Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ചിരിയും, ചിരിയിലടങ്ങിയ ചിന്തയും സമ്മാനിച്ച കലാകാരന് പ്രണാമം അർപ്പിക്കാൻ സഹൃദയർ; പ്രിയ സുഹൃത്തിനെ ഒരുനോക്കുകാണുവാൻ സഹപ്രവർത്തകർ; കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനം; സിദ്ദിഖിന്റെ ഖബറടക്കം വൈകിട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ

ചിരിയും, ചിരിയിലടങ്ങിയ ചിന്തയും സമ്മാനിച്ച കലാകാരന് പ്രണാമം അർപ്പിക്കാൻ സഹൃദയർ; പ്രിയ സുഹൃത്തിനെ ഒരുനോക്കുകാണുവാൻ സഹപ്രവർത്തകർ; കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനം; സിദ്ദിഖിന്റെ ഖബറടക്കം വൈകിട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിരിയിൽ ഒളിപ്പിച്ച ജീവിത മൂല്യങ്ങളുമായി ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്(63)അന്ത്യാഞ്ജലി അർപ്പിച്ച് മലയാളികൾ. സംസ്‌കാര ചടങ്ങുകൾ വൈകിട്ടാണ്. ഇപ്പോൾ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പന്ത്രണ്ട് മണിവരെയാണ് കൊച്ചിയിലെ ജനങ്ങൾക്കും സിനിമാ സാംസ്‌കാരിക പ്രവർത്തകർക്കും അന്ത്യാഞ്ജലി അർപ്പിക്കാനായി പൊതു ദർശനത്തിന് വെക്കുക. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലാണ് ഖബറടക്കം.

മമ്മൂട്ടി, ഫാസിൽ,ഫഹദ് ഫാസിൽ, ജയറാം, ടോവിനോ, മണിയൻ പിള്ള രാജു, സിദ്ദിഖ്, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവർ സഹപ്രവർത്തകനെ ഒരുനോക്കുകാണാനെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ പുഷ്പചക്രം അർപ്പിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകൻ സിദ്ദിഖ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കരൾ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. 1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സാജിദയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.

1954 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്.

തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാർ മത്തായിക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആൻഡ് ജന്റിൽ മാൻ, കിങ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP