Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൽബുർഗിയുടെ കൊലപാതകത്തിലെ സംഘപരിവാർ ബന്ധം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തി; ഭീഷണികളെ അതിജീവിച്ച് നീതിക്ക് വേണ്ടി പോരാടി; സംഘപരിവാർ ആശയത്തെ പ്രതിരോധിക്കാൻ വേണ്ടി അങ്ങേയറ്റം വരെ പോരാടി; മാവോയിസ്റ്റുകൾക്കും അയിത്തം കൽപ്പിക്കാതെ ഒപ്പം ചേർത്തു നിർത്തി: പത്രപ്രവർത്തനത്തെ സമൂഹ്യ പ്രവർത്തനമാക്കി മാറ്റിയതിന് ഗൗരി ലങ്കേഷിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ

കൽബുർഗിയുടെ കൊലപാതകത്തിലെ സംഘപരിവാർ ബന്ധം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തി; ഭീഷണികളെ അതിജീവിച്ച് നീതിക്ക് വേണ്ടി പോരാടി; സംഘപരിവാർ ആശയത്തെ പ്രതിരോധിക്കാൻ വേണ്ടി അങ്ങേയറ്റം വരെ പോരാടി; മാവോയിസ്റ്റുകൾക്കും അയിത്തം കൽപ്പിക്കാതെ ഒപ്പം ചേർത്തു നിർത്തി: പത്രപ്രവർത്തനത്തെ സമൂഹ്യ പ്രവർത്തനമാക്കി മാറ്റിയതിന് ഗൗരി ലങ്കേഷിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: രാജ്യം അറിയപ്പെടുന്ന മുതിർന്ന മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിനെ(54) വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല ഇന്ത്യൻ മാധ്യമ ലോകത്തിന്. മാധ്യമപ്രവർത്തനം എന്നത് വെറും ജോലിയിൽ മാത്രം ഒതുങ്ങാതെ സാമൂഹ്യപ്രവർത്തനമായി കണ്ട വ്യക്തിയാണ് ഇന്നലെ ശത്രുക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അജ്ഞാത അകമ്രികളാണ് ഗൗരിക്കെതിരെ വെടിയുതിർത്തത് എങ്കിലും പിന്നിൽ സംഘപരിവാർ ആണെന്ന ആരോപണം ശക്തമാണ്.

രാജരാജേശ്വര നഗറിലെ വീടിനു മുന്നിൽ രാത്രി എട്ടിന് അജ്ഞാതരായ മൂന്നംഗ സംഘമെത്തി അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കന്നഡ വാരിക 'ഗൗരി ലങ്കേഷ് പത്രികെ' എഡിറ്ററായ ഗൗരി പ്രമുഖ എഴുത്തുകാരനും ചലച്ചിത്രകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്റെ മകളാണ്. രണ്ടുവർഷം മുൻപ് കന്നഡ പുരോഗമന സാഹിത്യകാരൻ പ്രഫ. എം.എം. കൽബുറഗിയും സമാന സാഹചര്യത്തിൽ വീടിനു മുന്നിൽ വെടിയേറ്റു മരിച്ചിരുന്നു. കൽബുർഗിയുടെ കൊലപാതകത്തിലെ സംഘപരിവാർ ബന്ധം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്താൻ മുന്നിൽ നിന്ന വ്യക്തിയാണ് ഗൗരി.

ബാനസവാടിയിലെ ഓഫിസിൽനിന്ന് രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറിൽ ഒരു സംഘം പിന്തുടർന്നതായി പറയുന്നു. വീട്ടിലെത്തിയ ഗൗരി കാർ പാർക്ക് ചെയ്ത ശേഷം വീടിന്റെ വാതിൽ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. ഏഴു തവണ നിറയൊഴിച്ചതായാണു വിവരം. നാലെണ്ണം ലക്ഷ്യം തെറ്റി വീടിന്റെ ഭിത്തിയിൽ തറച്ചു. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പ്രഹ്ലാദ് ജോഷിക്കും മറ്റൊരു നേതാവ് ഉമേഷ് ദുഷിക്കുമെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ കഴിഞ്ഞ നവംബറിൽ ഹുബ്ബള്ളി മജിസ്‌ട്രേട്ട് കോടതി ഗൗരിക്ക് ആറു മാസം തടവു ശിക്ഷയും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസിൽ മേൽക്കോടതിയിൽനിന്നു ജാമ്യം നേടിയ ഗൗരി, കഴിഞ്ഞ നവംബറിൽ ചിക്കമംഗളൂരുവിൽ നാലു മാവോയിസ്റ്റുകൾ കീഴടങ്ങുന്നതിനു മധ്യസ്ഥത വഹിക്കുകയും ചെയ്തു. പിതാവ് പി. ലങ്കേഷിന് 1976 ൽ 'പല്ലവി' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചലച്ചിത്ര സംവിധായകരായ കവിത ലങ്കേഷ്, ഇന്ദ്രജിത് ലങ്കേഷ് എന്നിവർ സഹോദരങ്ങളാണ്.

അന്വേഷണത്തിനു മൂന്നു പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പലതവണ തന്നെ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഗൗരി ലങ്കേഷ് ഒരിക്കൽപ്പോലും സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹോദരൻ ഇന്ദ്രജിത് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, സിറ്റി പൊലീസ് കമ്മിഷണർ സുനീൽ കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. രാത്രി തന്നെ ഡിവൈഎഫ്‌ഐയുടെയും മറ്റും നേതൃത്വത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിശിദ വിമർശക

എന്നും ആർഎസ്എസിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും നിശിദ വിമർശകയായിരുന്നു ഗൗരി ലങ്കേഷ്. സംഘപരിവാർ സംഘടനകൾക്കെതിരെ 'ഗൗരി ലങ്കേഷ് പത്രിക' എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
തന്നെ സംഘപരിവാർ ലക്ഷ്യമിടുന്ന വിവരം ഗൗരി ലങ്കേഷ് മുമ്പ് തന്നെ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. തനിക്കെതിരെയുള്ള ഭീഷണിയെക്കുറിച്ച് സ്വന്തം മാധ്യമമായ പത്രികയിലും മറ്റ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും പല തവണ ഗൗരി പരാമർശിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ അപകീർത്തിക്കേസിൽ കോടതി ഗൗരിക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നൽകിയ പരാതിയെത്തുടർന്നായിരുന്നു ശിക്ഷാവിധി.

2008ൽ സ്വർണവ്യാപാരിയിൽ നിന്നും മൂന്ന് ബിജെപി നേതാക്കൾ ഒരു ലക്ഷം രൂപയ തട്ടിയെടുത്തെന്ന വാർത്തയാണ് കേസിന് കാരണമായത്. എന്നാൽ മറ്റ് പത്രങ്ങൾ ഇതേ വാർത്ത നൽകിയിട്ടും ജിഎൽപിയെ ലക്ഷ്യമിടാൻ കാരണം രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തി. 2016 നവംബർ 30ന് ന്യൂസ് ലോൺട്രി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗരി ലങ്കേഷിന്റെ പ്രതികരണം.

കൽബുർഗിക്ക് വേണ്ടി ശബ്ദിച്ചു, ഒടുവിൽ അദ്ദേഹത്തെ പോലെ വെടിയുണ്ടക്കിരയായി മരണവും

സാഹിത്യകാരനും ചിന്തകനുമായിരുന്ന കൽബുർഗി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം തികഞ്ഞത് അഞ്ചു ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് ഗൗരി ലങ്കേഷും സമാനമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. 2015 ഓഗസ്റ്റ് 30നായിരുന്നു കൽബുർഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കൽബുർഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി, ലങ്കേഷിനെതിരെ നിരന്തരം ഭീഷണികൾ ഉയർന്നിരുന്നു. ഇക്കാര്യം അവർ പല ഘട്ടങ്ങളിലും തുറന്ന് പറയുകയും ചെയ്തിരുന്നു. കൽബൂർഗി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്മാരും കഴിഞ്ഞ ദിവസം കർണാടകയിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.

വർഗ്ഗീയതയ്ക്കും അന്ധവിശ്വാസത്തിനുമെതിരായി ശബ്ദിച്ചതിന്റെ പേരിൽ നരേന്ദ്ര ദാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരും കൊല്ലപ്പെട്ടത് സമാനരീതിയിൽ തന്നെയായിരുന്നു. ഇവരെല്ലാം സംഘപരിവാർ വിമർശകരായിരുന്നു എന്നതും ശ്രദ്ധേയമാണ്. കൽബുർഗിയുടേയും പൻസാരയുടേയും ദബോൽക്കറുടേയും കൊലപാതം നടത്തിയത് ഒരേ വിഭാഗത്തിൽപ്പെട്ട ആളുകൾ തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടനായിട്ടില്ല, ഇതുവരെ.

കൽബുർഗി വധക്കേസിൽ സംഘപരിവാർ വിമർശനത്തിൽ മുൻ നിരയിൽ നിന്ന മാധ്യമ പ്രവർത്തകയായ ഗൗരി കടുത്ത മോദി വിമർശക കൂടിയായിരുന്നു. 2008ൽ രണ്ട് ബിജെപി പ്രവർത്തകർക്ക് എതിരായി പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് രണ്ടു മാനനഷ്ട കേസുകളിൽ കർണാടകയിലെ ഹുബ്ബാളി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ ശിക്ഷിച്ചിരുന്നു. തുടർന്ന് ഇവർ വലിയ നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു.

മാവോയിസ്റ്റുകളെയും സർക്കാറുമായി അടുപ്പിച്ച സാമൂഹ്യപ്രവർത്തക

മാധ്യമപ്രവർത്തക എന്നതിൽ ഉപരിയായി സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു ഗൗരി ലങ്കേഷ്. ഇവരുടെ ബുദ്ധിപരമായ ഇടപെടൽ മാവോവാദികളെ സർക്കാരുമായി സഹകരിപ്പിക്കാൻ വഴിയൊരുക്കി. പ്രമുഖ മാവോവാദി പ്രവർത്തക കന്യാകുമാരി ഉൾപ്പെടെ മൂന്നുപേരെ ഇവരാണ് കീഴടങ്ങാൻ പ്രേരിപ്പിച്ചത്. ലങ്കേഷ് പത്രികയുടെ പത്രാധിപകൂടിയായ ഗൗരി ലങ്കേഷിന്റെ പരിചയസമ്പത്താണ് കർണാടക സർക്കാർ മാവോവാദികളുടെ കാര്യത്തിൽ പ്രയോജനപ്പെടുത്തിയത്. സർക്കാരിനെതിരേ നിരന്തരമായി പോരാടിക്കൊണ്ടിരുന്ന മാവോവാദികളെ അനുനയിപ്പിച്ച ഗൗരിയുടെ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

സമൂഹത്തിൽനിന്ന് വേറിട്ടുകഴിയുന്ന മാവോവാദികൾക്ക് അർഹമായ പരിഗണന നൽകണമെന്ന മാന്യമായ ആശയമാണ് സർക്കാരിനുമുന്നിൽ വെച്ചത്. പുനരധിവാസ മാർഗമില്ലാത്തതാണ് മാവോവാദികളെ സംഘടനയിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് ഗൗരി ലങ്കേഷ് സർക്കാരിനെ ബോധ്യപ്പെടുത്തി. പുനരധിവാസ നടപടിയുണ്ടായാൽ മാവോവാദികൾ സംഘടന വിടാൻ തയ്യാറാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

കീഴടങ്ങുന്ന മാവോവാദികൾക്ക് അഞ്ചുലക്ഷം രൂപയും ജോലിയും വീടും അടങ്ങിയ ഒരു പാക്കേജാണ് കർണാടക സർക്കാർ മുന്നോട്ടുവെച്ചത്. രൂപരേഖ തയ്യാറാക്കിയ സമിതിയിലെ ബുദ്ധികേന്ദ്രം ഗൗരി ലങ്കേഷ് തന്നെയായിരുന്നു. കേരളത്തിലുൾപ്പെടെ മാവോവാദി പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയിരുന്ന കന്യാകുമാരി ഉൾപ്പെടെയുള്ളവരെ ഗൗരി ലങ്കേഷിന് അടിയറവു പറയിപ്പിക്കാൻ കഴിഞ്ഞു. പാക്കേജ് തയ്യാറാക്കിയതിനുപുറമെ കന്യാകുമാരിക്ക് കീഴടങ്ങാനുള്ള ധൈര്യവും പ്രചോദനവും നൽകിയത് ഈ മുതിർന്ന പത്രപ്രവർത്തകയാണ്. കർണാടക സർക്കാരിനും മാവോവാദികൾക്കുമിടയിൽ ഒരു മധ്യസ്ഥയായിട്ടാണ് ഇവർ പ്രവർത്തിച്ചത്.

കൈക്കുഞ്ഞുമായി കാട്ടിൽ കഴിയുന്ന കന്യാകുമാരിക്കും ഗൗരി ലങ്കേഷിന്റെ ഇടപെടൽ ഒരു വലിയ അനുഗ്രഹമായി. ഭർത്താവ് സുരേഷ്, സഹപ്രവർത്തകയായ ചിന്നമ്മ എന്നിവരുമൊത്താണ് കന്യകുമാരി ചിക്കമഗളൂരുവിൽ കീഴടങ്ങിയത്. മാവോവാദികൾക്കും സർക്കാരിനും വലിയ ബാധ്യതയില്ലാത്ത നയമാണ് ഗൗരി ലങ്കേഷ് തയ്യാറാക്കിയതെന്ന സവിശേഷതകൂടിയുണ്ട്. നയരേഖ തയ്യാറാക്കിയതിനുപുറമെ ഇത് യാഥാർഥ്യമാക്കാൻ ഗൗരി ലങ്കേഷിന് കഴിഞ്ഞുവെന്നത് എന്നും ഓർക്കപ്പെടുന്നതാണ്. രാജ്യത്തുതന്നെ മാവോവാദികളെ അനുനയിപ്പിച്ച വേറിട്ട നടപടി ഗൗരി ലങ്കേഷിന്റേതാണ്.

കേരളത്തിൽ വരാനും ബീഫ് കഴിക്കാനും ആഗ്രഹം പ്രകടിപ്പിച്ച് അവസാന ഫേസ്‌ബുക്ക് പോസ്റ്റ്

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ഗൗരി ലങ്കേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കന്യാസ്ത്രീകൾ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗൗരിയുടെ പ്രതികരണം. കേരളത്തിൽ വരുമ്പോൾ ആരെങ്കിലും ബീഫ് കറി വെച്ചു തരണം. മലയാളി സ്നേഹിതർ മതേതരത്വം നിലനിർത്തണം. കേരളത്തെ രാജ്യം എന്ന് വിളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഗൗരി ലങ്കേഷ് പറഞ്ഞു.

കേരളീയരുടെ ഓണാഘോഷം. മതവൈജാത്യങ്ങൾ തുലയട്ടെ. അവരുടെ 'രാജ്യത്തെ' ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന്റെ യഥാർത്ഥകാരണം ഇതാണ്. (ഞാൻ കേരളത്തെ രാജ്യം എന്നാണ് വിളിക്കുന്നത്. സംഘികളെ നിങ്ങൾ ശ്രദ്ധിച്ചോ?) എന്റെ മല്ലു സ്നേഹിതരെ ദയവായി നിങ്ങളുടെ മതേതര മനോഭാവം കാക്കുക.( അടുത്ത തവണ ഞാൻ കേരളത്തിൽ വരുമ്പോൾ ആരെങ്കിലും എനിക്ക് നല്ല കേരള ബീഫ് കറി വെച്ചു തരണംസംഘികൾ തുലയട്ടെ. - ഗൗരി കുറിച്ചു.

കന്യാസ്ത്രീകൾ ഓണപ്പൂക്കളത്തിന് ചുറ്റും തിരുവാതിര കളിക്കുന്ന വീഡിയോ ശശി തരൂർ എംപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടായിരുന്നു ഗൗരി ലങ്കേഷിന്റെ പ്രതികരണം.

ഞെട്ടിപ്പിക്കുന്ന കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വർഗീയതയ്ക്കും അഴിമതിക്കുമെതിരേ ശക്തമായി നിലകൊണ്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

കർണാടകത്തിൽ പുരോഗമന മതനിരപേക്ഷ ചിന്തകൾ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നു. മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫാസിസത്തിന്റെ വികൃതമുഖമെന്ന് രമേശ് ചെന്നിത്തല

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരേ ശക്തമായി പോരാടിയ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഫാസിസത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ കൽബുർഗ്ഗി കൊല്ലപ്പെട്ടപ്പോൾ അതിനെതിരേ ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചവരിൽ പ്രമുഖയായിരുന്നു ഗൗരി. നരേന്ദ്ര മോദി സർക്കാരിന്റെ വർഗ്ഗീയ ഫാസിസ്റ്റ് സമീപനങ്ങളെ എതിർക്കാൻ ധൈര്യംകാട്ടിയ മറ്റൊരു മാധ്യമ പ്രവർത്തകയുടെ കൊലപാതകം, ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നുവെന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് അനുശോചനക്കുറിപ്പിൽ ആരോപിച്ചു.

ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നെന്ന് കെ സുരേന്ദ്രൻ

ബംഗളൂരുവിൽ പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അറിയപ്പെടുന്ന മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. അതുകൊണ്ട് തന്നെ ശത്രുക്കൾ ധാരാളം. എന്നാൽ കൊലപാതകത്തിന് പിന്നിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൽബുർഗി കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവർഷം കഴിഞ്ഞു. കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ നിമിഷം വരെ ഒരു പ്രതിയേയും പിടിച്ചിട്ടില്ല. ജനതാദൾ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി കർണ്ണാടക ആഭ്യന്തരമന്ത്രി ജോർജ്ജ്( അന്നത്തെ) പറഞ്ഞത് ഈ സംഭവത്തിൽ സംഘപരിവാറിനെ കുറ്റപ്പെടുത്താൻ തക്ക തെളിവുകളൊന്നും സർക്കാരിനു ലഭിച്ചിട്ടില്ലെന്നാണ്. ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷവും ഇടതടവില്ലാതെ ഇന്നും സംഘപരിവാറിനുമേൽ കുറ്റം ആരോപിക്കുന്നു. ഗോവിന്ദ് പൻസാരെയുടേയും നരേന്ദ്ര ദാബോൾക്കറുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ടു കേസിലും ഹിന്ദുത്വശക്തികൾ നിരന്തരം പഴികേൾക്കുന്നുണ്ടെങ്കിലും അന്വേഷണസംഘങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

തമിഴ് നാട്ടിൽ പെരുമാൾ മുരുകൻ എഴുത്തു നിർത്തി എന്നാണ് പറയുന്നത്. ഹിന്ദുത്വ ഭീഷണിയാണത്രേ കാരണം. എന്നാൽ മുരുകന്റെ ഗ്രാമത്തിൽ സംഘപരിവാർ മരുന്നിൽ ചേർക്കാൻ പോലുമില്ല. ഒരു കേസും അതിന്റെ പേരിൽ സംഘപരിവാറിനെതിരെയൊട്ടില്ലതാനും. ഇന്ന് വൈകീട്ട് ലങ്കേഷ് പത്രികയുടെ എഡിറ്ററും കോളമിസ്ടുമായ ഗൗരി ലങ്കേഷ് ബാംഗ്‌ളൂരിലെ സ്വവസതിയിൽ വെടിയേറ്റു മരിച്ചു. നിർഭാഗ്യകരമായ ഈ സംഭവത്തിലും സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

പ്രഹ്‌ളാദ് ജോഷി ഉൾപ്പെടെയുള്ള രണ്ടു ബി. ജെ. പി നേതാക്കൾക്കെതിരെയുള്ള അപകീർത്തിക്കേസിൽ കോടതി അവർക്കു ശിക്ഷ നൽകിയ സംഭവമാണ് ഈ പ്രചാരണത്തിനു ആധാരമായി ഇക്കൂട്ടർ പറയുന്നത്. വ്യാജവാർത്ത ചമച്ചതിനു നിയമത്തിന്റെ മാർഗമാണ് ബി. ജെ. പി നേതാക്കൾ തേടിയത്. അവരുടെ മുഖ്യശത്രു സിദ്ധരാമയ്യയും കോണഗ്രസുമായിരുന്നു. അറിയപ്പെടുന്ന മാവോയിസ്‌റ്റ് അനുകൂല എഴുത്തുകാരിയുമായിരുന്നു അവർ. ശത്രുക്കൾ ധാരാളം. ഈ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുവരേണ്ടതാണ്. പ്രത്യേകിച്ചും കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നുള്ളതുകൊണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് കോൺഗ്രസും ഇടതുപക്ഷവും അവർക്കുവേണ്ടി പേനയുന്തുന്ന കൂലി മാധ്യമങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP