Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോടിയേരിയുടെ മൃതദേഹം നാളെ അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും; എല്ലാം ഏകോപിപ്പിക്കാൻ എം വി ഗോവിന്ദൻ ചെന്നൈയിൽ; നാളെ പൊതുദർശനം; തിങ്കളാഴ്‌ച്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ സംസ്‌ക്കാരം; എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തിക്കെട്ടി; പ്രിയനേതാവിന് വിട നൽകാൻ ഒരുക്കങ്ങളുമായി സിപിഎം

കോടിയേരിയുടെ മൃതദേഹം നാളെ അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും; എല്ലാം ഏകോപിപ്പിക്കാൻ എം വി ഗോവിന്ദൻ ചെന്നൈയിൽ; നാളെ പൊതുദർശനം; തിങ്കളാഴ്‌ച്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ സംസ്‌ക്കാരം; എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തിക്കെട്ടി; പ്രിയനേതാവിന് വിട നൽകാൻ ഒരുക്കങ്ങളുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുവരും. അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ തലശ്ശേരിയിൽ എത്തിക്കും. നാളെയാകും മൃതദേഹം എത്തിക്കുക. എല്ലാം ഏകോപിപ്പിക്കാൻ വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഎം നേതാക്കളും ചെന്നൈയിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് എത്തും. നാളെ കണ്ണൂരിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്‌ച്ച മൂന്ന് മണിക്ക് സംസ്‌ക്കാരം നടത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂരിലെ പ്രിയ നേതാവിന് വിട നൽകാൻ വേണ്ടിയുള്ള ഒരുക്കങ്ങളും പാർട്ടി പൂർത്തിയാക്കിയിട്ടുണ്ട്. എ കെ ജി സെന്ററിൽ സിപിഎം പതാക താഴ്‌ത്തി കെട്ടിയിട്ടുണ്ട്. അർബുദരോഗ ബാധിതനായ കോടിയേരിയെ ഓഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 15 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പുറപ്പെട്ടതെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു.

ഒരു പതിറ്റാണ്ടുകാലം സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വിഭാഗീയത അവസാനിപ്പിച്ച് പാർട്ടിയെ ഏകശിലാരൂപമാക്കി തീർക്കുന്നതിന് പിണറായി വിജയനൊപ്പം കൈകോർത്തു പ്രവർത്തിച്ച സൗമ്യനും കർക്കശക്കാരനുമായ പാർട്ടി സെക്രട്ടറി. തുടർഭരണമെന്ന ചരിത്രനേട്ടം കൈവരിക്കുന്നതിന് കാരണമായ പാർട്ടിസർക്കാർ ഏകോപനത്തിന്റെ നെടുംതൂണുമായിരുന്നു കോടിയേരി. മുഖ്യമന്ത്രി പദവിയിലെത്താനായില്ല എന്നതുമാത്രമാണ് നേതാവെന്ന നിലയിൽ അദ്ദേഹത്തെ അപൂർണനാക്കിയത്.

ആരായിരുന്നു കോടിയേരി എന്ന ചോദ്യം ലളിതമാണ്. എന്തായിരുന്നു കോടിയേരി എന്നു ചോദിച്ചാൽ കുഴയും. സൗമ്യനാണ്, അതേസമയം കർക്കശക്കാരനും. പ്രത്യയശാസ്ത്രഭാരമില്ല, പക്ഷേ പ്രത്യയശാസ്ത്ര വ്യക്തതയുണ്ട്. പിണറായി പക്ഷമായിരുന്നു, എന്നാൽ വി എസ് വിരുദ്ധതയുടെ തലപ്പത്തില്ല. പാർട്ടിയായിരുന്നു എല്ലാം, തുല്യപ്രാധാന്യം കുടുംബത്തിനും. സിപിഎമ്മിന്റെ എക്കാലത്തെയും വലിയനേതാക്കളുടെ നിരയിലേക്ക് ഉയർന്നില്ലെങ്കിലും കാലംആവശ്യപ്പെട്ട ഉന്നതനേതാവായി. രാഷ്ട്രീയവ്യത്യാസമില്ലാതെ പൊതു സ്വീകാര്യനായിരുന്നു. അനുനയത്തിന്റെയും മിതഭാഷണത്തിന്റെയും മധ്യപാതയായിരുന്നു പാർട്ടിയിലെ കോടിയേരിവഴി. പാർട്ടിക്കും സർക്കാരിനും കാലിടറിയപ്പോൾ പ്രായോഗിക രാഷ്ട്രീയത്തിന്റെ അസാധാരണ മെയ് വഴക്കം കോടിയേരി പരിചയാക്കി. ഒന്നാം പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തുകേസ് ഉദാഹരണം. തന്റെ ഓഫിസിലിരുന്ന് ശിവശങ്കർ നടത്തിയ പ്രവർത്തികൾ മുഖ്യമന്ത്രി അറിയാത്തത് വീഴ്ചയല്ലേ എന്ന് ചോദ്യം.

കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് കോടിയേരിയുടെ വരവ്. മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിനും നാരായണിയമ്മയ്ക്കും നാല് പെൺമക്കൾ പിറന്നശേഷം 1953 നവംബർ 16ന് ജനിച്ച ആൺകുട്ടിയായിരുന്നു ബാലകൃഷ്ണൻ. അമ്മയായിരുന്നു എല്ലാം. അച്ഛൻ മരിച്ച ശേഷം കൃഷിപ്പണികൾ ചെയ്തും അയൽവീടുകളിൽ പാലുവിറ്റും ബാലകൃഷ്ണൻ അമ്മയ്ക്ക് താങ്ങായി. നാട്ടിലെ സാഹചര്യങ്ങളും സ്‌കൂൾജീവിതവുമാണ് ബാലകൃഷ്ണനെ കമ്യൂണിസ്റ്റാക്കിയത്. 1970ൽ സജീവ സിപിഎം പ്രവർത്തകനായി. അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നുകാരൻ കോടിയേരി അറസ്റ്റിലായി. പിന്നെ ഒന്നര വർഷക്കാലം ജയിലിൽ. അന്ന് സഹതടവുകാരനായിരുന്നു അയൽ നാടായ പിണറായിയിൽ നിന്നുള്ള വിജയൻ. കൊടിയമർദനമേറ്റ പിണറായി വിജയനെ ജയിലിൽ ശുശ്രൂഷിക്കാൻ പാർട്ടി നിയോഗിച്ചത് കോടിയേരിയെ. അന്നു ജയിൽ ഒരുമിച്ചവർ പിന്നെ ഒരേസമയത്ത് മുഖ്യമന്ത്രിയായും പാർട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നയിച്ചത് ചരിത്രം. വിഭാഗീയതയുടെ കാലത്ത് ഇരുവരും ചേർന്ന് പാർട്ടി പിടിച്ചെങ്കിലും കോടിയേരിക്കത് പിണറായി പക്ഷത്തെക്കാൾ ഔദ്യോഗിക പക്ഷമായിരുന്നു.

പാർട്ടി സംഘടനയും നിലപാടുമായിരുന്നു എക്കാലത്തും കോടിയേരിയെ നയിച്ചത്. 1982ൽ തലശേരിയിൽ നിന്ന് നിയമസഭയിലെത്തി. തോൽവിയറിയാതെ തലശേരിയിൽ നിന്നുതന്നെ അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തരടൂറിസം മന്ത്രിയായി 2006ലെ വി എസ്.മന്ത്രിസഭയിലെ രണ്ടാമനായിമാറി കോടിയേരി. വി.എസിൽ വിശ്വാസമില്ലാത്ത പാർട്ടിയുടെ വിശ്വസ്തനായിരുന്നു. എകെജി സെന്ററിന്റെയും സർക്കാരിന്റെയും ഭിന്നതാൽപര്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾ നയചാതുര്യത്തോടെ പരിഹരിച്ചു. 2008ൽ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടു. അതിനും മുമ്പ് 1990ൽ കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെയാണ് പാർട്ടിയിലെ വളർച്ച തുടങ്ങുന്നത്.

1988ൽ സംസ്ഥാന സമിതിയംഗവും 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 2005ൽ കേന്ദ്രകമ്മിറ്റിയംഗവുമായി. വി എസ് പക്ഷത്തിന്റെ തലവെട്ടിയ 2015ലെ ആലപ്പുഴ സമ്മേളനത്തിൽ പിണറായിയുടെ പിൻഗാമിയായി കോടിയേരി പാർട്ടി സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്ന കാലത്തും സംഘടനയിൽ സജീവമായിരുന്നു കോടിയേരി. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെ മുൻനിർത്തി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് അണിയറയിൽ ഇരുന്നു ചരടുവലിച്ചത് കോടിയേരി തന്നെ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP