Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടതെന്ന് പരിവാറുകാരെ പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപിയിൽ എത്തിച്ച തന്ത്രം; ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ

ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടതെന്ന് പരിവാറുകാരെ പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപിയിൽ എത്തിച്ച തന്ത്രം; ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ''മറ്റു പാർട്ടികളിൽ പെട്ടവർ നമ്മുടെ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണ്. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടത്.''-ഇതായിരുന്നു പിപി മുകുന്ദന്റെ രാഷ്ട്രീയം. സ്‌നേഹം കൊണ്ട് ഏവരേയും ചേർത്തു നിർത്തി. അതെല്ലാം തന്റെ പ്രസ്ഥാനത്തിന് മുതൽകൂട്ടാക്കുകയും ചെയ്തു. സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപിയിൽ അടുപ്പിച്ചതും മുകുന്ദനായിരുന്നു. അങ്ങനെ ഒരു നേതാവാണ് ബിജെപിയിൽ വീണ്ടും സജീവമാകണമെന്ന ആഗ്രഹം ബാക്കിയാക്കി യാത്രയാകുന്നത്.

ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ എല്ലാ അർത്ഥത്തിലും തൊണ്ണൂറുകളിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കേരളത്തിലെ മുഖമായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. ആർ എസ് എസുമായി തെറ്റി പിരിഞ്ഞാണ് 2007ൽ മുകുന്ദൻ പ്രചാരക സ്ഥാനം വിട്ടത്. ഇതോടെ ബിജെപിയിലെ പദവികളും മുകുന്ദന് കിട്ടാതെയായി.

ബിജെപിക്കാർക്ക് മാത്രമല്ല കേരളത്തിലെ പൊതു രാഷ്ട്രീയ മേഖലയ്ക്ക് ആകെ മുകുന്ദേട്ടനായിരുന്നു പിപി മുകുന്ദൻ. എന്നെങ്കിലും കേരളത്തിലെ ബിജെപിയിൽ എന്തെങ്കിലും പദവി മുകുന്ദൻ ആഗ്രഹിച്ചിരുന്നു. വീടുകളിൽ സ്വാധീനമുണ്ടാക്കിയാൽ മാത്രമേ വിജയം നേടാനാകൂവെന്ന് ബിജെപി നേതാക്കളെ ഓർപ്പിച്ചുകൊണ്ടിരുന്ന നേതാവ്. കെ സുരേന്ദ്രൻ ബിജെപിയുടെ അധ്യക്ഷനായപ്പോൾ അദ്ദേഹം പ്രതീക്ഷയിലായി. എന്നാൽ സുരേന്ദ്രനും മുകുന്ദന് പദവികളൊന്നും നൽകാനായില്ലെന്നതാണ് വസ്തുത.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്‌കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു. അടിത്തട്ടിലെ പ്രവർത്തനത്തിലൂടെ അണികളെ അറിഞ്ഞ നേതാവായിരുന്നു പിപി മുകുന്ദൻ.

അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരുവനന്തപുരം പ്രവർത്തന കേന്ദ്രമായി. ഇതോടെ അതിവേഗം കേരള രാഷ്ട്രീയത്തിലെ സംഘപരിവാർ മുഖമായി. തിരുവനന്തപുരത്ത് പരിവാർ പ്രസ്ഥാനത്ത് അടിത്തറയുണ്ടാക്കിയതിൽ പ്രധാനിയായിരുന്നു മുകുന്ദൻ. മികച്ച സംഘാടകനായിരുന്ന മുകുന്ദൻ ആർ എസ് എസിന്റെ ദേശീയ സമ്മേളനം അടക്കം തിരുവനന്തപുരത്ത് നടത്തി. രാഷ്ട്രീയത്തിന് അതീതമായ ബന്ധത്തിലൂടെ പരിവാർ പ്രസ്ഥാനങ്ങൾക്ക് വളർച്ചയുണ്ടാക്കി. സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതർ വരെ മുകുന്ദന്റെ സുഹൃത്തുക്കളായി. കേന്ദ്രമന്ത്രി വി മുരളീധരനൊഴികെ കേരള ബിജെപിയിലെ ഇന്നത്തെ നേതാക്കളെല്ലാം മുകുന്ദന്റെ കണ്ടെത്തലുകളാണ്.

ഒ രാജഗോപാലുമായി മുകുന്ദൻ ഇടയ്ക്ക് തെറ്റിയിരുന്നു. ഈ അകൽച്ചയാണ് ബിജെപിയിലെ ശാക്തിക ചേരി തിരുവുകൾക്ക് കാരണമായത്. തിരുവനന്തപുരത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു കുറഞ്ഞു. അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സികെ പത്മനാഭനായിരുന്നു വോട്ട് കുറഞ്ഞത്. മുകുന്ദനെ അധോലോക ബന്ധമുള്ള നേതാവായി രാജഗോപാൽ ചിത്രീകരിച്ചു. അന്നും പക്വതയോടെയാണ് പ്രതികരിച്ചത്. ബിജെപിയുമായി അകന്ന ശേഷം കോൺഗ്രസും സിപിഎമ്മും പല ഓഫറുമായി എത്തി. ഇതൊന്നും മുകുന്ദൻ സ്വീകരിച്ചില്ല.

അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദൻ അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥ പിൻവലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് ദക്ഷിണേന്ത്യൻ നേതാവായി. വി മുരളീധരൻ കേരളത്തിലെ ബിജെപിയിൽ പിടിമുറുക്കിയതോടെ മുകുന്ദന് പാർട്ടിയിൽ സ്ഥാനമില്ലാതെയായി.

1991 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. മുകുന്ദന് കെ.കരുണാകരൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു. 2004ൽ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബർ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടനാ സെക്രട്ടറിയായി. പാർട്ടി പ്രവർത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായി. ഡോക്ടർ കേശവ ബലറാം ഹെഡ്‌ഗേവാർ ജന്മശതാബ്ദി ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമിതി ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.

പിൽക്കാലത്ത് ബിജെപിയുടെ സജീവ പ്രവർത്തനത്തിൽനിന്നു മാറിനിന്നപ്പോഴും ആർഎസ്എസ് നേതൃത്വവുമായി അകൽച്ചയിലാണെന്നു വാർത്തകൾ വന്നപ്പോഴും, താൻ അടിയുറച്ച ആർഎസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന മുകുന്ദൻ, 2022 ഓടെ ബിജെപിയുമായി അടുത്തു. എന്നാൽ പദവികളൊന്നും നൽകിയില്ല. പൊതുപ്രവർത്തക മികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP