Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപ്‌ ദുരന്തമെത്തി; മരണത്തിലും പിരിയാത്ത ഉറ്റ ചങ്ങാതിമാരെ ഓർത്ത് തേങ്ങി കൂട്ടുകാർ; മൂന്നു വർഷംകൊണ്ട് ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ; ക്രിസ്റ്റി ടി വി പരിപാടികളിലെയും നിത്യസാന്നിധ്യം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മരിച്ച രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥികൾക്ക് അന്ത്യാജ്ഞലി

മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപ്‌ ദുരന്തമെത്തി; മരണത്തിലും പിരിയാത്ത ഉറ്റ ചങ്ങാതിമാരെ ഓർത്ത് തേങ്ങി കൂട്ടുകാർ; മൂന്നു വർഷംകൊണ്ട് ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ; ക്രിസ്റ്റി ടി വി പരിപാടികളിലെയും നിത്യസാന്നിധ്യം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മരിച്ച രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥികൾക്ക് അന്ത്യാജ്ഞലി

കോട്ടയം: മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയുള്ള മടക്കയാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടൽ മാറുന്നില്ല രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥിൾക്ക്. ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരെയാണ് അപകടം കവർന്നത്. രണ്ട് സുഹൃത്തുക്കൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നു. മാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി മടങ്ങുകയായിരുന്ന എംബിഎ വിദ്യാർത്ഥികളുടെ കാർ ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതരമായി പരുക്കേറ്റു. നാലു പേരും എറണാകുളം കളമശേരി രാജഗിരി കോളജിലെ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥികളാണ്.

ദേശീയപാതയിൽ പോട്ട നാടുകുന്നിൽ ബുധനാഴ്ച അർധരാത്രിയാണ് അപകടം. കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടിൽ ക്രിസ്റ്റി മാത്യു ഫിലിപ്പ് (24), കടപ്പൂര് വല്ലാട്ട് വീട്ടിൽ ബിമൽ സെബാസ്റ്റ്യൻ (21) എന്നിവരാണു മരിച്ചത്. ചെങ്ങന്നൂർ ആഞ്ഞിലിച്ചുവട് തെങ്ങുംതറയിൽ വീട്ടിൽ ബ്ലെസൻ ടി.വർഗീസ് (26), പാറക്കടവ് പൂവത്തുശേരി ഇരുമ്പൻ വീട്ടിൽ ജോസി മാത്യു (24) എന്നിവർക്കാണു പരുക്കേറ്റത്.

ക്രിസ്റ്റിയുടെ സംസ്‌കാരം നെടുങ്കുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ വെച്ചും. ബിമലിന്റെ സംസ്‌കാരം കൂടല്ലൂർ സെന്റ് ജോസഫ്‌സ് പള്ളിയിലും വെച്ച് നടന്നു. തേഞ്ഞിപ്പലത്ത് മാനേജ്‌മെന്റ് ഫെസ്റ്റിൽ പങ്കെടുത്ത് സമ്മാനവുമായി മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി ഒരുമണിയോടെ പോട്ട നാടുകുന്നിൽ ആയിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ജോസി മാത്യുവാണ് കാറോടിച്ചിരുന്നത്. ബിമൽ സംഭവസ്ഥലത്തും ക്രിസ്റ്റി ആശുപത്രിയിൽവെച്ചും മരിച്ചു. ബിമൽ മുൻസിറ്റീലും ക്രിസ്റ്റി പിൻസീറ്റിലുമായിരുന്നു.

ഡ്രൈവർ സീറ്റിൽ എയർബാഗുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലോറിക്കടിയിൽപ്പെട്ട കാറിൽനിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും ചാലക്കുടി പൊലീസും വഴിയാത്രക്കാരും ചേർന്നാണ് പുറത്തെടുത്ത് ആസ്പത്രയിൽ എത്തിച്ചത്. പാർസൽ ലോറിയിലാണ് ഇടിച്ചത്.ലോറി നിർത്തിയിട്ട് ഡ്രൈവറും ക്ലീനറും വിശ്രമിക്കുകയായിരുന്നു. കോളേജിൽ ക്ലാസ് തുടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. അഞ്ചംഗസംഘമാണ് ഫെസ്റ്റിൽ ടീമിനത്തിൽ പങ്കെടുക്കുവാൻ എത്തിയത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനായ വിനായകൻ തൃശ്ശൂരിലിറങ്ങി. ടീമിനത്തിൽ രണ്ടാംസ്ഥാനവും വിമലിന് വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു.

കോട്ടയം സി.എം.എസ്. കോളേജിലെ ബി.കോം ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ബിമൽ സെബാസ്റ്റ്യൻ. പാഠങ്ങളും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മുമ്പൻ. പങ്കെടുത്ത മാനേജ്‌മെന്റ് ഫെസ്റ്റുകളിലെയെല്ലാം വിജയി. മൂന്നു വർഷംകൊണ്ട് കേരളത്തിനകത്തും പുറത്തുമായി ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ. ശ്രമകരമായ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മാത്രം നേടാനാകുന്ന പട്ടമാണ് മികച്ച മാനേജർ എന്നത്. കലാലയത്തിനുതന്നെ അത്ഭുതമായ ബിമൽ മത്സരങ്ങളിലെ വിജയിയാകുന്നത് അധികാരികൾ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. കോളേജിന്റെ യശസ്സുയർത്തുന്ന വിദ്യാർത്ഥിയെ ഭാവിയുടെ വാഗ്ദാനമായാണ് കണ്ടിരുന്നതെന്ന് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ പറഞ്ഞു. 2017-ൽ മികച്ച വിദ്യാർത്ഥിയെന്ന ഖ്യാതിയോടെയാണ് ബിമൽ സി.എം.എസിന്റെ പടിയിറങ്ങിയത്.

കാക്കനാട് രാജഗിരി കോളേജിനുവേണ്ടി, മലപ്പുറത്ത് നടത്തിയ മാനേജ്‌മെന്റ് ഫെസ്റ്റിൽ വിജയകിരീടം ചൂടിയ ശേഷമുള്ള മടക്കത്തിലാണ് അപകടം ബിമലിനെ തട്ടിയെടുത്തത്. നാട്ടിലെ ജീസസ് യൂത്തിന്റെയും മറ്റ് സാമൂഹിക പ്രവർത്തനങ്ങളുടെയും മുൻ നിരയിൽ ക്രിസ്റ്റി സജീവമായിരുന്നു. പഠനത്തോടൊപ്പം സാസ്‌കാരിക പ്രവർത്തനങ്ങളിലും പ്രാവീണ്യം പുലർത്തിയിരുന്ന ക്രിസ്റ്റി ടെലിവിഷൻ ചാനലുകളിൽ വിവധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ചെറുപ്രായത്തിൽതന്നെ ഒട്ടനവധി പുരസ്‌കാരങ്ങളും ഈ മിടുക്കനെ തേടിയെത്തിയിരുന്നു.

ഇവരുടെ ജീവനെടുത്ത അപകടത്തിന് ഇടയാക്കിയത് ദേശീയപാതയോരത്തെ അനധികൃത പാർക്കിങ്ങാണ്. പാർക്കിങ്ങിന് ഒട്ടും സൗകര്യമില്ലാത്ത സ്ഥലത്താണ് ലോറിയിട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പോട്ടയിൽനിന്ന് നാടുകുന്നെത്തുന്ന ഭാഗത്ത് സർവീസ് റോഡിന് നിർദ്ദേശമുള്ളതാണ്. എന്നാൽ സ്ഥലം ഏറ്റെടുത്ത സ്ഥലത്ത് സർവീസ് റോഡിന്റെ പണി പൂർത്തിയായിട്ടില്ല. ഇവിടെയുള്ള പരിമിതമായ സ്ഥലത്താണ് പാർസൽ ലോറി പാർക്ക് ചെയ്തിരുന്നത്. റോഡിനോട് തൊട്ടടുത്താണ് വണ്ടിയിട്ടിരുന്നത്.

റോഡരിക് ചെളിനിറഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. സർവീസ് റോഡില്ലാത്തതിനാൽ എതിർഭാഗത്തുനിന്നും തെറ്റായ ദിശയിൽ വാഹനങ്ങൾ കയറിവരുന്നതും പതിവാണ്. ഇതും അപകടത്തിന് കാരണമാകുന്നു. വേഗത്തിൽ വരുന്ന വണ്ടികൾക്ക് തൊട്ടുമുന്നിലുള്ള വണ്ടി നിർത്തിയിട്ടിരിക്കുകയാണെന്ന് മനസ്സിലാവില്ല.നിയന്ത്രണം തെറ്റിയാൽ സർവീസ് റോഡിനായി ഇട്ടിട്ടുള്ള കുഴിനിറഞ്ഞ ഭാഗത്തേക്കാണ് വാഹനങ്ങൾ എത്തുക. രാത്രിയിൽ ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർ വിശ്രമത്തിനായി വാഹനങ്ങൾ നിർത്തിയിടാറുണ്ട്. എന്നാൽ ഇതിനായി പ്രത്യേക സ്ഥലങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഡ്രൈവർമാർ മറ്റുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയാണ്.

അപകടത്തിൽപ്പെട്ട ലോറിയും നിർദ്ദേശിക്കപ്പെട്ട സ്ഥലത്തായിരുന്നില്ല പാർക്ക് ചെയ്തിരുന്നത്. ഹൈവേ പൊലീസ് ഇത് തടയുന്നില്ല.സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാക്കാത്തത് പല അപകടങ്ങൾക്കും കാരണമാകുന്നു. നാലുവരിപ്പാത വന്നാൽ അപകടം കുറയുമെന്ന കണക്കുകൂട്ടൽ തെറ്റുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP