Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

അന്ന് ശശിയെന്നത് ഒരു ഓഞ്ഞ പേരായിരുന്നില്ല, ഓമനപ്പേരായിരുന്നു; പാലേരിമാണിക്യത്തിന്റെ ക്യാമ്പിൽ ഉണ്ടായിരുന്നത് ഒരുപാട് ശശിമാർ; തിരിച്ചറിയാൻ പേരിന്റെ കുടെ നാടക ട്രൂപ്പ് ചേർത്തത് മാറിപ്പോയി; കെ ടി മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സിന്റെ ഒറ്റനാടകത്തിലും അഭിനയിച്ചിരുന്നില്ല; പക്ഷേ ആ പേര് അക്ഷാരർഥത്തിൽ ഭാഗ്യനക്ഷത്രമായി; നാടകത്തിലെ കോഴിക്കോട് ശശിയിൽ നിന്ന് കുന്നമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണി വെള്ളിത്തിരയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ശശി കലിംഗയായ കഥ

അന്ന് ശശിയെന്നത് ഒരു ഓഞ്ഞ പേരായിരുന്നില്ല, ഓമനപ്പേരായിരുന്നു; പാലേരിമാണിക്യത്തിന്റെ ക്യാമ്പിൽ ഉണ്ടായിരുന്നത് ഒരുപാട് ശശിമാർ; തിരിച്ചറിയാൻ പേരിന്റെ കുടെ നാടക ട്രൂപ്പ് ചേർത്തത് മാറിപ്പോയി; കെ ടി മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സിന്റെ ഒറ്റനാടകത്തിലും അഭിനയിച്ചിരുന്നില്ല; പക്ഷേ ആ പേര് അക്ഷാരർഥത്തിൽ ഭാഗ്യനക്ഷത്രമായി; നാടകത്തിലെ കോഴിക്കോട് ശശിയിൽ നിന്ന് കുന്നമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണി വെള്ളിത്തിരയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ശശി കലിംഗയായ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'കാലം വരുത്തുന്ന മാറ്റങ്ങൾ നോക്കണേ. അന്ന് ശശിയെന്ന് വിളിക്കുന്നത് ഇന്നത്തെപോലെ ഓഞ്ഞതും തേഞ്ഞതുമായ പേരായിരുന്നില്ല. ചന്ദ്രകുമാർ എന്ന സുന്ദരൻ പേരിന്റെ ഓമനപ്പേരായിരുന്നു. കലിംഗയെന്ന എന്റെ വാലും ശരിക്കും മാറിപ്പോയതാണ്'- അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട നടൻ ശശി കലിംഗ തന്റെ ജീവിതത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. 'എന്റെ ഭാഗ്യം പക്ഷേ ഈ പേരുതന്നെയാണ്'.

കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ചന്ദ്രശേഖരൻ നായരുടെയും സുകുമാരിയുടെയും മകനായി 1961ൽ ജനിച്ച വി. ചന്ദ്രകുമാർ 'ശശി കലിംഗയായ കഥക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെ വലിയ കഥയുണ്ട്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ചന്ദ്രകുമാറിനെ ശശിയെന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. പിന്നെ ഏവരും ചന്ദ്രകുമാറിനെ മറന്നു, ശശിയെ നെഞ്ചോടുചേർത്തു. വീട്ടിലെ ശശി അരങ്ങിലെത്തിയപ്പോൾ സ്ഥലപ്പേരുകൂടി ചേർത്ത് 'കോഴിക്കോട് ശശി'യായി. അരങ്ങിലെ അഭിനയമികവിൽ ശശി നാടകസ്നേഹികൾക്ക് പ്രിയങ്കരനായി. ആ നടനാണ് ജീവിതത്തിന്റെ അരങ്ങ് വിട്ടൊഴിയുന്നത്. ശശിയുടെ വിയോഗം നാടകത്തിനും സിനിമയ്ക്കും തീരാ നഷ്ടമാണ്.

അതിലും കൗതുകകരമാണ് 'കോഴിക്കോട് ശശി' വെള്ളിത്തിരയിലെത്തിയപ്പോൾ 'കലിംഗ ശശി'യായതിനു പിന്നിലെ കഥ. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി. എന്നാൽ, മഹാഭാഗ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രണ്ടാംവരവ് അദ്ദേഹത്തിനുണ്ടായി.

അതുമായി ബന്ധപ്പെട്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പേരുമാറ്റം.ടി.പി. രാജീവന്റെ 'പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെന്ന നോവൽ രഞ്ജിത്ത് അതേപേരിൽ സിനിമയാക്കാൻ തീരുമാനിക്കുന്നു. ഒരു വ്യത്യസ്തതയെന്നനിലയിൽ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതിൽനിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാൻ രഞ്ജിത്ത് നിശ്ചയിച്ചു. കോഴിക്കോടിനകത്തും പുറത്തുമുള്ള ഒട്ടേറെ നാടകകലാകാരന്മാർ അതിൽ പങ്കെടുത്തു. പേരെടുത്ത നടനും സംവിധായകനുമായ വിജയൻ വി. നായരും അതിലുണ്ടായിരുന്നു. പരിചയക്കാരനായ, അദ്ദേഹത്തെ കാണാൻ ശശി ഒരുനാൾ ക്യാമ്പിലെത്തി. വിജയൻ വി. നായർ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാൾ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിർദേശപ്രകാരം ശേഷിക്കുന്ന മൂന്നുദിവസം ശശിയും ക്യാമ്പിൽ പങ്കെടുത്തു.

പാലേരിമാണിക്യ'ത്തിന്റെ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും പേര് ശശിയെന്നായിരുന്നു. പല കാലങ്ങളിലായി പല പ്രൊഫഷണൽ സമിതികളിൽ പ്രവർത്തിച്ചവർ. അവരെ വേർതിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റിൽ സമിതിയുടെ പേരുകൂടി എഴുതിച്ചേർക്കാൻ രഞ്ജിത്ത് നിർദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ േപരിന്റെകൂടെ 'കലിംഗ' എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താൻ ശ്രമിച്ചപ്പോൾ, വർക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. കെ.ടി. മുഹമ്മദ് നേതൃത്വം നൽകിയ 'കലിംഗ തിയറ്റേഴ്സി'ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. എപ്പോേഴാ ഒരിക്കൽ 'കലിംഗ'യുടെ 'ദീപസ്തംഭം മഹാശ്ചര്യ'ത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ പോയതൊഴിച്ചാൽ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല, ശശി. എന്നാലും ആ പേര് അക്ഷാരർഥത്തിൽ ഭാഗ്യനക്ഷത്രമായി.

നടനാവണമെന്ന മോഹം തരിമ്പുമില്ലായിരുന്നു ശശിക്ക്. കോഴിക്കോട് സെന്റ് ജോസഫ്സ് സ്‌കൂൾ, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്ടെ സി.ടി.സി.യിൽ ചേർന്ന് ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. നാടകം കാണൽപോലും ശീലമായിരുന്നില്ല അക്കാലത്ത്. പഠനാനന്തരം തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ശശിയെത്തേടി ഒരു ക്ഷണമെത്തുന്നത്. കോഴിക്കോട്ടെ ഒന്നാംകിട പ്രൊഫഷണൽ നാടകസമിതിയായിരുന്ന 'സ്റ്റേജ് ഇന്ത്യ'യിൽനിന്നായിരുന്നു അത്. അതിന്റെ സാരഥിയായ വിക്രമൻ നായർ ശശിയുടെ അമ്മാവനായിരുന്നു. എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവൻ ശശിയെ ഉപദേശിച്ചു. 1982ലാണ് 'സ്റ്റേജ് ഇന്ത്യ' തുടങ്ങുന്നത്. അമ്മാവന്റെ ക്ഷണം സ്വീകരിക്കുമ്പോഴും നാടകാഭിനയം സങ്കല്പത്തിൽപ്പോലുമുണ്ടായിരുന്നില്ലെന്ന് ശശി പറയുന്നു.

'സ്റ്റേജ് ഇന്ത്യ'യുടെ ആദ്യനാടകം എഴുതി, സംവിധാനം ചെയ്തത് വിക്രമൻ നായർ തന്നെയാണ്. 'സൂത്രം' എന്ന ആ നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതിൽ ശശി സഹകരിച്ചു. ശശിയുടെ അഭിനയശേഷി കണ്ടറിഞ്ഞ വിക്രമൻ നായർ, കെ.ടി.യുടെ 'സാക്ഷാത്കാര'ത്തിൽ പൊലീസുകാരന്റെ വേഷം നൽകി. തുടർന്ന് 'സാക്ഷാത്കാര'ത്തിലും 'സ്ഥിതി'യിലും 'മത'മെന്ന കഥാപാത്രമായി. എന്നാൽ, പി.എം. താജിന്റെ 'അഗ്രഹാര'മാണ് ഒരു നടനെന്നനിലയിൽ ശശിക്ക് ആദ്യ അംഗീകാരം നേടിക്കൊടുത്തത്. അതിലെ ശേഷാമണി ജനസമ്മതിനേടി. തൊള്ളായിരത്തിലേറെ വേദികളിൽ കളിച്ച് ചരിത്രം സൃഷ്ടിച്ച നാടകമായിരുന്നു അത്. തിരക്കേറിയപ്പോൾ 'സ്റ്റേജ് ഇന്ത്യ'ക്ക് ബി ടീമുമുണ്ടായി.

തുടർന്ന്, താജിന്റെ 'അമ്പലക്കാള'യിൽ വിരമിച്ച വനപാലകനായി ശശി വേഷമിട്ടു. അഡ്വ. വെൺകുളം ജയകുമാറിന്റെ നാടകങ്ങളിലെല്ലാം അദ്ദേഹത്തിന് മികച്ച റോളുകൾ ലഭിച്ചു. ജപമാല (രമണൻ), ഗുരു (ഉണ്ണുണ്ണി), ക്ഷത്രിയൻ (അഗ്നിവർണൻ), എഴുത്തച്ഛൻ (എടമന നമ്പൂതിരി), ചിലപ്പതികാരം (വാരണവർ), കൃഷ്ണഗാഥ (ശങ്കിടി നമ്പിടി) എന്നിവയാണവ. പിന്നീട് തിരഞ്ഞുനോക്കിയിട്ടില്ല. അഞ്ചൂറോളം നാടകങ്ങൾ.
രണ്ടായിരത്തിൽ 'സ്റ്റേജ് ഇന്ത്യ' വിട്ട് ശശി മറ്റു പ്രൊഫഷണൽ നാടകസമിതികളിൽ കുറച്ചുകാലം സഹകരിച്ചു.ഇതിനിടെ, ശശിക്ക് സിനിമയിൽ ഒരവസരം ലഭിച്ചു. 1998ലാണത്. മുരുകൻ എന്ന പരിചയക്കാരൻ വഴി 'തകരച്ചെണ്ട' എന്ന സിനിമയിൽ ആക്രിസാധനങ്ങൾ വിൽക്കുന്ന പളനിച്ചാമിയായി ശശി വേഷമിട്ടു. സിനിമ ശ്രദ്ധിക്കപ്പെടാതെവന്നപ്പോൾ ശശിക്കും അവസരത്തുടർച്ചയുണ്ടായില്ല. വീണ്ടും നാടകത്തിലേക്ക് തിരിഞ്ഞു. അതിനിടയിൽ ഒരു വർഷക്കാലം 'ഏഷ്യാനെറ്റി'ലെ 'മുൻഷി'യിൽ 'പണ്ഡിറ്റാ'യി വേഷമിട്ടു. തിരക്കേറിയ ഷെഡ്യൂളും കുറഞ്ഞ വരുമാനവുംമൂലം അദ്ദേഹം അത് തുടർന്നില്ല. ഇടയ്ക്ക്, സംവിധായകന്റെ വേഷവുമണിഞ്ഞു. 'തൃശ്ശൂർ അഭിനയ'യ്ക്കുവേണ്ടി 'സ്വപ്നസമുദ്ര'മെന്ന നാടകമാണ് അദ്ദേഹം സംവിധാനം ചെയ്തത്. നാടകം മോശമില്ലാതെ കളിച്ചെങ്കിലും സംവിധാനം തനിക്കുപറ്റിയ പണിയല്ലെന്നു തിരിച്ചറിഞ്ഞ് അദ്ദേഹം ആ രംഗം വിട്ടു.

''താജിന്റെ 'അഗ്രഹാരം' നാടകം പ്രേംനസീറിനെ നായകനാക്കി പി. ചന്ദ്രകുമാർ സിനിമയാക്കാൻ തീരുമാനിച്ച കാലം. എറണാകുളത്ത് നാടകം കളിച്ചപ്പോൾ അതു കാണാൻ ചന്ദ്രകുമാറും നസീറുമെത്തി. ഞാൻ പ്രേംനസീറിന്റെ ആരാധകനാണന്ന്. നാടകം കഴിഞ്ഞ് വേഷം മാറുമ്പോൾ നസീർ അണിയറയിലെത്തി എനിക്ക് കൈതന്ന് അഭിനയത്തെ പുകഴ്‌ത്തി. ശരിക്കും ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെതോന്നി അപ്പോൾ'' അരങ്ങിലെ അവിസ്മരണീയ സംഭവം ശശി വിവരിക്കുന്നത് ഇങ്ങനെയാണ്.'പാലേരിമാണിക്യ'ത്തിലെ മോഹൻദാസെന്ന പൊലീസുദ്യോഗസ്ഥനിലൂടെയുള്ള ശശിയുടെ രണ്ടാം ചലച്ചിത്രവരവ് ശ്രദ്ധിക്കപ്പെട്ടു. 'പ്രാഞ്ചിയേട്ടനി'ലെ 'ഇയ്യപ്പനും' കൂടി വന്നപ്പോൾ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഏതു റോളും സ്വീകരിക്കാൻ സന്നദ്ധനായ ഇദ്ദേഹം 'ഇടുക്കി ഗോൾഡി'ൽ 'ശവ'മായിപ്പോലും അഭിനയിച്ചു. നാളിതുവരെ ഇരുന്നൂറ്റിയമ്പതിൽപ്പരം സിനിമകളിൽ വേഷമിട്ടു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയിൽ നായകനുമായി.

കോഴിക്കോട് കുന്നമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം. നടന്റെയോ സെലിബ്രിറ്റിയുടേയാ യാതൊരു അകൽച്ചകളുമില്ലാതെ ജനങ്ങളോട് ഇടപെട്ട വ്യകതിത്വം. അദ്ദേഹം ഓർമ്മയാവുന്നത് സിനിമാ-നാടക കലാകാരന്മ്മാരുടെയും ഓർമ്മകളിൽ സങ്കടക്കടൽ ഒഴുകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP