Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെ

മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം; ഒപ്പം സംസ്‌കൃതവും സംഗീതവും; പിണറായിയുടെ ഗുരു; നായനാർക്ക് ശേഷം മുഖ്യമന്ത്രിയെന്ന് മാധ്യമങ്ങൾ; പക്ഷേ ട്രഷറി പൂട്ടലും കല്ലുവാതുക്കൽ മദ്യദുരന്തവും ഇമേജ് തകർത്തു; ശിവദാസ മേനോന്റെ രാഷ്ട്രീയ നിർഭാഗ്യങ്ങൾ ഇങ്ങനെ

എം റിജു

കോഴിക്കോട്: സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രാസംഗികരായ നേതാക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ അദ്യ അഞ്ചിൽ സ്ഥാനം പിടിക്കുക, ടി ശിവദാസമേനാൻ എന്ന ഇന്ന് അന്തരിച്ച നേതാവാണ്. അത്രക്ക് ഹൃദ്യവും ലളിതവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. പരന്ന വായനയിലുടെ താൻ ആർജ്ജിച്ചെടുത്ത വിജ്ഞാനം അതി ലളിതമായി, നർമ്മത്തിൽ ചാലിച്ചാണ് മേനോൻ പറയുക. ഇഎംഎസിനുശേഷം, രാഷ്ട്രീയ അതീതമായ കാര്യങ്ങളിൽ കൃത്യമായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയായിന്നു അദ്ദേഹം. അതുകൊണ്ടുതന്നെ 80കളിലും 90കളിലും മലബാറിലെ എത് വലിയ പൊതുയോഗങ്ങളിലും സഖാവ് ഉണ്ടാവും.

സംഗീതം, സാഹിത്യം, സിനിമ, സ്പോർസ് തുടങ്ങിയ എത് വിഷയത്തിലും അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നപോലെയാണ് പൊതുയോഗങ്ങളിൽ സംസാരിക്കുക. കൃത്യം 20 മിനുട്ടേ എടുക്കു. അതിൽ കൂടുതൽ ആളുകൾക്ക്, ഏകാഗ്രത കിട്ടില്ല എന്നാണ് മോനോന്റെ വാദം. അദ്ധ്യാപക വൃത്തിയിൽനിന്ന് വളണ്ടറി റിട്ടയന്മെന്റ് എടുത്ത് രാഷ്ട്രീയത്തിലേക്ക് എടുത്ത ചാടിയ മേനോന്, ശ്രോതാക്കളുടെ പൾസ് നന്നായി അറിയാമായിരുന്നു.

മാപ്പിള മലയാളവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള പ്രസംഗം, കേൾക്കേണ്ടതല്ല, കാണേണ്ട കാഴ്ചയായിരുന്നു. കാരണം മോനോന്റെ അംഗവിക്ഷേപങ്ങൾ കൂടി കണ്ടാലേ പ്രസംഗത്തിന്റെ ഇഫക്റ്റ് പൂർണ്ണമായും കിട്ടു. സംസ്‌കൃതവും സംഗീതവുമെല്ലാം ഒഴുകും. യേശുദാസിന്റെയും രണ്ടുവരിപ്പാട്ടോ, ഏറ്റുവും പുതിയ ഗസലോ, ഇടക്ക് പാടും. ഗീതയിൽനിന്ന് ഉപനിഷത്തുക്കളിൽനിന്നും ബൈബിളിൽനിന്നുമെല്ലാം ക്വാട്ടുകൾ ഉണ്ടാവും. ഇടക്കിടെ അദ്ധ്യാപകന്റെ ശൈലയിൽ ഓഡിയൻസിനോട് 'മനസ്സിലായോ' എന്ന് അവർത്തിച്ച് ചോദിക്കും.

അടുത്ത സെക്കൻഡിൽ തന്നെ നർമ്മത്തിന്റെ ടോൺ മാറ്റി, ശക്തമായ രാഷ്ട്രീയ വിമർശനമായി എതിരാളികളുടെ നേർക്ക് കത്തിക്കയറും. കൈയും കാലുമെല്ലാം ചലിപ്പിച്ചുകൊണ്ട്, ആഗ്യം ധാരാളം ഉപയോഗിച്ചുകൊണ്ട്, ഒരു വിഷ്വൽ ട്രീറ്റ് ആയിരുന്നു മോനോന്റെ പ്രസംഗം. സോഷ്യൽമീഡിയയൊക്കെ ഉള്ള കാലമായിരുന്നെങ്കിൽ മേനോന്റെ പ്രസംഗം ഇന്ന് തരംഗം ആയേനെ. 90ാം വയസ്സിൽ ശിവാദാസമേനോൻ വിടപറയുമ്പോൾ പഴയ ആളുകൾ ഓർക്കുന്നത് അദ്ദേഹത്തിന്റെ തീപ്പൊരി വാചകങ്ങൾ തന്നെയാണ്.

പാലക്കാട്ടെ കരിസ്മാറ്റിക്ക് നേതാവ്

അതുകൊണ്ടുതന്നെ എസ്എഫ്ഐ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി ക്ലാസിനും, ഇലക്ഷന് മുന്നോടിയായി എങ്ങനെ വോട്ട് പിടിക്കണമെന്ന് പഠിപ്പിക്കാനുള്ള കേഡർമാരുടെ ക്ലാസുകളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു മേനോൻ. 'സിപിഎമ്മിന്റെ കരിസ്മാറ്റിക്ക് നേതാവ് എന്നായിരുന്നു' അദ്ദേഹത്തെ കടുത്ത മാർക്സിസ്്റ്റ് വിരോധം, അക്കാലത്ത് പുലർത്തിയിരുന്ന മലയാള മനോരമ പത്രംപോലും വിശേഷിപ്പിച്ചത്. പ്രവർത്തകരിൽ ഇത്രയധികം ആവേശവും ഊർജ്ജവും നിറയ്ക്കാൻ കഴിയുന്ന ചുരുക്കം ചില നേതാക്കളെ സിപിഎമ്മിൽ ഉണ്ടായിരുന്നുള്ളൂ.

തന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മേനോൻ ക്ലാസ് എടുക്കുക. എങ്ങനെ വോട്ട് ചോദിക്കണം എന്നത് അദ്ദേഹം ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി കേഡർമാരോട് വിശദീകരിച്ചത് ഇങ്ങനെയാണ്. '' മലമ്പുഴക്ക് അടുത്ത് ഒരു ദ്വീപിലായി ഒരു കന്യാസ്ത്രീ മഠം ഉണ്ട്. അവർക്കായി പ്രത്യേക ബൂത്തുകളാണ് തയ്യാറാക്കാറുള്ളത്. ആകെ 12 വോട്ടേ അവിടെയുള്ളൂ. അതും കിട്ടില്ല എന്ന് കരുതി ബോട്ട് പിടിച്ച് അങ്ങോട്ട് പോകാൻ ഇടതു സ്ഥാനാർത്ഥികൾ തയ്യാറല്ലായിരുന്നു. എന്നാൽ ഞാൻ പോയി. രാഷ്ട്രീയം ഒന്നും പറഞ്ഞില്ല. എല്ലാവരോടും കുശലന്വേഷണം നടത്തി. മുതിർന്ന കന്യാസ്ത്രീകളുടെ അടുത്ത അനുഗ്രഹം തേടി. ഞാൻ വോട്ടുപോലും ചോദിച്ചില്ല. അവരുടെ സുഖവിവരം മാത്രമാണ് അന്വേഷിച്ചത്. പക്ഷേ തെരഞ്ഞെടുപ്പിന്ശേഷം ബൂത്ത് തല കണക്കുകൾ വന്നപ്പോൾ ആ 12 വോട്ടും ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ് ലഭിച്ചത്''- മേനോൻ ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ മലബാറിലെ കർഷക സമരങ്ങളുടെയൊക്കെ കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയുന്ന ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. മലബാർ കലാപത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ പണ്ട് വായിച്ചതിന്റെ ഫോട്ടോ ഗ്രാഫിക്ക് മെമ്മറിയുമായി മേനോൻ എടുത്തു പറയും. സിപിഎമ്മിൽ ഇഎംഎസിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഗുണമായിരുന്നു അതൊക്കെ.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമാവുന്നു

ഇതുകൊണ്ടുതന്നെ ഭാവി മുഖ്യമന്ത്രി എന്ന ഒരു ഇമേജ് 80കളുടെ അവസാനം ആവുമ്പോഴേക്കും അദ്ദേഹത്തിന് കൈവന്നിരുന്നു. 1987ൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. വൈദ്യുതി മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരിക്കൽ കേരളത്തിൽ ലോഡ് ഷെഡിങ്ങ് ഉണ്ടായപ്പോൾ ' എനിക്ക് ഒരു മഴമേഘമായി മാറാൻ കഴിഞ്ഞെങ്കിൽ സ്വയം അലിഞ്ഞ് തീർന്നാൽപോലും ഈ നാടിന് ആശ്വാസം പകർന്നേനെ' എന്ന് പറഞ്ഞ് അദ്ദേഹം നടത്തിയ കാൽപ്പനിക പ്രസംഗം പത്രങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റി. അതുപോലെ മേനോൻ ഇരിക്കുന്ന വേദിയിൽ ഒരിക്കൽ ചെമ്മനം ചാക്കോ കേരളത്തെക്കുറിച്ച് ഒരു കാർട്ടുൺ കവിത വായിച്ചു. അതിൽ തെരുവുവിളക്കുകൾ കത്താത്ത കേരളത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. കവിത കഴിഞ്ഞതും മോനോൻ ചാടി ഏണീറ്റു. എവിടെയാണ് ഇപ്പോൾ തെരുവ് വിളിക്ക് കത്താത്ത് എന്നായി ചോദ്യം. ഒറ്റപ്പരാതി തന്നാൽ നടപടി എടുക്കാമെന്നും. അതായിരുന്നു മോനേന്റെ രീതി. കെഎസ്ഇബി അതീവ പ്രൊഫഷണൽ അയി മാറിയ കാലം കൂടിയായിരുന്നു അത്. മലബാറിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കുന്നതിലും അദ്ദേഹം മുന്നിൽനിന്നു.

1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 ഇടതുമുന്നണിക്ക് അധികാരം കിട്ടിയപ്പോൾ, മുഖ്യമന്ത്രിയാവുമെന്ന് ഏവരും കരുതിയത് വി എസ് അച്യുതാനന്ദൻ ആയിരുന്നു. എന്നാൽ വി എസ് മാരാരിക്കളുത്ത് തോറ്റു. ഇതോടെ രണ്ടുപേരുകൾ ആണ് പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നത്. ഒരു സുശീലാ ഗോപാലും, രണ്ട് ടി ശിവദാസ മോനോനും. എന്നാൽ ഇവരെ രണ്ടുപേരെയും പരിഗണിക്കാതെ അന്ന് മൽസരിച്ചിട്ടുപോലും ഇല്ലാത്ത ഇ കെ നായനാരെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ആയിരുന്നു സിപിഎം തീരുമാനം. അത് ഗ്രൂപ്പ് തീരുമാനങ്ങൾക്ക് അനുസൃതമായിരുന്നു. പക്ഷേ അന്ന് മെറിറ്റ് നോക്കുകയാണെങ്കിൽ മേനോൻ ആയിരുന്നു ആവേണ്ടിയിരുന്നത്.

പക്ഷേ നായനാർ ക്യാബിനറ്റിൽ 2001വരെ ധനകാര്യഎക്സൈസ് മന്ത്രിയായി ടി ശിവദാസമോനോനും ഉണ്ടായിരുന്നു. നായനാർക്കുശേഷം ശിവദാസ മേനോൻ മുഖ്യമന്ത്രിയാവും എന്നായിരുന്നു അക്കാലത്ത് പറഞ്ഞ് കേട്ടിരുന്നത്. പക്ഷേ അക്കാലം അദ്ദേഹത്തിന്റെ ഇമേജ് തകർത്ത കാലം കൂടിയാണ്. സത്യത്തിൽ ശിവദാസമേനോൻ എക്സൈസ് മന്ത്രിയായിരിക്കെ മദ്യ മാഫിയയയെ നിയന്ത്രിച്ചത്. കള്ളുഷാപ്പ് ലേലം നിർത്തലാക്കി ലേലം നടത്തിപ്പ് സഹകരണ സംഘം വഴിയാക്കാൻ നടപടി സ്വീകരിച്ചു. എല്ലാ റെയ്ഞ്ചിലും ചെത്തുതൊഴിലാളി സഹകരണ സംഘങ്ങൾക്ക് പ്രാതിനിധ്യവും ഉറപ്പാക്കി. പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് നഷ്ടമായി.

കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ നിരവധി പേർ മരിച്ചത് വലിയ വിവാദമായി. മണിച്ചനുമായി ശിവാദാസ മേനോന്റെ പാലക്കാട്ടെ ബന്ധുക്കൾ ബന്ധമുണ്ടെന്ന് വരെ വാർത്തകൾ വന്നു. പക്ഷേ ഇതെല്ലാം വ്യാജമായിരുന്നു. പലതും അപ്പോൾ തീഷ്ണമായിക്കൊണ്ടിരിക്കുന്ന സിപിഎം ഗ്രൂപ്പിസത്തിന്റെ ഭാഗമായി വന്നതും അയിരുന്നു. അതുപോലെ തന്നെ ട്രഷറി നിരോധനം ഉണ്ടായതും ജനകീയാസുത്രണത്തിന്റെ ഭാഗമായി സാധാരണക്കാർക്ക് കിട്ടിയ ബില്ലുപോലും പാസാക്കാൻ കഴിയാതെ ട്രഷറി അടച്ചിട്ടത് അദ്ദേഹത്തിന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെട്ടു. അതോടെയാണ് ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ ശിവദാസമേനോൻ പിൻതള്ളപ്പെടുന്നത്. തോമസ് ഐസക്ക് യുഗവും അതോടെ ആരമ്പിച്ചു. ഐസ്‌ക്ക് ആകെട്ട ട്രഷറിയിൽ ആവശ്യത്തിന് പണം ഇല്ലെന്ന് തോന്നിയാൽ ബില്ലുകൊടുക്കാതിരിക്കുക എന്ന നയം സ്വീകരിച്ചു. ഇങ്ങനെ ചെപ്പടി വിദ്യകൾ നോക്കിയിരുന്നെങ്കിൽ മേനോന്റെ ഇമേജ് തകരില്ലായിരുന്നു. മേനോനെപ്പോലെ അറിവുള്ള ഒരാൾ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിന്റെ വികസന ചിത്രം മാറുമായിരുന്നു.

എന്നും പിണറായിക്ക് ഒപ്പം

വെറും ആം ചെയർ നേതാവ് മാത്രം ആയിരുന്നില്ല അദ്ദേഹം. സമരരംഗത്തും തീപ്പൊരിയായിരുന്നു സഖാവ്. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട് എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു. തല തല്ലിപ്പൊളിച്ചു. കാൽമുട്ടുകൾക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കൾ മർദനത്തിൽ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ല. കടലവിൽപ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാർട്ടി പ്രവർത്തകർ അന്ന് ആശുപത്രിയിലെത്തിച്ചത്.

24 ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. ശിവദാസ മേനോന് മർദനമേറ്റത് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ തയാറായില്ല. ഒരാൾക്കു മാത്രമല്ല മർദനമേറ്റതെന്നും നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റെന്നും പറഞ്ഞ്, സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നു ശഠിച്ചതും അന്നത്തെ യുഡിഎഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കി.

പാലക്കാട്ടെ സിറാജുന്നീസ വെടിവയ്പും ശിവദാസ മേനോന്റെ നിലപാടും നിയമസഭയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കി. പള്ളിയിൽ പൊലീസ് ബൂട്ടിട്ടു കയറിയതും വെടിവയ്പും നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. സിറാജുന്നിസയുടെ മൃതദേഹം മോർച്ചറിയിൽ പോയി കണ്ടു. പൊലീസിന്റെ വീഴ്ച മൂലമാണ് ബാലികയ്ക്കു ജീവൻ നഷ്ടപ്പെട്ടത്. എഫ്ഐആറിന്റെ കോപ്പിൽ സഭയിൽ പരസ്യമായി വലിച്ചു കീറി. 11 വയസ്സായ സിറാജുന്നീസയെ ശവംതീനികൾ ബലിയാടാക്കി എന്നു പ്രസംഗിച്ചായിരുന്നു സഭയ്ക്കകത്തെ മേനോന്റെ പ്രകടനം.

സിപിഎം ഗ്രൂപ്പിസത്തിൽ എന്നും വിഎസിന്റെ എതിരാളിയായിരുന്നു മേനോൻ. ആദ്യം നായനാർക്കും പിന്നീട് തന്റെ തന്നെ ശിഷ്യൻ പിണറായി വിജയനും ഒപ്പമാണ് അദ്ദേഹം നിന്നത്. സിപിഎം വിഭാഗീയത കത്തി നിൽക്കുന്ന സമയത്ത് അദ്ദേഹം, അസുഖക്കിടക്കയിൽനിന്നും ഇന്ത്യവിഷൻ അടക്കമുള്ള ചാനലുകളിൽ വന്ന് പിണറായിക്ക് വേണ്ടി സംസാരിച്ചത് വിവാദമായിരുന്നു. പക്ഷേ പിണറായിക്ക് വേണ്ടിയല്ല, പാർട്ടി സെക്രട്ടറിക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്ന് മേനോൻ തിരിച്ചടിച്ചു. പിണറായിക്ക് ഗുരു തുല്യമായ ബഹുമാനമായിരുന്നു അദ്ദേഹത്തോട്.

പക്ഷേ 96ലെ കാബിനറ്റിൽ അംഗമായതിനുശേഷം പിന്നീട് ഒരു രാഷ്ട്രീയ ഊഴം കിട്ടുന്നതിന് മുമ്പ് അദ്ദേഹം അസുഖക്കിടക്കയിൽ ആയി. ഫോട്ടോഗ്രാഫിക്ക് മെമ്മറി ഉണ്ടായിരുന്നു ആ മനുഷ്യൻ അവസാനം അൽഷിമേഴ്സിന്റെ പ്രശ്നങ്ങളുമായി വാക്കുകൾക്ക് പരതുന്നത്, അദ്ദേത്തെ സ്നേഹിക്കുന്നവർക്ക് കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP