Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴാം ക്ലാസിൽ ആദ്യ നാടകാഭിനയം; പത്താം വയസ്സിൽ പ്രൊഫഷണൽ നടൻ; സിനിമയിലും നാടകത്തിലും സായ്കുമാറിന് പകരക്കാരൻ; ശബ്ദവും അഭിനയവും സൗന്ദര്യവും തുടങ്ങി സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ സമന്വയമായിരുന്നു ഈ നടൻ; എന്നിട്ടും സുന്ദര വില്ലൻ എന്ന് ടൈപ്പ് കാസ്റ്റിൽ ഒതുക്കി മലയാള സിനിമ; കോവിഡു കാലത്ത് റിസബാവ മടങ്ങുമ്പോൾ

ഏഴാം ക്ലാസിൽ ആദ്യ നാടകാഭിനയം; പത്താം വയസ്സിൽ പ്രൊഫഷണൽ നടൻ; സിനിമയിലും നാടകത്തിലും സായ്കുമാറിന് പകരക്കാരൻ; ശബ്ദവും അഭിനയവും സൗന്ദര്യവും തുടങ്ങി സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ സമന്വയമായിരുന്നു ഈ നടൻ; എന്നിട്ടും സുന്ദര വില്ലൻ എന്ന് ടൈപ്പ് കാസ്റ്റിൽ ഒതുക്കി മലയാള സിനിമ; കോവിഡു കാലത്ത് റിസബാവ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മട്ടാഞ്ചേരി: വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങൾക്കു വേറിട്ട രൂപവും ഭാവവും പകർന്ന നടൻ റിസബാവ (60) ഇനി ഓർമ്മകളിൽ മാത്രം. നാടക, ചലച്ചിത്ര, ടിവി സീരിയൽ മേഖലകളിൽ അഭിനയമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ നടക്കും. കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുദർശനം ഒഴിവാക്കി.

സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറിലെ ജോൺ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയിൽ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയിൽ അദ്ദേഹം നിറഞ്ഞു. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. കൊച്ചിയിൽ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇസ്മയിലിന്റെ മകനായ റിസബാവയ്ക്ക് ചെറുപ്പംമുതൽ നാടകത്തോട് കടുത്ത പ്രണയമായിരുന്നു. അഭിനയത്തോടുള്ള ഈ അഭിനിവേശമാണ് റിസബാവയെ മലയാളി അറിയപ്പെടുന്ന നടനാക്കിയത്.

സായ്കുമാർ രാംജിറാവ് സ്പീക്കിംഗിലൂടെ താരപ്പകിട്ടിൽ മുന്നിലെത്തിയ കാലത്തായിരുന്നു റിസബാവയുടേയും വരവ്. ഷാജി കൈലാസ് ഒരുക്കുന്ന ലോബജറ്റ് കോമഡിച്ചിത്രത്തിലേക്ക് സായിയെയാണ് നായകനായി ഉദ്ദേശിച്ചിരിക്കുന്നത്. ഉർവശിയും പാർവതിയും എതിരാളികളില്ലാതെ തിളങ്ങി നിൽക്കുന്ന സമയമാണ്. സായികുമാറിന് ഡേറ്റില്ലാത്തതിനാൽ പപ്പൻ എന്ന നായക കഥാപാത്രം അവതരിപ്പിക്കാൻ റിസബാവയെ പരിഗണിച്ചു. അങ്ങനെ ഡോ പശുപതിയിൽ റിസബാവ നായകനായി.

മട്ടാഞ്ചേരിയാണ് സ്വദേശം. റിസബാവ ഏഴിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതിഫലം വാങ്ങി നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.. കൊല്ലം അനശ്വര തിരുവനന്തപുരം സംഘചേതന എന്നീ ട്രൂപ്പുകളിലെ സ്ഥിരം നടനായിരുന്നു റിസബാവ. സംഘചേതനയിൽ റിസയെത്തുന്നത് സായികുമാറിന് പകരക്കാരനായിട്ടായിരുന്നു എന്നതും ശ്രദ്ധേയം. അങ്ങനെ സിനിമയിലേതിന് സമാനമായത് നാടകത്തിലും സംഭവിച്ചിട്ടുണ്ട്. നൂറോളം സിനിമയിൽ അഭിനയിച്ചെങ്കിലും റിസബാവയ്ക്ക് ലാഭക്കണക്കുകൾ മലയാള സിനിമ നൽകിയില്ല. അർഹിക്കുന്ന പലതും നിഷേധിച്ചു.

ഒടുവിൽ വ്യാജ ചെക്ക് നൽകിയ കേസിൽ റിസബാവ കോടതിയിൽ കീഴടങ്ങിയതും മലയാളി കേട്ടു. നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയിൽ കെട്ടി വച്ചെങ്കിലും കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് കോടതി നിർദ്ദേശം നൽകി. തുക തിരിച്ച് നൽകാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടർന്ന് റിസബാവയ്ക്ക് എതിരെ എറണാകുളം നെഗോഷിബിൾ ഇൻസ്ട്രുമെന്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അങ്ങനെ പല നിർണ്ണായക നിമിഷങ്ങളും റിസബാവയ്ക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നു.

വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം. 2010 ൽ ഡബ്ബിങ്ങിന് (കർമയോഗി) സംസ്ഥാനപുരസ്‌കാരം നേടി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് മുഖം നൽകി. ശബ്ദം, അഭിനയം, സൗന്ദര്യം-സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ സമന്വയമായിരുന്നു ഈ നടൻ. സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രം അക്കാലം ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ലായിരുന്നു. ആ കഥാപാത്രത്തിന്റെ കരുത്ത് കണ്ട് ജോൺ ഹോനായിയെ താൻ ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് ഒരിക്കൽ റിസബാവ വെളിപ്പെടുത്തിയിരുന്നു.

സുന്ദരവില്ലൻ എന്ന ടൈപ്പ് കാസ്റ്റിൽ ഈ നടനെ മലയാള സിനിമ തളച്ചു. ജോർജ് കിത്തുവിന്റെ ശ്രീരാഗത്തിലെ പാലക്കാടൻ അയ്യർ നരശു റിസയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. സിനിമ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ നരശുവിന്റെ ലേബലിൽ ഈ നടൻ അറിയപ്പെടുമായിരുന്നു. ചാരുലതയിലെ രവീന്ദ്രൻ എന്ന അച്ഛൻ വേഷമാണ് മിനിസ്‌ക്രീനിലെ റിസയുടെ മാസ്റ്റർ പീസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP