Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202204Tuesday

ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ഖബറടക്കം കഴിഞ്ഞു; അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം; ഇന്ത്യക്കാരായ ലക്ഷങ്ങളെ ചേർത്തു പിടിച്ച യുഎഇ പ്രസിഡന്റിന് ആദരാഞ്ജലിയുമായി ഇന്ത്യയും; രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം നടത്തും; ദേശീയ പതാക താഴ്‌ത്തി കെട്ടും

ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ ഖബറടക്കം കഴിഞ്ഞു; അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ അന്ത്യവിശ്രമം; ഇന്ത്യക്കാരായ ലക്ഷങ്ങളെ ചേർത്തു പിടിച്ച യുഎഇ പ്രസിഡന്റിന് ആദരാഞ്ജലിയുമായി ഇന്ത്യയും; രാജ്യത്ത് ഇന്ന് ദേശീയ ദുഃഖാചരണം നടത്തും; ദേശീയ പതാക താഴ്‌ത്തി കെട്ടും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്നലെ അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഖബറടക്കം കഴിഞ്ഞു. അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിലാണ് ഖബറടക്കം നടന്നതെന്ന് യുഎഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അബുദാബി കിരീടാവകാശി കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സംസ്‌ക്കാര ചടങ്ങുകളിലെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അബുദാബി രാജകുടംബത്തിലെ കുടുംബാംഗങ്ങളും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു.

അതേസമയം ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാത്തിൽ ആദരസൂചകമായി ഇന്ത്യ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണട്്. മെയ് 14ന് ശനിയാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സർക്കാർ ഉത്തരവിൽ അറിയിച്ചു.

ഏറെ നാളായി രോഗബാധിതനായ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വെള്ളിയാഴ്ചയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത് . 73 വയസായിരുന്നു. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമാണ്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ മരണത്തെ തുടർന്നാണ് 2004 നവംബർ രണ്ടിന് ശൈഖ് ഖലീഫ അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്റായും ചുമതലയേറ്റത്.

ശൈഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചിരുന്നു. നിര്യാണത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവുമായിരുന്നു അദ്ദേഹം. ഇന്ത്യ-യു.എ.ഇ ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അനുശോചനം യു.എ.ഇയെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായും മോദി ട്വീറ്റ് ചെയ്തു.

പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടർന്നാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്. 1948 സെപ്റ്റംബർ ഏഴിനു ജനിച്ച ഷെയ്ഖ് ഖലീഫ, 1971ൽ യുഎഇ രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഇരുപത്താറാം വയസ്സിൽ ഉപപ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 1976 മേയിൽ അദ്ദേഹം യുഎഇയുടെ ഉപ സൈന്യാധിപനായി. പ്രസിഡന്റ് എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവൻ കൂടിയായിരുന്നു ഖലീഫ.

പുതുയുഗത്തിലേക്കു യുഎഇയെ നയിക്കുന്നതിന്റെ ഭാഗമായി ഖലീഫ നടപ്പാക്കിയ വനിതാക്ഷേമ പ്രവർത്തനങ്ങളും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു. അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം നൽകി. ഷെയ്ഖ ലൂബ്ന അൽ ഖാസിമിയാണ് യുഎഇയിലെ ആദ്യ വനിതാ മന്ത്രി. രാജ്യത്തെ പ്രഥമ വനിതാ ജഡ്ജിമാരായി ആലിയ സയിദ് അൽ കഅബിയെയും ആതിഖ അവാദ് അൽ കത്തീരിയെയും 2008 ജനുവരിയിൽ നിയമിച്ചു.

സർക്കാരിലെ ഉന്നതപദവികളിൽ സ്ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. ബിസിനസ് മേഖലയിലും സ്ത്രീകൾക്കു കൂടുതൽ പരിഗണനയും പ്രോൽസാഹനവുമാണു ഷെയ്ഖ് ഖലീഫ നൽകിയത്. അധികാരമേറ്റ് ഒരുവർഷത്തിനകം, രാജ്യത്തു ജനാധിപത്യവൽക്കരണത്തിനുള്ള നടപടികളും ഷെയ്ഖ് ഖലീഫ ആരംഭിച്ചിരുന്നു. യുഎ ഫെഡറൽ നാഷനൽ കൗൺസിലിലേക്ക് പകുതി പേരെ പൊതു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.

പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ ഉത്തരവിട്ട ഷെയ്ഖ് ഖലീഫ, ജനക്ഷേമത്തിനുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കി. ഫലസ്തീനിൽ ഗസ്സ മുനമ്പിലെ ഷെയ്ഖ് ഖലീഫ നഗരം മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും ജനക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. വിസ്മയങ്ങളുടെ കലവറയായ അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്ത അദ്ദേഹം സർവമത സ്നേഹത്തിന്റെ സന്ദേശവാഹകനായി. യുഎഇയിൽ പരമാവധി മതസ്വാതന്ത്യ്‌രം അനുവദിക്കുന്നതിലും പ്രതിജ്ഞാബദ്ധനായിരുന്നു ഷെയ്ഖ് ഖലീഫ. നിശബ്ദവും എന്നാൽ സൂക്ഷ്മവും ഉറച്ചതുമായ പ്രവർത്തനങ്ങളുടെ പേരിലാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദരിക്കപ്പെടുന്നത്.

യുഎഇയുടെ പ്രസിഡന്റായതിനു ശേഷം അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ, രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു. യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധിയിലായിരുന്നു ശ്രദ്ധ. യുഎഇയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയിൽ തുടരുക എന്നതായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. വടക്കൻ എമിറേറ്റ്സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി, ഈ സമയത്ത് അദ്ദേഹം ഭവന, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP