Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാൾ; പാശ്ചാത്യ ലോകത്തെ ഇളക്കി മറിച്ച റോക്ക് സ്റ്റാറുകളിൽ മുൻപൻ; 65ാം വയസ്സിൽ കാൻസറിന് കീഴടങ്ങിയ ഏഢി വാൻ ഹേലനെ അറിയാം

ലോകം ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാൾ; പാശ്ചാത്യ ലോകത്തെ ഇളക്കി മറിച്ച റോക്ക് സ്റ്റാറുകളിൽ മുൻപൻ;  65ാം വയസ്സിൽ കാൻസറിന് കീഴടങ്ങിയ ഏഢി വാൻ ഹേലനെ അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: എൺപതുകളിൽ പാശ്ചാത്യ സംഗീത ലോകത്ത് നവതരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടെത്തിയ വാൻ ഹേലൻ ബാൻഡിന്റെ സഹസ്ഥാപകൻ എഢി വാൻ ഹേലൻ ഒരു ഓർമ്മയാവുകയാണ്. തൊണ്ടയിലെ അർബുദവുമായി ഒരു പതിറ്റാണ്ടോളം പടവെട്ടിയ ആരാധകരുടെ പ്രിയപ്പെട്ട എഢി, കാലിഫോർണിയയിലെ സാന്റാ മോണിക്കയിലുള്ള സെയിന്റ് ജോൺസ് ഹോസ്പിറ്റലിൽ വച്ചാണ് ഇന്നലെ അന്ത്യശ്വാസം വലിച്ചത്. ഭാര്യ ജാനി, മകൻ വൂൾഫ്ഗ്യാങ്, സഹോദരനും ഡ്രമ്മറുമായ അലക്സ് എന്നിവർ അപ്പോൾ അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു.

എഡ്വേർഡ് ലോഡ്വിക്ക് വാൻ ഹേലൻ ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളായിരുന്നു. പ്രശസ്ത ഡ്രമ്മർ ആയ സഹോദരൻ അലക്സുമൊന്നിച്ച് 1972 ലാണ് തന്റെ വാൻ ഹേലൻ എന്ന ബാൻഡ് സംഘം രൂപീകരിക്കുന്നത്. മൈക്കൽ ആന്റണി (ബാസ്സ്), ഡേവിഡ് ലീ റോത്ത് (ഗായകൻ) എന്നിവരായിരുന്നു ഈ സംഘത്തിലെ മറ്റു പ്രമുഖർ. 2007 ൽ റോക്ക് ആൻഡ് റോളിൽ ഹാൾ ഓഫ് ഫെയിമിലേക്ക് ഈ സംഘത്തെ നാമനിർദ്ദേശം ചെയ്തു.

മൈക്കൽ ജാക്സൺന്റെ 'ബീറ്റ് ഇറ്റ്' എന്ന പ്രശസ്തമായ ഗാനത്തിനും ഗിറ്റാർ വായിച്ചത് എഢി ആയിരുന്നു. എക്കാലത്തേയും ബെസ്റ്റ് സെല്ലിങ് ആർട്ടിസ്റ്റുകളിൽ ഒരാളായ എഢി അതോടെ റോക്ക് ഗോഡ് എന്ന നിലയിലേക്ക് ഉയർന്നു. ലോകത്തിലെ മികച്ച 100 ഗിറ്റാറിസ്റ്റുകളിൽ എട്ടാം സ്ഥാനമായിരുന്നു എഢിക്ക് റോളിങ് സ്റ്റോൺ മാഗസിൻ നൽകിയത്.

20 വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് കാൻസർ ആണെന്ന് കണ്ടുപിടിച്ചത്. തന്റെ പന്ത്രണ്ടാം വയസ്സിൽ പുകവലി തുടങ്ങിയ എഢി പിന്നീട് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോക്താവായി മാറി. സ്വയം മദ്യപാനി എന്നു പ്രഖ്യാപിച്ച എഢി 2008-ൽ റാൻകോ മിറാഷിലെ ബെറ്റി ഫോർഡ് സെന്ററിൽ പോവുകയും ചെയ്തിരുന്നു. 2000 -ൽ തന്റെ നാവിന്റെ മൂന്നിൽ ഒരു ഭാഗം നീക്കം ചെയ്യേണ്ടി വന്ന എഢി 2002 ആയപ്പോഴേക്കും കാൻസറിൽ നിന്നും മുക്തി നേടിയതായി റിപ്പോർട്ടുകൾ വന്നു. എന്നിരുന്നാലും കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജർമ്മനിയിൽ റേഡിയേഷൻ ചികിത്സക്കായി പോകുന്നുണ്ടായിരുന്നു.

1970 കളുടെ ആദ്യത്തിൽ തന്റെ സഹോദരനുമൊത്ത് രൂപീകരിച്ച വാൻ ഹേലൻ എന്ന ബാന്റ് സംഘം 1978-ൽ അവരുടെ ആദ്യ ആൽബം പുറത്തിറക്കുന്നതിനു മുൻപ് തന്നെ സൺസെറ്റ് സ്ട്രിപ്പിലെ ഒരു പ്രധാന ബാൻഡ് സംഘമായി മാറിയിരുന്നു. വ്യത്യസ്തമായ ഗാനങ്ങൾ കൊണ്ട് കാലിഫോർണീയൻ വേദികളിൽ തരംഗം തീർത്ത എഢി സാവധാനം പടിഞ്ഞാറൻ അർദ്ധഗോളത്തിലാകെ അറിയപ്പെടാൻ തുടങ്ങി. 'പനാമ', 'ഹോട്ട് ഫോർ ടീച്ചർ' തുടങ്ങിയവ 1980 കളിൽ പാശ്ചാത്യ യുവത്വത്തിന്റെ ഹരമായി മാറി.

വാൻ ഹേലൻ 2 (1979), വിമൻ ആൻഡ് ചൈൽഡ് ഫസ്റ്റ് (1980), ഫെയർ വാണിങ് (1981), ഡ്രൈവർ ഡൗൺ (1982) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ആൽബങ്ങൾ. എന്നാൽ '1984' എന്ന ആൽബമായിരുന്നു ലോക ശ്രദ്ധ ആകർഷിച്ചത്. അന്ന് വിൽപനയുടെ കാര്യത്തിൽ മൈക്കൽ ജാക്സൺന്റെ 'ത്രില്ലർ' എന്ന ആൽബം മാത്രമായിരുന്നു ഈ ആൽബത്തിന് മുന്നിൽ.

സംഗീത പാരമ്പര്യമുള്ള കുടുംബത്ത്, ആംസ്ടർഡാമിലായിരുന്നു എഢി ജനിച്ചത്. ഒരു സാക്സോഫോൺ വാദകനായ പിതാവും കുടുംബവുമൊത്ത് തന്റെ എഴാം വയസ്സിലാണ് എഢി അമേരിക്കയിൽ എത്തുന്നത്. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ആ കുടുംബത്തിൽ എല്ലാ സമയത്തും സംഗീതമുണ്ടായിരുന്നു. ചട്ടിയും കലവും കൊട്ടി, തന്റെ സംഗീത സപര്യ ആരംഭിച്ച എഢീ പിന്നീട് തന്റെ ജ്യേഷ്ഠ സഹോദരന്റെ ഉപദേശ പ്രകാരം ഗിറ്റാറിലേക്ക് തിരിയുകയായിരുന്നു.

വാർണർ ബ്രോസ് റെക്കോർഡ്സിനു വേണ്ടി ഗിറ്റാർ വായിച്ചഎഢിക്ക് അധികം താമസിയാതെ മൈക്കൽ ജാക്സന്റെ 'ബീറ്റി'നു വേണ്ടി ഗിറ്റാർ വായിക്കുവാനുള്ള അവസരം ലഭിച്ചു. അതിൽ 20 സെക്കന്റോളം നീണ്ടു നിൽക്കുന്ന, ഗിറ്റാർ മാത്രമുള്ള ഒരു ഭാഗം ഇന്നും സംഗീതപ്രിയർക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. അത് റെക്കോർഡ് ചെയ്യുവാൻ അരമണിക്കൂറിൽ താഴെ മാത്രമെ എടുത്തുള്ളു. ഈ സംഗീത പ്രതിഭ വിടപറയുന്നതോടെ, കഴിഞ്ഞ നൂറ്റാണ്ട് ലോകത്തിനു നൽകിയ മറ്റൊരു മഹാനായ കലാകാരൻ കൂടി മൺമറയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP