Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

ജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയിട്ടും തളരാത്ത ജീവിത പോരാട്ടം; ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം പങ്കാളി; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു

ജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയിട്ടും തളരാത്ത ജീവിത പോരാട്ടം; ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം പങ്കാളി; സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജന്മനാ ഉണ്ടായ മറുക് മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ അപൂർവരോഗത്തിൽ തളരാതെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടുന്നതിനിടെയാണ് അന്ത്യം.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ജന്മനാ ഉണ്ടായ മറുക് പ്രഭുലാലിന്റെ മുഖത്ത് മാത്രമല്ല, ബാല്യത്തിലും കൗമാരത്തിലും കൂടിയാണ് പടർന്നു പിടിച്ചത്. അതു നൽകിയ വേദനകൾ അത്രയേറെ കഠിനമായിരുന്നു. എന്നിട്ടും പ്രഭു ശക്തിയോടെ പോരാടി. എവിടെയങ്കിലും അടച്ചിരിക്കാനല്ല, സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നു അയാളുടെ തീരുമാനം. അത് അവനെ കൂടുതൽ ശക്തനാക്കി. ജീവിതത്തിൽ തളർന്നു പോയ പലർക്കും പ്രഭുവിന്റെ അനുഭവങ്ങൾ ഊർജമേകി. പുതിയ സൗഹൃദങ്ങളും നിരവധിപ്പേരുടെ സ്‌നേഹവും അവനെ തേടിയെത്തി.''ജന്മനാ എന്റെ മുഖത്ത് നേരിയ തോതിൽ മറുക് ഉണ്ടായിരുന്നു. എനിക്കൊപ്പം അതും വളർന്നു. പതിയെ മുഖത്തിന്റെ പാതിയും മറുക് മൂടി. ഇങ്ങനെ ഒരു മുഖവുമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടികൾ അറിയാമല്ലോ. അവഗണന, പരിഹാസം, സഹതാപം... ഒന്നിനും കുറവുണ്ടായില്ല. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ എന്നെ ഭയത്തോടു കൂടിയായിരുന്നു നോക്കിയിരുന്നത്. ഒറ്റയ്ക്കായിരുന്നു പലപ്പോഴും. ആ അനുഭവങ്ങൾ ഞാൻ അമ്മയോട് വന്നു പറയും. ദൈവത്തിന്റെ എല്ലാ സൃഷ്ടിക്കും അതിന്റേയതായ പ്രാധാന്യവും പ്രത്യേകതകളും ഉണ്ടെന്ന് അമ്മ എന്നോട് പറഞ്ഞു. ആ വാക്കുകൾ എനിക്ക് കരുത്തേകി. ഒപ്പം അനുഭവങ്ങൾ എന്നെ ശക്തി നൽകി. അച്ഛനും സഹോദരങ്ങളുമൊക്കെ പിന്തുണയുമായി ഒപ്പം നിന്നു. പതിയെ ഞാൻ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും പഠിച്ചു', പ്രഭുലാൽ ഒരിക്കൽ തുറന്നുപറഞ്ഞു.

'മറുക് ഒരു പ്രശ്‌നമല്ല. പക്ഷേ ഇത് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറച്ച് ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ പഴുക്കും. അതുകൊണ്ട് ആശുപത്രി വാസം കൂടുതലാണ്. ഇത് പലപ്പോഴും പഠനം തടസ്സപ്പെടുത്തി. ആവശ്യത്തിന് ഹാജർ ഇല്ലാതെ കുഴങ്ങിയിട്ടുണ്ട്. നിരവധി അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മറ്റൊരു പ്രശ്‌നം സഹതാപത്തോടു കൂടിയുള്ള നോട്ടമാണ്. എന്തോ അത് തീരെ സഹിക്കാനാകില്ല. പിന്നെ കൊച്ചു കുട്ടികളുടെ അടുത്ത് പോകുമ്പോൾ മാതാപിതാക്കൾ അവരെ മാറ്റി നിർത്തും. അവരെ തെറ്റു പറയാനാകില്ല, മക്കൾക്ക് പകരുമോ എന്ന ഭയം കൊണ്ടാണ്' ജീവിതത്തിൽ താൻ നേരിട്ട അനുഭവത്തെക്കുറിച്ച് പ്രഭുലാൽ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.നിരവധി തവണ ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി.

സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം വിആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്‌മിറ്റ് ആയിരുന്നു. സ്‌കിൻ കാൻസർ ആണെന്നും ഇത് വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി.

തുടർച്ചയായി ആറു മാസം ചികിത്സ നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം മാത്രം വരുമാനമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് പ്രഭുലാലിനെ മരണം കവർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP