Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

മുതിർന്ന എൽ.ജെ.പി നേതാവും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു; മരണം ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; പാസ്വാന്റെ വിയോഗവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത് മകൻ ചിരാഗ് പാസ്വാൻ; വിടപറഞ്ഞത് 89 മുതൽ എട്ട് കേന്ദ്രമന്ത്രിസഭകളിൽ അംഗമായിരുന്ന വ്യക്തിത്വം; ഇന്ത്യയിലെ തലമുതിർന്ന ദളിത് നേതാവിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: മുതിർന്ന എൽ.ജെ.പി നേതാവും കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ രാം വിലാസ് പാസ്വാൻ (74)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്‌

ശനിയാഴ്ച രാത്രി ഹൃദയശസ്ത്രക്രിയ  നടത്തിയതായി മകൻ ചിരാഗ് പാസ്വാൻ അറിയിച്ചിരുന്നു.  . ലോക് ജനശക്തി പാർട്ടിഅദ്ധ്യക്ഷനായ ചിരാഗ് പാസ്വാൻ ആണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടുമുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവായ പസ്വാൻ രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിൽ ഒരാളാണ്.

രാഷ്ട്രീയത്തിൽ റാംവിലാസ് പാസ്വാന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകളുണ്ട്. ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രി. 1969ൽ ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂർവം ചില നേതാക്കളിലൊരാളായിരുന്നു പസ്വാൻ.

വി.പിസിങ് മന്ത്രിസഭയിൽ തൊഴിൽക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിർണായക ഇടപെടലുകളാണു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കാൻ വഴിയൊരുക്കിയതെന്ന് അദ്ദേഹത്തിന്റെ ആരാധകർ ഇപ്പോഴും ഓർക്കുന്നു. വാജ്‌പേയി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ വാർത്താവിനിമയ പരിഷ്‌കരണ നടപടികൾക്കു ചുക്കാൻ പിടിച്ചതും പസ്വാനായിരുന്നു. റെയിൽവേ മന്ത്രിയായിരിക്കെ, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും വലിയ ശ്രമങ്ങൾ നടത്തി.

കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ ബിജെപി, കോൺഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളിൽ സഖ്യങ്ങളുണ്ടാക്കി പസ്വാന്റെ കക്ഷി അതിജീവിച്ചു. എന്നാൽ, കഴിഞ്ഞ രണ്ടു ദശകത്തിലെ രാഷ്ട്രീയത്തിൽ ബിഹാറിൽ മേധാവിത്ത ശക്തിയാകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പസ്വാന്റെ സാമുദായിക അടിത്തറയുടെ പരിമിതിയാണ് ഒരു പ്രധാന കാരണം. മറ്റൊന്ന് വിശാല സാമൂഹികാടിത്തറയുള്ള ഏതെങ്കിലും കക്ഷിയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ വിമുഖതയും.

89 മുതൽ ഇന്നുവരെ അധികാരത്തിൽ വന്ന എട്ട് കേന്ദ്രമന്ത്രിസഭകളിൽ ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ രാം വിലാസ് പാസ്വാൻ അംഗമായിരുന്നു. വിശ്വാനാഥ് പ്രതാപ് സിങ് (1989-90), എച്ച് ഡി ഗേവഗൗഡ & ഐകെ ഗുജ്‌റാൾ (1996-98), അടൽ ബിഹാരി വാജ്പയി (1999-2004), മന്മോഹൻ സിങ് (2004-2009) നരേന്ദ്ര മോദി സർക്കാർ തുടങ്ങി എല്ലാ കേന്ദ്ര മന്ത്രിസഭകളിലും പാസ്വാൻ അംഗമായിരുന്നു.

കഴിഞ്ഞ 32 വർഷത്തിനിടയ്ക്ക് ഒരുവട്ടം മാത്രമാണ് പാസ്വാന് കേന്ദ്രമന്ത്രിയാകാൻ കഴിയാതെ പോയത്. 2009 - 2014 കാലഘട്ടത്തിലെ രണ്ടാം യു പി എ സർക്കാരിൽ പാസ്വാന് മന്ത്രിയാകാൻ കഴിയില്ല. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ ആയപ്പോഴേക്കും പാസ്വാൻ രാഷ്ട്രീയ ജനതാ ദളിന്റെ ലാലു പ്രസാദ് യാദവുമായി സഖ്യത്തിന് ശ്രമിച്ചു. അദ്ദേഹത്തിന് ഹാജിപുർ നഷ്ടമായെന്ന് മാത്രമല്ല രാജ്യസഭയിൽ എത്തിയെങ്കിലും പരിഗണിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇത് വലിയ ആയാസമില്ലാതെ എൻ ഡി എ സഖ്യത്തിലേക്ക് എത്താൻ കഴിഞ്ഞു.

വാജ്‌പേയി സർക്കാരിൽ അംഗമായിരുന്ന രാം വിലാസ് പാസ്വാൻ 2002ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് വാജ്‌പേയി സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു. ഈ രാജി പാസ്വാനെ കോൺഗ്രസിന്റെ സുഹൃത്താക്കി. 2004ലെ തെരഞ്ഞെടുപ്പിൽ യു പി എയ്ക്ക് ഒപ്പം നിൽക്കുകയും തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രായാകുകയും ചെയ്തു. ഇത്രയും കാലത്തിനിടയ്ക്ക് റെയിൽവേ, കമ്യൂണിക്കേഷൻസ് ആൻഡ് ഐ ടി, ഖനനം, കെമിക്കൽസ്, രാസവള, ഉപഭോക്തൃ കാര്യ വകുപ്പുകളിൽ അദ്ദേഹം മന്ത്രിയായി.

1977ൽ പതിനൊന്നാം ലോക്‌സഭയിലാണ് രാം വിലാസ് പാസ്വാൻ ഹാജിപുരിൽ നിന്ന് ആദ്യമായി എത്തിയത്. ഒമ്പത് തവണയാണ് ഈ സീറ്റിൽ നിന്ന് രാം വിലാസ് പാസ്വാൻ വിജയിച്ചത്. 1977ലെ തെരഞ്ഞെടുപ്പ് വിജയം രാം വിലാസ് പാസ്വാന് ഗിന്നസ് ബുക്കിൽ സ്ഥാനം നേടി കൊടുത്തു. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആയിരുന്നു കാരണം. 2014ലും 200,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാം വിലാസ് പാസ്വാന്റെ വിജയം. രണ്ടുതവണ മാത്രമാണ് ഹാജിപുർ മണ്ഡലത്തിൽ രാം വിലാസ് പാസ്വാൻ പരാജയപ്പെട്ടത്. 1984ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആയിരുന്നു ഒരു തോൽവി. രണ്ടാമത്തേത് 2009ൽ ആയിരുന്നു. ലാലു പ്രസാദ് യാദവുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ ആയിരുന്നു അത്.

എന്നാൽ, ഇത്തവണ രാംവിലാസ് പാസ്വാൻ മത്സരിച്ചില്ല. സഹോദരൻ പശുപതി പരസിനെ മത്സരിപ്പിച്ച അദ്ദേഹം സഹോദരന് ഉജ്ജ്വലവിജയവും സമ്മാനിച്ചു. കഴിഞ്ഞ 32 വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടയിൽ പാസ്വാൻ മത്സരിക്കാത്ത ഒരേയൊരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP