Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്നത്ത് പത്മനാഭൻ കേരളകോൺഗ്രസ്സ് പ്രഖ്യാപിക്കുമ്പോൾ രണ്ടാമത്തെ വലിയ നേതാവ് ബാലകൃഷ്ണപിള്ള; മാണി എത്തിയത് കോൺഗ്രസ്സ് സീറ്റ് കൊടുക്കാതെ വന്നപ്പോൾ; ജോസഫിനെ കൊണ്ടുവന്നത് സീറ്റ് തീകയ്ക്കാൻ; അന്തരിച്ച നേതാവ് എന്നും തലയെടുപ്പുള്ള ഒറ്റയാൻ

മന്നത്ത് പത്മനാഭൻ കേരളകോൺഗ്രസ്സ് പ്രഖ്യാപിക്കുമ്പോൾ രണ്ടാമത്തെ വലിയ നേതാവ് ബാലകൃഷ്ണപിള്ള; മാണി എത്തിയത് കോൺഗ്രസ്സ് സീറ്റ് കൊടുക്കാതെ വന്നപ്പോൾ;  ജോസഫിനെ കൊണ്ടുവന്നത് സീറ്റ് തീകയ്ക്കാൻ; അന്തരിച്ച നേതാവ് എന്നും തലയെടുപ്പുള്ള ഒറ്റയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ ഒറ്റയാൻ ഈ വിശേഷണം ഏറ്റവും ചേരുക കഴിഞ്ഞ ദിവസം അന്തരിച്ച ആർ ബാലകൃഷ്ണപിള്ളക്കു തന്നെയാണ്. വ്യത്യസ്തവും എന്നാൽ മാറ്റമില്ലാത്തതുമായ നിലപാടുകളിലൂടെ അദ്ദേഹം കേരളരാഷ്ട്രീയത്തിൽ തന്റെ ഈ രീതി ഉറപ്പിച്ചുകൊണ്ടേയിരുന്നു.ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിലെത്തിയ ബാലകൃണപിള്ള പിന്നീടാണ് കോൺഗ്രസ്സിന്റെ ഭാഗമാകുന്നത്.

കോൺഗ്രസ്സിന്റെ പതിവ് രീതിയായിരുന്നില്ല ബാലകൃഷ്ണപിള്ളയുടെത്. ശക്തമായ ഭാഷയിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളും അദ്ദേഹത്തെ വേറിട്ടതാക്കി.ചിലപ്പോഴൊക്കെ അദ്ദേഹത്തിന് തിരിച്ചടിയായതും ഇത് തന്നെയാണ്.

'മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ'

തന്റെ ഇത്തരം രീതിയെയും അത് തനിക്ക് തന്നെ ഉണ്ടാക്കിയ തിരിച്ചടികളെയും കുറിച്ച് തന്റെ ആത്മകഥയിൽ കൃത്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്‌ഫോടനാത്മകമായ സ്വന്തം നാവിന്റെ പൊള്ളൽ പലപ്പോഴും അറിഞ്ഞിട്ടുള്ള നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. വിവാദങ്ങളെ വിരൽദൂരത്തു നിർത്തിയായിരുന്നു എന്നും പിള്ളയുടെ രാഷ്ട്രീയ ജീവിതം. പഞ്ചാബ് മോഡൽ പ്രസംഗം മുതൽ ജയിൽവാസം വരെ നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീഴുന്നത്. അതിൽ അരനൂറ്റാണ്ടു പിന്നിട്ട കേരള രാഷ്ട്രീയത്തിന്റെ ചരിത്രവുമുണ്ട്.

8 മാസവും 17 ദിവസവുമാണ് ബാലകൃഷ്ണപിള്ള ജയിലിൽ കഴിഞ്ഞത്. ആത്മകഥയിൽ ചേർക്കാൻ അന്നെഴുതിയ കുറിപ്പുകൾക്ക് അദ്ദേഹം നൽകിയ പേര് 'മദ്വചനങ്ങൾക്ക് മാർദ്ദവമില്ലെങ്കിൽ' എന്നായിരുന്നു. ബാലകൃഷ്ണപിള്ളയും പി.ജെ.ജോസഫും ഉൾപ്പെട്ട കേരള കോൺഗ്രസിന്റെ സമ്പൂർണ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടക്കുമ്പോഴായിരുന്നു പിള്ളയുടെ വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം അരങ്ങേറുന്നത്.1985 മേയിൽ.

''പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങിയാലെ വ്യവസായങ്ങൾ കിട്ടുമെന്നുണ്ടെങ്കിൽ അതിനെപ്പറ്റി ആലോചിക്കാം.ഒരു പ്രത്യേക രാജ്യം ഇവിടെയും ഉണ്ടാകണം'' എന്നായിരുന്നു പിള്ളയുടെ പ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂർത്തയിലേക്ക് പ്രവർത്തനം മാറ്റിയതിനെക്കുറിച്ചായിരുന്നു പിള്ളയുടെ ക്ഷോഭം. പഞ്ചാബിൽ അപ്പോൾ ഭീകരവാദവും ഖാലിസ്ഥാൻ പ്രവർത്തനവും കത്തി നിൽക്കുന്ന സമയമായിരുന്നു. പ്രസംഗം പഞ്ചാബ് മോഡലെന്ന പേരിൽ വ്യാഖ്യാനിക്കപ്പെട്ട് പത്രങ്ങളിൽ വന്നതോടെ വിവാദമായി.

കോൺഗ്രസ് നേതാവ് കെ.എം.ചാണ്ടിയുടെ മകൻ മന്ത്രി ബാലകൃഷ്ണപിള്ള സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പരാമർശത്തെ തുടർന്നായിരുന്നു പിള്ളയുടെ രാജി. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ആശിർവാദത്തോടെ യൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് ജി.കാർത്തികേയൻ നടത്തിയ നീക്കമാണ് തന്റെ രാജിയിലെത്തിയതെന്നാണ് പിള്ള ആത്മകഥയിൽ പറയുന്നത്. ഇക്കാര്യത്തിൽ പിന്നീട് കാർത്തികേയൻ ഖേദമറിയിച്ചുവെന്നും പിള്ളയുടെ പുസ്തകത്തിലുണ്ട്. ഇത്തരമൊരു വിവാദം സ്വന്തം ക്യാംപിൽ നിന്നു വന്നതിലെ മനപ്രയാസവും പിള്ളക്കുണ്ടായിരുന്നു.

മന്ത്രിസഭാംഗമായിരിക്കെ ആദ്യമായി ആ പദവി രാജിവച്ചയാളാണ് ബാലകൃഷ്ണപിള്ള.1971 ൽ മാവേലിക്കരയിൽ നിന്ന് ജയിച്ച് പാർലമെന്റ് അംഗമായ പിള്ള 1975 ൽ സംസ്ഥാനത്ത് മന്ത്രിയുമായി. മന്ത്രിയായി തുടരണമെങ്കിൽ നിയമസഭാംഗമാകണമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭയുടെ കാലാവധി നീട്ടുകയും തിരഞ്ഞെടുപ്പു വൈകുകയും ചെയ്തു. തുടർന്നാണ് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ച് പാർലമെന്റിലേക്ക് മടങ്ങിയത്.1981 ൽ നായനാർ സർക്കാരിനുള്ള പിന്തുണ മാണി പിൻവലിച്ചപ്പോഴും പിള്ളക്ക് രാജിവയ്‌ക്കേണ്ടി വന്നു.

ഏഴുതവണ മന്ത്രിയായിട്ടും ഒരിക്കൽ പോലും തുടർച്ചയായി അഞ്ചു വർഷം ഈ പദവി വഹിക്കാൻ പിള്ളയ്ക്കു കഴിഞ്ഞില്ല. പല കാരണങ്ങളാൽ അഞ്ചു തവണയാണ് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ അഴിമതിക്കേസിൽ ജയിൽശിക്ഷ വാങ്ങിയ ആദ്യത്തെ കേരള മന്ത്രിയായി ബാലകൃഷ്ണപിള്ള.

വെള്ളം പാറയുടെ ഇടുക്കിലൂടെ ഒഴുകിപ്പോയതുകൊണ്ട് വൈദ്യുതി ഉൽപ്പാദനം വൈകിയെന്നാണ് ഇടമലയാർ കേസിൽ ആകെയുള്ള ആരോപണമെന്നാണ് പിള്ളയുടെ വാദം.ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിന്ന് യന്ത്രങ്ങൾ വരാൻ വൈകിയതാണ് പദ്ധതി വൈകാൻ കാരണം. 1985 ൽ പൂർത്തിയായ പദ്ധതി ഇന്നും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന് കോടികൾ നേടിത്തന്നുവെന്നും പിള്ള പറയുന്നു.മുൻ മന്ത്രി ടി.ശിവദാസമേനോനും വി എസ്.അച്യുതാനന്ദനും പകയോടെ തന്നെ വേട്ടയാടിയെന്നാണ് പിള്ളയുടെ ആരോപണം.

കേരളത്തിൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ എംഎൽഎ ആണ് ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ് (ജെ) യുഡിഎഫിൽ ആയിരിക്കുമ്പോൾ 1989 നവംബർ അഞ്ചിനാണു പിള്ളയെ അയോഗ്യനാക്കണമെന്ന പരാതി സ്പീക്കർ വർക്കല രാധാകൃഷ്ണനു ലഭിച്ചത്. ആ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിനു സീറ്റ് നൽകാത്തതിനെ തുടർന്നു പാർട്ടി നേതാവായ പി.ജെ. ജോസഫ് മൂവാറ്റുപുഴയിൽ മത്സരിച്ചു. പിള്ള അവിടെ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനു പോയി.

താൻ ചെയർമാനായ കേരള കോൺഗ്രസ് (പിള്ള) പുനരുജ്ജീവിപ്പിക്കുന്നതായും പത്രപ്രസ്താവന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു ജോസഫ് ഗ്രൂപ്പിന്റെ വിപ്പ് ആയ ഡോ. കെ.സി. ജോസഫ് പിള്ളയ്ക്ക് അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കർക്കു പരാതി നൽകിയത്. പി.ജെ. ജോസഫ്, ഡോ. കെ.സി. ജോസഫ്, ഈപ്പൻ വർഗീസ്, എം വി മാണി എന്നീ എംഎൽഎമാർ പിള്ളയ്‌ക്കെതിരെ സ്പീക്കർക്കു മൊഴിനൽകി. പിള്ളയോടു പലവട്ടം ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. ഒടുവിൽ പിള്ളയുടെ വാദം കേൾക്കാതെ തന്നെ 1990 ജനുവരി 15ന് അദ്ദേഹത്തിനു സ്പീക്കർ അയോഗ്യത കൽപിക്കുകയായിരുന്നു.

കേരള കോൺഗ്രസ്സിന്റെ ആദ്യ ജനറൽ സെക്രട്ടറി

കോട്ടയം തിരുനക്കര മൈതാനിയിൽ 1964 ഒക്ടോബർ ഒൻപതിന്റെ സായാഹ്നത്തിൽ മന്നത്ത് പത്മനാഭൻ കേരളകോൺഗ്രസിന്റെ രൂപീകരണം പ്രഖ്യാപിക്കുമ്പോൾ ചെയർമാൻ കെ.എം. ജോർജിനൊപ്പം പാർട്ടിയുടെ ഏക ജനറൽ സെക്രട്ടറിയായിരുന്നു ആർ.ബാലകൃഷ്ണപിള്ള. എന്തുകൊണ്ടാണ് കേരളകോൺഗ്രസിന് രൂപീകരണകാലഘട്ടത്തിൽ ഇത്രയും സ്വീകാര്യത കിട്ടിയത് എന്ന കാര്യത്തിൽ കൃത്യമായ വിശകലനമുണ്ടായിരുന്നു ആർ.ബാലകൃഷ്ണപിള്ളക്ക്. പി.ടി.ചാക്കോയോട് കോൺഗ്രസ് നേതൃത്വം വൈരനിര്യാതന ബുദ്ധി കാണിച്ചു. കിഴക്കൻ മലകളിലേക്ക് കുടിയേറിയ കർഷകർക്ക് കോൺഗ്രസ് പട്ടയം നൽകിയില്ല. ഇതിൽ ക്രൈസ്തവസമുദായം അതൃപ്തരായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന്റെ പിറവി വലിയ സംഭവമായി മാറിയതെന്ന് പിള്ള തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

പാർട്ടിയുടെ തലതൊട്ടപ്പന്മാരാണെന്ന് പിൽക്കാലത്ത് നടിച്ചവർ ആ വഴിക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബാലകൃഷ്ണപിള്ള അതേക്കുറിച്ച് ആത്മകഥയിൽ എഴുതിയിരിക്കുന്നത്. പി.ടി.ചാക്കോയെയും കെ.എം.ജോർജിനെയും തന്റെ രാഷ്ട്രീയഗുരുക്കന്മാരായിക്കണ്ട പിള്ള കേരളകോൺഗ്രസിലെ ഗ്രൂപ്പുപോരിൽ എന്നും കെ.എം.മാണിക്കെതിരായിരുന്നു.

കേരള കോൺഗ്രസിന്റെ ഒരണ അംഗത്വം പോലുമില്ലാതിരുന്ന കെ.എം.മാണി പാലായിൽ 1965 ൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം കിട്ടാത്തതിന്റെ നിരാശയിലാണ് കേരള കോൺഗ്രസിൽ ചേർന്നതെന്നാണ് ബാലകൃഷ്ണപിള്ളയുടെ പക്ഷം. പാലായിൽ എം.എം.ജേക്കബിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ അന്ന് ഡിസിസി സെക്രട്ടറിയായിരുന്ന മാണിക്ക് കടുത്ത നിരാശയുണ്ടായിരുന്നു.

തുടർന്നാണ് കോൺഗ്രസിലെ പദവിപോലും രാജിവയ്ക്കാതെ പാലായിൽ മൽസരിച്ചതും ജയിച്ചതുമെന്നും പിള്ള എഴുതിയിട്ടുണ്ട്. 1970ൽ പി.ജെ.ജോസഫ് കേരള കോൺഗ്രസിൽ വന്നതും സമാനസാഹചര്യത്തിലാണെന്നാണ് പിള്ളയുടെ വാദം. കെ.എം.ജോർജ് മുൻകൈയെടുത്ത് പി.ജെ.ജോസഫിന്റെ പിതാവുമായി ചർച്ച നടത്തി മകനെ മൽസരിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. കെ.എം.ജോർജിനോട് ചില നേതാക്കൾ നീതിപൂർവകമായി പെരുമാറാത്തതിന്റെ വേദനയിലാണ് അദ്ദേഹം ഹൃദയം പൊട്ടിമരിച്ചതെന്നും പിള്ള കരുതുന്നു.

ഇടതുചേർന്ന് തുടങ്ങിയ രാഷ്ട്രീയം

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടേയും കാർത്യായനിയമ്മയുടേയും മകനായി 1934 ഓഗസ്റ്റ് 25നായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം.കോണ്ഡഗ്രസ്സിൽ വെന്നിക്കൊടി പാറിച്ച പിള്ള തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ഇടതുപക്ഷ വിദ്യാർത്ഥിപ്രസ്ഥാനങ്ങളിലൂടെയാണ്. പിന്നീട് കോൺഗ്രസിൽ.

1960ൽ 25ാം വയസിൽ പത്തനാപുരത്ത് നിന്ന് നിയമസഭയിലേക്ക് ആദ്യ ജയം. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡും ഇദ്ദേഹത്തിനാണ്.1982-87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി ഒരുവർഷം തടവിന് ശിക്ഷിച്ചു.കൂറുമാറ്റ നിരോധന നിയമത്തിന്റ പേരിൽ സംസ്ഥാനത്തു അയോഗ്യനാക്കപ്പട്ട ആദ്യ എംഎൽഎ എന്ന അപഖ്യാതിയും ഇദ്ദേഹത്തിന്റെ പേരിൽ ചേർക്കപ്പെട്ടു.

മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നുവെന്ന അപൂർവ്വതയും ഇദ്ദേഹത്തിന് സ്വന്തമാണ്.1964 മുതൽ '87 വരെ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും '87 മുതൽ '95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു ഇദ്ദേഹം. ഇങ്ങനെ നേട്ടങ്ങൾ കൊണ്ടും കോട്ടങ്ങൾ കൊണ്ടും കേരളരാഷ്ട്രീയത്തിലെ ഒറ്റയാൻ തന്നെയായിരുന്നു ആർ ബാലകൃഷ്ണപിള്ള.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP