയുടെ കന്യാസ്ത്രീ മോഹവും തീർന്നു. ജന്മനാടായ പാലാ ഇടമറ്റത്തുനിന്ന് 1963-ലാണ് ഇടുക്കി മറയൂരിലെ ചിന്നാറിനടുത്ത് ചുരുളിപ്പെട്ടിയിൽ കുട്ടിയമ്മ അച്ഛനും സഹോദരങ്ങൾക്കുമൊപ്പം കുടിയേറിയത്. ചിന്നാറിൽ ജീവിക്കാൻ വേട്ടയാടൽ മാത്രമായിരുന്നു അന്ന് ഏക വഴി. മൂത്ത സഹോദരനായിരുന്നു കുടുംബത്തിന്റെ കരുത്ത്. എന്നാൽ വേട്ടയ്ക്കിടയിൽ പരിക്കേറ്റ മൂത്തസഹോദരന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിയമ്മയെ വേട്ടക്കാരിയാക്കി. ചേട്ടന്റെ ചികിത്സാചെലവിന് പണം കണ്ടെത്താൻ 25-ാം വയസിൽ കുട്ടിയമ്മ ഇളയസഹോദരനെയും കൂട്ടി, വേട്ട തുടങ്ങി. തോക്കുമേന്തി കാടുകയറിയ കുട്ടിയമ്മ കാട്ടുപോത്തിനെയും മാനിനെയും മറ്റ് വന്യമൃഗങ്ങളെയും വെടിവെച്ചിട്ടു. ആദ്യമായി വെടിവെച്ചിട്ട കാട്ടുപോത്തിന്റെ ഇറച്ചി ആശുപത്രിയിലെത്തിച്ച് സഹോദരന്റെ ചികിത്സയ്ക്ക് പണത്തിന് പകരം നൽകി. പിന്നീട് വന്യമൃഗങ്ങളെ വേട്ടയാടൽ കുട്ടിയമ്മയ്ക്ക് ഉപജീവനമാർഗമായി.

കാട്ടാനയും കാട്ടുപോത്തും പാർത്തിരുന്ന കൊടുംകാട്ടിൽ തോക്കും കൈയിലേന്തി കുട്ടിയമ്മ ഇരകളെ തേടി പിടിച്ചു. കാട്ടാനകളിൽനിന്ന് രക്ഷനേടാൻ കുട്ടിയമ്മയുടെ സഹായം ലഭിക്കുമെന്നുറപ്പായതോടെ നിരവധി കുടുംബങ്ങളും കാട്ടിലേക്ക് കുടിയേറി. പിന്നീട് ചിന്നാർ വന്യജീവിസങ്കേതത്തിന്റെ പരിധിയിലേക്ക് ചുരുളിപ്പെട്ടി ഗ്രാമത്തെയും വനം വകുപ്പ് ഉൾപ്പെടുത്തി. ഇതോടെ സ്വന്തം തട്ടകത്തിൽ നിന്ന് കുടിയിറങ്ങേണ്ടിവന്നു. സർക്കാർ 1993-ൽ സ്ഥലം ഏറ്റെടുത്തതോടെ കുട്ടിയമ്മയും കുടുംബവും കാടിറങ്ങി. നഷ്ടപരിഹാരവും പുനരധിവാസവും വനം വകുപ്പ് വാഗ്ദാനം ചെയ്തു. എല്ലം വെറുതെയായി. പിന്നീട് കാഞ്ഞിരപ്പള്ളി ആനക്കല്ലിലേക്ക് താമസം മാറുകയായിരുന്നു. 2016-ൽ കോടതി ഇടപെടലിലൂടെ കിടപ്പാടം നഷ്ടമായതിന് ഇവർക്ക് നഷ്ടപരിഹാരം കിട്ടി.

പാലാ സ്വദേശിയായ ത്രേസ്യാമ്മ 1964ലാണ് ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയത്. കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചനം തേടിയാണ് പാലാ ഇടമറ്റത്തുനിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം 1964ൽ കുട്ടിയമ്മ മറയൂരിലേക്ക് കുടിയേറിയത്. ചിന്നാർ മേഖലയിലെ ചുരുളിപ്പെട്ടിയിൽ 20 ഏക്കർ സ്ഥലം വാങ്ങി താമസം തുടങ്ങി. വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടി പുതിയ ജീവിതം ആരംഭിച്ച കുട്ടിയമ്മ പിന്നീട് തന്റെ സ്വപ്നമായ കർത്താവിന്റെ മണവാട്ടിയാകാൻ തീരുമാനിച്ചു.കന്യാസ്ത്രീയാകാൻ തീരുമാനിച്ച കുട്ടിയമ്മ റെയ്ച്ചൂരിലേക്ക് പോയി. റെയ്ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ് സഹോദരൻ പാപ്പച്ചനെ കാട്ടുപോത്ത് കുത്തിയ വിവരം അറിയുന്നത്. ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാൻ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിർബന്ധപൂർവ്വം ആശുപത്രി അധികൃതർ പുറത്താക്കി. പണം തന്നില്ലെങ്കിൽ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.

സഹോദരനെ രക്ഷിക്കാനായി ആശുപത്രി അധികൃതരുടെ ആവശ്യം നിറവേറ്റാൻ തന്നെ തന്റേടിയായ കുട്ടിയമ്മ തീരുമാനിച്ചു. സഹോദരന്റെ ചികിത്സാ ചെലവിനുവേണ്ടി ഇളയ സഹോദരൻ ടോമിയെയും കൂട്ടി ഒരു നാടൻ തോക്കുമായി കുട്ടിയമ്മ ആദ്യമായി കാടുകയറി. ഉൾവനത്തിൽ കണ്ട കാട്ടുപോത്തിനെ ആദ്യവെടിയിൽ തന്നെ കുട്ടിയമ്മ വീഴ്‌ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച കുട്ടിയമ്മ പിന്നീട് വേട്ടയാടൽ തന്റെ ദൗത്യമാക്കുകയായിരുന്നു. കുട്ടിയമ്മയുടെ ശൗര്യത്തിനു മുന്നിൽ പിന്നീട് നൂറുകണക്കിന് കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും വീണു. അപൂർവം കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ട്. കുട്ടിയമ്മയുടെ പരുക്കൻ ഭാവവും പെരുമാറ്റവും, തോക്ക് കുത്തി ആരെയും കൂസാതെയുള്ള നിൽപ്പും അടിമാലിയിലെയും മറയൂരിലെയും ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാർക്ക് കൗതുകമായിരുന്നു.

ഇതിനിടെ ശ്രീലങ്കൻ സ്വദേശിയും സഹോദന്മാരുടെ കൂട്ടുകാരനുമായ തോമസുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇരുവരും ചേർന്നായിരുന്നു വേട്ടയാടൽ. പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി പെന്നുവിളയിച്ച മണ്ണ് ഉപേക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കാതെവന്നതോടെ തോക്ക് താഴെവച്ച് കുട്ടിയമ്മ വനംവകുപ്പുമായി നിയമയുദ്ധത്തിനിറങ്ങി. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി 2005ൽ ഹൈക്കോടതിയെ സമീപിച്ചു. പലിശ ഉൾപ്പെടെ 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2006 ജനുവരിയിൽ കോടതി വിധിയുണ്ടായി. എന്നാൽ 29 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ 2016ൽ കുട്ടിയമ്മയ്ക്ക് മുഴുവൻ തുകയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP