Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഹോളിവുഡിന്റെ വിളി വന്നത് ഗദ്ദാമയിൽ അഭിനയിക്കുമ്പോൾ; ബൈബിൾ കഥാപാത്രമായ യൂദാസിന് ചേർന്ന മുഖം സ്പീൽബെർഗിന് കാട്ടിക്കൊടുത്തത് ദുബായിലെ പ്രൊഡക്ഷൻ കമ്പനി; ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേക്ക് സ്ഥിരം ഹെലികോപ്ടർ യാത്ര; ടോം ക്രൂസിനൊപ്പമുള്ള അഭിനയം സ്‌കീനിൽ കാണാനാകാതെ മടക്കം; പപ്പൻ നരിപ്പറ്റയുടെ നായക വേഷവും യാഥാർത്ഥ്യമായില്ല; കൊറോണക്കാലത്തെ ശശി കലിംഗയുടെ മടക്കം റീത്ത് പോലും കിട്ടാതെ; പ്രിയ നടന് ആദാരഞ്ജലി അർപ്പിക്കാനാവാത്ത വേദനയിൽ മലയാള സിനിമ

ഹോളിവുഡിന്റെ വിളി വന്നത് ഗദ്ദാമയിൽ അഭിനയിക്കുമ്പോൾ; ബൈബിൾ കഥാപാത്രമായ യൂദാസിന് ചേർന്ന മുഖം സ്പീൽബെർഗിന് കാട്ടിക്കൊടുത്തത് ദുബായിലെ പ്രൊഡക്ഷൻ കമ്പനി; ഹോട്ടലിൽ നിന്ന് ലൊക്കേഷനിലേക്ക് സ്ഥിരം ഹെലികോപ്ടർ യാത്ര; ടോം ക്രൂസിനൊപ്പമുള്ള അഭിനയം സ്‌കീനിൽ കാണാനാകാതെ മടക്കം; പപ്പൻ നരിപ്പറ്റയുടെ നായക വേഷവും യാഥാർത്ഥ്യമായില്ല; കൊറോണക്കാലത്തെ ശശി കലിംഗയുടെ മടക്കം റീത്ത് പോലും കിട്ടാതെ; പ്രിയ നടന് ആദാരഞ്ജലി അർപ്പിക്കാനാവാത്ത വേദനയിൽ മലയാള സിനിമ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം. പക്ഷേ താരങ്ങൾക്ക് ഒരു റീത്ത് പോലും വയ്ക്കാൻ കഴിഞ്ഞില്ല. ശശി കലിംഗയുടെ വിടവാങ്ങൽ കൊറോണക്കാലത്താകുമ്പോൾ സിനിമാക്കാരെല്ലാം വേദനയിലാണ്. പ്രിയ നടന് അർഹിക്കുന്ന ആദരം നൽകാനായില്ലെന്ന ദുഃഖം.

സ്റ്റീവൻ സ്പീൽബെർഗ് നിർമ്മിക്കുന്ന സിനിമയിൽ അഭിനയിച്ച നടനായിരുന്നു ശശി കലിംഗ. അതിൽ ആക്ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനായിരുന്നു.. മലയാളിയായ മറ്റൊരു നടനും സ്വപ്നം കാണാൻപോലും പറ്റാത്ത ഒരവസരം നേടിയ അഭിനേതാവാണ് കലിംഗ ശശി. പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ നേരിട്ടുകാണാനുള്ള അവസരം ലഭിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇതിനൊപ്പമാണ് കൊറോണക്കാലത്തെ അപ്രതീക്ഷിത വിടവാങ്ങലിൽ അർഹിക്കുന്ന ആദരം കിട്ടാതെ പോയതും. കമൽ സംവിധാനം ചെയ്ത 'ഗദ്ദാമ'യുടെ ചിത്രീകരണം ദുബായിൽ നടക്കുമ്പോഴാണ് കലിംഗ ശശിയെത്തേടി ഹോളിവുഡ്ഡിന്റെ വിളി വന്നത്. ടോംക്രൂയിസ് നായകനാവുന്ന ചിത്രത്തിൽ ബൈബിൾ കഥാപാത്രമായ യൂദാസിനു ചേർന്ന മുഖം അന്വേഷിച്ചു നടക്കുകയായിരുന്നു സ്പീൽബെർഗും സംഘവും. ദുബായിലെ പ്രൊഡക്ഷൻ കമ്പനിയാണ് ശശിയുടെ ചിത്രം അയച്ചുനൽകിയത്. തുടർന്ന് 2015ൽ വിവിധ വിദേശരാജ്യങ്ങളിൽവച്ച് ചിത്രീകരണം പൂർത്തിയാക്കി.

താമസിച്ചിരുന്ന ഹോട്ടലിനു മുകളിൽ ദിവസവും രാവിലെ ഹെലികോപ്ടർ വന്ന് അദ്ദേഹത്തെ ലൊക്കേഷനിൽ എത്തിക്കുകയായിരുന്നുവെന്നു ഒരിക്കൽ കലിംഗശശി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ആ ഒറ്റച്ചിത്രത്തിലൂടെ ശശിയെത്തേടിയെത്തിയത്. കമ്പനിയുമായുള്ള കരാർപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന കാരണത്താൽ അദ്ദേഹം സിനിമയുടെ പേരോ സംവിധായകന്റെ പേരോ പുറത്തറിയിച്ചിരുന്നില്ല. ചലച്ചിത്ര താരം അജുവർഗീസാണ് കലിംഗശശി സ്റ്റീവൻ സ്പീൽബർഗ് സിനിമയിൽ ടോംക്രൂസിനൊപ്പം അഭിനയിച്ചെന്ന കാര്യം സമൂഹമാധ്യമം വഴി പുറത്തുവിട്ടത്. അപ്പോഴും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ആ സിനിമ ഇനിയും പുറത്തു വന്നിട്ടില്ലെന്നതാണ് വസ്തുത.

അത്തരത്തിലൊരു നടൻ മരിച്ചപ്പോൾ മലയാള സിനിമയിലെ പ്രമുഖർക്കാർക്കും മൃതദേഹം ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല. ശശി കലിംഗയുടെ മരണവിവരം നാടൊന്നാകെ അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ വസതിയിൽ എത്താൻ കഴിഞ്ഞത് വിരലിൽ എണ്ണാൻ കഴിയാവുന്നവർ മാത്രമാണ്. വിനോദ് കോവൂരാണ് സിനിമയിൽ നിന്നെത്തിയ പ്രധാനി. അമ്മയുടെ റീത്ത് പോലും വയ്ക്കാൻ വിനോദ് കോവൂരിനും കിട്ടിയില്ല. കൊറോണയിലെ നിയന്ത്രണം കാരണമായിരുന്നു ഇത്.

നിർഭാഗ്യവാനാണ് ശശിയേട്ടൻ . ഇടവേള ബാബു ചേട്ടൻ പറഞ്ഞിരുന്നു പറ്റുമെങ്കിൽ കിട്ടുമെങ്കിൽ ഒരു റീത്ത് അമ്മയുടെ പേരിൽ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സർവീസിൽ പെടാത്ത സാധനമായതുകൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കൾ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാൻ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തിൽ സമർപ്പിച്ചു പറഞ്ഞു.ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ ?-ഇതായിരുന്നു വിനോദ് കോവൂരിന്റെ പ്രതികരണം.

സത്യത്തിൽ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗൺഹാളിൽ പ്രദർശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൗൺ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടനെന്നും വിനോദ് കോവൂർ പറയുന്നു.

മടക്കം നായകവേഷം പൂർത്തിയാക്കാതെ

കലിംഗ ശശി വിട പറയുന്നത് താൻ നായക വേഷം ചെയ്യുന്ന സിനിമ മുഴുമിപ്പിക്കാൻ കഴിയാതെയാണെന്നതും മറ്റൊരു യാദൃശ്ചികത. കെ.വി.എ.പ്രസാദ് രചനയും പപ്പൻ നരിപ്പറ്റ സംവിധാനവും നിർവഹിക്കുന്ന 'സ്വേദം' എന്ന സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനിരിക്കേയാണ് ജീവിതത്തിൽ നിന്നുള്ള ഈ പിന്മടക്കം. വടകര റെസ്റ്റ് ഹൗസിലും ലോകനാർകാവിലെ ലോഡ്ജിലുമായി നടന്ന ചർച്ചയിൽ ആദ്യാവസാനം കലിംഗ ശശി പങ്കെടുക്കുകയുണ്ടായി. ചിത്രത്തിന്റെ ടീസർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവർത്തകർ. ബാബു മംഗലാടും രജിത് കുനിങ്ങാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനിടെയാണ് മരണമെത്തുന്നത്.

കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം നടക്കാവിലെ സിടിസിയിൽ ചേർന്ന് ഓട്ടമൊബീൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശശി അപ്രതീക്ഷിതമായാണ് അരങ്ങിലെത്തിയത്. പഠനാനന്തരം തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ശശിയെത്തേടി ഒരു ക്ഷണമെത്തുന്നത്. ശശിയുടെ അമ്മാവൻ വിക്രമൻനായരുടെ നാടകട്രൂപ്പാണ് കോഴിക്കോട് സ്റ്റേജ് ഇന്ത്യ. എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവൻ ശശിയെ ഉപദേശിച്ചു. അമ്മാവന്റെ ക്ഷണം സ്വീകരിക്കുമ്പോഴും നാടകാഭിനയം സങ്കൽപത്തിൽപ്പോലും ഉണ്ടായിരുന്നില്ലെന്ന് ശശി പറഞ്ഞിട്ടുണ്ട്.

നാടകത്തിൽ നിന്ന് 'തകരച്ചെണ്ട' എന്ന സിനിമയ്ക്കുശേഷം അവസരങ്ങൾ തേടിയെത്താത്തതിനാൽ അദ്ദേഹം തിരികെ നാടകത്തിലേക്ക് വന്നു. ഒരു വർഷത്തോളം 'ഏഷ്യാനെറ്റി'ലെ 'മുൻഷി'യിൽ 'പണ്ഡിറ്റാ'യി വേഷമിട്ടു. പിന്നീട് 'തൃശൂർ അഭിനയ'യ്ക്കുവേണ്ടി 'സ്വപ്നസമുദ്ര'മെന്ന നാടകം സംവിധാനം ചെയ്തു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തീയതിയാണ്' എന്ന സിനിമയിൽ നായകനുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP