Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

നാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം; 23 വർഷം എറണാകുളം മഹാരാജാസിലെ ശിഷ്യരുടെ പ്രിയ അദ്ധ്യാപകൻ; അടിയന്തരാവസ്ഥ കാലത്തെ കുറിച്ചെഴുതിയ ശവം തീനികൾ വലിയ ചർച്ചയായി; പ്രൊഫ. സി ആർ ഓമനക്കുട്ടൻ വിടവാങ്ങി

നാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം; 23 വർഷം എറണാകുളം മഹാരാജാസിലെ ശിഷ്യരുടെ പ്രിയ അദ്ധ്യാപകൻ; അടിയന്തരാവസ്ഥ കാലത്തെ കുറിച്ചെഴുതിയ ശവം തീനികൾ വലിയ ചർച്ചയായി; പ്രൊഫ. സി ആർ ഓമനക്കുട്ടൻ വിടവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്. എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലായിരുന്നു താമസം.

അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആർ എഴുതിയ പരമ്പര 'ശവം തീനികൾ' വലിയ ചർച്ചയായിരുന്നു. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോൾ രാജന്റെ അച്ഛൻ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങൾ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘർഷം വാക്കുകളിലാക്കിയതായിരുന്നു 'ശവം തീനികൾ'.

എലിസബത്ത് ടെയ്‌ലർ, മിസ് കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത് ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. 23 വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്

ഹാസസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ സാഹിത്യകൃതിക്കായിരുന്നു പുരസ്‌കാരം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു. ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകനാണ്.

ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്റ്റ് ശങ്കരൻകുട്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തി. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലവും എൻജിനിയറിങ് വിദ്യാർത്ഥി രാജന്റെ തിരോധാനവും അനാവരണം ചെയ്യുന്ന പ്രൊഫ. സി ആർ ഓമനക്കുട്ടന്റെ 'ശവംതീനികൾ', 'തെരഞ്ഞെടുത്ത കഥകൾ' എന്നീ പുസ്തകങ്ങൾ പ്രകാശിപ്പിച്ചിരുന്നു. കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ നടൻ മമ്മൂട്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

''ഓമനക്കുട്ടൻ എന്ന പേരുതന്നെ ഒരു കൊച്ചുകുട്ടിയുടേതുപോലുള്ളതാണ്. അതിൽ തന്നെയൊരു ചങ്ങാത്തമുണ്ട്. ഓമനക്കുട്ടൻസാർ അദ്ധ്യാപകനായിരിക്കുമ്പോൾ തന്നെ കുട്ടികൾക്കൊപ്പം വിദ്യാർത്ഥിയായും സുഹൃത്തായും ഒപ്പംചേർന്നു. എന്നെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. ഞാൻ മഹാരാജാസിൽനിന്ന് പോയതിനു ശേഷമാണ് അദ്ദേഹം അവിടെ അദ്ധ്യാപകനായെത്തുന്നത്. മഹാരാജാസിൽ പഠിച്ചില്ലായിരുന്നെങ്കിൽ ഞാൻ സിനിമയിൽ വരുമായിരുന്നില്ല. എല്ലാ കലകളും പഠിപ്പിക്കുന്ന സർവകലാശാലയാണ് മഹാരാജാസ്'' - മമ്മൂട്ടി പറഞ്ഞിരുന്നു. മഹാരാജാസിൽനിന്ന് ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ ഓമനക്കുട്ടൻ സാറിനെ തിരഞ്ഞെടുക്കുമെന്ന് നടൻ സലിംകുമാർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP