Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കുപ്പിയിൽ വിസ്മയം തീർത്ത അമ്മ; യുടൂബിൽ 'കുപ്പി ഹട്ട്' ഹിറ്റായപ്പോൾ നാട്ടിലും പ്രദർശനം നടത്തി ഒഴിവു സമയങ്ങളെ ആനന്ദകരമാക്കിയ നേഴ്‌സ്; കലാവാസനയിൽ അമ്മയുടെ പിൻഗാമിയായ മകൻ മിമിക്രിയിലും പുലികളിയിലും കൈയടി വാങ്ങി കൂടിയ കലാകാരൻ; ഫീലിങ് ഹാപ്പിയോടെ കറങ്ങാൻ പോകാനിറങ്ങിയവരെ തേടി എത്തിയത് ദുരന്തവും; പ്രഭയും അമ്പാടിയും നാട്ടിലെ സകല ആഘോഷത്തിനും മുമ്പിൽ നിന്നവർ; കാളികാവിലെ നഷ്ടത്തെയോർത്ത് വിതുമ്പി ഉള്ളാട്ടിൽപടി വീട്

കുപ്പിയിൽ വിസ്മയം തീർത്ത അമ്മ; യുടൂബിൽ 'കുപ്പി ഹട്ട്' ഹിറ്റായപ്പോൾ നാട്ടിലും പ്രദർശനം നടത്തി ഒഴിവു സമയങ്ങളെ ആനന്ദകരമാക്കിയ നേഴ്‌സ്; കലാവാസനയിൽ അമ്മയുടെ പിൻഗാമിയായ മകൻ മിമിക്രിയിലും പുലികളിയിലും കൈയടി വാങ്ങി കൂടിയ കലാകാരൻ; ഫീലിങ് ഹാപ്പിയോടെ കറങ്ങാൻ പോകാനിറങ്ങിയവരെ തേടി എത്തിയത് ദുരന്തവും; പ്രഭയും അമ്പാടിയും നാട്ടിലെ സകല ആഘോഷത്തിനും മുമ്പിൽ നിന്നവർ; കാളികാവിലെ നഷ്ടത്തെയോർത്ത് വിതുമ്പി ഉള്ളാട്ടിൽപടി വീട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാളികാവിലെ അപകടത്തിൽ മരിച്ച പ്രഭയും മകൻ അർജുനും സോഷ്യൽ മീഡിയയുടേയും പ്രിയപ്പെട്ടവരായിരുന്നു. കുപ്പികളിൽ വിസ്മയം തീർത്ത അമ്മയും മകനും. പ്രഭയുടെ കൈയിൽ കുപ്പികൾ കിട്ടിയാൽ അതൊരു കലാവസ്തുവായി മാറും. 'കുപ്പി ഹട്ട്' എന്ന പേരിൽ യുട്യൂബിലുൾപ്പെടെ പ്രഭ ഇവ പ്രദർശനത്തിനു വച്ചിരുന്നു. കഴിഞ്ഞ അവധി കാലത്ത് പ്രഭ നിർമ്മിച്ച കുപ്പി കലാരൂപങ്ങളുടെ പ്രദർശനം തിരുവാതുക്കലിൽ സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെ നാട്ടിലെ കലാകാരിയായിരുന്നു പ്രഭ. കലാവാസനയിൽ അമ്മയക്കൊപ്പമായിരുന്നു മകനും.

അമ്മയും മകനും കൂട്ടുകാരെപ്പോലെ. ഗൾഫിൽ നിന്ന് എത്തിയാൽ നാട്ടിലെ സകല ആഘോഷങ്ങൾക്കും ഇവർമുൻ പന്തിയിൽ കാണും. യാത്രകളും ഒരുമിച്ച്. കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും കലാപരികളുമായി മുന്നിൽ നിന്നു. ഫേസ്‌ബുക്കിൽ സജീവമായിരുന്നു പ്രഭ. ഏതാനും മാസം മുൻപു ഭർത്താവ് പ്രവീൺ നാട്ടിലെത്തിയപ്പോൾ കടൽത്തീരത്തു പോയി പ്രഭയും അമ്പാടിയും പ്രവീണും ചേർന്നെടുത്ത കുടുംബ ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ സന്തോഷവും സോഷ്യൽ മീഡിയയിൽ സജീവമാക്കിയിരുന്നു അവർ. 'ഞങ്ങൾ കറങ്ങാൻ പോകുവാ' വെള്ളിയാഴ്ച വൈകിട്ട് 3 ന് പ്രഭയുടെ ഫേസ്‌ബുക്കിൽ 'ഫീലിങ് ഹാപ്പി'യോടെ വന്നതാണ് ഈ വാചകം. പ്രഭയും അമ്മ ഉഷയും ഭർതൃമാതാവ് വത്സലയും ചേർന്നു കാറിനു പിന്നിലിരിക്കുന്ന ചിത്രമാണ് പ്രഭ അവസാനമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

മണർകാട് സെന്റ് മേരീസ് ഐടിഐയിൽ ഒന്നാം വർഷ ഇലക്ട്രീഷ്യൻ വിദ്യാർത്ഥിയായിരുന്നു അർജുൻ എന്ന അമ്പാടി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു അവധി വാങ്ങിയാണ് അമ്പാടി. അഖില കേരള ബാലജന സഖ്യം ഐടിഐ യൂണിറ്റ് അംഗവും ബേർഡ്‌സ് ക്‌ളബ് ഇന്റർനാഷനിലെ അംഗവുമായിരുന്നു. ബന്ധുവീട്ടിൽ പോകുന്നതിനു ഉച്ചകഴിഞ്ഞു അവധി അപേക്ഷയായി വീട്ടിൽ നിന്നുള്ള കത്തും വാങ്ങിയാണ് ഐടിഐയിൽ എത്തിയിരുന്നതെന്നു പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പറഞ്ഞു. ചെറുപ്പം മുതലുള്ള ഇലക്ട്രോണിക്‌സ് താൽപര്യമാണ് അർജുനെ ഈ വഴി പഠനത്തിനു വിടാൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. വിവിധ ഇലക്ട്രോണിക് വസ്തുക്കൾ ചെറുപ്പം മുതൽ ഉണ്ടാക്കുമായിരുന്നു. സ്‌കൂൾ തലത്തിൽ മിമിക്രിയിലും കൈവച്ച കലാകാരനെ കൂടിയാണ് അപകടത്തിൽ നഷ്ടമായത്.അയലത്തെ കുട്ടികൾക്ക് പ്രിയങ്കരനാണ് അമ്പാടി. കഴിഞ്ഞ ഓണത്തിനു പുലികളിക്ക് ഇറങ്ങിയിരുന്നു. അങ്ങനെ ആഘോഷങ്ങളിലെ നിറസാന്നിധ്യമാണ് ഓർമ്മയായ അമ്പാടി.

പ്രഭ വിദേശത്തേക്ക് തിരിച്ചു പോകാൻ ആഴ്ചകൾ മാത്രം ഉള്ളപ്പോഴാണ് വിധി വൈപരീത്യം ഉള്ളാട്ടിൽപടി വീട്ടിലേക്ക് ഇടിത്തീ ആയി പതിച്ചത്. അപകടത്തിൽ മരിച്ച പ്രഭയ്ക്കു കുവൈത്തിൽ നഴ്‌സായി വീണ്ടും ജോലി ലഭിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.പ്രഭ നേരത്തെ വിദേശത്ത് നഴ്‌സായിരുന്നു. പിന്നീട് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ലഭിച്ചു പ്രവീണും കുവൈത്തിലേക്കു പോയി. മകൻ അമ്പാടിയുടെ പഠന ആവശ്യത്തിനായി പ്രഭ ജോലി ഉപേക്ഷിച്ച് നാട്ടിൽ നിൽക്കുകയായിരുന്നു. ഇതിനിടെ വീടിനു ചേർന്നുള്ള മറ്റൊരു വീടും മാസങ്ങൾക്കു മുൻപ് ഇവർ വാങ്ങി. വീടിന്റെ റജിസ്‌ട്രേഷനുൾപ്പെടെയു ആവശ്യങ്ങൾക്കായി പ്രവീൺ ഏതാനും മാസം മുൻപാണ് നാട്ടിലെത്തിയിരുന്നു.ഈ മാസം നാട്ടിലെത്തി പ്രഭയെയും കൂട്ടിയാത്ര മടങ്ങാനിരിക്കെയാണ് അപകടം.

തിരുവാതുക്കൽ ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (46), മകൻ അർജുൻ (19), പ്രഭയുടെ അമ്മ ഉഷ(66) എന്നിവരാണു കാളികാവിലെ അപകടത്തിൽ മരിച്ചത്.കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവീൺ ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തി. .ചാലക്കുടിയിൽ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം കോട്ടയത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കാളികാവിൽ എതിർദിശയിൽ വന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അർജുനാണു കാർ ഓടിച്ചിരുന്നത്. തമ്പി മുൻസീറ്റിലും പ്രഭയും ഉഷയും വത്സലയും പിൻസീറ്റിലുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാറിലുണ്ടായിരുന്ന എല്ലാവരും തൽക്ഷണം മരിച്ചു. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് 5 പേരെയും പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്ദുലേഖയാണു തമ്പിയുടെ മകൾ. മരുമകൻ: സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP