Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്ത മാധ്യമപ്രവർത്തകൻ; എ ബി വാജ്‌പേയിയുടെയും വി കെ കൃഷ്ണമേനോന്റെയും അടക്കമുള്ള പ്രമുഖരുടെ അഭിമുഖമെടുത്ത വ്യക്തി; കേരള കൗമുദിയെ ദിനപത്രമാക്കി വളർത്തി വലുതാക്കിയെങ്കിലും മൂപ്പിളമ തർക്കത്തിൽ തഴയപ്പെട്ടു പുറത്തായത് മാനസികമായി തളർത്തി; കലാകൗമുദി തുടങ്ങി വളർച്ചയിലേക്ക് നയിച്ചു; പത്രാധിപർ ആയിരുന്നിട്ടും സ്വന്തം ചിത്രം അച്ചടിക്കാത്ത ലോകത്തിലെ ഒരേയൊരു പത്രമുടമ; എം എസ് മണി ഓർമ്മയാകുമ്പോൾ

ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്ത മാധ്യമപ്രവർത്തകൻ; എ ബി വാജ്‌പേയിയുടെയും വി കെ കൃഷ്ണമേനോന്റെയും അടക്കമുള്ള പ്രമുഖരുടെ അഭിമുഖമെടുത്ത വ്യക്തി; കേരള കൗമുദിയെ ദിനപത്രമാക്കി വളർത്തി വലുതാക്കിയെങ്കിലും മൂപ്പിളമ തർക്കത്തിൽ തഴയപ്പെട്ടു പുറത്തായത് മാനസികമായി തളർത്തി; കലാകൗമുദി തുടങ്ങി വളർച്ചയിലേക്ക് നയിച്ചു; പത്രാധിപർ ആയിരുന്നിട്ടും സ്വന്തം ചിത്രം അച്ചടിക്കാത്ത ലോകത്തിലെ ഒരേയൊരു പത്രമുടമ; എം എസ് മണി ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ''പത്രമുടമയായ പത്രാധിപരായിരുന്നു എം എസ് മണി. എന്നിട്ടും എന്റെ തല എന്റെ ഫുൾഫിഗറുകളുടെ കാലഘട്ടത്തിൽ അയാൾ ഒറ്റയാനായി നടന്നു. ഒരുപക്ഷേ സ്വന്തം ചിത്രം അച്ചടിക്കാത്ത ലോകത്തിലെ ഒരേയൊരു പത്രമുടമ. ഏതോ അവാർഡ് ലഭിച്ചപ്പോൾ മലയാള മനോരമയിലാണ് ചെറിയൊരു ചിത്രം ആദ്യമായി കണ്ടത്. അത് മനോരമയുടെ നിർബന്ധത്തിൽ മാത്രമായിരിക്കും...'' - കലാകൗമുദി ചീഫ് എഡിറ്ററും കേരളാ കൗമുദി മുൻ ചീഫ് എഡിറ്ററും ആയിരുന്ന എം എസ് മണിയെ അനുസ്മരിച്ച് മാധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. മാധ്യമപ്രവർത്തനം അറിയുന്ന പത്ര ഉടമ ആയിരുന്നു എം എസ് മണിയെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. അദ്ദേഹം ഒരിക്കലും താൻപോരിമ കളിക്കാൻ തയ്യാറായിരുന്നില്ല. മറിച്ച് യുവപത്രപ്രവർത്തകരെ വളർത്തിയെടുക്കാൻ ആവതു സഹായങ്ങളെല്ലാം ചെയ്തു കൊടുത്തു എം എസ് മണി.

കേരളാ കൗമുദി എന്ന പത്രത്തെ അതിന്റെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാനിയാണ് എം എസ് മണി. എന്നാൽ, പിൽക്കാലത്ത് താൻ വളർത്തി വലുതാക്കിയ സ്ഥാപനത്തിൽ നിന്നും കണ്ണീരോടെ പടിയിറങ്ങേണ്ടി വന്നു എം എസ് മണിക്ക്. കൗമുദിയിലെ മൂപ്പിളമ തർക്കത്തിന്റെ പേരിൽ കോടതി വിധിയാൽ തഴയപ്പെട്ടു പുറത്തായെങ്കിലും പിൻവലിയാൻ എം എസ് മണിയിലെ പോരാളി ഒരുക്കമായിരുന്നില്ല. കേരളാ കൗമുദിയുടെ ചീഫ് എഡിറ്റർ സ്ഥാനത്തു നിന്നും പടിയിറങ്ങിയ അദ്ദേഹം കലാകൗമുദി എന്ന സ്ഥാപനം തുടങ്ങി മാധ്യമ രംഗത്തെ ശക്തമായ സാന്നിധ്യമായി നിലയുറപ്പിക്കുകയായിരുന്നു.

'കേരളകൗമുദി'ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മകനായി 1941 നവംബർ നാലിനാണ് കൊല്ലം ജില്ലയിൽ എം. എസ്. മണി ജനിച്ചു. ഒരു ആനുകാലിക പ്രസിദ്ധീകരണമായി 'കേരളകൗമുദി' ആരംഭിച്ച മുത്തച്ഛൻ സി.വി. കുഞ്ഞുരാമന്റെ സ്നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തിൽ വീട്ടിലായിരുന്നു ബാല്യം ചെലവഴിച്ചത്. സിവിയുടെ ഇളയ സഹോദരി ഗൗരിക്കുട്ടിയും അദ്ദേഹത്തിന്റെ അനന്തരവൾ സി. എൻ. സുഭദ്രയുമായിരുന്നു അന്ന് പട്ടത്തിൽ വീട്ടിൽ താമസിച്ചിരുന്നത്. നാലര വയസായപ്പോൾ മണിയെ മാതാപിതാക്കൾ തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവന്നു. പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്‌സ് കോളേജ്) നിന്ന് പ്രീ - യൂണിവേഴ്‌സിറ്റി പാസായ ശേഷം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി.

വിദ്യാഭാസകാലത്തുതന്നെ കേരളകൗമുദിയുടെ ലേഖകനായി പ്രവർത്തിച്ച എം.എസ്. മണി ബിരുദ പഠനശേഷം ഡൽഹി ലേഖകനായി ചുമതലയേറ്റു. മാധ്യമപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായി അദ്ദേഹം തുടങ്ങിയത് അങ്ങനെയാണ്. നാലുവർഷം പാർലമെന്റ് ലേഖകനായിരുന്നു. 1962-ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്തു. അക്കാലത്ത് കേന്ദ്രമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ജഗജ്ജീവന്റാം, വി.കെ. കൃഷ്ണമേനോൻ, എ.ബി. വാജ്പേയി, എൽ.കെ. അദ്വാനി, എസ്.കെ. പാട്ടീൽ, കമലാപതി ത്രിപാഠി, ഷംനാദ് എന്നിവരുമായും മന്നത്തു പത്മനാഭൻ, ആർ. ശങ്കർ, ഇ.എം.എസ്, എ.കെ. ഗോപാലൻ, രാജ്‌നാരായൺ, സുബ്രഹ്മണ്യസ്വാമി, സി.കെ. ഗോവിന്ദൻ നായർ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

അക്കാലത്ത് ഡൽഹിയിലെ പുലികളായി മാധ്യമപ്രവർത്തകരുമായി എം എസ് മണിക്ക് ഉറ്റബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഡൽഹിയിൽ വെച്ചുള്ള അദ്ദേഹത്തിന്റെ സൗഹൃദ വലയത്തൽ കാർട്ടൂണിസ്റ്റ് ശങ്കർ, ഒ.വി. വിജയൻ, എടത്തട്ട നാരായണൻ, കിഷൻ ഭാട്ടിയ, എച്ച്.കെ. ദുവ, എസ്. വിശ്വനാഥൻ, എസ്. വിശ്വം, ജോഗറാവു, എം. ശിവറാം, വി.കെ.എൻ, എംപി. നാരായണപിള്ള, വി.പി. രാമചന്ദ്രൻ, വി.കെ. മാധവൻകുട്ടി, ആർ.പി. നായർ, കെ. എൻ. മേനോൻ, വി.എൻ. നായർ (നരേന്ദ്രൻ) തുടങ്ങിയ മുതിർന്ന പത്രപ്രവർത്തകരും ഉണ്ടായിരുന്നു. ഇവരുടെ ഉപദേശങ്ങൾ മണിയിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് സഹായകമായി.

കേരളത്തിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ നീക്കങ്ങൾ റിപ്പോർട്ടു ചെയ്തു കൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് നടത്തിയ ശ്രമങ്ങൾ പുറത്തുകൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി. കേരളാകൗമുദിയുടെ എഡിറ്ററായി 1969-ൽ ചുമതലയേറ്റ എം.എസ്. മണി മലയാള മാധ്യമപ്രവർത്തന രംഗത്തു തന്ന വിപ്ലവകരമായ തീരുമാനങ്ങൾ കൈക്കൊണ്ടു.

'മൺഡേ മാഗസിൻ' തുടങ്ങിയ പുതിയ മാഗസിൻ സംസ്‌കാരം മലയാള പത്രങ്ങളിൽ കൊണ്ടുവന്നത്. ഞായറാഴ്ചപ്പതിപ്പുകൾ അക്കാലത്ത് മലയാള പത്രങ്ങൾക്കില്ലായിരുന്നു. അതിന്റെ തുടക്കമായി മാറിയ 'കേരളകൗമുദി മൺഡേ മാഗസിൻ' അക്കാലത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു. ഞായറാഴ്ച അവധിയായിരുന്ന സ്ഥിതി മാറ്റി കേരളകൗമുദി ഏഴുദിന പത്രമാക്കി മാറ്റിയതിനു പിന്നിലും ഇദ്ദേഹമായിരുന്നു. ഇത് കേരളാ കൗമുദിയുടെ പോപ്പുലാരിറ്റി വർദ്ധിപ്പിച്ചു. ഇങ്ങനെ കേരളാ കൗമുദിയെ വിപണിയിൽ മൂല്യമുള്ള പത്രമാക്കി മാറ്റിയ ഘട്ടത്തിലാണ് അദ്ദേഹത്തിനെതിരെ കരുനീക്കങ്ങൾ നടക്കുന്നത്.

സഹോദരന്മാർ തമ്മിലുള്ള അവകാശതർക്കത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ എം എസ് മണിക്ക് കേരളാ കൗമദിയുടെ പടിയിറങ്ങി പോകേണ്ട അവസ്ഥയുണ്ടായി. ഇതിന് ശേഷമാണ് അദ്ദേഹം 'കലാകൗമുദി' വാരിക ആരംഭിച്ചുത്. മലയാളിയുടെ ചിന്താധാരയെ സ്വാധീനിച്ച ആ പ്രസിദ്ധീകരണം വലിയൊരു പ്രസിദ്ധീകരണ ശൃംഖലയായി വളർന്നു. ആറ് പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ 'കലാകൗമുദി' കുടുംബത്തിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. മുംബയിൽ നിന്ന് 1990ൽ മലയാളത്തിൽ ആരംഭിച്ച 'കലാകൗമുദി' ദിനപത്രം കേരളത്തിന് പുറത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമെന്ന ഖ്യാതിയും സ്വന്തമാക്കി.

അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വർണിക്കുന്ന 'സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു' (1970) എന്ന യാത്രാവിവരണമാണ് മണിയുടെ ആദ്യ കൃതി. കേരള സർക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികൾ വനം കൊള്ളയടിച്ചത് തുറന്നുകാട്ടിയ 'കാട്ടുകള്ളന്മാർ' (1974) ആണ് രണ്ടാമത്തെ പുസ്തകം. കാട്ടുകള്ളന്മാർക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന്റെ രേഖകൾ ഉദ്ധരിച്ച ഈ റിപ്പോർട്ട് മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവർത്തനശാഖയുടെ തുടക്കമായി വിലയിരുത്തപ്പെടുന്നു. ഭരണകക്ഷിയായ കോൺഗ്രസിൽ ഈ റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുണ്ടായതിനെ തുടർന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കേരളകൗമുദിക്കെതിരെ സർക്കാർ കൊടുത്ത കേസ് പിൻവലിപ്പിച്ചത്.

ശിവഗിരി ചവിട്ടിപ്പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത ദുഷ്ടശക്തികളെ നിലംപരിശാക്കുന്നതിനും ശിവഗിരിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിനും നടത്തിയ ആ ശ്രമങ്ങളുടെ പൂർണവിവരങ്ങൾ ഉൾക്കൊള്ളുന്ന ശിവഗിരിക്കുമുകളിൽ തീമേഘകൾ (1995) എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും ഒരു അന്താരാഷ്ട്ര പരസ്യക്കമ്പനി ഉദ്യോഗസ്ഥനായി പാരീസിൽ പ്രവർത്തിക്കുന്ന സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രനാണ് മരുമകൻ. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. 'കേരളകൗമുദി' ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്.

കെ. ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ മണി മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ മോസ്‌കോ, താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്‌ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ - പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരുടെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവ്വേ, ഡെന്മാർക്ക്, തായ്വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP