Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; വിശ്വസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ച സഭ മേധാവിയെന്ന് വി ഡി സതീശൻ;ക്രൈസ്തവസഭയുടെ ധൈഷണിക തേജസെന്ന് ഉമ്മൻ ചാണ്ടിയും; മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയെന്ന് മുഖ്യമന്ത്രി; വിശ്വസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ച സഭ മേധാവിയെന്ന് വി ഡി സതീശൻ;ക്രൈസ്തവസഭയുടെ ധൈഷണിക തേജസെന്ന് ഉമ്മൻ ചാണ്ടിയും; മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ മേഖലകളിലെ പ്രമുഖർ.ജോസഫ് പൗവ്വത്തിലിന്റെ വിയോഗം വിശ്വാസസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപക ചെയർമാൻ, സിബിസിഐ എജ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ, എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട് .

കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. പൗവ്വത്തിൽ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു - മുഖ്യമന്ത്രി കുറിച്ചു.

വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.'സഭയുടെ കിരീടം' എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു. ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മാർ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.അദ്ദേഹത്തിന്റെ വിയോഗം നമ്മെയെല്ലാം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. സ്‌നേഹനിധിയായ ഒരു മനുഷ്യൻ എന്ന നിലയിലും ആത്മീയ നേതാവ് എന്നനിലയിലും അദ്ദേഹം ജനങ്ങളോട് അടുത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകി എന്നും സ്പീക്കർ അനുസ്മരിച്ചു.

മാർ ജോസഫ് പൗവത്തിലിന്റെ വേർപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചനം രേഖപ്പെടുത്തി.ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ബി.എ എകണോമിക്‌സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അദ്ധ്യാപകനായിരുന്നു ജോസഫ് പൗവത്തിൽ.അന്നു മുതൽ അദ്ദേഹവുമയി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.ജോസഫ് പൗവത്തിൽ കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു.

വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അത് പല ഫോറങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി ജോസഫ് പൗവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു.ഗുരുനാഥൻ കൂടിയായ ജോസഫ് പൗവത്തിലിന്റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിന്റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി അനുശോചിച്ചു. രണ്ടു പതിറ്റാണ്ട്കാലം ചങ്ങനാശേരി അതിരൂപതയുടെ സർവതോന്മുഖമായ വളർച്ചക്കായി പ്രവർത്തിച്ച മാർ പൗവത്തിൽ സഭയുടെ ക്രാന്തദർശിയായ ആചാര്യനായിരുന്നു. ആരാധനാക്രമ പരിഷ്‌കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്ത അദ്ദേഹം കർഷകർക്കായി എന്നും നിലകൊണ്ടു.

അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ ബനഡിക്ട് മാർപാപ്പ ക്രൗൺ ഓഫ് ദ ചർച്ച് എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സി.ബി.സിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

ആഴമേറിയ ആദ്ധ്യാത്മികതയും സഭാത്മകമായ ഉൾക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന മാർ ജോസഫ് പൗവത്തിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP